DCBOOKS
Malayalam News Literature Website

ആൺകഴുതകളുടെ XANADU: ആഖ്യാനത്തിന്റെ നവസാധ്യതകൾ

പി ജിംഷാറിന്റെ  ആൺ കഴുതകളുടെ XANADU എന്ന കഥാസമാഹാരത്തിന്   സുമ സത്യപാൽ എഴുതിയ വായനാനുഭവം 

സമകാലിക മലയാളസാഹിത്യത്തിൽ ചെറുകഥാരംഗത്ത് ആഖ്യാനത്തിന്റെയും രൂപശില്പത്തിന്റെയും കഥാവിഷയസ്വീകാര്യത്തിന്റെയും തലങ്ങളിൽ നടക്കുന്ന പുതിയ പരീക്ഷണങ്ങളാണ് കഥയെ ജനപ്രിയമാക്കുന്ന പ്രധാനഘടകം. സിനിമയുടെ ദൃശ്യസാധ്യതകളും സാങ്കേതികതയും കലർന്ന ആഖ്യാനം, കാല്പനികമായ ഭാഷാശൈലി, പുതിയകാലത്തിന്റെ സംഘർഷാത്മകതകളിൽ നിന്ന് ഉരുവം കൊണ്ട പ്രമേയങ്ങൾ തുടങ്ങിയ സവിശേഷതകൾ കൊണ്ട് കഥയുടെ പുതിയ മുഖമായി മാറുകയാണ് പി.ജിംഷാറിന്റെ ‘ആൺകഴുതകളുടെ XANADU’ എന്ന കഥാസമാഹാരം. ഒരു സംഭവത്തെയോ കഥയെയോ കലയുടെ ഏതെങ്കിലും ഒരു മാധ്യമത്തിലൂടെ പ്രകടിപ്പിക്കലാണ് ആഖ്യാനം. ഇവിടെ പി.ജിംഷാർ ചെറുകഥയിൽ തിരക്കഥയുടെ രൂപഭാവങ്ങ‌ൾ പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കുമ്പോൾ അത് ആഖ്യാനത്തിന്റെ പുതിയ കലാമാധ്യമമായി രൂപാന്തരപ്പെടുന്നു. ഇത് ആഖ്യാനത്തിന്റെ പുതിയ രൂപമല്ല മറിച്ച് അത്തരം ആഖ്യാനപരീക്ഷണത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഏറ്റവും  പുതിയ ആഖ്യാനതന്ത്രമായി മാറുകയാണ് പി. ജിംഷാറിന്റെ കഥകൾ.

