DCBOOKS
Malayalam News Literature Website

യുദ്ധാനന്തരം എഴുതാൻ തുടങ്ങിയതിനു പിന്നിൽ വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടെയുണ്ട്: റിഹാന്‍ റാഷിദ്

‘യുദ്ധാനന്തരം’ എന്ന നോവലിന്റെ എഴുത്തനുഭവം റിഹാന്‍ റാഷിദ് പങ്കുവെക്കുന്നു

യുദ്ധാനന്തരം എഴുതാൻ തുടങ്ങിയതിനു പിന്നിൽ വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടെയുണ്ട്. പൊതുവെ നമ്മൾ അഭയാർത്ഥിത്വത്തിന്റെ ഇരകളാണെന്ന് പറയപ്പടാറില്ല. പക്ഷെ പലതരത്തിലുള്ള ജീവിതാവസ്ഥകൾ നമുക്ക് ഒറ്റപ്പെടലിന്റെ നഷ്ടപ്പെടലിന്റെ
അനുഭവങ്ങൾ നൽകാറുണ്ട്. എന്നെ സംബന്ധിച്ചത് കൊച്ചിയിൽ ജോലി നോക്കിയ കുറച്ചു മാസങ്ങളാണ്. ഹോട്ടലെന്നു പറഞ്ഞാൽ ആളുകൾ ഒന്നോ രണ്ടോ രാത്രികൾ താമസിക്കാൻ വരുന്ന പതിനാലു മുറികളുള്ള പഴയൊരു കെട്ടിടം. നൂറു വർഷത്തിനടുത്ത് പ്രായമുള്ള ആ കെട്ടിടത്തിലെ പലമുറികൾക്കും എല്ലായ്പ്പോഴും പഴകിയൊരു മണമാണ്. കാലങ്ങളായി നിൽക്കുന്ന ഈർപ്പത്തിന്റെയും, പൂപ്പലിന്റെയും മണമായിരുന്നത്. പക്ഷെ വന്നു പോവുന്ന അതിഥികൾക്ക് വേണ്ടി എപ്പോഴുമത് വൃത്തിയാക്കി വെക്കുകയാണ്. ഞാനടക്കം മൂന്നു പേരാണ് അവിടെ സ്ഥിരം ജോലിക്കാരായി ഉണ്ടായിരുന്നത്. മറ്റുപേരിൽ ഒരാൾ ബീഹാറുകാരനും, മറ്റെയാൾ ആസാമുകാരനും ആയിരുന്നു. ഞങ്ങൾ മൂന്നു പേരും താമസിക്കാൻ കെട്ടിടത്തിന് പുറത്ത് നിർമ്മിച്ച ബാത്റൂമിന് മുകളിൽ നിർമ്മിച്ച മുറിയായിരുന്നുണ്ടായത്. നാൽപ്പത് സ്ക്വയർഫീറ്റ് കഷ്ടിച്ച് വലുപ്പമുള്ള മുറിയായിരുന്നത്. അതിനകത്ത് രണ്ടു ചുമരിനോടും ചേർത്തിട്ട അട്ടിക്കട്ടിലിലാണ് ഞങ്ങൾ കിടന്നിരുന്നത്. വാതിലിനു പകരം ഒരു തുണി വിരിച്ചു വെച്ചതാണ്. ആ രണ്ടു കട്ടിലിനിടയിൽ ഓരാൾക്ക് നേരെ നിൽക്കാനുള്ള ഇടം പോലുമില്ലായിരുന്നു. മാത്രവുമല്ല അവരിരുവരുടെയും മുഷിഞ്ഞ ഉടുപ്പുകൾ എപ്പോഴും അതിനകത്തു വാരിവലിച്ചിട്ടിട്ടുണ്ടാവും. എത്ര പറഞ്ഞാലും അതെടുത്തു മാറ്റാനോ വൃത്തിയാക്കാനോ അവർ തയ്യാറല്ലായിരുന്നു. പിന്നീടെനിക്ക് മനസ്സിലായത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ് ആ വൃത്തിയില്ലായ്മ എന്നാണ്.

