DCBOOKS
Malayalam News Literature Website

പ്രേക്ഷകരെ അത്ഭുതപ്പെടുത്തി 96-ല്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗങ്ങള്‍

തമിഴകത്തും മലയാളത്തിലും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് 96. റാമും ജാനുവും തമ്മിലുള്ള പ്രണയത്തെ അതിമനോഹരമായി ചിത്രീകരിച്ച 96-ല്‍ വിജയ് സേതുപതിയും തൃഷയും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. തീയറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഇതിനിടെയാണ് പ്രേക്ഷകരെ അമ്പരിപ്പിച്ചു കൊണ്ട് ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്ത ഒരു രംഗം ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തെന്നിന്ത്യയുടെ പ്രിയ ഗായിക എസ്.ജാനകിയുമായി നായികാനായകന്‍മാര്‍ കണ്ടുമുട്ടുന്ന രംഗമാണ് പുറത്തുവിട്ട വീഡിയോയിലുള്ളത്. സിനിമയിലെ നായിക ജാനുവിന് ഏറെ ഇഷ്ടപ്പെട്ട ഗായികയാണ് എസ്.ജാനകി. എസ്. ജാനകിയോടുള്ള ഇഷ്ടം നായകനായ റാമിനും അറിയാം. തന്റെ പ്രണയിനിയെ റാം എസ്.ജാനകിയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ്, ഒപ്പം ജാനകിക്കൊപ്പമിരുന്ന് അവര്‍ പാടുന്നതായും വീഡിയോയിലുണ്ട്.

എസ്. ജാനകി സിനിമയില്‍ ഒരു കഥാപാത്രമായി വന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്തുകൊണ്ട് ഈ രംഗങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചില്ല എന്നു ചോദിക്കുന്നവരും അനവധി. എന്നിരുന്നാലും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം അലങ്കരിച്ചു കഴിഞ്ഞു. പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് പുറത്തിറങ്ങിയ ഈ വീഡിയോ കണ്ടിരിക്കുന്നത്.

Comments are closed.