DCBOOKS
Malayalam News Literature Website

‘ജനകഥ’; നവീനയുഗത്തിൽ സത്യസന്ധമായ ചരിത്ര പുനർ നിർമ്മാണത്തിന്റെ ആവശ്യകതയും നിരർത്ഥകതയും ഓർമ്മപ്പെടുത്തുന്ന പുസ്തകം!

ഒരുകൂട്ടം ആളുകളുടെ സ്വകാര്യ, സാമൂഹ്യ ജീവിതങ്ങളിലൂടെ ചുരുളഴിയുന്ന ഒരു ഗ്രാമത്തിന്റെ കഥ- അതാണ് ശ്രീ എൻ പ്രഭാകരന്റെ ‘ജനകഥ‘. കണ്ണൂരിലെ ചെങ്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപംകൊള്ളുന്ന പ്രാദേശിക ചരിത്ര നിർമ്മാണ കമ്മിറ്റിയിലെ ഒരുപിടി ചെറുപ്പക്കാർ വാമൊഴി ചരിത്ര നിർമ്മാണത്തിനായി നാട്ടിലെ വൃദ്ധരിൽ തെരഞ്ഞെടുത്ത ഏതാനും പേരെ സമീപിയ്ക്കുന്നതും അവരിലൂടെ ചെങ്കരയുടെ ചരിത്രം വിടരുന്നതുമാണ് പുസ്തകത്തിൽ. സമഗ്രമായ ഒരൊറ്റക്കഥയോ ഒരു നോവലോ അല്ല ‘ജനകഥ’. പഴയ തലമുറയിലെ ഗ്രാമീണരുടെ ഓർമ്മകളിലും ഓർമ്മക്കേടുകളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന കഥകളുടെ തുണ്ടുകളിൽ മിടിക്കുന്ന നാടിന്റെ ചരിത്രം… അതു വീണ്ടെടുത്ത് സമഗ്രമായ ഒരു രൂപം Textകൊടുക്കുവാനായി നിസ്വാർത്ഥരായ കുറച്ചു ചെറുപ്പക്കാർ…

ചെങ്കരയുടെ ഭൂമിശാസ്ത്രത്തിന്റെ സൂക്ഷ്മ വിശകലനത്തിൽ ഭൂവിഭാഗത്തിന്റെ പ്രത്യേകതകളും നാട്ടുകാരുടെ ജീവിതതാളവും എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നത് എഴുത്തുകാരൻ നിപുണമായി വരച്ചിടുന്നു. വൈവിധ്യമാർന്ന വ്യക്തികളുടെ, കുടുംബങ്ങളുടെ കൂട്ടമാണ് ഏതൊരു സമൂഹവും. വ്യത്യസ്തനായ ഓരോ വ്യക്തിയും എങ്ങനെ ഒരു സമൂഹത്തിന്റെ രൂപഘടനയിൽ ഭാഗഭാക്കാകുന്നു എന്നത് ആശ്ചര്യകരമായ പൂർണ്ണതയോടെ അവതരിപ്പിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

സ്വന്തമായി മലയോരവും തീരപ്രദേശവും ഉള്ള; രാഷ്ട്രീയ, ഭൗതിക, ആത്മീയ വാദികളുള്ള ചെങ്കര. പേരുപോലെത്തന്നെ പറക്കുന്ന കൊടികളാലും ചെങ്കൽ- ചരൽത്തിട്ടയാലും ചുവന്നിരിക്കുന്ന ചെങ്കര. ഒരുനാടിന്റെ ജീവരസം രുചിയ്ക്കുമ്പോൾ എഴുത്തുകാരൻ സ്പർശിക്കാത്ത മേഖലകളില്ലെന്നത് അദ്ദേഹത്തിന്റെ അസൂയാവഹമായ വൈദഗ്ധ്യത്തെയും നിരീക്ഷണ പാടവത്തെയും സൂചിപ്പിയ്ക്കുന്നു. ഓരോരുത്തരുടെയും മനോവ്യാപാരങ്ങൾ കൂടി പതിപ്പിച്ച ചരിത്രത്തിലെ ഏടുകളിൽ നിന്ന് ഒരു മന:ശാസ്ത്രകുതുകിയ്ക്കുപോലും പഠിയ്ക്കാനേറെയുണ്ട്.

ഭാഗ്യനാഥന്റെ ചിത്രങ്ങളോടു കൂടി ഡിസി ബുക്സ് ആണ് ജനകഥ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. നവീനയുഗത്തിൽ സത്യസന്ധമായ ചരിത്ര പുനർ നിർമ്മാണത്തിന്റെ ആവശ്യകതയും നിരർത്ഥകതയും ഓർമ്മപ്പെടുത്തുന്നു ഈ പുസ്തകം.

കടപ്പാട് ; ബ്ലോഗ് പ്രസന്ന

Comments are closed.