DCBOOKS
Malayalam News Literature Website

മരിച്ചവരും കൊന്നവരും അവര്‍ക്ക് ചുറ്റുമുള്ള മറ്റു ചിലരും…!

കരുണാകരന്റെ ‘യുവാവായിരുന്ന ഒന്‍പതു വര്‍ഷം’ എന്ന നോവലിന് ജോജോ ആന്റണി എഴുതിയ വായനാനുഭവം

എഴുപതുകളില്‍ യുവത്വം നടന്നു തിമിര്‍ത്ത അയാളേയും എന്നേയും പോലുള്ളവര്‍ക്ക് പരിചിതമായ മണ്ണാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാവണം പി.എഫ്. മാത്യൂസ് അന്നാ പുസ്തകം എനിക്കെടുത്തു തന്നത്. വെറുതെ പേജുകളൊന്ന് മറിച്ചു നോക്കിയപ്പോള്‍ ഓര്‍മ്മകളൊരുപാട് തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് എനിക്കും തോന്നി. ആ ഓര്‍മ്മകളുടെ പുറകെ, കരുണാകരന്റെ ‘യുവാവായിരുന്ന ഒമ്പതു വര്‍ഷം’ എന്ന നോവലിലേക്ക് ഞാന്‍ കയറിപ്പോയി.

Karunakaran-Yuvavayirunna Onpathu Varshamഅവിടെ കണ്ട കാഴ്ചകള്‍, കേട്ടും അറിഞ്ഞും പരിചിതങ്ങളായ സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നിട്ടു കൂടി, പുതിയതാണെന്ന ഒരു തോന്നല്‍, തെളിഞ്ഞ കാഴ്ചയുള്ള ചിലയിടങ്ങളില്‍ വേനലായിരുന്നിട്ടും മഴ പെയ്യുന്നു, മഴയില്‍ കുളിച്ചു നില്‍ക്കുമ്പോഴും ഉച്ചിയില്‍ നിന്ന് ചൂട് ഊര്‍ന്നിറങ്ങുന്നു, മേടച്ചൂടിലും മകരമഞ്ഞിന്റെ മേഘങ്ങള്‍, ഗദ്യ വിവരണങ്ങള്‍ക്കിടയില്‍ ചില ഭാഗങ്ങള്‍ കൂട് വിട്ട് കൂട് മാറി കവിതയാകുന്നു, സന്നിഗ്ദ വികാരങ്ങളുടെ തീവ്രത വായനയിലാകെ നിറയുന്നു.

എഴുപതുകളില്‍ മലയാളി മനസ്സുകളില്‍ സ്പഷ്ടമാം വിധം തെളിഞ്ഞു നിന്നിരുന്ന വിപ്ലവബോധവും അത് ചുമന്നു നടന്നിരുന്ന യുവത്വവുമാണ് ഈ കൃതിയുടെ കാതല്‍. ഒട്ടനവധി ചരിത്രസംഭവങ്ങള്‍ കണ്‍വെട്ടത്തുണ്ടായിട്ടും അവയുടെ കാര്യകാരണങ്ങളിലൊന്നും അധികം ശ്രദ്ധിക്കാതെ, കലാപചിന്തകളില്‍ പെട്ടു പോയ കുറേ മനുഷ്യരുടെ മനോവ്യാപാരങ്ങളെ, ആ വിചാരങ്ങള്‍ക്കുള്ളില്‍ പാര്‍ക്കുന്ന കുറെ ജീവിതങ്ങളെ, പിന്തുടരാനാണ് കരുണാകരന് താത്പര്യം. തിളയ്ക്കുന്ന വിപ്ലവം മനസ്സിലേറ്റിയ ഏഴ് യുവാക്കള്‍ വര്‍ക്കിച്ചന്‍ മുതലാളി എന്ന വര്‍ഗ്ഗശത്രുവിനെ, മൂന്നാമത്തെ ജനകീയ വിചാരണയ്ക്ക് പിന്നാലെ, വധിക്കുന്നിടത്താണ് നോവല്‍ തുടങ്ങുന്നത്. ശേഷം പുറകോട്ടും മുമ്പോട്ടുമുള്ള യാത്രകളാണ്. ഈ യാത്രകള്‍ക്കിടയില്‍ മരിച്ചവനെയും കൊന്നവരേയും അവര്‍ക്ക് ചുറ്റുമുള്ള മറ്റു ചില മനുഷ്യരെയും നമ്മള്‍ കാണുന്നു. ചിലപ്പോഴൊക്കെ അവരില്‍ ചിലരെങ്കിലും, ജോസഫോ മുരളിയോ ദാമുവോ, ഒന്നായും വീണ്ടും പലരായും മാറുന്നു. ഈ കുറിപ്പ് പുസ്തകപരിചയത്തിനപ്പുറം മറ്റൊന്നുമാകണമെന്ന് നിര്ബന്ധമൊട്ടുമില്ലാത്തതുകൊണ്ട് മാത്രം കഥയിലേക്ക് കൂടുതല്‍ കടക്കുന്നില്ല, അതിന്റെ വിവിധ ഭാവങ്ങളിലേക്കും.

യാഥാര്‍ഥ്യത്തിന്റെ അവസ്ഥാന്തരങ്ങളെ, വാക്കുകളുടെ നൂതനമായ ക്രമീകരണത്തിലൂടെ, നവമായ വാചകഘടനയിലൂടെ, തിരയുകയാണ് കരുണാകരന്‍. ഒരു സംഭവത്തെ, വ്യത്യസ്തങ്ങളായ കോണുകളില്‍ നിന്ന്, വ്യതിരിക്തങ്ങളായ കാഴ്ചപ്പാടുകളില്‍ നിന്ന്, നോക്കിക്കാണുവാന്‍ – അദ്ദേഹത്തിന്റെ കാഴ്ചകളില്‍ പലതും കാണപ്പെടുന്ന വസ്തുക്കളുടെ കണ്ണുകളില്‍ കൂടെയാണ് – ആ കാഴ്ചകളെ വാക്കുകളിലേക്ക് പാര്‍ന്നു വയ്ക്കുവാന്‍, നേര്‍വഴിയില്‍ നിന്ന് അനല്പം മാറിയുള്ള ഈ ഭാഷാസഞ്ചാരം അദ്ദേഹത്തെ സഹായിക്കുന്നുണ്ടു്. കൂട്ടത്തില്‍നിന്ന് മാറിനില്‍ക്കുന്ന കാഴ്ചകളും അവയില്‍ നിന്നിറ്റുന്ന പുത്തന്‍ രസത്തുള്ളികളുമാണ് ഈ കൃതിയെ ഒരു നല്ല സാഹിത്യാനുഭവമാക്കി മാറ്റുന്നത്.
ഒടുവിലത്തെ വിശകലനത്തില്‍, ഈ നോവല്‍ എന്താണ് നമ്മെ പഠിപ്പിക്കുന്നത്? സംഭവങ്ങളും കഥയും കഥാപാത്രങ്ങളും ഒന്നുമല്ല, വാക്കുകളില്‍ വിരിയുന്ന വസന്തമാണ് സാഹിത്യം എന്നല്ലേ? ഇത് തന്നെയല്ലേ, അനാദിയായ പ്രപഞ്ചത്തില്‍ കൈത്താങ്ങ് ഒന്നുമില്ലാതെ വര്ത്തിക്കുന്ന ഭൂമിയെ ചൂണ്ടിക്കാട്ടി ഫ്‌ലോബേര്‍ പറഞ്ഞതും?

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.