DCBOOKS
Malayalam News Literature Website

ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരം, ‘ഒരു ആഫ്രിക്കന്‍ യാത്ര’

ORU AFRICAN YATHRA By : ZACHARIA
ORU AFRICAN YATHRA
By : ZACHARIA

ഉരുളികുന്നത്തെ എം.പി.സ്‌കറിയയെ വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്ത വലിയ മനസ്സുകളിലൊന്നായ എസ്.കെ.പൊറ്റെക്കാട്ട് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരാനാണ് സക്കറിയ തന്റെ ആഫ്രിക്കന്‍ യാത്രയിലൂടെ ഉദ്യമിച്ചത്. അദ്ദേഹത്തിന്റെ ആ യാത്രാവിവരണത്തിന്റെ പുസ്തകമായ ഒരു ആഫ്രിക്കന്‍ യാത്ര മലയാളിയുടെ മുന്നില്‍ സൃഷ്ടിച്ചത് മറ്റൊരു ആഫ്രിക്കയെ ആയിരുന്നു. പൊറ്റെക്കാട്ട് സഞ്ചരിച്ചതിനു ശേഷമുള്ള അറുപത് വര്‍ഷങ്ങള്‍ ആഫ്രിക്കയെ മറ്റൊന്നാക്കിയതുകൊണ്ടു മാത്രമായിരുന്നില്ല അത്. മറിച്ച് അതിനെ സൃഷ്ടിച്ചെടുത്ത ഭാഷ മറ്റൊന്നായതു കൊണ്ടുകൂടിയാണ്.

Textപാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം തന്നെ തെറ്റാണെന്ന് ഒരു ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകത്തിലൂടെ സക്കറിയ ചൂണ്ടിക്കാട്ടുന്നു. കേരളത്തേക്കാള്‍ വെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന നാടിനെയാണ് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നത്. ആഫ്രിക്കന്‍ വനാന്തരങ്ങള്‍ എന്ന പ്രയോഗം കേട്ട് തഴമ്പിച്ചവര്‍ ആഫ്രിക്കയിലെത്തിയാല്‍ അമ്പരക്കുമെന്ന് പറഞ്ഞുകൊണ്ട് ആഫ്രിക്കയിലുണ്ടെന്ന് വെളുത്തവര്‍ പ്രചരിപ്പിച്ച ഇരുട്ട് ആഫ്രിക്കയുടെ വെളിച്ചത്തെ അടക്കി വാണവരുടെ ഹൃദയങ്ങളിലായിരുന്നുവെന്ന് സക്കറിയ സ്ഥാപിക്കുന്നു.

പൊറ്റെക്കാട്ട് ചരക്കുലോറികളിലിരുന്ന് കുടുങ്ങി സഞ്ചരിച്ച മണ്‍വഴികളുടെ സ്ഥാനത്ത് ഇന്ത്യ ഇനിയും കാണാത്ത അത്യന്താധുനിക ഹൈവേകള്‍ വിരാജിക്കുന്നതായി സക്കറിയ പുസ്തകത്തില്‍ പറയുന്നു. പൊറ്റെക്കാട്ട് ആഫ്രിക്കയെ കണ്ടെത്തുമ്പോള്‍ പരമ്പരാഗത മാരകരോഗങ്ങളായിരുന്നു ആഫ്രിക്കക്കാരെ കൊന്നുകൂട്ടിയിരുന്നതെങ്കില്‍ ഇന്ന് കൂട്ടവധം നിര്‍വ്വഹിക്കുന്നത് എയ്ഡ്‌സാണെന്ന് അദ്ദേഹം പറയുന്നു.

ആഫ്രിക്കയുടെ തെക്കന്‍ മുനമ്പായ കേപ്പ് ഓഫ് ബുഡ്‌ഹോപ്പില്‍ നിന്ന് വടക്ക് ഈജിപ്തിലെ സീനായ് പ്രവിശ്യ വരെ കിഴക്കന്‍ പാളിയിലെ എട്ട് രാജ്യങ്ങളിലൂടെയായിരുന്നു സക്കറിയയുടെ യാത്ര. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇന്നുള്ള അമ്പത്തഞ്ചോളം രാാഷ്ട്രങ്ങളില്‍ എട്ടെണ്ണത്തിലേ തന്റെ യാത്ര സ്പര്‍ശിച്ചുള്ളൂ എന്ന പരിമിതി മൂലം ആഫ്രിക്കയെക്കുറിച്ച് സാമാന്യവല്‍ക്കരിക്കാന്‍ തുനിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

കാപ്പിരികളുടെ നാട്ടില്‍ എന്ന കൃതിയുടെ പ്രചോദനമുള്‍ക്കൊണ്ട് സക്കറിയ നടത്തിയ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ വിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതിലൂടെ വലിയ ജനപ്രീതി നേടിയെടുത്തു. 2005ല്‍ പ്രസിദ്ധീകരിച്ച കൃതിയ്ക്ക് ആദ്യ ഡി സി ബുക്‌സ് പതിപ്പിറങ്ങുന്നത് 2007ല്‍ ആണ്.

സക്കറിയയുടെ കഥകള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.