DCBOOKS
Malayalam News Literature Website

അനുസ്യൂതം ഒഴുകുന്നു രക്തനദി

ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്  ജിജി അബ്രഹാം എഴുതിയ വായനാനുഭവം

ചില പുസ്തകങ്ങൾ വായിച്ചാൽ ഇഷ്ടമായാലും ഒന്നും എഴുതാൻ തോന്നാറില്ല. ചിലവ എന്തെഴുതും എങ്ങനെയെഴുതും എവിടെ തുടങ്ങും എന്ന്‍ നമ്മെ വിഭ്രമിപ്പിക്കും. അപൂർവ്വങ്ങളായ അത്തരം പുസ്തകങ്ങളിൽ ഒന്നാണ് ഷീല ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവല്‍. ഈ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ‘വല്ലി’ മന്ദമാരുതനെപ്പോൽ മലയാള സാഹിത്യലോകത്തേക്ക് കടന്നുവന്ന പുസ്തകമാണ്. കനമുള്ള രചനയായിട്ടും വർഷങ്ങള്‍ എടുത്തു അത് മലയാളത്തില്‍ ചർച്ച ചെയ്യപ്പെടാൻ. ജെസിബി പുരസ്കാരത്തിന്‍റെ ഷോര്‍ട്ട് ലിസ്റ്റോളം എത്തേണ്ടിവന്നു, ഇംഗ്ലീഷില്‍ അനവധി റിവ്യൂകള്‍ വരേണ്ടിവന്നു, ‘വല്ലി’യെ മലയാളി വായിച്ചു തുടങ്ങാന്‍. എന്നാല്‍ ‘ആ നദിയോട് പേര് ചോദിക്കരുത്’ ഒരു കൊടുങ്കാറ്റ് പോലെ വായനക്കാരിലേക്കെത്തി എന്നുവേണം കരുതാന്‍. 2022 ആഗസ്റ്റിൽ ഒന്നാം പതിപ്പ് ഇറങ്ങിയ നോവലിന്‍റെ മൂന്നാം പതിപ്പും വന്നു എന്നത് അതാണല്ലോ തെളിയിക്കുന്നത്. പേരില്ലാത്ത ആ നദി ഒഴുകി നീങ്ങുന്നത് കാലങ്ങളായി അധിനിവേശത്തിന്‍റെ ഇരകളായി പാലായനം ചെയ്യുന്ന, ദുരിതപര്‍വ്വം താണ്ടുന്ന, ഒരു ജനതക്കുവേണ്ടിയാണ്. ഇപ്പോള്‍ നാം കണ്മുമ്പില്‍ കാണുകയാണല്ലോ ഗാസ കത്തുന്നത്. ചില രചനകള്‍ പ്രവചനങ്ങള്‍ തന്നെ ആയി മാറുമെന്നത് ഇവിടെ സത്യമാകുന്നല്ലോ!

മലയാളിക്ക് പരിചിതമല്ലാത്ത ഒരു കഥാപ്രദേശത്തിലൂടെ, എന്‍റെ നാട്ടുകാരിയായ (പടമലക്കാരി) കഥാപാത്രം റൂത്തിന്‍റെ കൈപിടിച്ച് നടക്കുന്നത് ഒരു വല്ലാത്ത അനുഭവമായിരുന്നു. അവൾ അങ്ങനെ വെറുതെ നാട് കാണാൻ പോയതല്ല “വീട് ചുമന്ന് ലോകത്തിന്റെ അറ്റത്തോളം യാത്ര ചെയ്തവരിൽ” ഒരാളാണ് റൂത്ത് എന്ന നേഴ്സ്. ലോകത്തിന്‍റെ ഏതു കോണിലുമുള്ള മലയാളി പ്രവാസിനികളുടെ പ്രതിനിധി. അവൾ അവിടെ എത്തിച്ചേർന്നത് മരണമുഖങ്ങളിലൂടെ നടന്ന് കനൽ വഴികള്‍ താണ്ടിത്തന്നെയാണ്.

മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ മതവിശ്വാസികളുടെ പ്രധാന സ്ഥലമായ ഇസ്രയേൽ ആണ് നോവലിന്‍റെ കഥാപരിസരം എന്നത് പുതുമയുള്ളതും എന്നാൽ കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുളളതുമാണ്. അവിടെ കൈകാര്യം ചെയ്യപ്പെടേണ്ട രാഷ്ട്രീയം മറ്റൊരു പ്രഹേളികയാണ്. ആ ദേശം തങ്ങളുടേത് ആണ് എന്ന് പറയാൻ ക്രിസ്ത്ര്യാനിക്കും മുസ്ലീമിനും, ജൂതനും ആയിരം കാരണങ്ങളും Textചരിത്രങ്ങളും ഉണ്ട് എന്നതിനാൽ ആ ദേശത്ത് കൈ വെയ്ക്കുന്ന എഴുത്തുകാർ വഞ്ചിക്കപ്പെടാൻ സാദ്ധ്യത ഉണ്ട്. എന്നാൽ ഒരു ക്രിസ്ത്യൻ സ്ത്രീയായ റൂത്ത് ഒരു ജൂതകുടുംബത്തിൽ നിന്നുകൊണ്ട് ഒരു പാലസ്തീൻ യുവാവിന് വേണ്ടി കരയുന്നു എന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്ന മനോഹരമായ വസ്തുത. ഇതിൽ ഒരേ ഒരു രാഷ്ട്രീയമേ ഉള്ളൂ അത് മനുഷ്യത്വത്തിന്‍റെ മാത്രം രാഷ്ട്രീയമാണ്.