‘സിനിമയുടെ അടുപ്പിൽ വെന്തുലർന്ന കഥകൾ’ എന്നാണ് ഇന്ദുമേനോൻ ഈ കഥകളെ വിലയിരുത്തുന്നത്. കഥാപാത്രസൃഷ്ടി, ദേശകാലാവിഷ്ക്കാരം, ഫ്രെയിമി‍ൽ നിന്ന് ഫ്രെയിമിലേക്ക് എന്നതുപോലുള്ള ആവിഷ്ക്കാരശൈലി തുടങ്ങിയ സവിശേഷതകൾ പുലർത്തുന്നവയാണ് ഈ കഥാസമാഹാരത്തിലെ കഥകളോരോന്നും. അത് സമകാലികതയുടെ സംഘർഷങ്ങളിൽ നിന്ന് ഊറ്റിത്തെളിച്ചെടുത്ത യഥാ‍ർഥ്യങ്ങളുടെ വിചാരണകൂടിയാണ്. ‘പേന’ എന്ന ആദ്യകഥ കഥയുടെയും സിനിമയുടെയും പാതകളി‍ൽ ഒരേസമയം സഞ്ചരിക്കുന്നു. കിഷോർ, അകാന്ത, മൊയ്തീൻകണ്ണ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജാതീയതയുടെയും മതാന്ധതയുടെയും സമകാലികാനുഭവങ്ങളെ ആഴത്തിൽ സമീപിക്കുന്നുണ്ട് ഈ കഥ. സ്വപ്നത്തിനും സത്യത്തിനുമിടയി‍ൽ കഥാവായന പലപ്പോഴും വിഭ്രാമകമായ അവസ്ഥകളിലൂടെ കടന്നുപോകുന്നു. ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളും കോവിലന്റെ തട്ടകവും, കിം കി ഡൂക്കിന്റെ ഡ്രീം, ത്രീഅയൺ എന്നീ സിനിമകളും നിരവധി മലയാള സിനിമകളും ഗാനങ്ങളും ചേ‍ർന്ന് ആഖ്യാനത്തിന്റെ പുതിയ തലങ്ങൾ ഈ കഥയിൽ സൃഷ്ടിച്ചിരിക്കുന്നു. ഡൂക്കിന്റെ ഡ്രീം എന്ന സിനിമയിൽ സ്വപ്നങ്ങളി‍ൽ കുടുങ്ങിപ്പോയ ജീവിതം ദുരന്തമായി മാറിയ നായകനെയും നായികയെയും പോലെ കിഷോറും അകാന്തയും പലപ്പോഴും യാഥാർത്ഥ്യങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്തി‍ൽ ഇഴപിരിച്ചെടുക്കാനാകാതെ അലയുന്നു. മൊയ്തീൻകണ്ണിന്റെ ജീവിതവും ചരിത്രവും വ‍ർത്തമാനവും ഒക്കെ സമകാലികസമൂഹത്തിന്റെ വിമർശനകാഴ്ചകളുടെ മൂല്യവിചാരണയാണ്. “അതൊരു ചീത്ത കച്ചോടമല്ലെന്റെ പടച്ചോനേ, കലാകാരൻമാരും കലാപകാരികളും ആണും പെണ്ണും നല്ലോരും ചീത്തോരുമൊക്കെ ഇതിന് ആവശ്യക്കാരായി ഉണ്ട്. ഡ്രഗ് പെഡലിംഗ് ഈസ് എ നോർമൽ ബിസിനസ്സ്” എന്ന് മൊയ്തീൻകണ്ണ് പറയുമ്പോൾ ‘പേന’ സാമൂഹികവിമർശനത്തിന്റെ മൂ‍ർച്ചകൂടിയ ആയുധമാകുന്നു.

Textഎഴുത്തുകാരനുണ്ടാകുന്ന Writer’s Blockനെ മറികടക്കുകയാണ് എന്ന തുറന്നുപറച്ചിലോടെയാണ് ‘മൂന്നു ദിവസം കൊണ്ട് എഴുതാവുന്ന ജീവിതം’ എന്ന കഥ ആരംഭിക്കുന്നത്. സുലുവിന്റെയും സിദ്ദിഖിന്റെയും ജിവിതം കടക്കെണിയി‍ൽപ്പെട്ടു പെരുമഴപോലെ കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങളാണ് കഥയി‍ൽ നിറയുന്നത്. നിസ്സഹായതയും ആത്മനിന്ദയും നിരാശയും മാത്രം ബാക്കിയാകുന്ന ജീവിതത്തി‍ൽ പകച്ചുനി‍ൽക്കുന്ന സുലു കഥാവസാനം സിദ്ദിഖിന്റെ ആത്മഹത്യയുടെ നിഴലിൽ മുന്നോട്ടു ജീവിക്കാനൊരു സാധ്യതകളുമില്ലാതെ വിധി കാത്തു നിൽക്കുന്നു.

സേവ്യ‍ർസെബാസ്റ്റ്യൻ എന്ന കഥാപാത്രം തന്റെ കഥ പറയുന്നതിനായി ജാവേദ് എന്ന എഴുത്തുകാരനു പിന്നാലെ അലയുന്നതാണ് ‘ഒട്ടും സ്കോപ്പില്ലാത്ത പ്രണയകഥ’. അഷിതയുമായുള്ള പ്രണയത്ത‍ക‍ർച്ചയിൽ നി‍ൽക്കുമ്പോഴാണ് സേവ്യർ ജാവേദിനോട് തന്റെ പ്രണയകഥ പറയാൻ ആഗ്രഹിക്കുന്നത്. ജാവേദിന്റെ നസി എന്ന കഥാപാത്രം തന്റെ ഉന്മാദങ്ങളി‍ൽ അഭിരമിച്ച് പങ്കാളിയെ ഒഴിവാക്കിയവളാണ്. അഷിതയിലും ചൂഴ്ന്നു നി‍ൽക്കുന്നത് ആ ഭാവമാണെന്ന് സേവ്യർ തിരിച്ചറിയുന്നു. പ്രണയത്തിലകപ്പെടുമ്പോഴും ഗാഢമായ പ്രണയഭാവങ്ങളിലല്ലാ നീരസത്തിന്റെയും അസംതൃപ്തിയുടെയും ചുഴികളിലാണ് പുതിയകാലത്തെ പ്രണയിതാക്കൾ എന്നതാണ് കഥ ചൂണ്ടിക്കാട്ടുന്നത്.