കത്തുന്ന ചൂടുകാലങ്ങളിൽ ആ മുറിക്കുള്ളിൽ കിടക്കുന്നത് വലിയൊരു വട്ടകയിൽ ഇട്ടു പുഴുങ്ങുന്നതിനു തുല്യമായിരുന്നു. ഇടുങ്ങിയ മുറിയിലെ മൂന്നു പേരുടേയും വിയർപ്പു നാറ്റം, പുറത്തുനിന്നുള്ള ചൂടുകാറ്റും ചേരുമ്പോൾ ഏതോ കാലത്ത് പ്രവർത്തിച്ചു തുടങ്ങി ഇപ്പോഴും തിരിഞ്ഞു കൊണ്ടിരിക്കുന്ന ഫാൻ കൊണ്ട് കാര്യമെന്നുമില്ലായിരുന്നു. അവർ രണ്ടു പേരുടെയും കൂർക്കം വലിയുടെ ഒച്ചയിൽ ഫാനിന്റെ കറക്കത്തിന്റെ ഒച്ചയടങ്ങും. എല്ലാ ദിവസവും ജോലി കഴിയുമ്പോൾ ഏകദേശം പന്ത്രണ്ട് മണി കഴിയും. നേരെ വന്നു കുളിച്ച്, രാവിലത്തെ ഇഡ്ഡലി കഴിച്ചു കിടക്കു. നനഞ്ഞ തോർത്തു മാത്രം അരയിലെടുത്താണ് കിടത്തം. പത്തിരുപതു മിനിറ്റു കൊണ്ട് തോർത്തുണങ്ങും.ഉഷ്ണിച്ച് വിയർക്കാൻ തുടങ്ങും. ചില ദിവങ്ങളിൽ താഴേക്കിറങ്ങി ദേഹത്ത് വീണ്ടും വെള്ളമൊഴിച്ചു വന്നു കിടക്കും. അവിടെ ചെന്ന ആദ്യ ദിവസങ്ങളി പുറത്തു നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. തുച്ഛമായ ശമ്പളം ഭക്ഷണം കഴിച്ചു തീരുമെന്നായപ്പോൾ അവരുണ്ടാക്കുന്ന കഞ്ഞിയാണോ ചോറാണോ എന്നിപ്പോഴും ഉറപ്പില്ലാത്ത ഭക്ഷണം കഴിക്കും. മീനായാലും, ഇറച്ചി ആയാലും പച്ചക്കറി ആയാലും എല്ലാം ഒരേ രുചിയയുള്ള കറിയായിരുന്നവർ ഉണ്ടാക്കിയിരുന്നത്! വിശപ്പിനെന്തു രുചിയും രുചിയാണെന്നു മനസ്സിലായത് അവിടെ വെച്ചാണ്. പക്ഷെ അത് അധികനാൾ തുടരാൻ കഴിഞ്ഞില്ല. പലദിവസങ്ങളിലും പുഴവരിച്ചതും, പൂച്ച തിന്നതുമായ ഭക്ഷണം കഴിക്കേണ്ടി വന്നതോടു കൂടെ അതു നിർത്തി. മുൻപു പറഞ്ഞ അവരുടെ വൃത്തിയുടെയും, ശ്രദ്ധയില്ലായ്മയുടെയും പ്രശ്നമായിരുന്നത്. അതിനു ശേഷമാണ് മൂന്നു നേരവും ഇഡ്ഡലി കഴിച്ചു തുടങ്ങിയത്. അതായത് രാവിലെ ഗസ്റ്റുകൾക്ക് കൊടുക്കുന്ന’’കോംപ്ലിമെൻ്റ് ബ്രേക്ക്ഫാസ്റ്റ്’’ അതിനായി പുലർച്ചെ ആറുമണിക്ക് മുൻപ് ഫോർട്ടു കൊച്ചിയിലെ ഏതോ തമിഴ് കുടിലിൽ നിന്നും പുറപ്പെടുന്ന ഇഡ്ഡലിയും, നദിപോലൊഴുകുന്ന ചമ്മന്തിയും. എല്ലാ മുറിയിലും എത്തിച്ചു കൊടുക്കും, ചിലരത് കഴിക്കും, ഭൂരിഭാഗവും അതിൽ ഒന്നു നുള്ളി രുചിനോക്കി ഉപേക്ഷിക്കുന്നതാണ്. അവർ കഴിച്ചതന്റെ ബാക്കിയായിരുന്നു ഞാൻ പിന്നീട് മൂന്നു നേരം കഴിച്ചിരുന്നത്. ഇത്രയും പറഞ്ഞത് എല്ലാം ഉണ്ടായിട്ടും ജോലിക്കു വേണ്ടി നാടുവിട്ടു നിൽക്കേണ്ടി വന്ന ഞാൻ, എന്നെപ്പൊലെ അനേകം മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്ന അഭയമില്ലായ്മയെക്കുറിച്ചാണ്. ലോകത്തിന്റെ പലയിടങ്ങളിലായി രാജ്യം നഷ്ടപ്പെട്ടവരായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. ആകാശത്ത് നിന്നുംവിതറുന്ന ഒന്നോ രണ്ടോ റൊട്ടിക്ക് വേണ്ടി സ്വന്തം കൂടപ്പിറപ്പിനെ പോലും തള്ളിമാറ്റി ഓടുന്ന മനുഷ്യർ. വിശപ്പനു മുന്നിൽ തുണിഴിച്ചു കിടക്കേണ്ടി വരുന്ന അനേകർ. അതിൽ എല്ലാവരുമുണ്ട്. പക്ഷെ അവരെല്ലാം അഭയാർത്ഥികൾ എന്ന പേരിലേക്ക് ചുരുക്കപ്പെട്ടിരിക്കുകയാണ്. ചെയ്ത തെറ്റ് എന്താണന്നു പോലുമറിയാതെ ഒറ്റരാത്രികൊണ്ടാവും പലരും അനാഥരായിരിക്കുന്നത്.

