DCBOOKS
Malayalam News Literature Website

പ്രണയം കൊണ്ട് എഴുതിയ പുസ്തകം!

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് പുസ്തക എഴുതിയ വായനാനുഭവം

‘പ്രിയപ്പെട്ടവനെ.. എനിക്കേറ്റം പ്രിയപ്പെട്ടവനെ..
നീ പറഞ്ഞു തരാറുള്ള കഥകളില്‍ ഒരു കഥയായി നമ്മള്‍ മാറുകയാണ്, ഒരു പക്ഷേ നാളെ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്താല്‍ അവര്‍ വിശ്വസിക്കാത്ത കഥ..

‘ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോല്‍ നാം പരസ്പരം തൊട്ടമാത്രയില്‍ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോല്‍’
~(പ്രേമനഗരം)

അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്ന ലോകമെമ്പാടും അറിയപ്പെടുന്ന നോവല്‍ വിഭാഗത്തെ മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഡി സി ബുക്സാണ്. ഈ വിഭാഗത്തില്‍ ഞാന്‍ Textവായിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് പ്രേമനഗരം.പുസ്തകം ഇറങ്ങുന്നതിനു മുന്‍പേ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയും മനോഹരമായ ഗാനവും രണ്ട് കയ്യും നീട്ടിയാണ് വായനാലോകം ഏറ്റെടുത്തത്.അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത നോവലുകളില്‍ ഒന്നായി ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം മാറി. പേരില്‍ നിന്ന് വ്യക്തമാവുന്നത് പോലെ തന്നെ പ്രണയം കൊണ്ട് എഴുതിയ പുസ്തകമാണിത്.

അതിലുപരി പ്രണയത്തെയും പ്രണയിക്കുന്നവരെയും കുറിച്ചുള്ള പഠനമാണിതെന്ന് പറയാനാണ് എനിക്കിഷ്ടം.പ്രണയം എന്ന വിഷയം എല്ലാകാലത്തും എല്ലാ ഭാഷകളിലും ഏറേ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. മലയാളത്തിലാണേല്‍ പ്രണയം വിഷയമാക്കാത്ത എഴുത്തുകാര്‍ ഇല്ലാന്ന് തന്നെ പറയാം.എന്നാല്‍ സാധാരണ ഗതിയില്‍ നിന്നും വിഭിന്നമായി മറ്റൊരു തലത്തിലേക്ക് വളര്‍ന്നു മാനസികമായും ശാരീരികമായും പൂത്തുലയുന്ന പ്രേമമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. സൗഹൃദമാണോ പ്രണയമാണോ കാമമാണോ എന്ന് ഇഴതിരിച്ചെടുക്കാനാകാത്ത അത്രത്തോളം ആഴത്തില്‍ സ്‌നേഹിച്ച നീലും മാധവുമാണ് ഈ നഗരത്തിനുള്ളിലെ പ്രണയം.അവരുടെ നിരുപാധിക സ്‌നേഹം കടന്ന് പോകുന്ന വഴികളും ഭംഗിയും അതൊന്ന് വേറേ തന്നെയാണ്.നിരുപാധിക സ്‌നേഹം എന്താണ് എന്ന് അനുഭവിച്ചര്‍ക്ക് പ്രത്യേകിച്ച്..

പ്രായവും ചുറ്റുപാടുകളും ഉണ്ടാക്കുന്ന ബന്ധനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള മാധവിന്റെയും നീലുവിന്റെയും ഇത്തരത്തിലുള്ള നിരുപാധിക സ്‌നേഹത്തിലൂടെ സാക്ഷരകേരളത്തിന്റെ സാമൂഹിക ബോധത്തിനും അന്ധവിശ്വാസങ്ങള്‍ക്കും മേല്‍ ഒരു വെള്ളിടി വീഴ്ത്തിയാണ് പ്രേമനഗരം കടന്നു പോകുന്നത്.മനുഷ്യ മനസ്സിന്റെ എല്ലാ വികാരങ്ങളും രതിയടക്കം അതിന്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടിവിടെ.അവിടെയൊക്കെ എടുത്ത് പറയേണ്ടത് ആഖ്യാനത്തിന്റെ ശുദ്ധതയാണ്,അത് തന്നെയാണ് പ്രേമനഗരത്തിന്റെ ആത്മാവ്.

ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന പ്രണയഭാവത്തിന്റെ എല്ലാ പൂര്‍ണ്ണതയും പകര്‍ന്നു തരുന്ന പ്രേമനഗരം ഇനിയും ഇനിയും വായിക്കപ്പെടട്ടെ, ശ്ലീലാശ്ലീലങ്ങളുടെ പതിവുകള്ളികളില്‍ ഇത് പെട്ടുപോകാതിരിക്കട്ടെ…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.