DCBOOKS
Malayalam News Literature Website

ധ്യാനാത്മകമായ അനുഭവങ്ങൾ

കവി സച്ചിദാനന്ദൻ എഴുതിയ അവതാരിക 

ശാന്തനെ ഒരു കവി എന്ന നിലയിലാണ് ഞാൻ ആദ്യം അറിഞ്ഞു തുടങ്ങിയത്. എന്നാൽ സമീപകാലത്ത് കലാകൗമുദിയുടെ ലക്കങ്ങളിൽ അദ്ദേഹം തുടർച്ചയായി എഴുതിപ്പോരുന്ന അനുഭവക്കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ സർഗാത്മകതയുടെ മറ്റൊരു മാനം അദ്ദേഹത്തിൽ തെളിഞ്ഞുവന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാനായി. ഈ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ ആദ്യം ഞാൻ ശ്രദ്ധിച്ചത്, അതിലെ ആഖ്യാനാംശമായിരുന്നു. ഒരു കഥ പറയുമ്പോഴുള്ള ലാളിത്യത്തോടെ അനുഭവത്തിന്റെ ഊഷ്മളത വിടാതെ സ്വാനുഭവത്തിന്റെ തീവ്രമായ സന്ദർഭത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ശാന്തന്റെ കഴിവ് ഈ അനുഭവക്കുറിപ്പുകളിലും വ്യക്തമായുണ്ട്. സത്യമെന്തെന്നറിയാനുള്ള ആകാം ക്ഷയുടെ ഒരു ആവിഷ്‌കാരം എന്ന നിലയിലാണ് ഈ അനുഭവക്കുറിപ്പുകൾ ആത്യന്തികമായി പ്രധാനമാകുന്നത്.

ഈ കുറിപ്പുകളുടെ മാനങ്ങളെല്ലാം അതിന്റെ ആഖ്യാനാത്മകത, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ ചടുലതയും സജീവതയും, ആ ശൈലിയുടെ ജൈവിക സ്വഭാവം അവ എല്ലാം തന്നെ അവയുടെ സ്വഭാവവിശേഷങ്ങളോടെ വേറിട്ട് നിൽക്കുന്നു. ആധ്യാത്മികം എന്നു വിളിക്കാവുന്ന ധ്യാനാത്മകത ഈ കുറിപ്പുകളിൽ പ്രകടമായുണ്ട്. ശാന്തന്റെ ഓരോ അനുഭവക്കുറിപ്പും ഒരേ സമയം വ്യത്യസ്തമാണ്, അതേ സമയം അവയെയെല്ലാം ഒന്നിച്ചു ചേർക്കുന്ന ഒരു വിചാരധാര ഇതിലൂടെ കടന്നു പോകുന്നുമുണ്ട്. അത് ഓരോന്നും ഒറ്റയ്ക്ക് നിൽക്കുന്നു. ഓരോന്നായി വായിച്ചാലും അത് പൂർണ്ണമാണ്. അതേ സമയം ഓരോന്നും ഒരു അനുസ്യൂതിയുടെ, ആഖ്യാന ഭാഗങ്ങളുമാണ്.

‘മണം’എന്ന ലേഖനമാണ് ആദ്യം ഞാൻ വായിച്ചത്. എസ്.എം.വി സ്‌കൂളിലെ പ്രിൻസിപ്പാൾ ആയി വിരമിച്ച സുബ്രഹ്‌മണ്യ അയ്യരെക്കുറിച്ചും അദ്ദേഹം എന്നും ശാന്തൻ ജോലിനോക്കുന്ന കാൻസർ സെന്ററിൽ റേഡിയേഷനു വരുമ്പോൾ പരത്തിക്കൊണ്ടിരുന്ന സുഗന്ധത്തെക്കുറിച്ചും, അദ്ദേഹം മരിച്ചപ്പോൾ ആ മണം എത്തിയതുമായ അനുഭവം വിസ്മയകരമാണ്. അതിനെക്കുറിച്ചോർക്കുമ്പോൾ വൈലോപ്പിള്ളിയുടെ വരികൾ ശാന്തൻ ഉദ്ധരിക്കുന്നുണ്ട് : ‘അമൃതിൻ മണമെന്റെ ജീവനിൽ തളിച്ചിട്ടുണ്ട് അതിലൽപ്പമെൻ പാട്ടിൽ വാറ്റുവാൻ കഴിഞ്ഞെങ്കിൽ’. ഈ അമൃതിന്റെ മണം സ്വന്തം കവിതയിൽ അല്പമെങ്കിലും വാറ്റാൻ കവികൾ ആഗ്രഹിച്ചു പോകുന്നു. ഭൗതികം എന്നു തോന്നിക്കുന്ന ഈ സുഗന്ധം അനുഭവിക്കാൻ കഴിയുന്നത് ഒരു പക്ഷെ ഒരു കവിയുടെ മനസ്സിന് മാത്രമായിരിക്കും.

