DCBOOKS
Malayalam News Literature Website

ഗാമയുടെ ഐതിഹാസിക സന്ദർശനത്തിന് 523 വയസ്സ്

ചരിത്രം തിരുത്തിയ വാസ്‌കോ ഡ ഗാമയുടെ ഐതിഹാസിക സന്ദർശനത്തിന് ഇന്നേക്ക് 523 വയസ്സ്.

1498 മേയ് 20നാണ് വാസ്‌കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്. കോഴിക്കോടിന്റെ തീരത്ത് അറബിക്കടലിലെ തിരകളെ തഴുകി വാസ്‌കോഡഗാമയുടെ നേതൃത്വത്തിലുള്ള സാവോ ഗാബ്രിയേൽ, സാവോ-റഫായേൽ, ബെറിയോ എന്നീ കപ്പലുകൾ നങ്കൂരമിട്ടു. ജാവോ നൂനസ് എന്ന തടവുകാരനും ഗാമയുടെ സുഹൃത്തായ നിക്കോളാസ് ഗോയൽഹോയും കപ്പലിൽനിന്ന് കാപ്പാട് തീരത്തേക്കിറങ്ങി. പോർച്ചുഗീസ് രാജാവായ ഡോൺ മാനുവലിന്റെ കത്തുമായി ഗാമ തന്റെ ദൂതൻ നിക്കോളാസ് ഗോയൽഹോയെ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് അയച്ചു. ആ സമയത്ത് സാമൂതിരി പൊന്നാനിയിൽ ആയിരുന്നതിനാൽ ഗാമയ്‌ക്കും കൂട്ടർക്കും തിരുമനസ്സിനെ മുഖം കാണിക്കാനായില്ല.

മേയ് 20ന് പന്തലായിനി കൊല്ലം തുറമുഖത്ത് മൂന്നു പോർച്ചുഗീസ് കപ്പലുകൾ നങ്കൂരമിട്ടു. വാസ്‌കോഡഗാമയും 13 അനുചരൻമാരും കോഴിക്കോട് സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് യാത്ര പുറപ്പെട്ടു. വാദ്യഘോഷങ്ങളോടും താലപ്പൊലിയോടുംകൂടി സംഘത്തെ സാമൂതിരി രാജാവ് സ്വീകരിച്ചു. പോർച്ചുഗൽ രാജാവ് ഡോൺ മാനുവലിന്റെ വിലപിടിപ്പുള്ളതും കൗതുകകരവുമായ സമ്മാനങ്ങളുമായാണ് ഗാമയും സംഘവും രാജകൊട്ടാരത്തിലെത്തിയത്.

കോഴിക്കോടുമായി നൂറ്റാണ്ടുകളായി കച്ചവടബന്ധമുണ്ടായിരുന്ന മൂറുകൾക്ക് (അറബികൾക്ക്) പോർച്ചുഗീസുകാരുടെ വരവ് ഇഷ്‌ടപ്പെട്ടില്ലെങ്കിലും നികുതി കൊടുത്ത് കച്ചവടം ചെയ്യാൻ രാജാവ് ഗാമയ്‌ക്കും സംഘത്തിനും അനുവാദം കൊടുത്തു. ലോകചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങൾക്ക് ഈ ഐതിഹാസിക സന്ദർശനം സാക്ഷിയായി. പോർച്ചുഗൽ എന്ന രാജ്യത്തിന്റെ സമുദ്രാധിപത്യത്തിനും നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭാരതീയ വൈദേശികാധിപത്യത്തിനും ഈ സംഭവം വഴിതെളിച്ചു.

യൂറോപ്പിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾ തേടിയുള്ള യാത്രയാണ് ഗാമയെ ഇന്ത്യയിലേക്ക് എത്തിച്ചത്. കേരളം സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയാണെന്ന് യൂറോപ്യന്മാർക്ക് നേരത്തെ അറിയാമായിരുന്നു. ഗാമയ്ക്ക് മുമ്പും നിരവധി പേർ സമുദ്ര മാർഗം ഇന്ത്യയെ തേടി ഇറങ്ങിയെങ്കിലും ആർക്കും വിജയിക്കാനായില്ല. ക്രിസ്റ്റഫർ കൊളംബസ് 1492ൽ ഇന്ത്യയെ തേടി സമുദ്രയാത്ര ആരംഭിച്ചെങ്കിലും അദ്ദേഹത്തിന് ഇന്ത്യയെ കണ്ടെത്താനായില്ല. പകരം അമേരിക്കയിലാണ് അദ്ദേഹത്തിൻറെ യാത്ര അവസാനിച്ചത്.

