DCBOOKS
Malayalam News Literature Website

മീനുകളുടെ ശബ്ദത്തിൽ ചൂളമടിക്കുന്നതിന്റെ മികവുകൾ!

സ്വന്തമെന്നു തോന്നാത്ത ഒരു ദൈവത്തെയും കാണാൻ ആരുമങ്ങനെ പോകാറില്ല. സ്വന്തമെന്നു തോന്നിത്തുടങ്ങാത്ത ഒന്നിലും ആർക്കും പ്രണയം സംഭവിക്കാറില്ലാത്തതുപോലെ

 

 

എസ് കലേഷിന്റെ  ആട്ടക്കാരി എന്ന കാവ്യ സമാഹാരത്തിന് അസീം താന്നിമൂട് എഴുതിയ വായനാനുഭവം

“ഇനി കാണാൻ ചെല്ലരുതെന്നവൾ.
എന്നിട്ടും ചെന്നു.
ഇപ്പമിറങ്ങണം.ഈ ഏരിയേൽ കണ്ടേക്കരുത്.
എന്നിട്ടും അവിടെ ചുറ്റിപ്പറ്റി…”

എസ് കലേഷിന്റെ പുതിയ കാവ്യ സമാഹാരം ആട്ടക്കാരി (ഡിസി ബുക്സ്)യിലെ ആട്ടക്കഥ എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. സമാഹാരം വായിച്ചതിന്റെ അനുഭവം പങ്കുവെക്കണമെന്നു തോന്നിയതിനാലാണ് ഈ വരികൾ ഇവിടെ എടുത്തു പറയുന്നത്. കാരണം ഇണക്കവും പിണക്കവും ഒട്ടും പ്രതീക്ഷിക്കാനാകാത്ത വിഭന്നമായ അവസ്ഥകളേറെയുണ്ട്. അതിനെ നമ്മൾ പൊരുത്തമെന്നും വിരുദ്ധമെന്നും വേർതിരിച്ചു നിർത്തും. അത്തരത്തിലുള്ള രണ്ടവസ്ഥകളെ വഴക്കി കാവ്യാത്മകമാക്കി അവതരിപ്പിക്കുകയാണ് ആട്ടക്കഥ എന്ന കവിതയിൽ. ആട്ടക്കഥയെ ഞാനിവിടെ തനതു വായനക്കു വിധേയമാക്കുന്നില്ല. കാരണം അവതാരികയിൽ ശ്രീ.എസ് ഹരീഷ് ആ കവിതയെ  വിശാലമായിത്തന്നെ വായിച്ചു വിലയിരുത്തിയിരിക്കുന്നു എന്നതിനാൽ.പകരം ആട്ടക്കാരി ആവർത്തിച്ചു വായിച്ചതിന്റെ അനുഭവം പറയാൻ രണ്ടു വാക്കുകളിൽ നിന്നു തുടങ്ങാമെന്നു കരുതുന്നു.ഈ സമാഹാരത്തിന്റെ തലക്കെട്ട് ‘ആട്ടക്കാരി’എന്നാണ്.ആ പേരിലൊരു കവിത സമാഹാരത്തിൽ അന്വേഷിച്ചാൽ കിട്ടില്ല.പകരം,സമാഹാരം വായിച്ചു കഴിയുമ്പോൾ അങ്ങനെയൊരു കവിത വായനക്കാരന്റെ മനസ്സിൽ താനേ പരുവപ്പെട്ടുവരും.തൃത്തം ആട്ടം എന്നീ വാക്കുകൾ അതിൽ ഉള്ളടങ്ങിയിട്ടുള്ള അർത്ഥഗരിമയോടെ  നാം നമ്മുടെ ഉള്ളകങ്ങളിൽ എഴുതി സ്ഥാപിച്ചിട്ടുണ്ടല്ലോ. ആ ഇടങ്ങളിലെല്ലാം ഇരുവാക്കുകളും അതിന്റെ അർത്ഥതലങ്ങളിൽ നിന്നെല്ലാം ഏറെ മാറിക്കഴിഞ്ഞിരിക്കുകയാണെന്നും അതിനാൽ അതുമൂലം വന്നു ഭവിക്കാൻ സാധ്യതയുള്ള അവ്യക്തതകളുടെ നടുവിലാണ് നമ്മളെന്നും ആ വൈരുദ്ധ്യം ഇങ്ങനെയൊക്കെ കൂടിയാണ് സംഭവിക്കുകയെന്നും ആട്ടക്കഥ,അല്ല സമാഹാരം വായിച്ച ശേഷം തെളിഞ്ഞു വരുന്ന ആട്ടക്കാരിയെന്ന കവിത നമ്മോടു പറയാൻ ശ്രമിക്കുന്നു. കലേഷ് പ്രയോഗിച്ച(ക്കുന്ന) വാക്കുകളിലെ അന്തരത്തെക്കുറിച്ചും രൂപാന്തരത്തെ കുറിച്ചുമാണ് പറഞ്ഞു വന്നത്.

