DCBOOKS
Malayalam News Literature Website

കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌

പരീക്കുട്ടി : കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല. കറുത്തമ്മ : കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി? പരീക്കുട്ടി : ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോർത്ത് പാടിപ്പാടി നടക്കും. കറുത്തമ്മ : ഞാൻ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും.” കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. 

മലയാള സിനിമയിലെ ഇതിഹാസ നടനായ മധുവിന് ഇന്ന് മധുവിന് ഇന്ന് 88-ാം പിറന്നാൾ. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌.

Text1933 സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായാണ് ജനനം. മാധവൻ നായർ എന്നാണ് യഥാര്‍ഥ പേര്. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന മധു ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഇടക്ക്‌ നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു.

നിലവിൽ ഇപ്റ്റ സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു. 2013 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി മധുവിനെ ആദരിച്ചിരുന്നു. 1962ലാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് മധു കടന്ന് വന്നത്. രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു ആദ്യ മലയാള ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച്‌ എൻ എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകൾ ആണ്‌.

ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യതയായി മാറി. 1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ്‌ അദ്ദേഹം നിർമിച്ചത്‌. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയിരുന്നു.

 

Comments are closed.