ആ കുറിപ്പ് അവസാനിപ്പിക്കുന്നതും ഇത്തരത്തിലുള്ള മനോഹരമായ കാവ്യാത്മകമായ വാചകങ്ങളിലാണ്. പൂക്കളായ് ഇലകളായ് മണ്ണായ് മനുഷ്യനായ് കാരുണ്യനിധിയായ പ്രകൃതി ആ മണം നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പൂവിലോ ഇലയിലോ ഒളിഞ്ഞിരിക്കുന്ന മണത്തിന്റെ ഉത്ഭവം തേടിയവർ ആ മണത്തിൽ ലയിച്ച് ആ മണമായ് മറയുന്നു. സ്വശരീരത്തിന്റെ ഗന്ധമറിയാതെ മണത്തിന്റെ ഉറവിടം പരതി ഓടുന്ന കസ്തൂരിമാനിനെപ്പോലെ ആനന്ദവും സന്തോഷവും അന്വേഷിച്ച് പുറംലോകങ്ങളിൽ അശാന്തരായി അലയുകയാണ് നമ്മൾ. അത് നമ്മുടെ ഉള്ളിലാണെന്നറിയാതെ. ഒരു സാധാരണ കാൻസർ രോഗിയുടെ അനുഭവം അല്ലെങ്കിൽ അദ്ദേഹം പുരട്ടിയിരിക്കുന്ന സുഗന്ധ ലേപനത്തിന്റെ സൗരഭ്യം ശാന്തനിലെ എഴുത്തുകാരനെ അഥവാ അന്വേഷകനെ നയിക്കുന്നത് ജീവിതത്തെ സംബന്ധിച്ച് വളരെ അഗാധമായ ഒരു സത്യത്തിലേക്കാണ്. ഒരു പ്രശസ്തമായ ഉപമയാണ് കസ്തൂരിമാനിന്റേത്.

കസ്തൂരിമാൻ താൻ അനുഭവിക്കുന്ന മണം തന്റെ ശരീരത്തിൽ നിന്നാണ് വരുന്നതെന്നറിയാതെ ചുറ്റും അന്വേഷിക്കുന്നതു പോലെ, നാം ഓരോരുത്തരും നമ്മുടെ തന്നെ ഉള്ളിൽ കുടിയിരിക്കുന്ന ആഹ്ലാദത്തിന്റെ സ്രോതസ്സുകളെ അതിന്റെ നിത്യപ്രഭാവങ്ങൾ മറന്നുകൊണ്ട് വളരെ ഭൗതികമായ സുഖങ്ങളുടെ പിന്നാലെ പോവുകയും, അതുവഴി നമ്മുടെ തന്നെ ഉള്ളിലെ ആനന്ദത്തിന്റെ മഹാപ്രഭാവങ്ങളെ നമുക്ക് കണ്ടെത്താൻ കഴിയാതെ പോവുകയും ചെയ്യുന്നു. ഈ ലേഖനങ്ങളിലൂടെ ശാന്തൻ അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രമാണ് രാജമ്മസ്വാമിനി. റേഡിയേഷൻ ചെയ്യാൻ പോവുകയാണെന്നു പറയുമ്പോൾ, ദൃഷ്ടികൾ മുകളിലേക്ക് കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു സ്വാമിനിയെ ക്കുറിച്ചും, ശാന്തന്റെ ജീവിതത്തിലെ രഹസ്യങ്ങൾ അവർ വെളിപ്പെടുത്തുന്നതും അപൂർവ്വമായൊരു അനുഭവമാണ് പകരുന്നത്.