അമ്മ/ഡാഡി എന്നാണ് കോഴികൃഷി ഉൾപ്പടെയുള്ള ചില കവിതകളിൽ കലേഷ് ഉപയോഗിച്ചു കാണുന്നത്. വെറുതേ ഒരു രസത്തിനല്ല അത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്നു തന്നെ ഞാൻ  കരുതുന്നു. ഗ്രാമം നഗരം എന്നു കേൾക്കുമ്പോൾ നമുക്കു തോന്നുന്ന ഒരു ഫീൽ ആ പ്രയോഗത്തിലുണ്ട്.ഒരു വാക്ക് അതിന്റെ ആധികാരികമോ വ്യവസ്ഥാപിതമോ ആയ അർത്ഥത്തിൽ നിന്നും വ്യതിചലിച്ച് മറ്റൊരർത്ഥത്തിലേയ്ക്ക് പടരുന്നത് സ്വാഭാവികമാണ്. സാമൂഹികമായ വളർച്ചയും ചലനങ്ങളും അവസ്ഥകളുടെ വ്യതിചലനങ്ങളും അത്തരം പരിണാമങ്ങളിൽ വളരെയേറെ പങ്കു വഹിക്കുന്നുണ്ട്. ചലിച്ചു കൊണ്ടിരിക്കുന്ന ഒന്നിൽ സ്വാഭാവികമായി സംഭവിക്കാൻ സാധ്യതയുള്ള സംഗതികളിൽ ഒന്നു കൂടിയാണത്. കടൽ,പുഴ എന്നീ വാക്കുകൾ എഴുതി സ്ഥാപിച്ച ഇടങ്ങളെ കരയെന്നോ തറയെന്നോ ഒക്കെ പിന്നീട് മാറ്റി മനസ്സിലാക്കേണ്ടി വരുന്നതു പോലുള്ളൊരു സ്വാഭാവികത അതിലുണ്ട്.എന്നാൽ അങ്ങനെയൊന്നുമല്ലാതെയും ചില വാക്കുകൾ അതിന്റെ നിയതമായ ചിട്ടവട്ടങ്ങളിൽ നിന്നും കുതറി മറ്റൊരു വിപുലമായ  അർത്ഥതലത്തിലേയ്ക്കു പ്രവേശിക്കും.അതു പക്ഷെ,തീർത്തും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല.പാറ എന്ന വാക്കിനെ നാം ശില്പമെന്നു മാറ്റി മനസ്സിലാക്കുന്നതു മാതിരിയോ മുട്ട എന്ന വാക്കിനെ ഓംലെറ്റ് എന്ന് മാറ്റി ഭക്ഷിക്കുന്നതു പോലെയൊ ഒക്കെയാണത്. ആശയ സംവേദനത്തിനു വിവിധ മാർഗ്ഗങ്ങളുള്ളതിൽ അവാച്യമായ മാർഗ്ഗങ്ങളിൽ ഒന്ന് നൃത്തമാണ്.ആട്ടവും അതെ.എന്നാൽ നൃത്തം എന്ന വാക്ക് തരുന്ന ഹൃദ്യതയല്ല ആട്ടമെന്ന വാക്കിലുള്ളത്. അതിനാൽ സമാഹാരത്തിലെ പാറപൊട്ടും ശബ്ദം എന്ന കവിതയിലെ “മരങ്കൊത്തികളുടെ/ ചുണ്ടുകളേറ്റ്/ഒരു കരിങ്കല്ലോളം പരിക്കേറ്റതിനാൽ
പാറപൊട്ടും ശബ്ദമാണെന്റെ ശബ്ദം..”എന്ന വരികൾ സമാഹാരം വായിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടയ്ക്ക് ഓർമ്മയിൽ തികട്ടിവരും. അതിനും കാരണമുണ്ട്. മരങ്കൊത്തി തീർത്തും ഗ്രാമ്യമായ ഒരിമേജും കരിങ്കല്ലെന്നത്(പാറയല്ല) നാഗരികതയുടെ സ്മരണകൾ പേറുന്ന ശക്തമായൊരു രൂപകവുമാണ്. എന്നുവെച്ചാൽ നൃത്തവും ആട്ടവും പോലെ തീർത്തും വ്യത്യസ്ത അർത്ഥതലങ്ങൾ പേറുന്ന കാവ്യഘടകങ്ങളാണവ. നൃത്തംപോലെ ലയമാകാൻ ആട്ടത്തിനാകില്ല. പാറപൊട്ടുന്ന ഒച്ചപോലെ ചിതറിയതോ പരുക്കനോ ഒക്കെയൊണ് ഏത് ആട്ടവും. ആട്ടം എന്നുമാത്രമല്ല സമാഹാരത്തിന്റെ പേര്. ആട്ടക്കാരി എന്നാണ്.അതിനാൽ ആ പരുക്കൻ അവാച്യ ഭാഷണത്തിലെ സ്ത്രൈണമായ തലത്തിനു പ്രത്യേകമായൊരു പ്രാധാന്യം തന്നെയുണ്ട്. സമാഹാരത്തിലെ മിക്ക കവിതകളിലും അത്തരം വിപുലമായ വശങ്ങൾ അനവധി കണ്ടെത്താനാകും.

