DCBOOKS
Malayalam News Literature Website

ആ കഥ ഞാൻ സങ്കൽപ്പിച്ചത് ഒരു യഥാർത്ഥ കുളത്തിനും വീടിനും മുറ്റത്തിനും ചുറ്റുമായിരുന്നു!

ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് 2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ്  സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു.
ഇപ്പോഴിതാ ‘ഒരിടത്ത്’ എന്ന പേരില്‍ സക്കറിയ എഴുതിയ കഥയ്ക്ക് പിന്നിലെ മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.

വീട്ടുമുറ്റത്തെ കുളവും അതിലെ താമസക്കാരായ തവളകളും വീട്ടിലെ പൂച്ചയും കുഞ്ഞുങ്ങളുമാണ് ‘ഒരിടത്ത്’ എന്ന കഥയിലെ കഥാപാത്രങ്ങള്‍. മനോഹരമായ കുറിപ്പിനൊപ്പം കഥയിലെ കുളത്തിന്റെ ചിത്രവും സക്കറിയ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

1971-ൽ ഞാൻ ‘ഒരിടത്ത്‌’ എന്ന പേ രിൽ ഒരു കഥ എഴുതി. ഒരു വീട്ടുമുറ്റത്തെ കുളവും അതിലെ താമസക്കാരായ തവളകളും വീട്ടിലെ പൂച്ചയും കുഞ്ഞുങ്ങളുമാണ് അതിലെ കഥാപാത്രങ്ങൾ.
ആ കഥ ഞാൻ സങ്കൽപ്പിച്ചത് ഒരു യഥാർത്ഥ കുളത്തിനും വീടിനും മുറ്റത്തിനും ചുറ്റുമായിരുന്നു. ഈയിടെ ആ വീട്ടിൽ പോയപ്പോൾ ആ കുളത്തിൻറെ ചിത്രങ്ങൾ എടുത്തു.
അന്ന് കുളത്തിനടുത്ത് തണൽമരവും നടക്കെട്ടുകളും ഇല്ലായിരുന്നു. അതിനു ഇത്രയും ആഴവും ഇല്ലായിരുന്നു. വെള്ളവും കരയും ഏതാണ്ട് സമനിരപ്പായിരുന്നു. കുളം ആകാശം നോക്കി കിടക്കുകയായിരുന്നു. ചുറ്റും ഒരു പുൽത്തകിടി ഉണ്ടായിരുന്നു. ഞാനോർത്തു: അത് അതിന്റെ സ്വന്തം ലോകത്തിൽ വെയിലും നിഴലും മീനുകളും തവളകളും പൊഴിഞ്ഞു വീണ ഇലകളുമായി പല പരിണാമങ്ങളിലൂടെ ജീവിതം തുടരുന്നു. തവളകളുടെ ഒരു പക്ഷെ ആയിരം തലമുറകൾ അതിന്റെ ജലപ്പരപ്പിന്മേൽ കടന്നു പോയിരിക്കാം. എന്റെ കഥ അതിനു ചുറ്റും ഒരിക്കൽ ഒളിഞ്ഞു നടന്നത് അത് അറിഞ്ഞിട്ടുമില്ല. മനോഹരമായ നിസ്സംഗത. സുന്ദരമായ അന്യത.
കഥ ഓർമ്മ യുള്ളവർക്കുവേണ്ടി ഈ ചിത്രങ്ങൾ. (എന്റെ അപ്പന്റെ ഏറ്റവും ഇളയ അനുജൻ പരേതനായ തൊമ്മച്ചന്റെ വീട്ടുമുറ്റത്താണ് ഈ കുളം — ചെങ്ങളം നായിപ്ലാവിൽ മുണ്ടാട്ടുചുണ്ടയിൽ. ഇന്നവിടെ താമസിക്കുന്നത് അദ്ദേഹത്തിൻറെ മകൻ ജോസും കുടുംബവും ആണ്.)

സക്കറിയയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.