DCBOOKS
Malayalam News Literature Website

ആരോടും പരിഭവം ഇല്ലാതെ ജീവിച്ച എം.കെ.കെ.നായരെ ഓര്‍ക്കുമ്പോള്‍…

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനും സാഹിത്യകാരനും കലാസ്വാദകനുമായിരുന്നു എം.കെ.കെ. നായർ (29 ഡിസംബർ 1920 – 27 സെപ്റ്റംബർ 1987).
ഇന്ത്യന്‍ വ്യവസായരംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച എം.കെ.കെ. നായര്‍ എന്ന മേപ്പള്ളി കേശവപിള്ള മകന്‍ കൃഷ്ണന്‍ നായരുടെ  ജന്മശതാബ്ദിയായിരുന്നു കഴിഞ്ഞദിവസം.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഴിവും തന്റേടവും ഭാവനയും രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ എത്രമാത്രം സഹായിക്കുമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. നിശ്ചയദാര്‍ഢ്യമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

ഏലൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വെള്ളിനക്ഷത്രമായിരുന്നു എം.കെ.കെ.നായര്‍. ഫാക്ടിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഏലൂരിന്റെ മുഖഛായ തന്നെ മാറ്റി. കഥകളിയുടെ പരിപോഷണത്തിന് അദ്ദേഹം ഒട്ടേറെ യത്നിച്ചു. കലാ-സാഹിത്യരംഗങ്ങളിലെ പല പ്രതിഭകളെയും അദ്ദേഹം ഫാക്ടിലൂടെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഫാക്ട് കഥകളി കളരിയും ലളിതകലാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചവയാണ്. അദ്ദേഹത്തിന്റെ ‘ആരോടും പരിഭവമില്ലാതെ’ എന്ന ആത്മകഥ മലയാളത്തിലെ ആത്മകഥ സാഹിത്യരംഗത്ത് ഒരു മുതല്‍ക്കൂട്ടാണ്.

ജീവിതരേഖ

തിരുവനന്തപുരത്ത് പാൽക്കുളങ്ങരയുള്ള മേപ്പള്ളിവീട്ടിൽ 1920 ഡി. 29-ന് ജനിച്ചു. അച്‌ഛൻ കേശവപിളള. അമ്മ ജാനകി അമ്മ. തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ ബി.എ.യ്‌ക്കു ചേർന്നു(1937). 1939-ൽ മദിരാശി സർവകലാശാലയിൽനിന്നു ബി.എ. (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട്‌ എഫ്‌.എൽ.പരീക്ഷയും. പല ഔദ്യോഗിക മേഖലകളിലും സേവനമനുഷ്ഠിച്ചശേഷം 1948-ൽ ഐ.എ.എസ്. പരീക്ഷ പാസ്സായി. സേലം അസി. കളക്ടറായിട്ടാണ് ഈ നിലയിൽ ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഡൽഹി സെക്രട്ടേറിയറ്റിലെ സേവനകാലത്താണ് എം.കെ.കെ. നായർ വ്യവസായ മണ്ഡലവുമായി ബന്ധപ്പെട്ടത്. നെഹ്റു, വി.പി. മേനോൻ, രാജാജി, കാമരാജ്, കാർട്ടൂണിസ്റ്റ് ശങ്കർ, വി.കെ. കൃഷ്ണമേനോൻ, പി.സി. അലക്സാണ്ടർ, എം.ഒ. മത്തായി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുമായി ഇദ്ദേഹത്തിന് അടുത്തവ്യക്തി ബന്ധമുണ്ടായിരുന്നു.  എഫ്‌.എ.സി.റ്റി. യുടെ മാനേജിങ്ങ്‌ ഡയറക്‌ടർ(’59-71‘), കേരളാ മാനേജ്‌മെന്റ്‌ അസോസിയേഷന്റെയും കേരള പ്രൊഡക്‌ടിവിറ്റി കൗൺസിലിന്റെയും സ്‌ഥാപകാദ്ധ്യക്ഷൻ. സ്വകാര്യ പൊതുസഹകരണമേഖലകളുടെ പരമോന്നതസമിതിയായ ഫെർട്ടിലൈസർ അസോസിയേഷൻ ചെയർമാൻ(’65-67‘). കേന്ദ്രഗവൺമെന്റ്‌ രാസവളത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ശിവരാമൻ കമ്മിറ്റി അംഗം(1966). കേരള കലാമണ്ഡലം ചെയർമാൻ (1966-1971) എന്നീ നിലകളിൽ പ്രവർത്തിച്ചു. കലാമണ്ഡലം ചെയർമാനായ കാലത്താണ് ആദ്യമായി ഒരു കഥകളി സംഘം യൂറോപ്യൻ പര്യടനം നടത്തുന്നത്. കഥകളി ലോക പ്രസിദ്ധി നേടിയത് ഈ പര്യടനങ്ങളിലൂടെയാണ്. 1965-ൽ ആലുവയിൽ സംഘടിതമായ അഖിലേന്ത്യാ റൈറ്റേഴ്സ് കോൺഫറൻസിന് ചുക്കാൻ പിടിച്ചതും എം.കെ.കെ. നായരാണ്. 1971-ൽ ഇദ്ദേഹം ഫാക്ടിൽനിന്ന് വിരമിക്കുകയും പ്ലാനിങ് കമ്മീഷനിൽ ജോയിന്റ് സെക്രട്ടറിയാകുകയും ചെയ്തു.

കഥകളിയുടെ വലിയ ആരാധകനായിരുന്ന ഇദ്ദേഹം കഥകളി, മോഹിനിയാട്ടം മുതലായ കേരളീയ കലകളെപ്പറ്റി ഇംഗ്ളീഷിലും മലയാളത്തിലും അനേകം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പകൽക്കുറിയിൽ തെക്കൻ ചിട്ടയിൽ ഒരു കഥകളി വിദ്യാലയം സ്ഥാപിച്ചതും എം.കെ.കെ. നായരാണ്.

Comments are closed.