DCBOOKS
Malayalam News Literature Website

25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങി എ ആര്‍ റഹ്മാന്‍

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ റഹ്മാനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ആട് ജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമ നിര്‍മ്മിക്കുന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. 3ഡി മിഴിവോടെ നിര്‍മ്മിക്കുന്നചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. എല്ലാം മേഖലയിലുമെന്നത് പോലെ കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിലുമുണ്ടെന്ന് ബ്ലെസി പറഞ്ഞിരുന്നു.

പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയിലെ ഏകാന്തവാസവും ,നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്റെ ഈ നോവല്‍ ആസ്വാദകരിലെത്തിയത്. അടുത്തറിഞ്ഞ ജീവിതത്തെ ആധാരമാക്കി ബെന്യാമിന്‍ ഒരുക്കിയ നോവലായിരുന്നു ആടുജീവിതം. കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും ഒരുക്കി മലയാളിയെ വിസ്മയിച്ച ബ്‌ളെസ്സി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പ്രൊജക്ടായിരുന്നു ആടുജീവിതം.

പൃഥ്വിരാജിനെയും പിന്നീട് വിക്രമിനെയും നായകസ്ഥാനത്ത് പരിഗണിച്ച സിനിമ ഒടുവില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കുകയായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിര്‍മ്മിക്കുന്നത്. ചിത്രം 2018ല്‍ പൂര്‍ത്തിയാകും. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകനായ കെ യു മോഹനനാണ് ആടുജീവിതം ക്യാമറയില്‍ പകര്‍ത്തുന്നത്. ജെ.സി ദാനിയേലിനും,മൊയ്തീനും പിന്നാലെ ഒരു ജീവിച്ചിരുന്ന കഥാപാത്രമായി വീണ്ടും സ്‌ക്രീനിലെത്തുകയാണ് പൃഥ്വിരാജ്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാവും ചിത്രീകരണം.

Comments are closed.