മുൻപരിചയമില്ലാത്ത സ്വാമിനി ഇല്ലായ്മകൾ കുടുംബദോഷങ്ങൾ ഒക്കെ വിളിച്ചു പറയുന്നു എന്നത് എനിക്ക് അത്ഭുതമായി. ഇവ അതിഭൗതികമായ അനുഭവങ്ങളാണോ ? ഭൗതികമായ അനുഭവങ്ങളാണോ ? Textഅതിഭൗതികത്തിന്റേയും ഭൗതികത്തിന്റേയും അതിർത്തി എവിടെയാണ് വേർതിരിയുന്നത് ? പലപ്പോഴും ഭൗതികത്തെ കുറിച്ചുള്ള ജ്ഞാനവും അതിനെക്കുറിച്ചുള്ള കൂടുതൽ അഗാധമായ അന്വേഷണങ്ങളുമൊക്കെ തന്നെയാണ് അതിഭൗതികത്തിലേക്കും നയിക്കുന്നത് എന്ന് രണ്ടു ധാരകളേയും കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എന്നെപ്പോലെ ഒട്ടേറെ ആളുകൾക്ക് തോന്നിയിട്ടുണ്ട്.ഈ അനുഭവങ്ങൾക്ക് ഒരു പക്ഷേ ഭൗതികമായ വ്യാഖ്യാനങ്ങൾ സാധ്യമാണ് എന്നു വരാം. എന്നാൽ യഥാർത്ഥമായ ചോദ്യം ഇവയെ ഭൗതികമായി വ്യാഖ്യാനിക്കാൻ കഴിയുമോ എന്നല്ല, നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ നമുക്ക് തന്നെ അറിയാത്ത നമുക്ക് വിശദീകരിക്കാൻ ആകാത്ത ഒട്ടേറെ രഹസ്യങ്ങൾ ഒട്ടേറെ നിഗൂഢതകൾ നിഴലിച്ച് നിൽക്കുന്നു എന്നതാണ്.

ഒരു കാലത്ത് ശാസ്ത്രം ഇത്തരത്തിലുള്ള പ്രപഞ്ചത്തിന്റെ അഗാധ നിഗൂഢതകളെ അനാവരണം ചെയ്തേക്കാം. ഭക്തി അഥവാ ആത്മീയത എന്നു വിളിക്കുന്നത് പ്രപഞ്ചരഹസ്യത്തോടുള്ള ബഹുമാനവും അതിനു മുന്നിൽ നമുക്ക് തോന്നുന്ന വിനയവുമാണ്. ഈശ്വരനിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും അത്യന്തികമായി ഒരു മനുഷ്യനെ വിനീതനാക്കുന്നത് ഈ രഹസ്യത്തെക്കുറിച്ചുള്ള ധാരണയാണ്. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ അനേകം നക്ഷത്ര യൂഥങ്ങൾക്കിടയിലുള്ള ഒരു കോണിലിരുന്ന് ഈ പ്രപഞ്ചത്തിന്റെ രഹസ്യം എന്തെന്ന് കണ്ടെത്താത്താൻ ശ്രമിക്കുന്ന മനുഷ്യന് തോന്നുന്ന നിസ്സാരതാബോധം. ഇത്രയെല്ലാമറിഞ്ഞിട്ടും നാം അറിയാത്ത, അറിയാനുള്ളതിന്റെ എത്രയോ ചെറിയ ഒരംശം മാത്രമാണ് എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന ഒരു വിവേകമുണ്ട് ഒരു വിനയമുണ്ട്, ഇതിനെയാണ് ആത്മീയാനുഭവമായും ഭക്തിയായും വിശേഷിപ്പിക്കുകയും അറിയുകയും അനുഭവിക്കുകയുമൊക്കെ ചെയ്യുന്നത്. പ്രപഞ്ചത്തിലെ ഈ രഹസ്യാത്മകതയെക്കുറിച്ചുള്ള അഗാധമായ ബോധം ഈ എഴുത്തു മുഴുവൻ ധ്വനിക്കുന്നുണ്ട്.

