DCBOOKS
Malayalam News Literature Website

അഭയാർഥി ജീവിതത്തിന്റെ അതിജീവന പാഠങ്ങൾ

റിഹാന്‍ റാഷിദിന്റെ ‘യുദ്ധാനന്തരം’ എന്ന നോവലിന് വിശാഖ് കെ കാടാച്ചിറ എഴുതിയ വായനാനുഭവം

ജനപ്രിയത ആധുനികാനന്തരതയുടെ പ്രത്യക്ഷ സ്വഭാവങ്ങളിൽ ഒന്നാണ്. സാഹിത്യത്തിലെ ജനപ്രിയതയ്ക്ക് വിശേഷിച്ചും നോവലിൽ, ഭാവിയിൽ പിൻപറ്റാവുന്ന ചരിത്രപരതയുടെ നീക്കിയിരിപ്പു കൂടി അവശേഷിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ ഇടങ്ങൾ മിക്കപ്പോഴും ചരിത്രം ചേർത്ത് മാത്രമേ നോവലെഴുത്തുകാർക്ക് പൂരിപ്പിക്കാനാവൂ. ഈ സാധുത കൂടിയാണ് നോവലിന്റെ ജനകീയതയ്ക്ക് പ്രധാന ഹേതു.

റിഹാൻ റാഷിദിന്റെ ‘ യുദ്ധാനന്തരം ‘ അഭയാർഥി ജീവിതങ്ങളെ സാഹിത്യത്തിലേക്ക് സന്നിവേശിപ്പിച്ച മലയാള നോവൽ മാതൃകയാണ്. യുദ്ധങ്ങളോ യുദ്ധാനുഭവങ്ങളോ അത്രകണ്ട് ആഴത്തിൽ സന്നിവേശിക്കപ്പെട്ടിട്ടില്ലാത്ത മലയാള നോവലിൽ മനുഷ്യന്റെ നിസ്സഹായതയുടെ , അവകാശങ്ങൾക്കു വേണ്ടി പീഢകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യജീവിതങ്ങളുടെ ദുരന്തജീവിതവ്യഥയാണീ നോവൽ

ആധുനികാന്തര മലയാള നോവലിന്റെ പുതുവഴി

ആഖ്യാനത്തിലും പ്രമേയത്തിലും പുലർത്തുന്ന പുതുമകൊണ്ട് ആധുനികാനന്തര മലയാള നോവലുകൾ പുതുകാലത്തിന്റെ സാംസ്കാരിക /രാഷ്ട്രീയ മേഖലകളുമായി നിരന്തരമായ സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്. നോവലുകളുടെ പ്രമേയ സ്വീകരണത്തിൽ കടന്നു വരുന്ന ഭാവുകത്വപരമായ ഇത്തരം സവിശേഷതകൾ കൂടിയാണ് നോവലിന്റെ ജനകീയതയ്ക്ക് മറ്റൊരു കാരണമായിത്തീരുന്നതും. ഫിക്ഷന്റെ സാധ്യതകളെ വിനിയോഗിച്ച് എഴുതപ്പെടുന്ന പുതിയ രചനാരീതിയാണ് ഇന്ന് സാഹിത്യവിഭാഗത്തിൽ അപ്മാർക്കറ്റ് ഫിക്ഷൻ എന്നറിയപ്പെടുന്നത്. Textപ്രമേയത്തോടൊപ്പം തന്നെ കഥാപാത്രാവിഷ്കാരങ്ങൾക്കും കൈവരുന്ന തുല്യപ്രാധാന്യമാണ് അപ്മാർക്കറ്റ് ഫിക്ഷൻ എന്ന പുതു ഴാനറിന്റെ പ്രത്യേകത. ലോകമെമ്പാടും അറിയപ്പെടുന്ന ഈ നോവൽ ഗണത്തിലേക്ക് മലയാള നോവലിലും പരീക്ഷണങ്ങൾ വ്യാപകമായി കണ്ടു തുടങ്ങിക്കഴിഞ്ഞു. അത്തരത്തിൽ മലയാള സാഹിത്യത്തിലെ അപ്മാർക്കറ്റ് ഫിക്ഷന്റെ ആദ്യ രൂപങ്ങളിൽ ഒന്നുകൂടിയാണ് യുദ്ധാനന്തരം എന്ന കൃതി.