മനുഷ്യകുലത്തിന്റെ ആവിർഭാവ കാലം മുതൽക്ക് ആരംഭിച്ച പലവിധത്തിലുള്ള പലായനങ്ങൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തത് ഭക്ഷണത്തിനും, അതിജീവനത്തിനും വേണ്ടിയുള്ള യാത്രകൾ ആയിരുന്നു. ആധുനിക കാലത്ത് യുദ്ധങ്ങളും, വംശീയ ഉൻമൂലനങ്ങളും, ആഭ്യന്തര കലഹങ്ങളും കാരണം ഒരു കൂട്ടം മനുഷ്യർക്ക് അവർ ജീവിച്ചിരുന്ന ചുറ്റുപാടുകളിൽ നിന്നും നിർബന്ധിതമായി മാറേണ്ടി വരുകയാണ്. അതാവട്ടെ പലപ്പോഴും രാജ്യാതിർത്തികൾ താണ്ടിയുള്ള കഠിനമായ യാത്രകളാണ്. ആ യാത്രയിൽ അവർ വീണ്ടും. വീണ്ടും അക്രമിക്കപ്പെടുകയും. ഇടമില്ലാത്തവരായി തീരുകയുമാണ്. ഭൂമിയിൽ എവിടെയും പൌരത്വമില്ലാത്ത നിർഭാഗ്യരായ മനുഷ്യർ. അവരെക്കുറിച്ചാണ് യുദ്ധാനന്തരം സംസാരിക്കുന്നത്. ലോകത്തെമ്പാടും വാർത്തകളിൽ നിറഞ്ഞു നിന്ന സിറിയൻ ബാലനായ അയ്ലൻ കുർദിയിൽ നിന്നാണ് പുസ്തകത്തിന്റെ ആദ്യത്തെ ആലോചനകൾ ആരംഭിച്ചത്. സിറിയൻ യുദ്ധത്തിനടയിൽ നിന്നും രക്ഷപ്പെടാനുള്ള കടൽ പലായനത്തിന് ഇടയിൽ മുങ്ങിമരിച്ച കുർദിയുടെ ചിത്രങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക? ആ വാർത്തയുടെ പിന്നാമ്പുറം Textഅന്വേഷിച്ചു കഴിഞ്ഞപ്പോൾ ലോകത്ത് ഒരു മിനുട്ടിൽ ഇരുപത്തിയഞ്ചു പേർ അഭയാർത്ഥികലായി മാറ്റപ്പെടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്. മതം, ദേശം, ഭാഷ,ആശയം,സംസ്കാരം ഇവയൊക്കെ അപകടകാരികളായി മാറുമ്പോൾ മനുഷ്യൻ മനുഷ്യനെ കൊല്ലാൻ തുടങ്ങും. അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും ഒരു കൂട്ടം മനുഷ്യർ എല്ലാം ഉപേക്ഷിക്കാൻ നിർബന്ധിതമായി ശൂന്യതയിലേക്ക് യാത്ര ചെയ്യാൻ ആരംഭിക്കുന്നു. തലചായ്ക്കാൻ ഇടം തേടി, അഭയം തേടിയുമവൻ രാജ്യാതിർത്തികളിൽ കനിവിനായ് കാത്തു കിടക്കുകയാണ്