സെലി‍ൻ എന്ന പോൺസ്റ്റാറിന്റെ ജീവിതമാണ് ‘chat with ടാബു ഹീറോയിൻ’ എന്ന കഥ. സെലിനെ അഭിമുഖം നടത്തുന്ന രീതിയിലാണ് കഥയുടെ ആഖ്യാനം നി‍ർവ്വഹിച്ചിരിക്കുന്നത്. സെലിൻ ന‍ൽകുന്ന ഉത്തരങ്ങളിലൂടെ അവരുടെ ജീവിതത്തിന്റെ ഏടുക‍ൾ തുറക്കുന്നു. സെലിന്റെ ജീവിതകഥയിലൂടെ വായിക്കാൻ കഴിയുന്നത് പോൺസിനിമയകളിൽ അഭിനയിക്കുന്ന നടികളുടെ ജീവിതവും സിനിമയുടെ പിന്നാമ്പുറക്കഥയും തന്നെയാണ്. അറപ്പുകളുടെ ലോകത്തേക്കാണ് പോകുന്നത്, നരകത്തിന്റെ ആഴം കണ്ടിട്ടേ അവിടെ ആനന്ദിക്കാൻ കഴിയൂ എന്ന മുന്നറിയിപ്പോടെയാണ് ‘ആൺകഴുതകളുടെ   XANADU’ എന്ന കഥ ആരംഭിക്കുന്നത്. സാനഡു എന്നാ‍ൽ മാൻഡ്രേക്ക് ഹോം എന്നാണർത്ഥം. ഖലീൽ, മാർത്ത, ഡെന്നി എന്നിവർ സാനഡുവിലേക്കു നടത്തുന്ന യാത്രയും പിന്നീടുണ്ടാകുന്ന അനുഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ആണധികാരത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഇടമായ സാനഡുവിലേക്ക് എത്തുമ്പോൾ  ഈഡിപ്പ‍ൽ രതിയുടെ അനുഭവപാഠങ്ങളായി കഥ മാറുന്നു. മാൻഡ്രേക്കും പൈഡ്പൈപ്പറും പ്ലേഗുമെല്ലാം കഥയുടെ ഭാഗമായി മാറുന്നു.

മലബാ‍ർ കലാപത്തിന്റെ നൂറ്റാണ്ടു തികഞ്ഞ വേളയിൽ കലാപത്തിന്റെ സമരസേനാനികളായ മുസ്ലീം ജനതയെ പരിഗണിച്ചു കൊണ്ട് എഴുതിയ കഥയാണ് ‘സാറ’. മലബാർ കലാപത്തിന്റെ ചരിത്രവും സാഹചര്യങ്ങളുമെല്ലാം വീണ്ടും ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാറ എന്ന കഥയ്ക്ക് പ്രസക്തി വർദ്ധിക്കുന്നു. ബലാൽസംഗം ചെയ്ത് ഒരുവളെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നൂഹിന്റെ കഥയാണ് ‘പ്രളയകാലത്തെ നൂഹുമാർ’ പ്രളയകാലത്ത് കപ്പൽ നിർമ്മിച്ച് അതിൽ ജീവജാലങ്ങളെ സംരക്ഷിച്ച് യാത്ര ചെയ്ത നൂഹുനബിയുടെ  ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആഖ്യാനം നിർവ്വഹിച്ചിരിക്കുന്നു. ചരിത്രത്തിന്റെ ഏടുകളിലേക്ക് വാതിലുകൾ തുറക്കുന്ന കഥയാണ് ‘ചീരുവിന്റെ ഭഗത്സിങ്’. 1926-ൽ ഉണ്ടായ ബോംബുസ്ഫോടനത്തിൽ ഭഗത്‍സിംങിനെ അറസ്റ്റുചെയ്തതും ലാലാലജ്പത്റായിയെ ബ്രട്ടീഷുകാ‍ർ കൊന്നതും ആയ ചരിത്രസംഭവങ്ങളിലേക്ക് വായനയുടെ ഏടുകൾ സംക്രമിക്കുന്നു. ആ കാലഘട്ടത്തിന്റെ സാമൂഹികസാംസ്കാരികാവസ്ഥകളും സ്വാതന്ത്ര്യ സമരത്തിന്റെയും വിപ്ലവത്തിന്റെയും ചൂടും കഥയിൽ അനുഭവിച്ചറിയാം. രാഷ്ട്രീയ-മത വർഗ്ഗീയതകൾ നേരിടുന്ന സമൂഹത്തെയാണ് ‘കഥ’യിൽ കാണാൻ കഴിയുക. ഇസ്ലാം മതത്തിലേക്ക് പരിവ‍ർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന സിദ്ധാ‍ർത്ഥനിലൂടെയാണ് കഥ വികസിക്കുന്നത്. മതവ‍ർഗ്ഗീയതയും ആ‍ൾക്കൂട്ടക്കൊലപാതകങ്ങളും ജീവിക്കാനുള്ള അവകാശം എന്ന ഏറ്റവും അടിസ്ഥാനാവശ്യത്തെപ്പോലും ഇല്ലാതാക്കുന്നു എന്ന സമകാലികസാഹചര്യത്തിന്റെ നേർക്കാഴ്ചയാണ് ഈ കഥ. കഥയിലെ ചില ഭാഗത്തു പ്രത്യക്ഷപ്പെടുന്ന മതരാഷ്ട്രീയത്തിന്റെ പരാമർശങ്ങൾ, കഥാവസാനം കഥതന്നെ ചുരുട്ടി വേസ്റ്റ് ബാസ്ക്കറ്റിലേക്കെറിഞ്ഞ് ചോദ്യചിഹ്നമാകാതെ തലയൂരുമ്പോൾ കഥയിൽ ശേഷിക്കുന്നത് വായനക്കാരന്റെ  മത(അഭിപ്രായം) സ്വാതന്ത്യം തന്നെ.