വായനക്കാരിലേക്ക് പകർന്ന ഈ അനുഭവക്കുറിപ്പുകളിൽ പ്രണയത്തിനും ഇടമുണ്ട്. കവിതയും സംഗീതവും ഫോട്ടോഗ്രാഫിയുമായി ജീവിക്കുന്ന മധ്യവയസ്‌കനായ ബഷീറിന്റെ പ്രണയം. അവസാനം കാൻസർ ബാധിച്ചു മരിക്കുന്നതിനുമുമ്പ് തന്റെ കാമുകിയായ ആമിനയുമൊത്ത് ഒരു ദിവസമെങ്കിലും ജീവിക്കുക എന്നതായിരുന്നു അയാളുടെ ആഗ്രഹം. ശാന്തനുൾപ്പടെയുള്ള ആളുകൾ അയാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിന്റെ ആഖ്യാനം കൂടിയാണിത്. ഒരു ഭാഗത്ത് മരണത്തിന്റെ അനിഷേധ്യമായ വിളി. മറ്റൊരു ഭാഗത്ത് അത്രതന്നെ ശക്തമായ പ്രണയത്തിന്റെ തീവ്രമായ ആകർഷണം. അതിലേതാണ് കൂടുതൽ ശക്തം ? മനുഷ്യന് ജീവിതരതിയോളം തന്നെ ശക്തമാണ് മരണരതി എന്ന് ഫ്രോയിഡിനെ പോലുള്ള മനഃശാസ്ത്രജ്ഞർ പറയും. ഇതിൽ ഏതാണ് കൂടുതൽ ശക്തമെന്നറിയാൻ കഴിയാത്ത രീതിയിലുള്ള അഗാധമായ ജീവിതാസക്തി ഈ അനുഭവത്തിലൂടെ ശാന്തൻ വെളിപ്പെടുത്തുന്നുണ്ട്. എനിക്ക് വീണ്ടും വീണ്ടും വായിക്കാൻ തോന്നിയ അടിവരയിട്ടു വെച്ചേക്കുന്ന ഒട്ടേറെ ഭാഗങ്ങളുണ്ട് ബഷീറിന്റെ കഥയിൽ.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസിയായ ഗോപിനാഥനെക്കുറിച്ചുള്ള ശാന്തന്റെ അനുഭവം ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകും. ഭാര്യ മറ്റൊരു പുരുഷനുമായി സംഗമിക്കുന്നത് നേരിൽ കണ്ടതിനാൽ കൊന്നുകളഞ്ഞയാളാണ് ഗോപിനാഥൻ. ജയിലിൽ കിടക്കുന്ന ആ മനുഷ്യൻ കാൻസർ രോഗിയായി എത്തുമ്പോൾ അയാളിലുണ്ടാകുന്ന മാനസികമായ പരിവർത്തനമാണ് ലേഖനത്തിന്റെ ആധാരം. വേദനയിലും ഒറ്റപ്പെടലിലും ആണ് നാം നമ്മുടെ സ്വത്വത്തെക്കുറിച്ച് അന്വേഷിക്കുന്നത് എന്ന് ശാന്തൻ പറയുന്നു. സമൂഹം അടിച്ചേൽപ്പിച്ചിരിക്കുന്ന മുൻധാരണകളാണ് നമ്മുടെ സ്വത്വം എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് നമ്മൾ. യഥാർത്ഥത്തിൽ അത് നമ്മുടേതല്ല, നമ്മുടെ യഥാർത്ഥ സ്വത്വം കണ്ടെത്തുമ്പോഴാണ് നമ്മൾ നമ്മളാകുന്നത്. എങ്ങനെയാണ് മനുഷ്യർ മറ്റുള്ളവർ പകരുന്ന അറിവുകൾ അനുസരിച്ച് മറ്റുള്ളവർ സൃഷ്ടിക്കുന്ന ഇമേജിനനുസരിച്ച് നമ്മൾ അറിയാതെ തന്നെ സത്യത്തിൽ നിന്ന് വേർപ്പെട്ട് ആ സത്യത്തിന്റെ പ്രവാചകരും ആവിഷ്‌കാരങ്ങളുമായി മാറുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചന ഈ കുറിപ്പിലുണ്ട്. ഓരോരുത്തരും അവരവരുടെ ആദർശങ്ങളെ, യഥാർത്ഥ വികാരങ്ങളെ, തങ്ങളുടെ സ്വത്വത്തിന്റെ തനിമയെ കാണാതെ പോകുന്നു. പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാതെ പേകുന്നു എന്നത് ഈ അനുഭവം പറയുന്നത് ശ്രദ്ധേയമാണ്.