അതേ സമയം തന്നെ അവരുടെയുള്ളിൽ തങ്ങളുടെ എല്ലാം നഷ്ടപ്പെടുത്തിയവരോടുള്ള രോഷം കെടാതെ പുകഞ്ഞു കൊണ്ടുമിരിക്കും. ജീവിതാന്ത്യം വരെ അവർ അതു സൂക്ഷിച്ചു വെക്കും. അവസരങ്ങൾ ലഭിക്കുമ്പോൾ ദുർബലമായ തിരിച്ചടികൾ നടത്തുകയും ചെയ്യും.പക്ഷെ അതവനെ വീണ്ടും അഭയമില്ലാത്തവനായി മാറ്റും. എക്കാലത്തും ഇത്തരം യാത്രകളിൽ ഏറ്റവും വലിയ ദുരിതങ്ങൾ നേരിടേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി അവർ ഇപ്പോഴും ലോകത്തിന്റെ പലയിടങ്ങളിലായി തുടരുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇരുപത് ലക്ഷത്തിൽ അധികം യൂറോപ്യൻ ജനതയാണ് അഭയാർത്ഥികളായി മാറിയത്. പക്ഷെ പുതിയ കാലത്തിൽ രാജ്യത്തികത്തു നിന്നുള്ള അക്രമണങ്ങളിലൂടെയാണ് അഭയമില്ലാത്തവർ സൃഷ്ടിക്കപ്പെടുന്നത്. അതൊരു ഭയപ്പെടുത്തുന്ന കണക്കാണ്. നമ്മുടെ രാജ്യത്തിനകത്തും അഭയാർത്ഥികളെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. കാലകാലങ്ങളായി അനുഭവിച്ചു പോന്നിരുന്ന ഭൂമിയും, സ്വത്തുവകകളും ഉപേക്ഷിച്ച് വെറുംകയ്യോടെ രാജ്യത്തെ തെരുവുകളിൽ/ വലിയ മതിൽക്കെട്ടുകൾക്കുള്ളിൽ അവകാശങ്ങൾക്ക് അവകാശമില്ലാത്തവരായി തീരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതല്ല. പക്ഷെ ലോകത്തിന്റെ പലഭാഗങ്ങളിലായി അനേകമായിരം ആളുകൾ ഇത്തരത്തിൽ കഴിയുന്നുണ്ട്. ശാരീരിക മാനസിക പീഢനങ്ങളിലൂടെയാണ് അവരിൽ ഭൂരിഭാഗവും കഴിഞ്ഞു പോവുന്നത്. അധികൃതരിൽ നിന്നുപോലും അവർ പലവിധേനെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന മ്യാൻമാറിൽ നിന്നുള്ള വാർത്തകൾ നാം നിരന്തരം കേൾക്കാറുള്ളതാണ്. മനുഷ്യരെന്ന പരിഗണ പോലുമില്ലാതെ അവർ പലായനം നടത്തുകയാണ്. അതിർത്തിയിൽ വെച്ചവർ വീണ്ടും തിരിച്ചയക്കപ്പെടുകയാണ്.

ആധുനിക മനുഷ്യൻ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധി അഭായാർത്ഥികളായി തീരുന്നതു തന്നെയാണ്. സ്വന്തം ഭൂമിക്ക് മേൽ അവകാശങ്ങളൊന്നുമില്ലാതെ ഏതു നിമിഷവും അക്രമണത്തെ ഭയന്നു കഴിയുന്ന ഫലസ്തീൻ ജനതയുെ, ആഭ്യന്തരകലാപവും, ജനകീയ പ്രക്ഷോഭങ്ങളും മൂലം താറുമാറായ സിറിയ, ലബനോൻ തുടങ്ങി അനേകം രാജ്യങ്ങളുണ്ട്. മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന കാഴ്ചകളാണ് ഓരോ അഭയാർത്ഥി ക്യാമ്പുകളും കാണിച്ചു തരുന്നത്. അവർക്കിടയിൽ നിന്നും തീവ്രവാദികളും സൃഷ്ടിക്കപ്പെടുന്നുണ്ടെന്നത് മറച്ചു വെക്കാൻ കഴിയില്ല.

