DCBOOKS
Malayalam News Literature Website

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

 

മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

എറണാകുളം ചെറായി സ്വദേശിയായ ഷേണായി ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് എത്തിയത്. മലയാള മനോരമ, ദ് വീക്ക്‌വാരിക തുടങ്ങിയവയിലും1990-92 കാലയളവില്‍ ‘സണ്‍ഡേ മെയില്‍’ പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാര്‍ ഭാരതി നിര്‍വാഹണ സമിതി അംഗമായിരുന്നു.

അഞ്ചു പതിറ്റാണ്ടോളം സജീവപത്രപ്രവര്‍ത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതി. വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുളള വിശകലനം നടത്തുമ്പോഴും അനുപമമായ ആഖ്യാനശൈലി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഓക്‌സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സരോജമാണു ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കള്‍.

 

Comments are closed.