പാട്ടുകാരിയും ശുശ്രൂഷകയുമായ ഫിലോ ജയരാജ് എന്ന തമിഴ് സ്ത്രീ രോഗിയായി വരികയും എന്നാൽ അവർ ശാന്തമായി രോഗത്തെ സമീപിക്കുകയും ചെയ്യുന്ന അനുഭവമുണ്ട്. ഫിലോയുടെ ധ്യാനസമയത്ത് ഓർമ്മയിലേക്കു നിറഞ്ഞു തുളുമ്പിയ പാട്ടുകൾ ശാന്തൻ മൊഴിമാറ്റം നടത്തുന്നതും കേരളത്തിലെ പ്രഗത്ഭരായ പാട്ടുകാർ അത് പാടി റെക്കോർഡ് ചെയ്യിക്കുന്നതും ശാന്തന്റെ അനുഭവത്തിലുണ്ട്. പത്മാസുബ്രഹ്‌മണ്യം എങ്ങനെയാണ് നൃത്തത്തെ ഉപാസനയായി കാണുന്നത്, തന്റെ മുൻ ജന്മം അവർ ഓർമ്മിക്കുന്നതും ഹൃദയം എങ്ങനെയാണ് നൃത്തം ചെയ്യുമ്പോൾ മറ്റൊരാളുടെ ആത്മാവായിരിക്കുന്നത് എന്നൊരനുഭവവും ശാന്തൻ പങ്കുവയ്ക്കുന്നു. അങ്ങനെ അനേകം ജീവിതരംഗങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ ശാന്തൻ അവതരിപ്പിക്കുന്നു. അഭേദാനന്ദാശ്രമത്തിൽ വച്ച് മുത്തുക്കുഴിയമ്മ നാഗസന്യാസി യെ പരിചയപ്പെടുത്തുന്നതും അയാൾ കൈമാറിയ സാളഗ്രാം ആത്മീയമായ ഊർജ്ജപ്രസരണം ഉണ്ടാക്കുന്നതും നഗ്‌നസന്യാസി എന്ന കുറിപ്പിൽ പറയുന്നുണ്ട്.

ഡൊമനിക് ജെ കാട്ടൂർ തിരുനെല്ലൂരിന്റെ കവിതകൾ മനോഹരമായി കാൻസർ വാർഡിൽ വച്ച് തിരുനെല്ലൂരിനെ പാടികേൾപ്പിക്കുന്ന അനുഭവമുണ്ട്. ചികിത്സയ്ക്കിടയിൽപ്പോലും പുതിയ കഥകൾക്കു വേണ്ടി തയ്യാറെടുക്കുന്ന വി.സാംബശിവനുണ്ട്. ശിവപ്രഭാകരസിദ്ധയോഗി എന്ന അനേകം ജന്മങ്ങൾ ജീവിച്ച യോഗിയെക്കുറിച്ചുള്ള അനുഭവമുണ്ട്. പാക്കിസ്ഥാനിയാണെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ അനേഷിച്ചു നടക്കുന്ന ഖാൻ എന്ന ആൾ റേഡിയേഷനു വേണ്ടി എത്തുന്ന അനുഭവകഥയുണ്ട്. അങ്ങനെ ചികിത്സപോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ഖാനെ അതിർത്തി കടത്തരുതായിരുന്നു. പരദേശി എന്ന ആ അനുഭവം നയിക്കുന്നത് വളരെ മാനുഷികമായ ഒരു ചിന്തയിലേക്കാണ്. രാഷ്ട്രത്തിന്റെ അതിർത്തികൾ നിയമങ്ങൾ അതിനെല്ലാം അപ്പുറമുള്ള മനുഷ്യത്വ ത്തിന്റെ നിയമങ്ങൾ എന്താണ് എന്നതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയിലാണ് ആ അനുഭവം അവസാനിപ്പിക്കുന്നത്. നമ്മൾ ഭീകരപ്രവർത്തനങ്ങൾ മൂലമുള്ള ദുരന്തങ്ങൾ നിരന്തരം അനുഭവിക്കുന്നവരാണെങ്കിലും ദേശഭക്തിയുടെ പേരിൽ ശത്രുവിനെതിരെയുള്ള വാൾപ്പിടിയിൽ നമ്മുടെ കൈമുറുകാതിരിക്കുവാൻ പ്രാർത്ഥിക്കുക. അതിർത്തിക്കിപ്പുറമാണെങ്കിലും ഒരേ വായുവും ഒരേ സൂര്യ വെളിച്ചവും ഒരേ ഭൂമിയുടെ പ്രതലവും പങ്കിടുന്നവരെന്ന തിരിച്ചറിവിലെങ്കിലും . ഇങ്ങനെ സാധാരണ നമ്മളറിയുന്ന മനുഷ്യരുടെ രാഷ്ട്രീയത്തിലൂടെ നാം അറിയുന്ന രാജ്യസ്നേഹത്തെക്കുറിച്ചും രാജ്യദ്രോഹത്തെക്കുറിച്ചും ഒക്കെയുള്ള ധാരണകൾ ക്കപ്പുറം പോകുന്ന മനുഷ്യന്റെ വിപുലമായ മൂല്യപ്രപഞ്ചത്തിന്റെ സാന്നിധ്യം ഈ ലേഖനങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്.

