DCBOOKS
Malayalam News Literature Website

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം; പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകൾ: ഉണ്ണിമായ.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രശസ്ത കവിതകൾ. അമ്പതോളം സിനിമകൾക്കുവേണ്ടിയും അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം എന്നിവ അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ച പ്രമുഖ സിനിമകളാണ്.

തിങ്കളാഴ്ച കുളത്തുപ്പുഴയില്‍ ഷൂട്ടിംങ് ആരംഭിക്കുന്ന ഇന്ദ്രന്‍സ് നായകനാവുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ പനച്ചുരാന്‍ അവസാനമായി വരികള്‍ എഴുതി കൊടുത്തത്. രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധായകന്‍.
വിജീഷ് പി വിജയന്‍ ആണ് വിത്തിന്‍ സെക്കന്റസ് സംവിധാനം ചെയ്യുന്നത്.

കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അനില്‍ പനച്ചൂരാന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.