DCBOOKS
Malayalam News Literature Website
Rush Hour 2

ജന്മദിനാശംസകള്‍ ശ്രേയാ ഘോഷാല്‍…

തന്റെ വേറിട്ട ആലാപന മാധുര്യം കൊണ്ട് സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഗായികയാണ് ശ്രേയാ ഘോഷാല്‍. പാടിയ ഒട്ടുമിക്ക പാട്ടുകളും ഹിറ്റാക്കിയ ഗായിക കൂടിയാണ് ശ്രേയ. മലയാളി അല്ലാത്ത ശ്രേയ പക്ഷേ ഇതിനകം പാടിയ മലയാളം ഗാനങ്ങള്‍ നിരവധിയാണ്.

2002 ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ശ്രേയ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയത് ആ ചിത്രത്തിലെ ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊണ്ടാണ്. മമ്മൂട്ടിഅമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ്.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ നിരവധി ഫിലിംഫെയര്‍ അവാര്‍ഡുകള്‍, സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍ എന്നിവയും ശ്രേയയെ തേടിയെത്തി.

മലയാളത്തില്‍ എം.ജയചന്ദ്രന്‍ ശ്രേയ ഘോഷാല്‍ കൂട്ടുകെട്ടില്‍ പിറവി കൊണ്ട ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു. 1984 മാര്‍ച്ച് 12ന് പശ്ചിമബംഗാളിലായിരുന്നു ശ്രേയയുടെ ജനനം. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ആത്മാര്‍ഥത കാണിക്കുന്നു എന്നതാണ് ശ്രേയയെ വ്യത്യസ്തയാക്കുന്നത്.

Comments are closed.