സമാഹാരത്തിൽ ശ്രദ്ധേയമായി തോന്നിയ മറ്റൊരു കവിത ‘ഹോൺ’ആണ്. ഗ്രാമത്തിലെ വഴിയിലൂടെ ഹോൺ മുഴക്കി,നവോത്ഥാനത്തിലേയ്ക്ക് അതിജീവിക്കുകയും ആധുനികതയിലേയ്ക്കു മുതിരുകയും ചെയ്ത ഒരു ബാല്യകാല സ്മരണ  കാറോടിച്ചു പോകുന്നതാണ് പ്രത്യക്ഷ പ്രമേയം. കാറോട്ടുന്ന ആ അമ്പലവഴി വെറുതേ ഒരു വഴിയല്ലെന്നും ആ Textഅമ്പലം ക്ഷേത്രം മാത്രമായിരുന്നില്ലെന്നും വായനയ്ക്കിടയിൽ വ്യക്തമാകുന്നതോടെയാണ്  കാറോട്ടത്തിനും ഹോൺ മുഴക്കത്തിനും പ്രസക്തിയേറുന്നതും സൃഷ്ടിയിലെ പ്രമേയപരത കാവ്യാത്മകതയിലേയ്ക്കു ശക്തി പ്രാപിക്കുന്നതും.`ഒരിക്കൽ നടക്കാനാകാതിരുന്ന വഴിയിലൂടെ കാറോടിച്ചു പോയി’ എന്ന വരിയോടെയാണ് കവിത ആരംഭിക്കുന്നത്.ഒരു തോന്നായ്കയിലൂടെ ആദ്യവരിയിൽ അമർന്നിരിക്കുന്ന ആധികളെ തൊട്ടടുത്ത വരികയിലൂടെ കവിതയിലാകെ  തേവിവിടുന്നുമുണ്ട്.

`ഈ വഴിയിലൂടെ പലതവണ പോയിട്ടും അമ്പലത്തിൽ കയറാൻ തോന്നിയിട്ടില്ല’എന്നതാണ് തോട്ടടുത്ത വരി. എന്തു  തോന്നണമെങ്കിലും സ്വന്തമെന്നൊരു ചിന്തയുണ്ടാകണം എന്ന സ്റ്റാറ്റസ് അതുൾക്കൊള്ളുന്ന അതേ അനുപാതത്തിൽ ഇണങ്ങുക പ്രണയ ഭാവത്തിന്റെ പരിസരത്തിലാണ്.
അതിനാൽ ഭക്തിയുടെ പരിസരത്തു കൂടിയാണെന്ന് എടുത്തു പറയേണ്ടതില്ല. സ്വന്തമെന്നു തോന്നാത്ത ഒരു ദൈവത്തെയും കാണാൻ ആരുമങ്ങനെ പോകാറില്ല. സ്വന്തമെന്നു തോന്നിത്തുടങ്ങാത്ത ഒന്നിലും ആർക്കും പ്രണയം സംഭവിക്കാറില്ലാത്തതുപോലെ. അത്തരത്തിൽ സൂക്ഷ്മമായി ചരിത്രത്തിലെ അരണ്ട് അവ്യക്തമായ കാലഘട്ടങ്ങളെ രേഖപ്പെടുത്താൻ ശ്രമിക്കുകയാണ് ഹോൺ എന്ന കവിത. ഈ കവിതയിലെ മറ്റൊരു പ്രത്യേകത മുമ്പ്  നടക്കാനാകാതിരുന്ന വഴിയിലൂടെ ഇന്നു  കാറോടിച്ചു പോകുന്ന ആൾ ഹോൺ മുഴക്കുന്നില്ല എന്നതാണ്..കവിതയുടെ  തലക്കെട്ടിനെ (ഹോൺ) ആ കാറോട്ടവുമായി പ്രത്യക്ഷത്തിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുമില്ല. പകരം ഹോണിനെ മറ്റൊരു കാലത്തെ നിശ്ശബ്ദമായ നോവുകളെ പുതിയ കാലഘട്ടത്തിലെ മുഴക്കമാക്കാൻ ശ്രമിക്കുകയാണ് ആ ഹോൺ മുഴക്കത്തിലൂടെ കവി. അതു കവിതയ്ക്കു നൽകുന്ന മികവ് ചെറുതല്ല. ആ ഹോൺ  ഒരു കുട്ടിത്തത്തിലൂടെയാണ് മുഴങ്ങപ്പെട്ടത്. ആ മുഴക്കം നിലയ്ക്കുന്നേയില്ല.