ഞാൻ കിടന്ന ആ മുറി ലോകത്തിന്റെ ഏതോ ഒരു കോണിലുള്ള അഭയാർത്ഥി ക്യാമ്പാണെന്നു സങ്കൽപ്പിക്കാറുണ്ടായിരുന്നു. പലയിടങ്ങളിലായി ചിതറിയ അനേകം ജീവവനുകൾ അതിനകത്ത് ഞെരുങ്ങി ഇരിക്കുകയാണ്. മനസും, ശരീരവും മുറിവേറ്റി നീറുന്നവർ. അവഗണയുടെ, നഷ്ടങ്ങളുടെ. വേദനകളുടെ, വിശപ്പിന്റെ പീഡകൾ ഏറ്റു വാങ്ങുന്നവരാണെന്ന്. അതിൽ നാസികളെ ഭയന്നു ഒളിച്ചോടിയവർ മുതൽ ഇസ്രായേൽ പട്ടാളത്തെ ഭയന്ന് നിൽക്കുന്ന ഫലസ്തീനികൾ വരെയുണ്ട്. പലായനത്തെക്കുറിച്ചും അഭയാർത്ഥിത്തങ്ങളെ കുറിച്ചു കേൾക്കുമ്പോഴെല്ലാം നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് വിയറ്റനാമിൽ നിന്നുള്ള ആ പെൺകുട്ടിയുടെ ചിത്രമാവും. കടുത്ത ചൂടിൽ നിന്നും രക്ഷതേടി വെറുമൊരു നനഞ്ഞ തോർത്തിന്റെ മറവുണ്ടായിരുന്നു. യുദ്ധാന്തരം ഞാൻ ഉൾപ്പെടുന്ന ജനത നേരിട്ട് അനുഭവിക്കാത്തതാണ്. പക്ഷെ വിദൂരമല്ലാത്ത ഭാവിയിൽ അതു ചിലപ്പോൾ നമ്മൾ അനുഭവിക്കേണ്ടി വരും. മറ്റൊരു രാജ്യത്തെ അതിർത്തിയിലേക്ക് എല്ലാം നഷ്ടമായി, ജീവൻ മാത്രം അവശേഷിച്ച് ഓടിപ്പോവേണ്ടി വരുന്നത് എത്രയൊ ഭീകരമായിരിക്കും. അവിടെ, അവരുടെ കനിവിനു വേണ്ടി കാത്തു കിടക്കുന്ന നമ്മളെ ഒന്നു സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. എന്നാൽ ലക്ഷക്കണക്കിന് മനുഷ്യർ ജീവൻ പോലും പണയം വെച്ച് കടലിലൂടെയും മറ്റും അഭയം തേടി യാത്ര ചെയ്യുന്നുണ്ട്. അവരിൽ പലരും പാതി വഴിയിൽ മരണത്തിന് കീഴടങ്ങുകയാണ്. രക്ഷയുടെ തീരം അവർക്ക് അന്യമാവുകയാണ്. ഭക്ഷണമില്ലാതെ, ശുദ്ധജലമില്ലാതെ, ഒന്ന് നടുനിവർത്തി നിൽക്കാൻ പോലും കഴിയാതെയാണ് അവരുടെ യാത്രകൾ. ഇതിനിടയിൽ അവരെ മുതലെടുക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ. തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവർ. അതിനിടയിൽ ഭരണകൂട വേട്ടയാടലുകൾ. എല്ലാം തരണം ചെയ്ത് എവിടെയെങ്കിലും എത്തിയാൽ തന്നെ അവിടെ സ്വീകരിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. ചുരുക്കി പറഞ്ഞാൽ ഭൂമിയിൽ എവിടെയും ഇടമില്ലാത്ത അനേകർ. യുദ്ധാനന്തരം അവരുടെ കഥയാണ്. അവരെങ്ങിനെ അഭയാർത്ഥികളായെന്ന്, അവരെ ആരാണ് വേട്ടയാടിയയതെന്ന്, അവർ നേരിട്ടു കൊണ്ടിരിക്കുന്ന വിഷമങ്ങൾ. അവർക്കെന്നെങ്കിലും രക്ഷയുണ്ടാവുമെന്നു തോന്നുന്നില്ല. പലകാലങ്ങളിലായത് ആവർത്തിച്ചു കൊണ്ടെയിരിക്കും. മുൻകാലങ്ങളിൽ മഹായുദ്ധങ്ങളാണ് അഭയാർത്ഥികളെ സൃഷ്ടിച്ചതെങ്കിൽ പുതിയ നൂറ്റാണ്ടിൽ ആഭ്യന്തര കലഹങ്ങളാണ് അഭയാർത്ഥികളെ ഉണ്ടാക്കുന്നത്. അതു തുടർന്നു കൊണ്ടേയിരിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ 

Comments are closed.