DCBOOKS
Malayalam News Literature Website

ഉത്സവം കൂടുന്ന ശലഭങ്ങള്‍; ഉന്മത്തരാകുന്ന പൂക്കള്‍

സംഗീത ശ്രീനിവാസന്റെ ശലഭം പൂക്കള്‍ Aeroplane എന്ന നോവലിനെക്കുറിച്ച് ജി.പ്രമോദ് എഴുതുന്നു…

വാക്കുപറഞ്ഞതുപോലെ രാത്രിയുടെ രണ്ടാം യാമത്തില്‍ ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും ഗോവണിപ്പടികള്‍ അവര്‍ കയറിയിറങ്ങി. മൂമു എന്ന മൂമു രാമചന്ദ്രനും ജോണ്‍ മാറോക്കിയും. അതും അവരുടെ ആദ്യത്തെ കൂടിക്കാഴ്ചയില്‍. കൊച്ചി-ബെംഗളൂരു ദൂരത്തെ ഒരു വിമാനയാത്രയിലൂടെ അതിജീവിച്ച് സ്‌നേഹിക്കണം എന്നുറപ്പിച്ചാണ് അവര്‍ നേരിട്ടുകണ്ടത്. കുറച്ചൊരു ഇച്ഛാഭംഗത്തിനുശേഷം സ്‌നേഹത്തിന്റെ ഗോവണിപ്പടികള്‍ കയറിയിറങ്ങുമ്പോള്‍തന്നെ മൂമു കേട്ടു അവരുടെ രണ്ടാളുടേതുമല്ലാത്ത ഒരു ഞരക്കം. അപരിചിതമായ ഒരു ശബ്ദം. ഒരുപക്ഷേ, വേറേയും ഇണകള്‍ സ്‌നേഹിക്കുന്നുണ്ടാകണം. ശബ്ദം പുറപ്പെടുവിക്കുന്നുണ്ടാകണം. കാത് വട്ടം പിടിച്ചപ്പോള്‍ അല്ല, അതൊരു നിലവിളിയാണ്. അമ്മേ… എന്ന തളര്‍ന്ന നിലവിളി. കരുത്തന്റെ കാമത്തിനൊപ്പം ദുര്‍ബലന്റെ നിലവിളിയും.

കരുത്തില്‍നിന്നാണു ശലഭം തുടങ്ങുന്നത്. പെണ്ണിന്റെ കരുത്തില്‍നിന്നും കാമത്തില്‍നിന്നും. പുരുഷന്റെ ആസക്തിയില്‍ നിന്നും വെറുപ്പിക്കാനുള്ള അവന്റെ കുപ്രശസ്തമായ കഴിവില്‍നിന്നും. ചുംബനത്തിനു കൊതിച്ച മൂമുവും ചുണ്ടു കൂട്ടിയടച്ച് പെണ്ണിന്റെ അറിവില്ലായ്മയെ പരിഹസിക്കാന്‍ വാക്കു തേടുന്ന ജോണും. പിന്നെ ഒരു നിലവിളിയും. കരുത്തിലും നിലവിളിയിലും തന്നെ ശലഭം അവസാനിക്കുകയും ചെയ്യുന്നു. അതിനിടെ എണ്ണിയാല്‍ത്തീരാത്ത മടക്കുകളുള്ള സ്ത്രീയുടെ ഉള്‍ത്തലങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. മലയാളത്തിനു തീര്‍ത്തും അപരിചിതമായ ഭാഷയിലൂടെ വ്യത്യസ്തമായ ഭാവുകത്വനിര്‍മ്മിതിക്കു ശ്രമിച്ചുകൊണ്ട്.

