DCBOOKS
Malayalam News Literature Website

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം…

NIREESWARAN By : V J JAMES
NIREESWARAN
By : V J JAMES

‘ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം.
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരന്‍
മണ്ണില്‍ ഉത്പത്തിയായ കഥകള്‍ പറയാം.
ശത്രുനിഗ്രഹം ചെയ്ത് ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം.
അവന്റെ മഹിമ കേള്‍ക്കാത്തവര്‍ക്കായി
നിരീശ്വരചരിതം ഇനി ഞാന്‍ ഉര ചെയ്യാം.
നിരീശ്വരലീലകള്‍ സഫലമായി വര്‍ണിക്കുന്നതിന്
അവനെനിക്ക് കൃപ നല്‍കുമാറാകട്ടെ
ഓം നിരീശ്വരായ നമ:’

ആന്റണി, ഭാസ്‌കരന്‍, സഹീര്‍. പേരിന്റെ ആദ്യാക്ഷങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആഭാസന്മാരായി സ്വയം അറിയപ്പെട്ട അവര്‍ ഭൗതികമനസ്‌കരും നിരീശ്വരവാദികളുമായിരുന്നു. തങ്ങള്‍ താമസിക്കുന്ന ദേവത്തെരുവിനെ ആഭാസത്തെരുവ് എന്ന് പേരുമാറ്റുന്നതില്‍ വിജയിച്ച അവര്‍ അടുത്തതായി കൈവെച്ചത് ദൈവവിശ്വാസത്തിന്മേലായിരുന്നു. ഈശ്വരസങ്കല്പത്തെയും അതിനെ പ്രതീകവല്‍കരിക്കുന്ന നിര്‍ജ്ജീവ പ്രതിഷ്ഠകളെയും പ്രതീകാത്മകമായി പരിഹസിക്കാനായി അവര്‍ ആലും മാവും ചേര്‍ന്ന വൃക്ഷമായ ആത്മാവിന്റെ കീഴില്‍ ഒരു നിരീശ്വരപ്രതിഷ്ഠ നടത്തി. ഒളിയിടങ്ങളില്‍ ഗൂഢനിക്ഷേപങ്ങള്‍ കരുതിവെച്ച് ചരിത്രം കാത്തിരിക്കുകയാണെന്നറിയാതെ…

Textഅവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവത്തിനു മുന്നില്‍ സാക്ഷാല്‍ ഈശ്വരന്മാര്‍ സാധിച്ചു തരാത്ത പ്രാര്‍ത്ഥനകളുമായി ഒരു ദേശം മുഴുവന്‍ നിന്നപ്പോള്‍ ആഭാസസംഘത്തിന്റെ ഉള്ളില്‍ ചിരിയായിരുന്നു. എന്നാല്‍ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് നിരീശ്വരന്‍ വളര്‍ന്നു. സൃഷ്ടിച്ചവര്‍ക്കുപോലും സംഹരിക്കാനാവാത്ത വിധം ശക്തനായി.

”ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നതല്ലേ പള്ളീം അമ്പലോമൊക്കെ,” ആലിലകളില്‍ കാറ്റിന്റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു. ”അങ്ങനേങ്കില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്ടിച്ചൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരന്‍.” ”കാക്കത്തൊള്ളായിരം ഈശ്വരമ്മാരെക്കൊണ്ട് പൊറുതിമുട്ടീരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തുകാര്യം.” സഹീര്‍ ചോദിച്ചു. ”കാര്യോണ്ട് സഹീര്‍. സകല ഈശ്വരന്മര്‍ക്കും ബദലായി നില്‍ക്കുന്നവനാണവന്‍. അതിനാല്‍ നമ്മള്‍ സൃഷ്ടിക്കു ന്ന പുതിയ ഈശ്വരന്റെ പേര് നിരീശ്വരന്‍ എന്നാരിക്കും.” ”നിരീശ്വരന്‍…നിരീശ്വരന്‍…” ഭാസ്‌കരന്‍ ആ നാമം രണ്ടുവട്ടം നാവിലിട്ടു സ്വാദ് പരിശോധിച്ചു. അവിശ്വാസികള്‍ സ്ഥാപിച്ച ആ വിമതദൈവം ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരു കയും അങ്ങനെ നായകപദവിയിലേക്കുയരുകയും ചെയ്യുന്നതിന്റെ രസകരമായ കഥ. ‘ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്തുവിളിച്ചോതുന്ന ആല്‍മാവും അതിന്റെ ചോട്ടിലെ നിരീശ്വര പ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്നുണ്ട്. മലയാളനോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്.’ – ഡോ. എസ്. എസ്. ശ്രീകുമാര്‍

ഡി.സി ബുക്‌സ് രജതജൂബിലി നോവല്‍ അവാര്‍ഡ് നേടിയ പുറപ്പാടിന്റെ പുസ്തകം എന്ന നോവലുമായി എഴുത്തിലേക്ക് കടന്നുവന്ന വി.ജെ.ജയിംസിന്റെ ഏറെ നിരൂപകപ്രശംസ നേടിയ നോവലാണ്  നിരീശ്വരന്‍. ആഴമേറിയ വായനകള്‍ക്കും ഒട്ടേറെ ചര്‍ച്ചകള്‍ക്കും ഇട നല്‍കുന്ന കൃതിയാണിത്. മലയാള നോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും അടയാളപ്പെടുത്തുന്ന നിരീശ്വരന്‍ 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിരീശ്വരന്റെ കോപ്പികള്‍ ഇപ്പോള്‍
23% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍
വായനക്കാര്‍ക്കു ലഭ്യമാണ്.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വി.ജെ. ജയിംസിന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.