അമ്പലത്തിനു മുന്നിൽക്കൂടി ഹോൺ മുഴക്കി ഓടിക്കൊണ്ടിരിക്കുകയാണ് ആ കുട്ടി ഇപ്പോഴും. ഭൂതകാലത്തെന്നോ സങ്കല്പ വാഹനത്തിൽ നിന്നും പുറപ്പെട്ട ഒരു ഹോൺ ശബ്ദത്തെ വർത്തമാനത്തിൽ അനുയോജ്യമായൊരിടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറുമായി ബന്ധിപ്പിച്ച് രണ്ടു കാലഘട്ടത്തിലെ ശാന്തവും അശാന്തവുമെന്ന വൈരുദ്ധ്യങ്ങളെ ഇണക്കി വിളക്കി തീപ്പൊരി പാറിക്കാൻ  കലേഷ് നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമത്തിന്റെ മികവ്  ഈ കവിതയിലും പ്രകടം. ഹോൺ കവിത വായിച്ചു പോകുന്ന ഘട്ടങ്ങളിൽ ഓർമ്മയിൽ മാധ്യമ സൈദ്ധാന്തികനായ കനേഡിയൻ ചിന്തകൻ മാർഷൽ മഹ്ലൂഹാനും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും  കടന്നുവരും.കാലുകളുടെ വ്യാപനമാണ് ചക്രമെന്ന മക് ലൂഹാന്റെ വ്യാഖ്യാനം ഇവിടെ പ്രസക്തമാണ്. ‘കാലുകളുടെ കലയാണ് കാറോട്ട’മെന്ന സൂചനയിലൂടെ കലേഷും നമ്മുടെ ആ തോന്നലുകളെ ബലപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. വെറുതെ അതുകൂടി ഇരിക്കട്ടെ എന്ന വിധം തിരുകിക്കേറ്റിയതല്ലത്.എങ്ങനെയാണ് മനുഷ്യൻ യന്ത്രമായി മാറുന്നതെന്നും മനസ്സ് യാന്ത്രിക ചലനത്തിലേയ്ക്കു മാത്രമായ് ചുരുങ്ങിപ്പോകുന്നതെന്നും മോഡേൺ ടൈംസ് സിൻഡ്രോം ജീവിതത്തെയാകെ ബാധിക്കുന്നതെന്നൂം വ്യക്തമാക്കാൻ കൂടിയാണത്. യാന്ത്രികത എങ്ങനെയാണ് സമൂഹത്തെ കീഴടക്കുന്നത് എന്നതിനുള്ള വ്യക്തമായ സൂചനയും അതിലുണ്ട്. യന്ത്രങ്ങൾ ആദ്യം വളരുന്നത്  സങ്കല്പങ്ങളിലാണ്. സാമൂഹികമായ അനേകം അവസ്ഥകൾ അതിനു പിന്നിലുണ്ടാകും. പച്ചപ്പുകളെ പാടെ മൂടിക്കൊണ്ടാവും അത് ആദ്യം സാന്നിധ്യം അറിയിക്കുക. പച്ചപ്പുകൾ അശേഷം മുടിഞ്ഞുവെന്ന് ബോധ്യപ്പെട്ടാൽ ഒരു വരൾച്ചയും കുറേ വഴികളും അവിടെ തെളിഞ്ഞു വരും.തുടർന്നാണ് സങ്കല്പങ്ങളിൽ ഒരു വാഹനം ജന്മമെടുക്കുക. അതുവഴി സാങ്കല്പിക വാഹനത്തിന്റെ യന്ത്രമുരൾച്ചയോടെ ഹോൺ മുഴക്കി ഒരു ഗ്രാമീണ ശൈശവത്തിന് ഓടാതിരിക്കാനാവില്ല. ഈ കവിതയിൽ പക്ഷെ, കവി കവിത കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതിനെ വ്യക്തമാക്കാൻ അതുവരെ ഹോൺ മുഴക്കി വാഹനം ഓടിച്ചിരുന്ന കുട്ടിയെ പൊടുന്നനെ ഒരു പറവയാക്കി മാറ്റുകയാണ്. വയലുകൾ നികത്തിയ ചെങ്കുത്തായ ഇടങ്ങളിലൂടെ ചിറകു വീശി പറത്തിക്കുകയുമാണ് കുട്ടിയെ. യാന്ത്രിക വേഗത്തിൽ നിന്നും ഒരു പറവയുടെ ജൈവ  വേഗതത്തിലേയ്ക്ക്  ഒറ്റക്കുതിപ്പിലാണ് ഇവിടെ കവിതയിലെ ആ കുട്ടി ചെന്നെത്തുന്നത്. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന  സാമൂഹികമായ എല്ലാ തിന്മകളേയും കടന്നു പോകാൻ ജൈവികമായ ആവേഗത്തിനേ കഴിയൂ(അതുവരെയുള്ള ആക്കത്തെ മാറ്റി പ്രയോഗിച്ചേ മതിയാകൂ..) എന്ന തിരിച്ചറിവാകണം അതിനു പിന്നിലെന്നു തോന്നുന്നു. മാത്രമല്ല യന്ത്രം മനുഷ്യനെയാണ് മെരുക്കുന്നത്. മനുഷ്യൻ യന്ത്രത്തെ മെരുക്കി എന്ന വാദത്തെ കവി  അംഗീകരിക്കുന്നുമില്ല. കവിതയിൽ ഒരിടത്ത് അതു വ്യക്തമായി പറയുന്നുമുണ്ട്. മനുഷ്യൻ മെരുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് അവൻ സങ്കല്പത്തിൽ വളർത്തിയെടുത്തു കൊണ്ടിരിക്കുന്ന ജൈവികമായ ആയത്തെയാണ്. കുതിക്കാനും പറക്കാനും എല്ലാ പ്രതിബന്ധങ്ങളേയും കടന്നു പോകാനുമുള്ള ഇച്ഛാ സ്വരൂപങ്ങളെയാണ്. അതുകൊണ്ടു കൂടിയാണ് ഈ കവിത എനിക്കു മികച്ചതാകുന്നത്.