എന്റെ അടുത്ത സുഹൃത്തായിരുന്ന ഹിരണ്യൻ, ഭാര്യ ഗീത ഹിരണ്യൻ എന്നിവരെക്കുറിച്ചൊരു അനുഭവക്കുറിപ്പുണ്ട്. ഗീത കാൻസർ ബാധിച്ചാണ് മരിച്ചത്. അവരെ ഏറ്റവും അവസാനമായി വീട്ടിൽ പോയി കണ്ടത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ എഴുത്തുകാരിയുടെ മനസ്സ് എന്തായിരുന്നു, എന്തിനെയാണ് അവർ എത്തിപിടിക്കാൻ ശ്രമിച്ചിരുന്നത്, എന്തുകൊണ്ട് അവർ ഇന്ന് സാഹിത്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും വിസ്മരിക്കപ്പെടുന്നു, ഇങ്ങനെയുള്ള ചോദ്യങ്ങൾ കൂടി ശാന്തൻ ഉയർത്തുന്നുണ്ട്. അഷിത, ബാലമുരുകൻ, ഡോ.കുസുമകുമാരി, തിരുനെല്ലൂർ കരുണാകരൻ, കെ.പി.അപ്പൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെ കഥാപാത്രങ്ങൾ.

തന്റെ മുന്നിലൂടെ തന്റെ മുന്നിൽ കിടക്കുന്ന റേഡിയേഷൻ ടേബിളിലൂടെ താൻ കണ്ടെത്തിയ, മനസിലാക്കാൻ ശ്രമിച്ച ഒട്ടേറെ കഥാപാത്രങ്ങളെ അതി മനോഹരമായി വൈകാരികമായി അതേസമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പരയ്ക്കാണ് ശാന്തൻ ജന്മം നൽകുന്നത്. അദ്ദേഹത്തിന്റെ സമീപകാല കവിതകളിലും ഇതേ ധ്യാനാത്മകതയാണ് ഞാൻ കാണുന്നത്. ഇത്തരത്തിൽ ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റം കൊണ്ടുവന്നവർ മാത്രമാണ് പിൽക്കാലത്ത് മലയാള കവിതയിൽ ശ്രദ്ധിക്കപ്പെട്ടത്. മനുഷ്യത്വം കൂടുതലുള്ള എഴുത്തുക്കാർ അനുഭവം എഴുതുമ്പോൾ അതിതീവ്രമായ വായനാനുഭവമായി മാറും. അത്തരത്തിലുള്ള എഴുത്തുകളാണ് ഈ പുസ്തകത്തിലുടനീളം. ശാന്തന്റെ ഈ പുസ്തകത്തിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.