കാമവും ലൈംഗികതയും ഇതാദ്യമായല്ല മലയാളത്തില്‍ എഴുതപ്പെടുന്നത്. പുരുഷന്റെ കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും അനുഭവത്തിലൂടെയും പലവട്ടം ഞെട്ടിക്കുന്ന ആവിഷ്‌കാരങ്ങളുണ്ടായിട്ടുണ്ട്. പുരുഷ വൈകാരികതയുടെ ഉഷ്ണമേഖലകള്‍. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ജീവിതപുസ്തകങ്ങള്‍. രതിയെ വൈകൃതത്തില്‍ ജ്ഞാനസ്‌നാനം ചെയ്യിച്ച ധര്‍മ്മപുരാണങ്ങള്‍. അപൂര്‍വമായി മാധവിക്കുട്ടിയെപ്പോലുള്ള എഴുത്തുകാരികളിലൂടെ ലൈംഗികതയുടെ സ്ത്രീപക്ഷവും സ്‌ത്രൈണ കാമശാസ്ത്രങ്ങളും. ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രം ധരിച്ച് ഓടിക്കിതച്ച് എത്തുമ്പോള്‍ കാണണം എന്നാഗ്രഹിച്ചവന്‍ ഇരുട്ടില്‍ തീപ്പെട്ടി ഉരയ്ക്കാന്‍ ശ്രമിക്കുന്നതാണ് ശലഭത്തില്‍ മൂമു കാണുന്നത്. അവിടെനിന്നും ഇരുട്ടിലൂടെയും വെളിച്ചത്തിലൂടെയും സഞ്ചരിച്ച് കാമത്തിലൂടെയും കണ്ണീരിലൂടെയും സഞ്ചരിച്ച് വിശ്വാസത്തിലും അവിശ്വാസത്തിലും കയറിയിറങ്ങി മറ്റൊരു രാജ്യത്തിലെ വെളിച്ചം തേടി മൂമു യാത്ര തുടങ്ങുമ്പോഴേക്കും തകര്‍ന്നുവീഴുന്നുണ്ട് ഇതുവരെ മലയാളം കെട്ടിപ്പൊക്കിയ രതിസാമ്രാജ്യങ്ങള്‍. രതിയുടെ മന്ദാരങ്ങള്‍. കാമത്തിന്റെ ജ്വാലാകലാപങ്ങള്‍. പ്രണയത്തിന്റെ അശ്രുചന്ദ്രികകള്‍. യാഥാര്‍ത്ഥ്യത്തെ മുഖത്തോടുമുഖം നിര്‍ത്തി പുതിയ കാലത്തെ പെണ്‍മനസ്സും ശരീരവും ഭാഷയും സംഘര്‍ഷങ്ങളും ചൂടോടെ പകര്‍ത്തുകയാണ് സംഗീത. വെറും ചൂടല്ല, കത്തുന്ന ചൂട്. പൊള്ളിക്കുന്ന ചൂട്. വടുക്കള്‍ അവശേഷിപ്പിക്കുന്ന അഗ്‌നിബാധ.

