DCBOOKS
Malayalam News Literature Website

‘തരകൻസ്‌ ഗ്രന്ഥവരി’: വായനക്കാരന്റെ നോവലിനായി മലയാളം ഒരുങ്ങുമ്പോൾ

ബെന്യാമിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’  യെക്കുറിച്ച് എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, നിരൂപകന്‍- ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരജേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ജെ എസ്‌ അനന്ത കൃഷ്ണൻ എഴുതുന്നു

സിനിമകളുടെ നിർമ്മാണ പ്രഖ്യാപനങ്ങൾ പലതും നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താറുണ്ട്. എന്നാൽ കേരളത്തിന്റെ പുസ്തക പ്രസിദ്ധീകരണ ചരിത്രത്തിൽ ഒരു പക്ഷെ ഇത്ര മേൽ ആവേശം നിറഞ്ഞ ഒരു കാത്തിരിപ്പ് ഉണ്ടാകാൻ ഇടയില്ല. പ്രസാധകരായ ഡി സി ബുക്സിൽ നിന്നും മലയാള സാഹിത്യത്തിന്റെ അഭിമാനമായ ബെന്യാമിനിൽ നിന്നും ഒരു കാര്യമുറപ്പിക്കാം. തരകൻസ്‌ ഗ്രന്ഥവരി മുൻമാതൃകകൾ ഇല്ലാത്ത വിധം വിപ്ലവാത്മകമായ ഒരു പരീക്ഷണമാണെന്നത്. മറ്റൊരു രീതിയിൽ മലയാള നോവലിന്റെ സഞ്ചാര പഥങ്ങളിലെ ഒരു പ്രധാന സന്ധിയിലാണ് നാം ഈ വർഷം എത്തിച്ചേരുന്നത്. തരകൻസ്‌ ഗ്രന്ഥവരി ഇനിയും വായിച്ചിടാത്ത നമുക്ക് എന്തെല്ലാമാണ് ഈ നോവൽ നൽകാൻ സാധ്യത എന്നതിനെ കുറിച്ച് ഒരു പ്രവചനം നടത്താൻ മാത്രമാണ് ഇപ്പോൾ കഴിയുക. ഘടനാരാഹിത്യത്തിന്റെ ഘടനയും, അത് വഴി മലയാള നോവലിന് ലഭിക്കുന്ന പൊതു ഘടനയുമെല്ലാം ചർച്ചാവിധേയമാകുകയാണല്ലോ പല വേദികളിലും. അറിഞ്ഞതനുസരിച്ചു തരകൻസ്‌ ഗ്രന്ഥവരി മുന്നോട്ടു വയ്ക്കുന്ന ഏറ്റവും Textആകർഷണീ യമായ, സ്വതന്ത്രമായ വായനാനുഭവത്തിന്റെ ചിറകാണ്, ഇത് ഒറ്റ നോവലല്ല, എത്ര മേൽ വായനക്കാരുണ്ടോ അത്ര മേൽ നോവലുകൾ. ക്രമരാഹിത്യത്തിന്റെ മനോഹാരിത പ്രപഞ്ചത്തെ ഇത്ര മേൽ മിഴിവുറ്റത്താക്കിയെങ്കിൽ അത് സർഗ്ഗ സൃഷ്ടിയിൽ തീർച്ചയായും പ്രതിഫലിക്കേണ്ടതാണല്ലോ! സർഗ്ഗസൃഷ്ടി തന്നെ ക്രമരാഹിത്യത്തിന്റെ സന്തതിയാണ്. അപ്രകാരമെങ്കിൽ അതിന്റെ ഘടനക്കും ഒരു ക്രമമുണ്ടാകണമെന്ന് വാശി പിടിക്കുന്നതെന്തിന്?

വായനക്കാരന് എങ്ങനെയും വായിച്ചു തുടങ്ങാവുകയും അവസാനിപ്പിക്കുകയും ചെയ്യാവുന്ന നോവൽ നിർമിതി സാധ്യമാക്കുന്ന വായനാ സ്വാതന്ത്ര്യം ലോകസാഹിത്യത്തിലെ തന്നെ അത്ഭുതങ്ങളിൽ ഒന്നാണ്.

കഴിഞ്ഞ 10 വർഷ കാലയളവിൽ വിശ്വസാഹിത്യ പുരസ്‌കാരങ്ങളിലെ പ്രതിനിധ്യം പരിശോധിച്ചാൽ രചനാരീതികളിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്ക് മുതിർന്ന ഒരു കൂട്ടം എഴുത്തുകാരെ കാണാം. അവരിൽ ഒരുപക്ഷെ ഒള്ക ടോക്കാർച്ചുക് അടക്കമുള്ള എഴുത്തുകാരുടെ നിര യിലേക്ക് മലയാളം ഒരെഴുത്തുകാരനെ പ്രതിനിധിയായി ചേർക്കുകയാവാം.

ഉത്തരാധുനിക സാഹിത്യത്തിന്റെ ഏറ്റവും മനോഹരമായ ഘടകം അത് അടഞ്ഞ എഴുത്തല്ല എന്നതാണ്. ജോൺ ഫൗൾസ്, ഫ്രഞ്ച് ലെഫ്റ്റനന്റ്സ് വുമൺ എന്ന പുസ്തകത്തിൽ നോവലിന്റെ അന്ത്യം വായനക്കാരന്റെ തിരഞ്ഞെടുപ്പിനായി വിട്ടത് ഇപ്രകാരമുള്ള എഴുത്തുകളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു. എന്നാൽ വായനയുടെ അനുഭവം പൂർണമായും വായനക്കാരന്റെ സ്വതന്ത്രമായ ഇച്ഛക്കനുസരിച്ചു നിർണായിക്കാവുന്ന അവസ്ഥയിലേക്കാണ് തരകൻസ്‌ ഗ്രന്ഥവരി നമ്മെ എത്തിക്കുന്നത്.

ഇതിലെല്ലാം ഉപരിയായ് ബെന്യാമിൻ എന്ന എഴുത്തുകാരൻ ചരിത്രത്തെ തന്റെ നോവലുകളിൽ പലതിലും അടയാളപ്പെടുത്തുന്ന രീതിയാണ് തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരേടിനെ വായനക്കാരന് സമക്ഷം എത്തിക്കുന്ന ഗ്രന്ഥവരിയുടെ മേൽ പ്രതീക്ഷ ഏറെ പുലർത്താൻ ധൈര്യം നൽകുന്നത്.

നമുക്ക് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാം. വിസ്മയത്തോടെ വായിക്കാം.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.