DCBOOKS
Malayalam News Literature Website

ആത്മവിശ്വാസം വളര്‍ത്തുന്നതിന് യോഗ ശീലമാക്കാം

യോഗ ഒരു ജീവിതചര്യയാണ്. ആബാലവൃത്തം ജനങ്ങള്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുന്ന കര്‍മ്മ പദ്ധതിയാണിത്. താളം തെറ്റുന്ന ശരീരമനസ്സുകളെ നേര്‍വഴിയിലേക്കു നയിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ യോഗശാസ്ത്രം ജീവിതത്തെത്തന്നെ ഉടച്ചു വാര്‍ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ കുട്ടികളും മുതിര്‍ന്നവരും യോഗ ശീലിക്കുന്നത് ഉത്തമമായിരിക്കും. കാരണം ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം നമ്മുടെ സ്വഭാവത്തെ മാറ്റി മറിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ.

യോഗ എല്ലാവരിലും എത്തിക്കുന്നതിനായി പല ശ്രമങ്ങളും നടക്കുന്നുണ്ട്. യോഗ പരിചയപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും ഇറങ്ങിയിട്ടുണ്ട്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികള്‍ക്ക് മാത്രമായുള്ള യോഗാ പഠനമാണ് യോഗ കുട്ടികള്‍ക്ക് എന്ന പുസ്തകം. വൈദ്യരത്‌നം ഡോ.രാഘവന്റെ ശിഷ്യനും കോട്ടയം നിത്യാനന്ദയോഗ കേന്ദ്രത്തിന്റെ സ്ഥാപകനുമായ യോഗാചാര്യ എം ആര്‍ ബാലചന്ദ്രനാണ് ഈ ഗ്രന്ഥം തയ്യാറാക്കിരിക്കുന്നത്. യുവതലമുറ അവശ്യം അറിഞ്ഞിരിക്കേണ്ട യോഗാസനങ്ങള്‍ പരിചയപ്പെടുത്തുന്നു ഈ ഗ്രന്ഥം.യോഗ എന്നാല്‍ എന്ത്, യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, യോഗ ചെയ്യുമ്പോള്‍ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, താഡാസനം, സ്വസ്തികാസനം, അര്‍ദ്ധപത്മാസനം, പത്മാസനം, വജ്രാസനം, ശവാസനം, സൂര്യനമസ്‌കാരം, ധ്യാനം തുടങ്ങി ഒരോ ആഴ്ചയിലും പടിപടിയായി ചെയ്യേണ്ട എല്ലാ യോഗാസനങ്ങളെയും അവയുടെ ഗുണങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. കൂടാതെ യോഗ എങ്ങനെ ജീവിതചര്യയുടെ ഭാഗമാക്കാമെന്നും അതിലൂടെ അടുക്കും ചിട്ടയോടുകൂടിയ ജീവിതം ചിട്ടപ്പെടുത്താന്‍ കഴിയുമെന്നും സൂചിപ്പിച്ചിരിക്കുന്നു.

യോഗശാസ്ത്രത്തിന്റെ അടിത്തറയിളകാത്ത രീതിയില്‍ ഋഷീശ്വരന്മാരുടെ പാത പിന്‍തുടര്‍ന്ന് ലളിതമായ വിവരണത്തോടും ചിത്രങ്ങളുടെ സഹായത്തോടെയുമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വളര്‍ന്നുവരുന്ന തലമുറയ്ക്കും യോഗ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഉത്തമ വഴികാട്ടിയാകും ഈ പുസ്തകം.

1962ല്‍ കോട്ടയം കുമാരനല്ലൂരില്‍ എം ജി രാഘവന്‍പിള്ളയുടേയും കമലാക്ഷിയമ്മയുടേയും മകനായി ജനിച്ച എം ആര്‍ ബാലചന്ദ്രന്‍ ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. രണ്ടര ദശാബ്ദത്തോളം പത്രമാദ്ധ്യമങ്ങളില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. പിന്നീട് യോഗവിദ്യ അഭ്യസിച്ചു. 27 വര്‍ഷമായി നിത്യാനന്ദയോഗ കേന്ദ്രം എന്ന സ്ഥാപനം നടത്തിവരുന്നു. യോഗ: അടിസ്ഥാന പാഠങ്ങള്‍, ആസ്ത്മ: യോഗയിലൂടെ ആശ്വാസം, യോഗ: സന്ധിവാത മുക്തിക്ക്, യോഗ: നടുവേദനയകറ്റാന്‍ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Comments are closed.