ഹോണിനോടൊപ്പം ചേർത്തു വായിക്കേണ്ട കവിതയാണ് `കലൂർ. ‘കലൂർ ഒരു മലയായിരുന്നെങ്കിൽ ഞാനതിൽ പറന്നു ചെന്നിരിക്കും മലങ്കാക്ക’ എന്ന വരിയോടെയാണ് കവിത ആരംഭിക്കുന്നത്. ഹോൺ കവിതയിൽ നിന്നും ഞാൻ വായിച്ചെടുത്ത പൊരുളടയാളത്തിന്റെ ഒരു വിഹിതം കൂടി ഈ വരികളിലുണ്ട്. കാരണം ഒരിടത്തിനോ അവസ്ഥയ്ക്കോ സംഭവിക്കുന്ന സ്വാഭാവികമായ പരിണാമത്തോട്  ഇണങ്ങാൻ കുതിപ്പുകൾ അതിന്റെ ജൈവിക ശക്തിയെയാണ് പൊതുവേ ഉപയോഗിക്കുക.പരിണാമം ഉയരേക്കായാലും കീഴേക്കായാലും അതെ. കലൂർ കവിതയുടെ അടുത്ത വരികൾ ഇങ്ങനെയാണ്,`കലൂർ ഒരു കായലായിരുന്നെങ്കിൽ ഞാനതിന്റെ അടിത്തട്ടിൽ നീന്തും കല്ലെടമുട്ടി’. ഇവിടെ കവി ഉപയോഗിക്കുന്നത് ഉയരാൻ വിമാനത്തേയോ ആഴാൻ മുങ്ങിക്കപ്പലുകളേയോ അല്ല.ഇത് ഒരു സൃഷ്ടിയിൽ സ്വാഭാവികമായി വന്നു ഭവിക്കുന്ന ചേരുവകളാണ്.അത്തരം ചേരുവകൾ അനുയോജ്യമാംവിധം ഉരുവപ്പെടുകയും ഉചിതമായ ഇടത്തിൽ സ്ഥാനംപിടിക്കുകയും അവശ്യാനുസരണം പ്രവർത്തിക്കുകയും ചെയ്യുക ആവിഷ്കാരത്തിന്റെ കൃത്യത പേറുന്ന സൃഷ്ടികളിലാണ്.തിരുകിയേറ്റുന്നതെന്തും യാന്ത്രികവും അധികപ്പറ്റുമായി എറിച്ചു തന്നെ നിൽക്കും. ഈ സമാഹാരത്തിലെ പല കവിതകളിലും അതിലുപരിയൊരു  മികവു കൂടി കാണാനാകും.ഇടങ്ങളും ജീവിതങ്ങളും എങ്ങനെയാണ് യാന്ത്രികതകളിലേയ്ക്കു പരിണമിക്കുന്നതെന്നും അതിലെ തിക്ത്തയുടെ തോത് എത്രയെന്നും  രേഖപ്പെടുത്താനുള്ള ശ്രമം `കലൂർ’എന്ന കവിതയിലും കാണാം. സുദീർഘമായ വായനക്കു വിധേയമാക്കേണ്ട ഒരു കവിതയാണത്.സമാഹാരത്തിൽ ഏറെ ശ്രദ്ധേയമായി തോന്നിയ മറ്റൊരു കവിതയാണ് ‘കടൽലീല’.അതികാലേ എഴുന്നേറ്റ് മകനുമൊത്ത് ധനുഷ്ക്കോടി കാണാൻ പുറപ്പെ’ടുന്ന പിതാവും പുത്രനുമാണ് കവിതയിലെ കേന്ദ്രം. ഇവിടെ പിതൃത്വവും പുത്രത്വവും വെറുതേ രണ്ടു കാവ്യ ഘടകങ്ങളല്ല.അസാമാന്യ വ്യംഗ്യ ശേഷിയുള്ള രണ്ടു ബിംബങ്ങളാണ്.വർത്തമാന/ഭാവി കാലങ്ങളുടെ പ്രതിനിധാനങ്ങളാണവ.പിതൃബിംബത്തിലൂടെ തെള്ളിച്ചു വരുന്നതോ നെടുവീർപ്പുകൾ കുമിഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മപ്പെരുക്കങ്ങളും.കാലാന്തരത്തിൽ ആ ഓർമ്മകളൊക്കെ രസസങ്കല്പങ്ങളായി മാറുന്നു എന്ന വൈചിത്ര്യത്തെയും ഈ കവിത തുറന്നു കാട്ടുന്നു. എന്നാൽ, അത്തരം ഭൂതങ്ങൾ അനശ്വതയുടെ ചരിത്രമാണെന്നും അവ
”മറച്ചാലും ഉദിക്കുന്നു ചരിത്രപൂർവ”(കടൽലീല)മെന്നും  വർത്തമാനകാലത്തോട് സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

“ഒരു നേരം കഴിഞ്ഞാലതുമറക്കും/പലനേരം പിന്നീടേ,ഓർത്തെടുക്കും”കവിതയുടെ തുടക്ക ഭാഗത്ത് യാത്രയ്ക്കിടെയുള്ള കാഴ്ചകളിന്മേൽ പിതാവിന്റെ ആത്മഗതമായ് വരുന്നതാണ് ഈ വരികൾ.

