മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു
ആനക്കര: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ ഉച്ചക്ക് 12ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലൻ അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന, ആത്മാരാമൻ തയാറാക്കിയ–അക്കിത്തം. സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
നിരുപാധികസ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബോധവും പരിസ്ഥിതിബോധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയർത്തിപിടിച്ചു. ദർശനങ്ങൾകൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജ്ഞാനപീഠംപുരസ്കാരസമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം,ടി,വാസുദേവൻ നായർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി എന്നിവർ ഒാൺലൈനായി കവിക്ക് ആശംസ നേർന്നു. പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡോ. കെ.പി.മോഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, തൃത്താല എംഎൽഎ വി.ടി.ബൽറാം, ജ്ഞാനപീഠം പുരസ്കാരസമിതി പ്രതിനിധികൾ, കപ്പൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകലക്ടർ ഡി.ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അർഹനായത്. 55-ാമത്തെ ബഹുമതിയാണിത്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി
Comments are closed.