DCBOOKS
Malayalam News Literature Website

ആദിമാതാവ്; മണി കൃഷ്ണൻ എഴുതുന്നു

മണി കൃഷ്ണൻ

ആദിമാതാവിന്റെ അടുത്തു ചെന്ന് പെൺകുട്ടി ചോദിച്ചു,
“അമ്മേ! ദേവീ! അവിടുന്ന് എന്തിനാണ് എന്നെ ഒരു പെണ്ണായിട്ട് സൃഷ്ടിച്ചു ഭൂമിയിലേക്ക് പറഞ്ഞുവിട്ടത്? വിലക്കുകളും വിലങ്ങുകളും പീഡനങ്ങളും നിറഞ്ഞ ഈ ഭൂമി ഞാൻ വെറുക്കുന്നു. ഇവിടെ മനുഷ്യരില്ല. മൃഗങ്ങളേയുള്ളു! ഈ കാട്ടുമൃഗങ്ങളുടെ ക്രൂരതകളിൽ നിന്നും എനിക്കു മോചനം തരൂ…
ഭൂമി സ്വർഗമാണ്, സുന്ദരമാണ്, അവിടെ സ്നേഹമുണ്ട്, സമാധാനമുണ്ട്, സാഹോദര്യമുണ്ട്, എന്നെല്ലാം ചൊല്ലിയല്ലേ എന്നെ ഈ ലോകത്തേക്ക് പറഞ്ഞയച്ചത് ? എന്നിട്ടിപ്പോൾ എന്തായി? എവിടെയാണ് സ്നേഹം? സമാധാനം? സാഹോദര്യം? നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ മാത്രം ഞാൻ കേൾക്കുന്നു. കാമാർത്തി പൂണ്ട കഴുകന്മാരുടെ പേക്കൂത്തുകൾ മാത്രം ഞാൻ കാണുന്നു. ഈ നരകം എനിക്കു വേണ്ട. അമ്മേ, എനിക്കു പേടിയാവുന്നു. എന്നെ തിരിച്ചെടുക്കൂ…”

സാന്ത്വനത്തിൻറെ സ്നേഹസ്പർശമായി ആദിമാതാവ് അരുളി,
“മകളേ! ധൈര്യമായിരിക്കൂ. കാലം മാറിവരും. എന്നെങ്കിലുമൊരിക്കൽ പെണ്ണായി പിറന്നതിൽ നീ അഭിമാനിക്കും. സ്ത്രീ പ്രകൃതിയാണ്. സ്ത്രീയില്ലെങ്കിൽ ലോകമില്ല. ജീവബീജങ്ങൾക്ക് ജന്മം നൽകാൻ സ്ത്രീക്ക് മാത്രമേ കഴിയൂ. ജീവൻറെ പരമ്പര നിലനിൽക്കുന്നത് സ്ത്രീയിലൂടെ മാത്രം. സ്ത്രീയുടെ ഹൃദയരക്തത്തിൽനിന്നും ഊറിവരുന്ന ക്ഷീരസാഗരമാണ് വരും തലമുറകളെ വളർത്തുന്നത്. നരകതുല്യമായ ഭൂമിയെ സ്വർഗരാജ്യമാക്കാൻ നിനക്കു കഴിയും. കലാപത്തിൻറെ കാട്ടുതീയിൽ വെന്തുരുകുന്ന ജീവിതങ്ങൾക്ക് നവജീവൻ നൽകാൻ നിൻറെ കരങ്ങൾക്ക്‌ ശക്തിയുണ്ടാവട്ടെ! ജീവിതം ഒരു സമരമാണ്. അതിൽ ജയവും തോൽവിയുമുണ്ട്. സമാധാനത്തിൻറെ ശ്രീഭദ്രയും, പ്രതികാരത്തിൻറെ ഭദ്രകാളിയും നിന്നിലുണ്ട്. നിന്നിൽ ഉറങ്ങിക്കിടക്കുന്ന ഭദ്രകാളിയെ ഉണർത്തു. അനീതിക്കെതിരെ ആഞ്ഞടിക്കൂ. അധർമത്തിനെതിരെ പൊരുതൂ. വിദൂരമല്ലാത്ത ഭാവിയിൽ വിജയത്തിൻറെ കൊടിയും ഉയർത്തിപ്പിടിച്ചു നീ എൻറെ മുൻപിൽ വന്നു നിൽക്കും. വരാൻ പോകുന്ന ആ പുത്തൻ പുലരിക്കായി നമുക്ക് കാത്തിരിക്കാം…”

മണി കൃഷ്ണൻ
എഴുത്തുകാരി

Comments are closed.