” യുദ്ധത്തിൽ ആരും ജയിക്കില്ല
പക്ഷേ രാജ്യമില്ലാത്ത പൂക്കളും
പൂമ്പാറ്റകളും ചിതറിപ്പോകും
അതിരുകളില്ലാത്ത പക്ഷികളും
അടയാളങ്ങളില്ലാത്ത തിരകളും
മുറിവേറ്റു പിടയും ” (പവിത്രൻ തീക്കുനി : 2019, ദേശാഭിമാനി ആഴ്ചപ്പതിപ്പ് )

യുദ്ധാനന്തരം എന്ന കവിതയിൽ പവിത്രൻ തീക്കുനി എഴുതിയ വരികൾ ഇവിടെ സാന്ദർഭികമായി ഓർക്കുന്നു. റിഹാന്റെ നോവലിന്റെ ഇതിവൃത്തത്തിന് സമാനമായ ഒരാശയമാണ് ഈ വരികളിൽ തെളിഞ്ഞു കാണുന്നത്. ഇത്തരത്തിൽ രാജ്യമില്ലാത്ത പൂമ്പാറ്റകളായിത്തീർന്ന, അതിരുകളില്ലാത്ത പക്ഷികളായിത്തീർന്ന സോയ ഫാമിയയുടെയും ഫാരിസ് ഹദ്ദാദിന്റെയും ബയോത്താറിന്റെയും ജീവിത വിവരണങ്ങളിലൂടെയാണ് യുദ്ധാനന്തരം എന്ന അപ്മാർക്കറ്റ് ഫിക്ഷൻ നോവലിന്റെ സഞ്ചാരം.

ഇസ്താംബൂളിലെ തെരുവിൽ വിത്യസ്തമായ സാഹചര്യങ്ങളിലൂടെ അഭയാർഥികളായി എത്തപ്പെട്ട മൂന്ന് മനുഷ്യരാണവർ. തികച്ചും വ്യത്യസ്തരായ മൂന്നു മനുഷ്യർ. ‘പലനാടുകളിൽ നിന്നും യുദ്ധാനന്തരം ഉണ്ടായ അവശിഷ്ടങ്ങളുടെ കണക്കെടുപ്പിന് എത്തുന്ന സഞ്ചാരികളിൽ തങ്ങളുടെ ഉറ്റവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകൾ തേടുന്നു എന്ന സമാനത മാത്രം പരസ്പരം കൈമുതലായുള്ളവർ. ‘ അവർ തങ്ങളുടെ ജീവിതാനുഭവം പരസ്പരം പങ്കുവെയ്ക്കുന്നതാണ് യുദ്ധാനന്തരത്തിന്റെ പ്രമേയം.

സാക്സോഫോണിൽ സംഗീതമാസ്വദിച്ച് തന്റെ ജീവിതം തള്ളി നീക്കുന്ന വൃദ്ധനായ ഫാരിസ് ഹദ്ദാദും തെരുവു മന്ത്രികനായ ബയോത്തോറും തങ്ങളുടെ ജീവിതകഥ പറയാൻ ആരംഭിക്കുകയും സോയ ഫാമിയ തന്റെ പാലായന യാത്രകളിലൂടെ നോവലിന്റെ യാത്ര പൂർത്തീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് നോവൽ സഞ്ചരിക്കുന്നത്. സോയയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കുറിച്ചു വെച്ചിട്ടുള്ള പേഴ്സണൽ ഡയറി സൈറൺ മുഴങ്ങുന്ന ആ തെരുവീഥിയിൽ നിലാവിനെ സാക്ഷിയാക്കി ഹാരിസ് ഹദ്ദാദ് വായിക്കാൻ തുടങ്ങുന്നതോടുകൂടി വായനക്കാരനെ പിടിച്ചിരുത്തുന്ന അനുഭവങ്ങളുടെ മറ്റൊരു യാത്രയിലേക്ക് നോവൽ പതിയെ സഞ്ചരിക്കുകയാണ്. നോവലിൽ സോയ പങ്കുവെയ്ക്കുന്ന ആഗ്രഹം പോലെ തന്റെ ജീവിത ഭാരങ്ങളെല്ലാം ഹദ്ദാദിനും ബയോത്താറിനും മുന്നിൽ ഇറക്കിവെച്ച് കഥ പൂർത്തിയാക്കി സോയ മരണപ്പെടുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. അതിനിടയിൽ യാതനകളുടെ കയ്പ്പുനീർ ഉറ്റിയ അനേകം ജീവിതങ്ങൾ സോയയുടെ ജീവിതത്തിലൂടെ വായനക്കാരുടെ മനസ്സിലേക്കും സന്നിവേശിക്കപ്പെടുന്നു.

വംശം, മതം, സാമൂഹ്യസംഘടനകളിലെ അംഗത്വം, ദേശീയത തുടങ്ങിയ കാരണങ്ങളാൽ ആണ് അഭയാർത്ഥികൾ ഉണ്ടാവുന്നത് എന്നാണ് ഐക്യരാഷ്ട്ര സംഘടന അഭയാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർവചനത്തിൽ പറയുന്നത്. ലോകത്ത് അഭയാർത്ഥി ജീവിതം നയിക്കേണ്ടി വരുന്ന മനുഷ്യരുടെ, അവർ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും പീഢനങ്ങളുടെയും കഥ പറയുന്ന യുദ്ധാനന്തരത്തിൽ നോവലിലെ ഓരോ കഥാപാത്രങ്ങളും അനുഭവിച്ച ജീവിതവ്യഥയുടെ ചിത്രം ഒരു ദ്യശ്യം കണക്കേ നോവലിസ്റ്റ് വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഈ അവതരണരീതി നോവലിനെ കൂടുതൽ മികവുറ്റതാക്കുന്നു.