“ഒരു ഞൊടിയെപ്പോഴോ നീ യെന്നെയോർക്കും/മറുഞൊടിയെന്നെ നീ മറന്നുപോകും”കടലോരത്ത് രസസങ്കല്പങ്ങളിൽ മുഴുകി മതിമറന്ന് ഉല്ലസിക്കുന്ന മകന്റെ ചേഷ്ടകൾ കാണുന്ന അച്ഛന്റെ മറ്റൊരാത്മഗതമാണ് ഈ വരികൾ്.കവിതയിലെ അവസാന വരികളാണിവ.ഇരു വരികൾക്കും ഇടയിലെ അർത്ഥഗർഭമായ അകലവും അതിൽ ഉള്ളടങ്ങിയിട്ടുള്ള  സംഘർഷങ്ങളും സന്ദേഹങ്ങളും ഒക്കെയാണ് കവിതയുടെ കാതൽ.ചരിത്ര യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തി ആ അവസ്ഥകളെ സമർത്ഥമായി പറയാൻ ശ്രമിച്ചതിന്റെ മികവ് ഈ കവിതയിലും കാണാം.പതിമൂന്ന് കണ്ണറപ്പാലമെന്ന കൊളോണിയൽ കാലഘട്ട  സ്മരണകളുടെ സങ്കല്പലഹരിയിലേറി പ്രേതനഗരമായ് മാറിയ ധനുഷ്കോടി കാലാന്തരേ പ്രദാനം ചെയ്തു കൊണ്ടിരിക്കുന്ന സങ്കല്പ ലഹരിയിലേയ്ക്കാണ് ഇരുവരുടേയും യാത്ര.അധിനിവേശ കാലഘട്ടത്തിൽ നിന്നും സമാരംഭിച്ച് അധിനിവേശാനന്തര കാലത്തെ ദുരന്ത ഭൂമിയിലേയ്ക്കാണ് ആ യാത്രയെന്നതും കാണണം.അധിനിവേശമെന്ന ദുരന്തം അവശേഷിപ്പിച്ചതൊക്കെ പിന്നീട് നമ്മളിൽ അതിശയവും ആശ്വാസവുമായി മാറിയതു മാതിരി പ്രകൃതി ദുരന്തം അവശേഷിപ്പിച്ചതെല്ലാം നമുക്ക് ഉല്ലാസ്സത്തിനുള്ള വകയായി മാറുന്നുണ്ട്.അതിന്റെ നെടിയൊരു സൂചന കൂടി നമുക്കീ കവിതയിൽ നിന്നും വായിച്ചെടുക്കാനാകും. യാത്രയ്ക്കിടെ കടന്നു പോകുന്ന വഴിയോര കാഴ്ചകളെ പറയുന്നതിലെല്ലാം അത്തരമൊരു സാധ്യത കരുതിവെയ്ക്കാനും ശ്രമിക്കുന്നുണ്ട് കവി.സമാഹാരത്തിലെ
ആട്ടക്കഥ എന്ന കവിതയിൽ കണ്ണകിയെ വരികൾക്കിടയിൽ വെറുതെ കൊണ്ടു വന്നതാണെന്നു തോന്നും മട്ട് പറഞ്ഞു പോകുന്നതു പ്രകാരമുള്ളതാണത്.മധുരൈ ചാമ്പലാക്കിയ കണ്ണകിയുടെ കണവനെ ഒരാട്ടക്കാരിയാണ് വശംകെടുത്തിയതെന്ന വാസ്തവം അറിയുന്നവർക്കേ അതിന്റെ പ്രസക്തി തിട്ടമാകൂ.കലേഷ് തന്റെ ആവിഷ്കാരങ്ങളിലെല്ലാം അവ്വിധങ്ങളായ വൈവിധ്യങ്ങളെ പൊതുവേ കരുതാറുമുണ്ട്. അത് ഈ കവിതയിലും പാലിക്കുന്നു.

“കരിയമനിതർ ചെളി പുതച്ചുറങ്ങും/തെറിഞ്ഞ കരിനീലക്കാൽ ഞരമ്പിൽ…
പഴങ്കാലം കഴിഞ്ഞെന്നു കരുതുമ്പോഴും/ മറുകാലമദൃശ്യം നിൻ പിറകിലുണ്ട്”(കടൽലീല)തുടങ്ങി മേൽപ്പറഞ്ഞ വശത്തെ ദൃഢപ്പെടുത്തുന്ന വരികൾ കവിതയിൽ ഒട്ടേറെ. വായിച്ചെടുക്കാൻ ചരിത്രവും രാഷ്ട്രീയവും ഒത്തിരിയുള്ള കവിതയാണ് കടൽലീല.

മറ്റൊരു ശ്രദ്ധേയമായ കവിതയാണ് ‘കാ’.കാക്കകളില്ലാത്ത നഗരത്തില്‍ ചത്ത(കൊല്ലപ്പെട്ട)കാക്കകളുടെ കരച്ചിലുകള്‍ കൂടുണ്ടാക്കി പാര്‍ക്കുകയാണെങ്കില്‍ അത് തീര്‍ത്തും ലളിതമായൊരു പ്രതിപ്രവര്‍ത്തനമല്ല. അടങ്ങിയിരിക്കുന്നതോ,അടയിരിക്കുന്നതോ ആയ അസ്വസ്ഥതകളാണവ.ആ കരച്ചിലുകളെ ഓരോന്നായെടുത്ത് കുരലില്‍ തിരുകി കാക്കകളുടെ ഒച്ച പണിതെടുക്കാന്‍ ഒരാള്‍ തുനിഞ്ഞാല്‍,ആ ഒച്ച കൊണ്ട് കാക്കകളെയൊക്കെ വിളിച്ചു വരുത്താന്‍ അയാള്‍ ശ്രമിച്ചാല്‍ കാക്കകള്‍ മുഴുവന്‍ കൊല്ലപ്പെട്ട നഗരം അവയുടെ ചിറകടിയൊച്ചയാല്‍ വിറങ്ങലിച്ചുപോകും. അവയുടെ അസംഖ്യം നിഴലുകളാല്‍ നട്ടുച്ചയ്ക്കുപോലും നഗരം ഇരുണ്ടു മങ്ങിപ്പോകും.ചിറകുകള്‍ പരിചകളാക്കി,ചുണ്ടുകള്‍ അമ്പുകളാക്കി  അവ പറന്നു പാഞ്ഞടുക്കും.അതിന്‍റെ ലാക്കിലും ഊക്കിലും നഗരമൊന്നാകെ ആര്‍ത്തു നിലവിളിച്ചു പോകും.അത്തരം ഒരവസ്ഥയെ അതി മനോഹരമായി പുനഃസൃഷ്ടിക്കുകയാണ് കാ എന്ന കവിതയിലൂടെ കലേഷ്.

