DCBOOKS
Malayalam News Literature Website

ഫർസാനയുടെ എഴുത്തിലൂടെ ഒരു ബാലനോവൽ 

 

 

ചൈനയുടെ ഒരു ചെറിയ ഭൂമികയിലൂടെയുള്ള യാത്ര. മാമയുടെ മാത്രം ഷ്യൗ വാങ്, ആ വിളി മാമയ്ക്ക് മാത്രം അവകാശപ്പെട്ടതും. നന്മയുള്ള ഗ്രാമത്തിലെ നന്മയുള്ള കുട്ടി. ഗ്രാമത്തിന്റെ എല്ലാ കുതൂഹലങ്ങളും, കാഴ്ചകളും നിറവായുള്ള ഗ്രാമം. നമ്മുടെ നാട്ടിലെ പഴയ നാട്ടുമ്പുറങ്ങളുടെ ഒരു ചിത്രമാണ് ഈ ഗ്രാമവും. പുരാണകഥകളും, ഐതീഹ്യങ്ങളും, ഇടകലർന്നുള്ള കാല്പനിക കഥകൾ വീണുറങ്ങുന്ന മണ്ണിലാണ് വാങ് വളരുന്നത്.

ഗ്രാമവാസികളുടെ സങ്കടങ്ങളുടെ അഭയസ്ഥാനം നുവദേവതയാണ്. വാങ്ങും മാമയും അവിടെയാണ് പ്രാർത്ഥനയ്ക്കായ് പോകുന്നതും. മനുഷ്യരെ ഭയപ്പെടുത്തുന്ന, ഉപദ്രവിക്കുന്ന ന്യാനും, പാണ്ടയുമാണ് ഭീതി സൃഷ്ടിക്കുന്ന കഥകളിലെ കഥാപാത്രങ്ങൾ. ചിമിങ്, മുടി വെട്ടുന്ന,വാങ്ങിന്റെ മുത്തച്ഛന്റെ കൂട്ടുകാരൻ യേയേ ഇവരാണ് വാങ്ന് മാമയും പാപയും കഴിഞ്ഞാൽ പ്രിയപ്പെട്ടവർ. പാപയെ കാണാതെയുള്ള സങ്കടം പറഞ്ഞപ്പോൾ പാപയുടെ ജോലിസ്ഥലം യേയേ പറഞ്ഞു കൊടുക്കുന്നു..
ഒൻപതുവയസുള്ള കുട്ടിയുടെ നിഷ്കളങ്കതയോടെയുള്ള ചിന്തകൾ, കാരുണ്യപൂർവ്വമായ പ്രവർത്തികൾ, കുസൃതികൾ കുഞ്ഞു ഹൃദയത്തിലുണ്ടായ സങ്കടങ്ങൾ, സന്തോഷങ്ങൾ വൈകാരികതയോടെ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ കഥയിൽ. വസന്തോത്സവത്തിന് പാപവരില്ലെന്നറിഞ്ഞപ്പോൾ ഒരു പുലർക്കാലം പാപയെ തേടി യാത്രയാവുന്നു കുഞ്ഞു വാങ്. യാത്രയിൽ മാമയെ കുറിച്ചുള്ള ചിന്തകളും, യേയെ മാമയെ സമാധാനിപ്പിക്കുന്ന വാക്കുകളും ഓർത്തപ്പോൾ ധൈര്യപൂർവ്വം അവൻ നടന്നു.
അവൻ കടന്നുപോകുന്ന നദികളും, മലകളും അവൻ കാണുന്ന കാഴ്ചകളും മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും ഉള്ളതുപോലെ പദ്ധതികൾ ആവിഷ്‌കരിക്കപ്പെടുമ്പോൾ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളിൽ മറ്റു ജീവികൾക്കുണ്ടാകുന്ന നഷ്ടങ്ങൾ ന്യാനിലൂടെ പറയുന്നു. ന്യാൻ എന്ന യാഥാർഥ്യത്തെയും!
എന്തു സംശയങ്ങളും മാമ പറയുന്ന ഉത്തരങ്ങളിൽ , വിശ്വാസമർപ്പിക്കുന്ന, ശരിയെന്നു വിശ്വസിക്കുന്ന നിഷ്കളങ്ക മനസ്സുള്ള കുട്ടിയാണ് വാങ്. പുതുവൽസരത്തിലേക്ക് അവന്റെ പാപയെത്തുന്നതും കാത്തിരിക്കുന്നു മാമയും കുഞ്ഞു വാങ്ങും. ചൈനയുടെ പശ്ചാത്തലത്തിലൂടെ, അവിടെയുള്ള ജീവിത വ്യവസ്ഥകൾ, കാലാവസ്ഥകൾ പറഞ്ഞു വെക്കുന്നു ഈ ചെറിയ നോവലിൽ. ഫർസാനയുടെ വാങ്ന് ആശംസകൾ.

 

Comments are closed.