ഭയാനകമായ അനുഭവങ്ങള്‍ ഭാവനയെ വെല്ലുന്ന തരത്തില്‍ മനുഷ്യനെ  തകര്‍ത്തു കളയുന്നത് ഏതൊരു ഫിക്ഷനും സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്.   ഓര്‍മ്മയും അനുഭവവും ചരിത്രത്തെ പുനർവ്യാഖ്യാനം ചെയ്യുന്നതിന്റെ ബോധ്യപ്പെടുത്തലുകള്‍ ഹോളോകോസ്റ്റിലെ പീഡനങ്ങള്‍ സംബന്ധിച്ച കൃതികളില്‍ നാം മുന്നേ വായിച്ചിട്ടുള്ളതാണ്.

ദുർഗന്ധത്തിന്റെ , എച്ചിലിന്റെ , എരുമ മൂത്രത്തിന്റെ , അഴുകിയ പുഴുക്കളുടെ, ചോരയുടെ, ചലത്തിന്റെ, പുഴുക്കുത്തിന്റെ തുടങ്ങി നിരവധിയായ ദുരന്തചിത്രങ്ങൾ റിഹാൻ നോവലിൽ വരച്ചിടുന്നുണ്ട്. അതോടൊപ്പം ഫിക്ഷന്റെ സാധ്യതയെ മനോഹരമായി സന്നിവേശിപ്പിക്കുന്നതിനു വേണ്ടി ഓരോ കഥാപാത്രങ്ങളെയും ഓരോ അധ്യായങ്ങളായി അടയാളപ്പെടുത്തിയ രീതി നോവൽ വായനയെ കൂടുതൽ സുഗമവും ആസ്വാദ്യകരവുമാക്കി തീർക്കുന്നുമുണ്ട്.

അമർനാഥ് ബക്ഷി, ഇന്തിജാ ഖമർ, ഉമൈർ ഫാഹിം, ഹാഷിം ദുവാരി, ഇവാന തോംസൺ, ഇബില ഫർജാൻ, ഇബാറ എമ്മിൻ തുടങ്ങിയ കഥാപാത്രങ്ങൾ ഇത്തരത്തിൽ വായനക്കാരന്റെ മനസ്സിൽ ഇടം നേടുന്നവരാണ്.

നോവലിൽ ബയോത്തോർ തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കുന്ന സന്ദർഭത്തിൽ ലൈംഗികതയ്ക്ക് മാത്രം ജാതിയും മതവും തടസ്സമാവില്ലല്ലോ” എന്ന ഫാരിസ് ഹദ്ദാദിന്റെ ചോദ്യത്തിന്” യഥാർത്ഥത്തിൽ ജാതിയും മതവും ഒഴിഞ്ഞു നിൽക്കുന്ന ഒരിടം ഈ മണ്ണിലുണ്ടെങ്കിൽ അതു പെണ്ണുടലുകൾ മാത്രമാണ്” എന്ന് സോയ ഫാമിയ അടിവരയിടുന്ന സന്ദർഭം നോവലിസ്റ്റ് ചരിത്രത്തിനു മുന്നിൽ ഉയർത്തിവെയ്ക്കുന്ന ശക്തമായ ചോദ്യമായി പ്രകമ്പനം കൊള്ളുന്നുണ്ട്. നോവലിൽ ആകമാനം സോയ ഫാമിയുടെ കൈകളിൽ ചൂടേറ്റ് കിടന്ന പ്രാവിൻ കുഞ്ഞ് അഭയാർത്ഥി ജീവിതത്തിന്റെ തീരാദുരിതം പേറുന്ന മനുഷ്യരുടെ പ്രതീക്ഷയുടെ ഒരു പുൽനാമ്പായി അവശേഷിക്കുന്നു. ആരാലും ഇറക്കിവിടാത്ത, ആട്ടിപ്പായിക്കപ്പെടാത്ത ഒരിടത്തിനു വേണ്ടി അവർ നിരന്തരം ഒച്ചയിട്ടുകൊണ്ടേയിരിക്കുന്നു.
കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോട് കണക്കേ , ഓരോ അഭയാർത്ഥി ജീവിതവും വെന്തുനീറിക്കൊണ്ടേയിരിക്കുകയാണ്. സമാധാനത്തിന്റെ ഒരു പ്രാവൊച്ച പ്രതീക്ഷിച്ചു കൊണ്ട് അത്തരം കാത്തിരിപ്പുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അനന്തമായി തുടരുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ 

 

Comments are closed.