DCBOOKS
Malayalam News Literature Website

ആപത്ത് കാലത്ത് ഓടിയെത്തിയ നാഗാലാന്റുകാരെ സഹായിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ട നാഗാലാന്റിനെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഏവരോടും ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്‌നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം.’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാഗാലാന്റില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നിരവധി പേരാണ് മരിച്ചത്. മൂവായിരത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്തെ നിരവധി റോഡുകളും പാലങ്ങളും പ്രളയത്തില്‍ തകര്‍ന്ന അവസ്ഥയിലാണ്. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി നെഫ്യു റിയോ സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

Comments are closed.