നഗരത്തിൽ നിന്നും നഗരങ്ങളെ പറയുമ്പോൾ നഗരപശ്ചാത്തലവും പരിസരവും കൃത്യമാക്കുകയും ജീവിതം പറയുമ്പോൾ നെടിയ പെരുമ്മൂച്ചുകളോടെ ഗ്രാമവും ഗ്രാമാന്തരീക്ഷവും ഗ്രാമ്യമായ സകലമാന സാമഗ്രികളും കാവ്യസങ്കേതത്തിന്റെ തലത്തിലേയ്ക്ക് കൂട്ടമായ് എത്തിച്ചേരുകയും ചെയ്യുന്നതായ് കലേഷ് കവിതകളിൽ കാണം.എന്നാൽ നഗരത്തിൽ നിന്ന് നഗരത്തെ മാത്രമോ ഗ്രാമത്തിൽ നിന്ന് ഗ്രാമത്തെ മാത്രമോ പറയുന്ന കവിതകൾ വിരളവുമാണ്.ഇല്ലാതില്ലതാനും. പക്ഷെ, അപ്പോഴും ഒരു ലിങ്ക് ഇരു ഇടങ്ങളിലേയ്ക്കും കരുതിയിട്ടുണ്ടാകും.

ഗ്രാമാന്തരീക്ഷം അതേ അളവിൽ അനുഭവിക്കാനാകുന്ന ഒരു കവിതയാണ് ‘കാതിലോല’.തലക്കെട്ടു മുതൽ കവിതയുടെ അടിത്തട്ടുവരെ ഗ്രാമത്തിന്റെ സംശുദ്ധമായ ഉന്മാദം ആ കവിതയിലുണ്ട്.`ഉന്മാദത്തിൽ ജീവിതം പിണഞ്ഞ ഒരുവളെ ഞാൻ സ്നേഹിക്കുന്നു’ എന്ന് കവി മനോനില വെളിവാക്കുന്നുമുണ്ട്.ആ ഉന്മാദം വല്ലാതെ വഴിതെറ്റിച്ചു മയക്കുന്നതും എത്രമേൽ അകന്നുപോകിലും അത്രമേലുള്ള ഒരു തിരുശേഷിപ്പ് ബാക്കിവെയ്ക്കുന്നതുമാണ് ആ ഉന്മാദ സാമീപ്യമെന്നും കവിത കറയറ്റവണ്ണം  പറഞ്ഞുറപ്പിക്കുന്നു.ഒരു മൈൽക്കുറ്റിയുടെ ബിംബത്തിലൂടെയാണ് ഈ കവിതയിലെ ഗ്രാമാന്തരീക്ഷത്തെ  സമാഹാരത്തിലുള്ള മറ്റു കവിതകളിലെ പൊതു സ്വഭാവവുമായി കവി ഇണക്കി പൊരുത്തപ്പെടുത്തുന്നത് എന്നും കാണാം.കരിനഗരം എന്ന കവിത നോക്കൂ,ഒരു കൊടും കാട് മൊത്തമായിത്തന്നെ യന്ത്രമായി മാറുന്നതായി അതു വായിക്കുമ്പോൾ തോന്നിപ്പോകും.ആനയെയാണ് അതിനായി കാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്നിട്ടുള്ളത്. നഗരത്തിന്റെ തിരക്കിൽ നിർത്തി ആനയെ ഒരു വാഹനമാക്കി മാറ്റുകയാണ്.ജൈവികോർജ്ജത്തിന്മേലുള്ള ആനയെന്ന കൂറ്റൻ ജീവിയുടെ സ്വാഭാവിക ശക്തിയെ തനി മോട്ടോർ വാഹനത്തിന്റെ ലെവലിലേയ്ക്ക് പരിഷ്കരിച്ചെടുക്കുകയാണ് കരിനഗരം എന്ന കവിതയിലൂടെ.വളരെ പ്രസക്തമായ മറ്റൊരു കവിത`പായുന്നൊരാൾക്കൂട്ട’മാണ്…