ദൃശ്യഭാഷയുടെ മേൻമ അവകാശപ്പെടുന്ന ആഖ്യാനതന്ത്രമാണ് ഈ കഥകളെ കൂടുതൽ ആ‍ർജവമുള്ളതാക്കി മാറ്റുന്നത്. പ്രണയവും രതിയും മതാന്ധതയും വർഗ്ഗീയതയും ഇഴപിരിഞ്ഞ ജീവിതവഴികളി‍ൽ നിന്നാണ് ഈ കഥയിലെ കഥാപാത്രങ്ങളെ കണ്ടെടുത്തിട്ടുള്ളത്. സിനിമയിലും ചരിത്രത്തിലും വിപ്ലവത്തിലും സാഹിത്യത്തിലും കണ്ട നിരവധി കഥാപാത്രങ്ങളും സംഭവങ്ങളും ചേർന്ന് ചലനാത്മകമായ കഥാപരിസരങ്ങൾ ഒട്ടും തന്നെ വിരസമാകുന്നില്ല. ഭൂതകാലങ്ങളിൽ നിന്ന് സ്വരൂപിച്ചെടുക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും ഇരുണ്ട വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളി‍ൽ മാരകമായ വേദനയായി ഉരുകിയുറയുമ്പോൾ തോന്നുന്ന നിസ്സഹായത അവശേഷിപ്പിച്ചാണ് പല കഥകളും അവസാനിക്കുന്നത്. “അല്ലയോ പ്രിയ വായനക്കാരാ നിങ്ങളെയീക്കഥകൾ ആശ്വസിപ്പിക്കുകയോ ആനന്ദിപ്പിക്കുകയോ ആഹ്ലാദിപ്പിക്കുകയോ ഇല്ല. മാരകമായ മൃത്യുബോധത്തെ ചുഴറ്റി പാപത്തിന്റെ കുഴൽക്കിണറുകളിൽ ഉരുകിത്തിളക്കുന്ന ലാവയുറവയിൽ നിങ്ങളെ പൂഴ്ത്തി ശ്വാസം മുട്ടിച്ച് ഇഞ്ചിഞ്ചായി കൊന്നുതിന്നുന്നവയാണ് ഈ കഥകൾ. ഇവയെ സൂക്ഷിക്കുക.” എന്ന് ഇന്ദുമേനോൻ ജിംഷാറിന്റെ കഥകളെപ്പറ്റി വിലയിരുത്തുന്നതും മുന്നറിയിപ്പു നൽകുന്നതും അതുകൊണ്ടുതന്നെ.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്- wtplive

Comments are closed.