DCBOOKS
Malayalam News Literature Website

മണ്ണും, രാജ്യവും, പൗരത്വവും ഇല്ലാത്തവരുടെ നിലവിളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാം!

ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്  ഷാബിന ശാന്ത് എഴുതിയ വായനാനുഭവം

“ആ നദിയോട് പേര് ചോദിക്കരുത് ” എന്ന നോവലിലൂടെയുള്ള യാത്ര തുടങ്ങിയിട്ടു കുറച്ചു ഏറെ നാളുകളായി. വായനയ്ക്കിടയിൽ റൂത്തിന്റെ കൂടെയുള്ള യാത്ര അത്ര എളുപ്പം ആയിരുന്നില്ല എനിക്ക് എന്നൊരു സന്ദേശം ഞാൻ അയച്ചിരുന്നു, അതിനു കാരണം ഇവിടെ Sheela ചേച്ചി കൈകാര്യം ചെയ്ത വിഷയം അതായിരുന്നു. പൊതുവെ യുദ്ധം, പലായനം, അധിനിവേശം ഈ കാര്യങ്ങൾ ഒക്കെ മനസ്സിന് എന്നും മുറിവുകൾ നൽകുന്ന വാർത്തകൾ ആണ്. അതു മാത്രം അല്ല, ഈ യുദ്ധം, പലായനം ഒക്കെ വരുമ്പോൾ അതിന്റെ ഏറ്റവും തീവ്രമായ വേദനകൾ താണ്ടുന്നത് സ്ത്രീകളും, കുട്ടികളും ആണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നോവൽ വായിച്ചു തുടങ്ങിയപ്പോൾ ഒരു Delay വന്നെങ്കിലും, പിന്നീടത് എന്താണ് സംഭവിക്കുന്നു എന്നതും, എങ്ങനെ ആണ് ഈ നോവലിന്റെ അവസാനം എന്ന ആകാംഷയിൽ വായന തുടർന്ന് പോവുക ആയിരുന്നു.

ഇവിടെ നോവലിസ്റ്റിന്റെ സഹപ്രവർത്തക ആയിരുന്ന മുനാഹസ്സന്റെ കണ്ണിൽ നിന്ന്, അവളുടെ വാക്കുകളിൽ നിന്നാണ് താൻ ചിരി മറന്നു പോയ ഒരു ജനതയുടെ സങ്കടങ്ങൾ കണ്ടെത്തിയത് എന്ന് ഷീലാ ടോമി തന്നെ പറയുന്നുണ്ട്. “ആയിരം നോവലുകളിൽ ഒതുക്കാനാവില്ല അവളുടെ ജനത്തിന്റെ തീരാ നോവുകൾ, തടങ്കിലായവർ, കാണാതായവർ, നഷ്ടങ്ങളുടെ മനുഷ്യർ, മരിച്ചു പോയവർ, ഉറ്റവർക്ക് എന്തു സംഭവിച്ചു എന്നറിയാത്തവർ അങ്ങനെ അങ്ങനെ ആ നദി പയ്യെ ഒഴുകാൻ തുടങ്ങുക ആയി “മുനായുടെ ഗ്രാമത്തിൽ നിന്നു മനുഷ്യരുടെ കണ്ണീരിനാൽ രൂപപ്പെടുന്ന നദി. ആ നദിയുടെ കൂടെ സഞ്ചരിക്കുന്നവരോട് നദിയുടെ പേര് ചോദിക്കരുത് എന്ന് എഴുത്തുകാരി ഓർമ്മപ്പെടുത്തുന്നു.

മണ്ണും, രാജ്യവും , പൗരത്വവും ഇല്ലാത്തവരുടെ നിലവിളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാം. എല്ലാ അധിനിവേശങ്ങളും ഒരേ തരത്തിലാണ് മനുഷ്യരെ വേട്ടയാടുന്നത്. അതിൽ ഭാഗഭാക്കപ്പെടുന്ന ഇരകളുടെ Textവേദനകൾ ഒരു പോലെ ആയിരിക്കാം. മുസ്‌ലിം, ക്രിസ്ത്യൻ, ജൂത മത വിശ്വാസികളുടെ പ്രധാന സ്ഥലമായ ഇസ്രായേൽ ആണ് ഈ നോവലിലെ കഥാപരിസരം എന്നത് പുതുമയുള്ളതും, കൈകാര്യം ചെയ്യാൻ പ്രയാസം ഉള്ളതും ആണ്. ആത്യന്തികമായി പാലായനങ്ങളുടെ കഥ ആണ് ഈ പുസ്തകം നമ്മോടു പറയുന്നത്. പിറന്ന മണ്ണിൽ നിന്ന് പാലായനം ചെയ്യേണ്ടി ണ്ടി വന്ന ഒരു ജനതയും, ജനിച്ച മണ്ണിൽ തന്നെ അഭയാർഥികൾ ആകേണ്ടി വന്ന മറ്റൊരു ജനതയും, ക്രിസ്തുവിനും 11 നൂറ്റാണ്ടു മുൻപേ ഉള്ള ഇസ്രായേൽ ചരിത്രം നോക്കിയാൽ പിടിച്ചടക്കലുകളുടെ ആവർത്തനങ്ങൾ അന്ന് മുതൽ ഇന്ന് വരെ അങ്ങനെ ഉള്ള ഇസ്രായേൽ, പലസ്തീൻ സംഘർഷങ്ങളുടെ പരിണിത ഫലം അനുഭവിക്കേണ്ടി വന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ.