രഹസ്യത്തില്‍ ഹരംകൊള്ളിക്കുകയും പരസ്യമാകുമ്പോള്‍ അറപ്പുളവാക്കുകയും ചെയ്യുന്ന അശ്ലീലം ശ്ലീലമാകുന്ന അത്ഭുതക്കാഴ്ചകൂടിയാണു ശലഭങ്ങള്‍. വിവാഹവുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കല്പത്തെ തള്ളിക്കളയുകയും പ്രസവത്തിന്റെ കാല്പനികതയെ പരിഹസിക്കുകയും ചെയ്യുമ്പോഴും പക്ഷേ, പ്രണയത്തിന്റെ സദാചാര സങ്കല്പത്തെ മുറിവേല്പിക്കാന്‍ നേരിയരീതിയില്‍പ്പോലും ശ്രമിക്കുന്നില്ല ശലഭം. കാമുകന്റെ ഒളിസേവ കയ്യോടെ പിടിക്കുമ്പോള്‍ പൊട്ടിത്തകരുന്ന ചില്ലുമേടയില്‍ത്തന്നെയാണ് നായിക മൂമുവും ജീവിക്കുന്നത്. ഒളിസേവയില്‍ പങ്കെടുക്കുന്നത് ബന്ധുവും അടുത്ത സുഹൃത്തും സന്തതസഹചാരിയുംകൂടിയാകുമ്പോള്‍ ദുരന്തത്തിന്റെ തീവ്രത കൂടുന്ന പതിവു ചേരുവയും ശലഭം പിന്തുടരുന്നുണ്ട്. പുതിയ ഭാവുകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിലെ പോരായ്മകളായി ഇവ വിലയിരുത്താമെങ്കിലും ‘കുറച്ച് ഓവര്‍’ തന്നെയാണു ശലഭം. അതുതന്നെയാണു ശലഭത്തിന്റെ സ്വതന്ത്രമായ നിലനില്പും അസ്തിത്വവും സാധ്യമാക്കുന്ന അസ്തിവാരവും. ഈ ഓവര്‍ സമീപം മലയാളം കാത്തിരുന്നതുമാണ്. മുടിത്തെയ്യമുറയുന്ന വാക്കുകളിലൂടെ പാപത്തറ സൃഷ്ടിച്ച് മലയാളത്തില്‍ പെണ്ണെഴുത്തിന്റെ ഹരിശ്രീ കുറിച്ച സാറാ ജോസഫിന്റെ മകള്‍ നിയോഗമെന്നവണ്ണം നിര്‍മ്മിക്കുന്ന പുതിയ എഴുത്തിന്റെ നാന്ദി.

ശലഭം സംഗീത സമര്‍പ്പിച്ചിരിക്കുന്നതും അമ്മയ്ക്കു തന്നെ. ആലാഹയുടെ, മാറ്റാത്തിയുടെ അമ്മയ്ക്ക്. ആളോഹരി ആനന്ദത്തിന്റെ എഴുത്തുകാരിക്ക്. ഓര്‍മ്മയില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കാനും ഒരു ഉത്തമദുരന്തകാവ്യത്തിന്റെ ഫലശ്രുതിയിലേക്കു നയിക്കാനും കഴിഞ്ഞ വിപ്ലവമായിരുന്നു സംഗീതയുടെ മുന്‍ നോവലായ ‘ആസിഡ്’ എങ്കില്‍ വ്യത്യസ്തമായ പരിചരണവും സമീപനവുംവഴി ഒരു സ്‌ത്രൈണവിപ്ലവത്തിനാണു ശലഭം ശ്രമിക്കുന്നത്. രണ്ടു നോവലുകളെയും മുന്നോട്ടു നയിക്കുന്നത് രണ്ടു യുവതികളുമാണ്. അവര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും അവര്‍ക്കു സമൂഹം സമ്മാനിക്കുന്ന അരുതായ്മകളും.

തീക്ഷ്ണമായ അനുഭവങ്ങളുടെ ക്രൂരകാരുണ്യത്തില്‍ അടുക്കുകയും അകലുകയും വീണ്ടും അടുത്തും ഒന്നിച്ചു യൗവനത്തെ നേരിടാന്‍ ശ്രമിക്കുന്ന രണ്ടു യുവതികള്‍ അവരുടെ പ്രണയത്തോടും ആസക്തിയോടും ജീവിതത്തോടും നടത്തുന്ന പോരാട്ടം. ഇവരില്‍ മൂമൂ എന്ന പട്ടാളക്കാരിയായ കുതിരക്കാരി (സ്റ്റാലിയന്‍ ജംപര്‍) ഒഎല്‍എക്‌സിലൂടെ യാദൃച്ഛികമായി പരിചയപ്പെടുന്ന വായനക്കാരനും ചിത്രകാരനും വിമശകനുമായ യുവാവ്. ഇവര്‍ക്കിടയിലേക്കു യാദൃച്ഛികമായി കടന്നുവരുന്ന ഒരു കൊലപാതകിയും. ശലഭം പൂക്കള്‍ aeroplane ഇവരുടെ കഥയാണെന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞാല്‍ അതായിരിക്കും ശലഭത്തോടു ചെയ്യുന്ന ഏറ്റവും വലിയ നീതികേട്.

