DCBOOKS
Malayalam News Literature Website

അംബേദ്ക്കറിന്റെ നവഭൗതികവാദം

വൈ.ടി. വിനയരാജ്

അതീത യാഥാര്‍ത്ഥ്യ കേന്ദ്രീകൃതമായ മതബോധങ്ങളെയും അത് നിര്‍മ്മിച്ചെടുക്കുന്ന
ആധിപത്യ രാഷ്ട്രീയ ഘടനകളെയും പ്രതിരോധിച്ച് വര്‍ത്തമാനകാലത്തെ ജനാധിപത്യ സംസ്‌കൃതിയെ പരിപോഷിപ്പിക്കുന്ന നവഭൗതികവാദ ചിന്തകരായ ഗീല്‍ ദെലേസിനോടും അലന്‍ ബാദിയോയോടും അന്തോണിയോ നെഗ്രിയോടുമൊപ്പം അംബേദ്ക്കറും എത്തിനില്‍ക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരു പക്ഷേ, അവരെ എല്ലാവരെ
ക്കാളുമുപരി നവഭൗതികവാദത്തിന്റെ മതദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കീഴാള രാഷ്ട്രീയത്തിന്റെ പ്രായോഗികത ആദ്യം വെളിപ്പെടുത്തിയത് അംബേദ്ക്കറായിരിക്കും.

നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര
പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മ്മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്. പാശ്ചാത്യയൂറോപ്യന്‍ ചിന്താധാരയിലായാലും പൗരാണിക ഇന്ത്യന്‍ സംസ്കാരത്തിലായാലും അത് യാഥാര്‍ത്ഥ്യമാണ്. സംഘടിത മതരൂപങ്ങളെല്ലാം തന്നെ കാലത്തെ അതിജീവിച്ചത് ജനാധിപത്യ രാഷ്ട്രീയ സ്ഥാപനകളുടെ നിഴലിലാണ്. ആധിപത്യത്തിന്റെ ചിഹ്നങ്ങള്‍ പേറുന്ന ഒന്നാണ് മതം എന്ന് ഗായത്രി ചക്രവര്‍ത്തി സ്പിവാക് അഭിപ്രായപ്പെടുന്നതിനും കാരണമിതാണ്. മതങ്ങള്‍, ഒന്നുകില്‍ ആധിപത്യക്രമങ്ങളെ പുറമെ നിന്ന് പിന്താങ്ങുകയോ അല്ലെങ്കില്‍ മതങ്ങള്‍ തന്നെ അടഞ്ഞതും മൗലി കവാദപരവും ജനാധിപത്യവിരുദ്ധവുമായ ഭരണക്രമങ്ങളായി മാറുകയോ ചെയ്തിട്ടുണ്ട്. അത്, യഹൂദമതം, ക്രൈസ്തവ മതം, ഇസ്ലാം മതം പോലുള്ള സെമറ്റിക് മതങ്ങളായിരുന്നാലും ഹിന്ദുമതം, ബുദ്ധമതം, ജൈന മതം, താവോയിസം പോലുള്ള പൗരസ്ത്യ മതങ്ങളായിരുന്നാലും വാസ്തവം തന്നെയാണ്. വ്യവസ്ഥാപിത മതഘടനകളൊക്കെത്തന്നെ കീഴാള പ്രവര്‍ജ്ജനത്തിന്റെ രാഷ്ട്രീയ ഘടനകളായി മാറുന്നതെന്തു കൊണ്ടാണെന്ന് വിശകലനം ചെയ്യുന്ന രാഷ്ട്രീയ Pachakuthiraതത്ത്വചിന്തകരില്‍ ബി.ആര്‍. അംബേദ്ക്കര്‍ സവിശേഷമായൊരു സ്ഥാനം വഹിക്കുന്നു. കീഴാള ജനാധിപത്യ സാമൂഹികസാംസ്‌കാരിക അനുഭവങ്ങളുടെ പുനര്‍നിര്‍മ്മിതിക്ക് ആഹ്വാനം
നല്‍കുന്ന നവഭൗതികവാദകാലത്ത് അംബേദ്ക്കറിന്റെ പുനര്‍വായന അത്യന്തം സംഗതവും അനിവാര്യവുമാണ്.