നമുക്ക് കേട്ട് പരിചയമായ ഇസ്രായേൽ, പലസ്തീൻ സംഘർഷങ്ങളുടെ ഇടയിലേക്ക് അനാഥനായ ഒരു പലസ്തീനിയൻ യുവാവ് ആയ സഹൽ അൽഹാദിക്കും അവന്റെ ഒരേ ഒരു പെങ്ങൾ ആയ സാറാ അൽഹാദിക്കും വേണ്ടി ആഷേൽ മെനഹേം എന്ന യഹൂദ യുവാവ് തന്റെ ജീവൻ പണയം വച്ച് പോരാട്ടം നടത്തുന്ന ഒരു കഥ ആണ് ഇതു. അവിടേക്കു റൂത്ത് എന്ന മെത്താപേലെത്ത് (care giver)എത്തി ചേരുന്നിടത്താണ് കഥയുടെ തുടക്കം. പല തരത്തിൽ, പല മാനങ്ങളിൽ വായിച്ചു പോകേണ്ട ഒരു പുസ്തകം. പാലസ്തീൻ കവിയായ മഹമൂദ് ദർവിഷിന്റെ വരികളിലൂടെ ആണ് ഷീലാ ടോമി ആ നദി എഴുതി തുടങ്ങുന്നത്. നോവലിനിടയിൽ മുരീദ് ബർഗൂദിയുടെയും ഖലീൽ ജിബ്രാന്റെയും കവിത ശകലങ്ങളും, മഹമൂദ് ഷുകൈറിന്റെ കഥകൾ കൂടെ ആവുമ്പോൾ നോവലിന്റെ തിളക്കം വർദ്ധിക്കുന്നു.

ചില പുസ്തകങ്ങൾ വായിച്ചു കഴിയുമ്പോൾ ഇഷ്ടം ആയാലും ഒന്നും എഴുതാൻ തോന്നുക ഇല്ല. ഈ പുസ്തകം വായിച്ചപ്പോളും എവിടെ എങ്ങനെ എഴുതി തുടങ്ങണം എന്ന ചിന്തയിലായിരുന്നു. നോവലിന്റെ സാരാശം മുഴുവനും എഴുതിയാൽ നോവൽ വായിക്കുന്നവർക്ക് അതൊരു ബുദ്ധിമുട്ടാകും. പല തരത്തിൽ പല വീക്ഷണകോണുകളിൽ നിന്നും വായിക്കപ്പെടേണ്ട നോവൽ എന്നത് കൊണ്ടു തന്നെ ഇവിടെ എഴുതുന്നതിലും ഒരു പരിമിതി ഉണ്ട്. നോവൽ വായിച്ചു തന്നെ അറിയുക എന്നതായിരിക്കും ഉചിതം.

വയനാട്ടിലെ പട മലയിൽ ജനിച്ചു വല്യമ്മച്ചി കൊടുത്ത ധൈര്യം കൈമുതലാക്കിയവൾ അനാഥയായ റൂത്ത് agent ഇനാൽ കബളിക്കപ്പെട്ട് റിയാദിൽ എത്തിപെട്ടപ്പോൾ ഭാഷയും, ദേശവും തിരിച്ചറിയാതെ വലിയൊരു മാനസിക സംഘർഷത്തിലൂടെ കടന്ന് പോകുമ്പോൾ അവളെ സമാധാനിപ്പിക്കാനും, സാന്ത്വനിപ്പിക്കാനും അവിടെ ചിലരുണ്ടായിരുന്നു. അവരും തുല്യ ദുഃഖം അനുഭവിക്കുന്നവർ ആയിരുന്നു. ദുബായിൽ തന്റെ ജീവിതം അപകടത്തിലാണ് എന്ന് മനസ്സിലായ റൂത്ത് നീനയുടെ സഹായത്തോടെ വിശുദ്ധ നാടുകളിലേക്ക് തീർത്ഥയാത്ര പോകുന്ന മലയാളികളുടെ സംഘത്തോടൊപ്പം ചേർന്ന് ഇസ്രായേലിൽ എത്തുന്നു. നസറെത്തു എന്ന ഗ്രാമത്തിൽ ആയിരുന്നു അവൾക്കു ജോലി നൽകിയ ദവീദ് മെനഹെമിന്റെ കുടുംബം താമസിച്ചിരുന്നത് .4 വർഷത്തോളം ആ കുടുംബത്തിന്റെ, ദവീദിന്റെ മെത്തപ്പേലെത് ആയി കഴിഞ്ഞ കാലത്ത് റൂത്ത് കടന്ന് പോകുന്ന ജീവിതം ആണ് നോവലിന്റെ കേന്ദ്ര കഥാപാത്രം.റൂത്തിന്റെ സഹനങ്ങളുടെയും, ഉയർത്തെഴുന്നേൽപ്പിന്റെയും കഥ.

