DCBOOKS
Malayalam News Literature Website

സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കാത്ത ദൈവം ദൈവമല്ല: പ്രകാശ് രാജ്

ഏത് വ്യക്തിക്കും ജന്മം നല്‍കുന്നത് സ്ത്രീയാണെന്നും അമ്മയായി പൂജിക്കപ്പെടുന്ന സ്ത്രീക്ക് ദര്‍ശനം നല്‍കാത്ത ഒരു ദൈവത്തെയും ദൈവമായി കരുതാന്‍ തനിക്കാവില്ലെന്നും നടന്‍ പ്രകാശ് രാജ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി, ഭൂമിയെപ്പോലും മാതാവായി ആരാധിക്കുന്ന നമ്മള്‍ സ്ത്രീക്ക് എവിടെയും അയിത്തം കല്‍പ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം മുന്‍പില്ലാത്തവിധമുള്ള ഭീഷണികളാണ് നേരിടുന്നത്. പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ഒരു സംസ്ഥാനത്തിന് 600 കോടി രൂപ മാത്രം കൊടുത്തപ്പോള്‍, ഒരു പ്രതിമയ്ക്കായി മൂവായിരം കോടി രൂപ ചെലവാക്കിയ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഇത്തരം വ്യക്തികളെ രാജ്യത്തിന്റെ നേതാക്കളായി എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് പുറത്തുനിന്ന് വന്ന ദുര്‍ഭൂതമായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ ഇന്ത്യക്ക് അകത്തുനിന്ന് വന്ന ദുര്‍ഭൂതമാണ്. രാജ്യത്തെ അപകടപ്പെടുത്തുന്നതിന് മോദി വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രകാശ് രാജ് പറഞ്ഞു.

ഇന്ന് രാജ്യത്തെ മാദ്ധ്യമങ്ങളും ബുദ്ധിജീവികളും വിലയ്‌ക്കെടുക്കപ്പെട്ടിരിക്കുകയാണ്. ഭീതി എന്നത് ദേശീയ രോഗമായിത്തീര്‍ന്നിരിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യം എങ്ങോട്ടു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്. ഗൗരി ലങ്കേഷ് തന്റെ അടുത്ത സുഹൃത്തായിരുന്നു. എഴുത്തുകാര്‍ നിശ്ശബ്ദരാക്കപ്പെടുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്. വരും വര്‍ഷങ്ങളില്‍ താനും വേട്ടയാടപ്പെട്ടേക്കാമെന്ന് പ്രകാശ് രാജ് പറഞ്ഞു.മീറ്റൂ കാംപെയ്‌നിലൂടെ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത് സ്വാഗതാര്‍ഹമാണ്. പുരുഷാധിപത്യത്തിന്റെ ദുഷിച്ച വശങ്ങള്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ ഈ നീക്കം സഹായിക്കും.

അഭിനയത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമൊപ്പം കൃഷിയിലും താനിപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഏക്കര്‍ കണക്കിന് തരിശുഭൂമി കണ്ടെത്തി അവയില്‍ കൃഷി ചെയ്യുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിക്ക് വഴങ്ങി ജീവിക്കാന്‍ മനുഷ്യര്‍ പഠിക്കണം. മനുഷ്യന്റെ ആവശ്യങ്ങള്‍ പ്രകൃതി അനുവദിച്ചു തരും. എന്നാല്‍ അത്യാര്‍ത്തി ഒരിക്കലും നല്ലതല്ല. മുപ്പത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ് കാവേരി നദിയിലെ അണക്കെട്ട്. ജനങ്ങളും അവരുടെ ആവശ്യങ്ങളും വര്‍ദ്ധിച്ചതിനാല്‍ ഇന്ന് ആ നദിയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നു.

താനൊരിക്കലും ഒരെഴുത്തുകാരനായിത്തീരുമെന്ന് കരുതിയതല്ല. എന്നാല്‍ ഇപ്പോള്‍ എഴുത്ത് തനിക്ക് സ്വാതന്ത്ര്യം നല്കുന്നു. ആരെയും അനുകരിക്കാതെ തനിമയോടെയിരിക്കുകയെന്നതാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്. തന്റെ പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടുവന്നതില്‍ ഡി.സി ബുക്‌സിനോട് നന്ദി പറയുന്നു. തന്നെ അടുത്തറിയാന്‍ കൂടുതല്‍ വായനക്കാരുണ്ടാകുന്നതില്‍ സന്തോഷമുണ്ട്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഡി.സി. ബുക്‌സാണ് പരിപാടി സംഘടിപ്പിച്ചത്. പ്രകാശ് രാജിന്റെ കന്നഡഭാഷയിലുള്ള പുസ്തകത്തിന്റെ പരിഭാഷ നമ്മെ വിഴുങ്ങുന്ന മൗനം ചടങ്ങില്‍ പ്രകാശനം ചെയ്തു. മോഹന്‍കുമാര്‍, രവി ഡി.സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments are closed.