നമ്മൾ കേട്ട് പരിചയിച്ച ഇസ്രയേൽ പാലസ്തീൻ സംഘർഷങ്ങൾക്ക് ഇടയിൽ അനാഥനായ പാലസ്തീൻ യുവാവായ സഹൽ അൽ ഹാദിക്കും അവന്റെ ഒരേയൊരു പെങ്ങളായ സാറ അൽ ഹാദിക്കും വേണ്ടി അഷേര്‍ മെനഹേം എന്ന ജൂത യുവാവ് തന്‍റെ ജീവൻ പണയം വെച്ച് നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് ഇത്. അതിനിടയിൽ അവർക്ക് കൈത്താങ്ങായി ഒരു മലയാളി ക്രിസ്ത്യൻ യുവതിയായ റൂത്ത് എത്തിച്ചേരുന്നിടത്താണ് കഥയുടെ തുടക്കം. ജാതിയുടെയും മതത്തിന്‍റെയും വംശത്തിന്‍റെയും പേരിൽ ലോകം വിഭജിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പുതിയ ഒരു സ്നേഹക്രമം പിറവിയെടുക്കേണ്ടതുണ്ട്. അതാണ് ഈ നോവലിലൂടെ ഷീല ടോമി പറഞ്ഞു വെക്കാൻ ശ്രമിക്കുന്നത്.

യുദ്ധങ്ങളുടെയും പാലായനങ്ങളുടെയും തീക്ഷ്ണതകളെക്കുറിച്ച് വാചാലമാകുന്നില്ല എങ്കിലും ചുരുങ്ങിയ വാക്കുകൾ കൊണ്ട് അതിന്റെ മുഴുവൻ വേദനകളും വായനക്കാരന്‍റെ മനസ്സിൽ ഒരിക്കലും സുഖപ്പെടാത്ത മുറിവ് പോലെ നീറ്റലുണ്ടാക്കും വിധം കോറിയിട്ട് പോകുവാൻ ഗ്രന്ഥകാരിക്ക് കഴിയുന്നുണ്ട് എന്നതാണ് എഴുത്തിലെ മാന്ത്രികത. ‘വല്ലി’ യിലേത് പോലെ ഇതിലും ബൈബിൾ വചനങ്ങൾ ധാരാളമുണ്ട്. അവയുടെ ഉപയോഗം പോലും എത്ര സൂക്ഷ്മമായിട്ടാണ് എന്നതും അതിശയകരമാണ്. കഥാഗാത്രവുമായി അത്രമേൽ ഇഴചേർന്നിരിക്കയാൽ അവ നോവലിന് ഭംഗി കൂട്ടുന്നു.

“ഇത് സമാധാനത്തിന്റെ നഗരമല്ല. സ്ഫോടനങ്ങളുടെ നഗരമാണ്. നൂറ് നൂറ് തുണ്ടങ്ങളാൽ നിർമ്മിക്കപ്പെട്ടത്. ഇവിടെയുള്ളവരുടെ മനസ്സുകളും നൂറ് കഷണങ്ങൾ…” ഇതുപോലെ തീവ്രവും യുക്തവും അന്വര്‍ത്ഥവുമായ അനേകം ഭാഗങ്ങളുണ്ട് ഈ നോവലിൽ. അവ നോവലിനെ അത്രമേൽ അലങ്കരിക്കുന്ന പവിഴ മുത്തുകൾ തന്നെ.

ടി.ഡി.രാമകൃഷ്ണൻ ” മാമ ആഫ്രിക്ക “ എന്ന നോവലിലൂടെ താരാ വിശ്വനാഥ് എന്ന ഇന്ത്യൻ വംശജയായ ഒരു എഴുത്തുകാരിയുടെ ആത്മകഥ എന്നു തോന്നുന്ന വിധത്തിൽ എഴുതിയ ആ നോവൽ ഇതുപോലെ എന്നെ വിഭ്രമപ്പെടുത്തിയ ഒന്നാണ്. ആ പുസ്തകത്തിലൂടെ ആഫ്രിക്ക കണ്ടതും കിളിമാഞ്ചോരോ കയറിയതും അവിടുത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ അറിഞ്ഞതും ഞാൻ ഓർക്കുന്നു. അതുപോലെ റൂത്തിനൊപ്പം പടമലയിൽ നിന്ന് ദുബായ് വഴി ഇസ്രയേലിലൂടെയുളള ഒരു യാത്രയായിരുന്നു ഈ നോവൽ.

എന്‍റെ നാട്ടുകാരിയാണ് ഈ എഴുത്തുകാരി. ഞങ്ങളുടെ പ്രതീക്ഷയായിരുന്ന ആ പഴയ പത്താം ക്ലാസ്സ് റാങ്കുകാരി സിവിൽ സർവ്വീസ് മേഖലകളിൽ എത്തിപ്പെടും എന്ന് കരുതിയ ഒത്തിരി പേരുണ്ട്. എന്നാൽ വിവാഹ ശേഷം എല്ലായിടത്തു നിന്നും അപ്രത്യക്ഷയായ അവര്‍ ‘വല്ലി’ യിലൂടെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു വരവായിരുന്നു. ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന രണ്ടാമത്തെ നോവലുകൊണ്ട് അതൊരു വെറും വരവല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. എപ്പോൾ എഴുതിത്തുടങ്ങി എന്നതോ എത്ര കൃതികള്‍ എഴുതി എന്നതോ അല്ല മറിച്ച് എന്തെഴുതി, എങ്ങനെയെഴുതി, എന്നതാണ് ഒരു എഴുത്തുകാരനെ/ എഴുത്തുകാരിയെ അടയാളപ്പെടുത്തുന്നത് എന്നത് ഇതിനു മുമ്പും കാലം തെളിയിച്ചിട്ടുളളതാണ്. ഷീല ടോമി അതിന് വീണ്ടും അടിവരയിടുകയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.