DCBOOKS
Malayalam News Literature Website

കാനായി കുഞ്ഞിരാമന് ഇന്ന് എൺപതാംപിറന്നാൾ

july-25

ശില്പങ്ങളില്‍ കവിതയും കവിതയില്‍ ശില്പങ്ങളും വിരിയിച്ച് കര്‍മ്മനിരതനായ മലയാളത്തിന്റെ മഹാനായ ശില്പി കാനായി കുഞ്ഞിരാമന് ഇന്ന് 80-ാം പിറന്നാള്‍.

1937 ജൂലൈ 25 ന് കാസര്‍കോട് ജില്ലയിലെ കുട്ടമത്താണ് അദ്ദേഹം ജനിച്ചത്. ചോളമണ്ഡലം കലാഗ്രാമത്തില്‍ ചിത്രകല അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥന്‍. ചിത്രകലയില്‍ നിന്ന് ശില്‍പകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൗധരിയെപ്പോലെ ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളില്‍ കൊത്തുപണി തുടങ്ങി. തകരപ്പാളിയില്‍ തീര്‍ത്ത ‘അമ്മ’ എന്ന ശില്പം ഒരു കലാകാരന്‍ തന്റെ സമൂഹത്തില്‍നിന്നും ചരിത്രത്തില്‍നിന്നും കേട്ടുകേള്‍വികളില്‍നിന്നും ആവോളം പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം മദിരാശിയിലെ ഫൈന്‍ ആര്‍ട്‌സ് കോളെജില്‍ നിന്ന് 1960 ഇല്‍ ഒന്നാം ക്ലാസോടെ ശില്പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയില്‍ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ 1965 ല്‍ പൂര്‍ത്തിയാക്കി.

അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും- യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂര്‍), മുക്കട പെരുമാള്‍ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശില്‍പം, ദുരവസ്ഥയുടെ ശില്‍പം (തോന്നക്കല്‍ ആശാന്‍ സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാള്‍, പട്ടം താണുപിള്ള, മന്നത്ത് പത്മനാഭന്‍, വിക്രം സാരാഭായി, ഡോ. പല്പു, മാമന്‍ മാപ്പിള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങള്‍ (ആള്‍രൂപങ്ങള്‍), കേരള സര്‍ക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാര്‍ഡുകളുടെയും രൂപകല്പന എന്നിവയാണ്.

Comments are closed.