DCBOOKS
Malayalam News Literature Website

ചെകുത്താനും ഒരു പെണ്‍കിടാവും

പതിനൊന്ന് സ്വര്‍ണ്ണക്കട്ടികളും ഒരു നോട്ടുബൂക്കുമായി അപരിചിതനായ ഒരാള്‍ വിസ്‌കാസ് ഗ്രാമത്തിലെത്തുന്നു.തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ.? ഇതിനുത്തരം ലഭിക്കാനുള്ള പരീക്ഷണം നടത്താനായിരുന്നു ശാന്തമായ ആ ഗ്രാമത്തിലേക്ക് അയാളെത്തിയത്. വേദനാജനകമായ ഒരു പൂര്‍വ്വകാലമായിരുന്നു ഇതിനായി അയാളെ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ സന്തോഷം തേടിനടന്ന ഷാന്റാല്‍ എന്ന പെണ്‍കുട്ടിയെ അയാള്‍ തന്റെ കൂട്ടാളിയായി തിരഞ്ഞെടുത്തു. പിന്നീട് ആ ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും ജീവിതം, മരണം, അധികാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. മാത്രമല്ല ഓരോരുത്തരും സ്വന്തം വഴി തെരഞ്ഞടുക്കേണ്ടതായും വന്നു..

മനുഷ്യജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും, ഒരോ മനുഷ്യന്റെയും ആത്മാവിലുള്ള ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏറ്റുമുട്ടലുകളുമാണ് ലോകപ്രശസ്ത സാഹിത്യകാരന്‍ പൗലോകൊയ്‌ലോ തന്റെ കൃതികളിലൂടെ പറഞ്ഞുതരുന്നത്. അത്തരത്തിലൊരു കൃതിയാണ് ‘The Devil and Miss Prym’. എല്ലാ കൃതികളെപ്പോലെയും പുറത്തിറങ്ങിയ നാള്‍മുതല്‍ ബെസ്റ്റ് സെല്ലറാണ് The Devil and Miss Prym’.

പൗലോകൊയ്‌ലോയുടെ എല്ലാ കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡി സി ബുക്‌സ് ഈ പുസ്തകവും ചെകുത്താനും ഒരു പെണ്‍കിടാവും എന്ന പേരില്‍ 2011ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മലയാളത്തില്‍ ധാരാളം ആരാധകരുള്ള പൗലോകൊയ്‌ലോയുടെ ഈ പുസ്തകവും ആവേശത്തോടെയാണ് വായനക്കാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ 5-മത് പതിപ്പാണ് പുറത്തുള്ളത്.

ചെകുത്താനും ഒരു പെണ്‍കിടാവും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് അധ്യാപികയായിരുന്ന രമാ മേനോനാണ്. പൗലോകൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടന്‍, ഖാലിദ് ഹൊസൈനിയുടെ കൈറ്റ് റണ്ണര്‍ എന്നിവ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതും രമാ മേനോനാണ്.

 

Comments are closed.