ഇന്ത്യയിലെ ബ്രാഹ്മണികഹിന്ദുത്വ മതബോധം ആധിപത്യത്തിന്റെ പ്രവര്‍ജ്ജന ഘടനയാണെന്നും ശുദ്ധഅശുദ്ധ നിയമങ്ങളെ നിര്‍മ്മിച്ച് സാമൂഹ്യബന്ധങ്ങളെ കീഴ്‌മേല്‍ അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ട് അപമാനവികരണത്തിന്റെ പ്രത്യ
ശാസ്ത്രമായി മാറിയെന്നും നീതിശാസ്ത്രപരമായി ആദ്യമായി ആധുനിക ലോകത്തോട് പറഞ്ഞത് ഡോ. ബി.ആര്‍. അംബേദ്ക്കറാണ്. നവീകരിച്ച ബൗദ്ധദര്‍ശനങ്ങളോടും മാര്‍ക്‌സിസത്തിന്റെ പരിവര്‍ത്തനാത്മക ചരിത്രദര്‍ശനത്തോടും ആധുനിക ലിബറല്‍ ചിന്തകളോടും ആഭിമുഖ്യം കാണിച്ച അംബേദ്ക്കര്‍, ഇന്ത്യയിലെ അസ്പര്‍ശ്യരും അന്യവല്‍ക്കരിക്കപ്പെട്ടതുമായ കീഴാള ജനസമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ രാഷ്ട്രീയ കര്‍തൃത്വത്തെ കൊളോണിയല്‍ ആധുനികതയുടെ ദാര്‍ശനികകാലത്ത് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബ്രഹ്മണിക്ഹിന്ദുത്വമതബോധങ്ങളെ തകര്‍ക്കാന്‍ അംബേദ്ക്കര്‍ സാധ്യമായ എല്ലാ വ്യവഹാരങ്ങളെയും സംവാദ പങ്കാളികളാക്കുന്നുവെന്നത് ശ്രദ്ധേ
യമാണ്. ഫലത്തില്‍, ധാര്‍മ്മികതയും നീതിയും ഉറപ്പാക്കുന്ന സാമൂഹിക രാഷ്ട്രീയ പ്രക്രിയയില്‍ മതത്തിന്റെ പുനരടയാളപ്പെടുത്തലിനാണ് അംബേദ്ക്കര്‍ ശ്രമിച്ചത് എന്നുപറയാം. ഇവിടെ, രാഷ്ട്രീയവും മതവും ചരിത്രവും സംസ്‌കാരവുമെല്ലാം ധാര്‍മ്മികതയുടെയും കരുണയുടെയും പ്രത്യയശാസ്ത്രഭാവനകളായി മാറുന്നുവെന്നതാണ് ശ്രദ്ധേയം. ഒരുപക്ഷ ഇങ്ങനെ മതത്തെ ജനാധിപത്യപരമായി രാഷ്ട്രീയവല്‍ക്കരിക്കുകയും രാഷ്ട്രീയത്തെ അപസാമ്രാജ്യത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സാംസ്‌കാരിക പ്രവര്‍ത്തനം ലോകത്തില്‍ തന്നെ വിരളമാണെന്ന് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ആധിപത്യ
വിരുദ്ധമായൊരു മതവും രാഷ്ട്രീയവും അന്വേഷിക്കുന്ന പ്രക്രിയയില്‍ അംബേദ്ക്കര്‍ ഒഴിവാക്കാനാവാത്ത പാഠവും ഓര്‍മ്മയുമായിത്തീരുന്നു.

മതം ഒരു ധാര്‍മ്മികബോധം എന്ന നിലയില്‍ ഇന്ത്യയിലെ ഒരു കീഴാള തത്ത്വചിന്തകന്‍ എന്ന നിലയ്ക്ക് ജാതി എന്ന സാമൂഹികസാമ്പത്തികസാംസ്‌കാരിക പ്രയോഗത്തെ നിലനിര്‍ത്തുന്ന മതപരമായ ജ്ഞാനപരിസരങ്ങളെ അപനിര്‍മ്മിച്ചുകൊണ്ട് കൊളോണിയല്‍ ആധുനിക കാലത്ത് പുതിയൊരു രാഷ്ട്രീയ സമൂഹ നിര്‍മ്മിതി ലക്ഷ്യമാക്കുകയായിരുന്നു അംബേദ്ക്കര്‍ ചെയ്തത്. ബ്രാഹ്മണിക്ഹിന്ദുമതമാണ് ജാതിവ്യവസ്ഥയെ ന്യായവല്‍ക്കരിക്കുന്നതെന്നും അത് നിര്‍മ്മിച്ചു വച്ചിരിക്കുന്ന സാമൂഹികസാമ്പത്തികരാഷ്ട്രീയ ഘടനകളുടെ പൊളിച്ചെഴുത്ത് അനിവാര്യമാക്കാന്‍ പുതിയൊരു രാഷ്ട്രീയ ദൈവശാസ്ത്രം തന്നെ ഉണ്ടാകണമെന്നും അംബേദ്ക്കര്‍ വാദിക്കുന്നു. അംബേദ്ക്കറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എല്ലായ്‌പ്പോഴും ദൈവശാസ്ത്രാടിത്തറയുള്ളതാവാനുള്ള കാരണവും മറ്റൊന്നല്ല. ജാതിവ്യവസ്ഥയെ ദൈവശാസ്ത്രപരമായി നിര്‍മ്മിച്ചെടുക്കുമ്പോള്‍ അത് അപനിര്‍മ്മിക്കുന്നതിനും ദൈവശാസ്ത്രത്തെ തന്നെ ഉപയോഗിക്കേണ്ടതുണ്ട് എന്ന ചിന്തയാവാം ബുദ്ധമതപരിവര്‍ത്തനത്തിലേക്ക് അംബേദ്ക്കറിനെ നിര്‍ബന്ധിച്ചതെന്ന് മനസ്സിലാക്കാം.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.