DCBOOKS
Malayalam News Literature Website

ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം

വിശ്വസ്തനും ബുദ്ധിമാനും നര്‍മ്മബോധത്താല്‍ അനുഗൃഹീതനും അക്ബര്‍ ചക്രവര്‍ത്തിയുടെ സന്തതസഹചാരിയായിരുന്ന മന്ത്രി ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും വെളിവാക്കുന്ന പുസ്തകമാണ് ബീര്‍ബല്‍ കഥകള്‍. ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും വെളിവാക്കുന്ന ഒട്ടനവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന ഈ കഥകള്‍ ഇന്ന് ലോകത്തെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. മലയാളത്തിലും ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും, കണ്ടത്തില്‍ പാത്തുമ്മക്കുട്ടി പുനരാഖ്യാനം നിര്‍വ്വഹിച്ച ബീര്‍ബല്‍ കഥകളാണ് മലയാളത്തിലെ ഏറ്റവും വലിയ സമാഹാരം.

ഇതുവരെ രേഖപ്പെടുത്തിയവയും വാമൊഴിയായി പ്രചരിക്കുന്നതുമായ ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരമാണിത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്നവയാണ് ബീര്‍ബല്‍ കഥകള്‍. തമാശകള്‍ മാത്രമല്ല, യുക്തിയുടെയും ന്യായത്തിന്റെയും നീതിയുടെയും കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രചാരത്തിലുണ്ടെന്ന് പറയപ്പെടുന്നത് അഞ്ഞൂറിലധികം ബീര്‍ബല്‍ കഥകളാണ്. ഇവയില്‍ ഒരുപാടെണ്ണം കടങ്കഥകളോ കവിതാപൂരണ സമസ്യകളോ ആയിട്ടുള്ളതാണ്. മറ്റുചിലത് ചോദ്യോത്തരങ്ങളാണ്. ബാലസാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്ത ചില കഥകളും ഇവയിലുണ്ട്. ഇതെല്ലാം ഒഴിവാക്കി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇരുനൂറോളം കഥകളാണ് ബീര്‍ബല്‍ കഥകളില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബീര്‍ബല്‍ കഥകളുടെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

ഹയര്‍ സെക്കണ്ടറി അധ്യാപികയായ കണ്ടത്തില്‍ പാത്തുമ്മക്കുട്ടി 2001 മുതല്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്. ഇപ്പോള്‍ ഡി സി സി അംഗമായ അവര്‍ മഹിളാ കോണ്‍ഗ്രസ്, കെ.പി.എസ്.ടി.യു, ഐ.എന്‍.ടി.യു.സി എന്നിവയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

Comments are closed.