ഒറ്റയ്ക്കൊരു ജനത പോരാട്ടത്തിനു പുറപ്പെട്ടതിന്റെ,കോട്ടകൊത്തളങ്ങൾ തകർത്തതിന്റെ ചരിത്ര സാക്ഷ്യം നമുക്കു മുന്നിലും പിന്നിലും കുറേയുണ്ട്.ഒരാൾ ഒറ്റയ്ക്ക്  ഒരാൾക്കൂട്ടമായി മാറിയതിന്റെ, സംഘടിത ശക്തിയായതിന്റെ അനുഭവങ്ങളും വിരളമല്ല.എന്നാൽ ഒരെഴുത്തുകാരൻ ആ നിലയിൽ  മാറിയതിന്റെ,തടയപ്പെട്ട സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെ  ഒറ്റയ്ക്കൊരാൾക്കൂട്ടമായതിന്റെ അനുഭവം നമുക്ക്,മലയാളികൾക്ക് അധികമില്ല.സമാഹാരത്തിലെ പായുന്നൊരാൾക്കൂട്ടം എന്ന കവിത വായിക്കുമ്പോൾ അങ്ങനൊരാൾ താക്കോൽപ്പഴുതാകാതെ കവിതയിലൂടെ മുന്നേറുക പ്രയാസമാണ്. അങ്ങനെയുള്ളൊരു എഴുത്തുകാരന്റെ ജീവശ്വാസം തളംകെട്ടി നിൽക്കുന്ന ഒരിടത്തിൽ സഞ്ചാരം തടയപ്പെട്ടു നിന്നുപോകേണ്ടിവരുന്ന മറ്റൊരെഴുത്തുകാരന് ആ അവസ്ഥ ജീവിതത്തിൽ വെറുതേ കടന്നു പോകുന്ന നിമിഷങ്ങളായിരിക്കില്ല.അതിന്റെ നേർ സാക്ഷ്യമാണ് `പായുന്നൊരാൾക്കൂട്ടം’.അതിനർത്ഥം ആ കവിത അതുമാത്രമാണ് എന്നല്ല.അതുകൂടിയാണ് എന്നാണ്.നോബർട്ട് പാവന റോഡാണ് കവിതയുടെ പരിസരം.നോബർട്ട് പാവന ഒരു എഴുത്തുകാരനാണ്.എറണാകുളം സ്വദേശിയാണ്.നാടകകൃത്തും തിരക്കഥാ കൃത്തുമൊക്കെ ആയിരുന്നു.കൊച്ചിയിലെ കുടുംബവീടും പരിസരവും വികസനത്തിനു വേണ്ടി അധികാരികൾക്കു വിട്ടു നൽകിയശേഷം താമസിക്കാൻ നിറയെ പച്ചപ്പുള്ള പരിസരംതേടി കുടുംബസമേതം പുറപ്പെട്ട നോബർട്ടിന് താമസിക്കുന്ന ഇടത്തേക്കുള്ള യാത്രാ സ്വാതന്ത്ര്യത്തിനു വേണ്ടി ഒറ്റയ്ക്ക് ഒരാൾക്കൂട്ടമായി  കലാപക്കൊടി ഉയർത്തേണ്ടി വന്നു.ആവശ്യം സാധിച്ച് എടുക്കുകയും ചെയ്തു.അങ്ങനെയൊരു പരിസരത്ത് യാത്ര തടയപ്പെട്ട്,പച്ചപ്പുള്ള പശ്ചാത്തലമെല്ലാം മുരടിച്ചു നിന്നു പോകേണ്ടി വരുമ്പോൾ കവിത സംഭവിച്ചു പോകാതെ തരമില്ല.സംഭവിച്ച കവിതയെ വിധ വ്യംഗ്യങ്ങളിലേയ്ക്കു വളർത്തി,സാമുറായ് ബൈക്ക്,ഇരുണ്ട കുട്ടികൾ,ഒഴുക്കു കെട്ടിയടച്ച മതിൽ,കെട്ടി ഉയർത്തിയ ബഹുനില ആകാശം,പായുന്ന ഒരാൾക്കൂട്ടമാകുന്ന തീവണ്ടി,ബൈക്കിന്റെ പല്ലുകൾ തേഞ്ഞ താക്കോൽ,സൈലൻസറിൽ ചുരുണ്ടിരിക്കുന്ന വെള്ളിക്കെട്ടൻ,നമ്പർപ്ലേറ്റിലെ അപരിചിത ലിപികൾ,പതുങ്ങി പഴകി നിൽക്കുന്നൊരാൾ…തുടങ്ങിയ അസാമാന്യ ഇമേജുകളാൽ ധ്വനി സമൃദ്ധമാക്കി പൊലിപ്പിച്ചെടുക്കാൻ  കഴിഞ്ഞിരിക്കുന്നു എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.ഇത്തരത്തിൽ പ്രത്യേക വായനയ്ക്ക് വായനക്കാരന് വക നൽകുന്ന ഒട്ടേറെ കവിതകളുള്ള സമാഹാരമാണ് ആട്ടക്കാരി.പായുംപുലി,ആ കുരുവിയുടെ കൂട്,മീനുകളുടെ ശബ്ദത്തിൽ ഷൂളമടിക്കുന്നൊരാൾ,അടമുട്ടകൾ…തുടങ്ങിയ കവിതകളും ആ ഗണത്തിൽ പെടുന്നവയാണ്.ഹൃദ്യമായ വായനാനുഭവമാണ് ആട്ടക്കാരി എനിക്കു പ്രദാനം ചെയ്തത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.