” നസറെത്ത് ” എന്ന പേരിൽ ചെയുന്ന വ്ലോഗിലൂടെ പലസ്തീൻ -ഇസ്രായേൽ സംഘർഷങ്ങൾ റൂത്ത് ലോകത്തിനു മുന്നിൽ എത്തിക്കുന്നു. റൂത്തിന്റെ കൈ പിടിച്ചു നടക്കുന്നത് അത്രയും എളുപ്പം അല്ല, അതൊരു വല്ലാത്ത അനുഭവം ആണ്. ശ്വാസം മുട്ടിക്കൽ ആണ്. വീട് ചുമന്നു ഭൂമിയുടെ അറ്റം വരെ പോകേണ്ടി വരുന്ന പെണ്ണുങ്ങൾ, നസറെത്ത്,  ജറുസലേം,  ടെൽ അവീവ്, റിയാദ്… അതിജീവനങ്ങളുടെ ആഷേൽ, സഹൽ, സാറാ, ആബായും, ഈമായും, ഹമാസ് തീവ്ര വാദിയായി മുദ്ര കുത്തി ഇസ്രായേൽ വേട്ടയാടുന്ന സഹലിന്റെയും, അയാളെ സഹായിക്കാനിറങ്ങുന്ന ആത്മസുഹൃത്തായ ആഷേറിന്റെയും അനുഭവങ്ങൾ, ദാവീദിന്റെ ഭാര്യ എസ്തർ, മകൻText അഷർ, മകൾ ലയ, അഷറിന്റെ സുഹൃത്തും, ജന്മ നാട്ടിൽ തന്നെ അഭയാർത്ഥികളായി മാറിയ പലസ്തീനികൾക്ക് ആയി പ്രവർത്തിക്കുന്ന മുസ്ലീം യുവാവ് സഹൽ, സഹലിന്റെ സഹോദരങ്ങൾ ഗസാൻ, സാറാ, സാറയെ സംരക്ഷിക്കുന്ന യാക്കോബ് കുടുംബം അങ്ങനെ നിരവധി നിരവധി കഥാപാത്രങ്ങൾ ഈ നോവലിൽ റൂത്തിന്റെ കൂടെയുണ്ട്.

ഈ നോവൽ വായിച്ചു കഴിയുമ്പോൾ ആ നദി എന്നെയും ശ്വാസം മുട്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എത്ര മാത്രം ഭംഗി ആയി നോവലിനെ കുറിച്ച് ഒരു ആസ്വാദനം ഇവിടെ എഴുതുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയില്ല. കാരണം ആ ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ. പതിയെ പതിയെ മുക്തി നേടി വരുന്നേ ഉള്ളൂ.’വല്ലി ‘എന്ന നോവലിലൂടെ ആയിരുന്നു ഷീല ചേച്ചിയെ പരിചയം. വല്ലിയിലെ വയനാടും, ആ ഭൂമികയും കാടിന്റെ പച്ചപ്പും, കുളിർമ്മയും ഒക്കെ എനിക്കും പരിചിതമായതു കൊണ്ടു തന്നെ ആ കുളിരേറ്റ്ആണ് വല്ലി വായിച്ചതെങ്കിൽ ഈ പുസ്തകം തീർത്തും വായനയുടെ രൂപത്തിൽ ഒഴുകി എത്തുമ്പോൾ ജനിച്ച മണ്ണിനു വേണ്ടി പോരാടിച്ചവരുടെ, പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെടുന്നവരുടെ വേദനകളും, വിഹ്വലതകളും മാത്രം ആണ് വായനയിൽ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്.

വായനാലോകത്തു ആ നദി ഇനിയും ഒഴുകി ഒഴുകി ഏത്തപ്പെടണം എന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു. ഒരുപാട് വായനകൾ പേര് ചോദിക്കരുത് എന്ന് പറയുന്ന ആ നദിക്കു ഉണ്ടാകട്ടെ എന്നും, വായനക്കൂട്ടങ്ങ്ങളിൽ ഒക്കെ ഈ ഒരു പുസ്തകത്തെ കുറിച്ചുള്ള ചർച്ചകൾ ഉരുത്തിരിഞ്ഞു വരട്ടെ എന്നും ഒരു വായനക്കാരി എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു. അങ്ങനെ അങ്ങനെ പരന്നു പരന്നു ഒഴുകട്ടെ ആ നദി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.