കഥയെക്കാള്‍ കഥയുടെ പരിചരണമാണ് ഇവിടെ പ്രമേയം. പരിചയിച്ച പരിചരണത്തോടു കാണിക്കുന്ന ബഹുമാനമില്ലായ്മയും അന്തസ്സുള്ള കലാപവും. അക്ഷരാര്‍ത്ഥത്തില്‍ ഒരു വിപ്ലവത്തിന്റെ ചൂടും പുകയുമുണ്ട് ശലഭങ്ങള്‍ക്ക്. പൊടുന്നനേ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ഹരംപിടിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവകാലം സമ്മാനിക്കുന്ന ശലഭങ്ങളെയും പൂക്കളെയും വിമാനവുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കുന്ന വിമതസൗന്ദര്യം. തേന്‍ കുടിച്ചോളൂ. തളരുമ്പോള്‍ പറന്നുപൊങ്ങാനുണ്ട് വിമാനങ്ങള്‍ രതിയുടെ ആവേഗനിമിഷത്തിനിടെ സംഭവിക്കുന്ന ഒരു കൊലപാതകത്തിലൂടെയും ഇതുവരെ എഴുതിയതെല്ലാം തിരസ്‌കരിക്കപ്പെട്ടതെങ്കിലും തന്റെ മാസ്റ്റര്‍പീസ് എന്നുതന്നെ ഉറപ്പിച്ച് മര്‍ഡര്‍ മിസ്റ്ററിയുടെ ചുരുളഴിച്ച് നോവല്‍ രചിക്കാനുള്ള ആഷി എന്ന യുവതിയുടെ ശ്രമത്തിലൂടെയും ശലഭം വായനക്കാര്‍ക്കു നല്‍കുന്നതു മികച്ച വായനാനുഭവം. ഭാഷയിലെ ക്ലീഷേകളെ ഒഴിവാക്കി നഗരവത്കൃത സംഭാഷണങ്ങളിലൂടെയും ചിന്തകളിലൂടെയും മുന്നോട്ടുപോകുന്ന നോവല്‍ പുതുമയുടെ ഉന്‍ന്മേഷം പകരുന്നുണ്ട്. വികാരവിക്ഷോഭങ്ങളില്‍ തീവ്രതയും തീക്ഷ്ണതയും പകരുന്നുണ്ട്. വായനയുടെ ഒരു നിമിഷത്തില്‍പ്പോലും വിരസമാവാതെ ‘കാന്തിയോടപരകാന്തി’ ചേരുന്ന ഭാവസംപൂര്‍ത്തിയാണു ശലഭം ലക്ഷ്യംവയ്ക്കുന്നത്. കുഴിയാന ചിറകു വിടര്‍ത്തി തുമ്പിയായി മാറി ആകാശത്തിലേക്കു പറക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. കേട്ടതും അറിഞ്ഞതും കാണാനിരിക്കുന്നതുമെല്ലാം കഥകളാണെങ്കില്‍ ജോണും ആഷിയും ജെ. ഡബ്‌ളിയൂ. മാരിയറ്റും കരീന കപൂറും കഥകളാണ്. എല്ലാ കഥകളും ഒന്നാണെങ്കില്‍ ശലഭങ്ങള്‍ക്കും പൂക്കള്‍ക്കും വിമാനങ്ങള്‍ക്കും ചിറകുകളുണ്ട്. രൂപവും ഭാവവും മാറുന്നുണ്ടെങ്കിലും അടിസ്ഥാനം ഒന്നുതന്നെ.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.