1947 ഡിസംബർ 16 ന് അന്നു വരെ യൂറോപ്പുകാർ എത്തിച്ചേർന്നതിൽ ഏറ്റവും ദൂരത്തുള്ള തെക്കേ ആഫ്രിക്കയിലെ വെള്ള നദിക്കടുത്തെത്തി. അദ്ദേഹം വീണ്ടും തെക്കോട്ട് സഞ്ചരിച്ചു. വിശുദ്ദ ഹെലെനാ, മോസ്സൽ എന്നീ ഉൾക്കടലുകളിൽ നങ്കൂരമിട്ടു വിശ്രമിച്ചു. ക്രിസ്തുമസ് അടുക്കാറായപ്പോൾ അവർ എത്തിച്ചേർന്ന തീരത്തിന് നാതൽ (പോർട്ടുഗീസ് ഭാഷയിൽ ക്രിസ്തുമസ്) എന്ന് പേരിട്ടു.

പിന്നീടുള്ള യാത്രകൾ ആഫ്രിക്കയുടെ കിഴക്കൻ തീരത്തോട് ചേർന്നായിരുന്നു. സ്ഥല പരിചയം പോരാത്തതും കാറ്റ് പ്രതികൂലമായതുമാണിതിന് കാരണം. ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമ ആദ്യമായി മൊസാംബിക്കിലാണ് താവളമൊരുക്കിയത്. ഒരു മാസത്തോളം അവിടെ ചെലവഴിച്ചിരുന്നു. സ്വർണ്ണവും വെള്ളിയും സുഗന്ധവ്യഞ്ജനങ്ങളും ആയി അറബികൾ അവിടെ വ്യാപാരത്തിന് എത്തിയിരുന്നു. തന്റെ യാത്ര ഇന്ത്യയിലേക്ക് തന്നെയാണെന്ന് അദ്ദേഹം അവിടെവെച്ച് ഉറപ്പിച്ചു. അവിടത്തെ സുൽത്താന്റെ അടുക്കൽ മുസ്ലീം വ്യാപാരിയായി ഗാമ അഭിനയിച്ചു. ക്രിസ്ത്യൻ നാവികരാണെന്നറിഞ്ഞാൽ അവർക്ക് ഇഷ്ടമായില്ലെങ്കിൽ എന്നു അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് അവർക്ക് ചതി മനസ്സിലാവുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തപ്പോൾ ഗാമ തീരം വിട്ടു. പോകുന്ന വഴിക്ക് നാട്ടുകാരെ വിരട്ടാൻ പീരങ്കി ഉപയോഗിക്കുകയും ചെയ്തു.

മാർച്ച് 25 നു കപ്പലുകൾ സെന്റ് ബ്ലേസിൽ എത്തി. തുടർന്ന് ഏപ്രിൽ 21 നു മെലിൻഡയിൽ എത്തി. മെലിൻഡയിലെ ഭരണാധികാരി അവർക്ക് കോഴിക്കോട്ടേക്കു കപ്പൽ തെളിക്കാനായി ഒരു വിദഗ്ദ്ധനായ കപ്പിത്താനെ നൽകി സഹായിച്ചു. യാത്ര തുടർന്ന ഗാമ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ 20 ദിവസത്തോളം സഞ്ചരിച്ച് ഇന്ത്യൻ തീരത്തെത്തി. മേയ് 17ന് കാപ്പാട് തീരത്ത് കപ്പൽ അടുപ്പിച്ചു.

തന്റെ സാമര്‍ത്ഥ്യവും നയതന്ത്രജ്ഞതയും നിമിത്തം പ്രശ്ന പരിഹാരകനായി ഇതിനകം ഗാമ അറിയപ്പെട്ടിരുന്നു. മാനുവല്‍ രാജാവിന്റെ അവസാന ആയുധം ഗാമയായിരുന്നു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ആ ദൌത്യം ആദ്യം മാനുവൽ ഒന്നാമൻ രാജാവ് ഗാമയുടെ പിതാവിനെയാണ് ഏല്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. 1524 ല്‍ അദ്ദേഹം വീണ്ടും കോഴിക്കോട്ടെത്തി. അവിടെ നിന്നും കണ്ണൂരിലെത്തി ബാലഹസ്സന്‍ എന്ന കടല്‍ കൊള്ളക്കാരനെ പിടിച്ച്‌ തടവില്‍ അടച്ചു. ഗോവയില്‍ നിന്ന് പിന്നീട് കൊച്ചിയിലെത്തുകയും അവിടെ വച്ച്‌ മലേറിയ ബാധിച്ച്‌ ഡിസംബര്‍ 24-ന് മരണമടയുകയും ചെയ്തു. അദ്ദേഹത്തിനെ ഫോര്‍ട്ട് കൊച്ചിയിലെ വി. ഫ്രാന്‍സിസ് പള്ളിയില്‍ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ 1539-ല്‍ പോര്‍ട്ടുഗലിലെ വിദിഗ്വരയില്‍ വലിയ സ്മാരകത്തോടേ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ബാലേമില്‍ ഒരു സന്ന്യാസകേന്ദ്രം സ്ഥാപിക്കപ്പെടുകയും ചെയ്തു.

 

Comments are closed.