DCBOOKS
Malayalam News Literature Website

കഥയ്ക്കുപിന്നിലെ വഴിയോരക്കാഴ്ചകള്‍

കെ. മധുപാൽ

മലയാള സിനിമയില്‍ തിരക്കഥ കൊണ്ട് പ്രേക്ഷകരെ പിടിച്ചുനിര്‍ത്തിയ എഴുത്തുകാരന്‍ ആണ് ഡെന്നീസ് ജോസഫ്. ‘ഈറന്‍ സന്ധ്യ’ എന്ന ആദ്യസിനിമ മുതല്‍, ഒരു പുതിയ തരത്തിലുള്ള സ്‌ക്രീന്‍ പ്ലേ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതുവരെ കണ്ടതും കേട്ടതുമായ രീതികളിലല്ല ആ തിരക്കഥകള്‍ പിന്‍തുടര്‍ന്നത്. ‘നിറക്കൂട്ട്’, ‘ശ്യാമ, ‘ആയിരം കണ്ണുകള്‍’,സംഘം തുടങ്ങിയ സിനിമകളില്‍ മലയാള പ്രേക്ഷകന്‍ അതുവരെ കണ്ടുവന്ന ശീലങ്ങളിലല്ലാത്ത കഥാപാത്രങ്ങളെ ഉണ്ടാക്കുക എന്ന ധര്‍മ്മമാണ് ചെയ്തുകൊണ്ടിരുന്നത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍ എന്നീ സിനിമകള്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളെ ക്രിയേറ്റ് ചെയ്തു.

വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തെ മമ്മൂട്ടിക്ക് വേണ്ടിയാണ് ചെയ്തത്. അപ്രതീക്ഷിതമായിട്ടാണ് അത് മോഹന്‍ലാല്‍ എന്ന ആക്ടറുടെ കയ്യില്‍ എത്തിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ വന്ന ആ സിനിമ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് മോഹന്‍ലാല്‍ എന്ന രൂപത്തില്‍നിന്നും ഭാവത്തില്‍നിന്നും മാറ്റി ചിന്തിക്കാനാകാത്ത വിധം മലയാളികളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ചില സീനുകളില്‍, ‘ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു അങ്കിളിന്റെ അച്ഛനാരാണെന്ന’്, ‘മൈ ഫോണ്‍ നന്പര്‍ ഈസ് 5522’ തുടങ്ങിയ ഡയലോഗുകള്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ നോട്ടം, ഭാവം, ചലനം എന്നിവകൊണ്ട് വിന്‍സെന്റ് ഗോമസ് അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ എന്ന രൂപത്തിലേക്ക് മാറിയതുപോലെ. ഞാന്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്, ആ സിനിയില്‍ മമ്മൂട്ടി ആയിരുന്നെങ്കില്‍ എങ്ങനെ ആയിരിക്കും എന്ന്. ജോഷി സാറിന് വേണ്ടി ചെയ്തിട്ടുള്ള നിറക്കൂട്ട്, സംഘം, ആയിരംകണ്ണുകള്‍, നന്പര്‍ ട്വന്റി മദ്രാസ് മെയില്‍ തുടങ്ങി പല സിനിമകള്‍ ചെയ്തുപോകുന്ന സമയത്ത് തന്നെ സംവിധായകന്‍ തമ്പി കണ്ണന്താനത്തിനുവേണ്ടി രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, വഴിയോര കാഴ്ചകള്‍, ഇന്ദ്രജാലം തുടങ്ങിയ സിനിമകള്‍ പാരലലായിട്ട് ചെയ്തുപോന്നിട്ടുണ്ട്.

ഒരേസമയം രണ്ട് തരം ഹീറോസിനെ കൃത്യമായി ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന തരത്തില്‍ തിരക്കഥയെഴുതിയ എഴുത്തുകാരനാണ് അദ്ദേഹം. കഥാപാത്രങ്ങളിലൂടെ ഉണ്ടാക്കിയിട്ടുള്ള കരിഷ്മ തന്നെയാണ് ഡെന്നീസ് ജോസഫ് എന്നു പറയുന്ന എഴുത്തുകാരന്റെ മുഖമുദ്ര. നിറക്കൂട്ടില്‍ ബാബു നമ്പൂതിരിയെ നെഗറ്റീവ് ആയി പ്രതിഷ്ഠിക്കുക എന്ന അത്ഭുതം കാണാം. അഭിനേതാക്കള്‍ മുമ്പുചെയ്തിട്ടില്ലാത്ത വേഷങ്ങള്‍ അവര്‍ക്കു നല്‍കുക എന്ന രീതി പല സിനിമകളിലും ഉണ്ട്.നെഗറ്റീവ് ആറ്റിറ്റിയൂഡ് ഉള്ള ഹീറോസിനെ പ്ലേസ് ചെയ്യുക എന്നത് പല സിനിമകളിലും ഉണ്ട്. അദ്ദേഹത്തോടൊപ്പം ഇരുന്നിട്ടുള്ള സമയങ്ങളില്‍ എനിക്കു മനസ്സിലായത് കഥപറയുന്നതുപോലെ സംസാരിക്കുന്ന, നോണ്‍സ്റ്റോപ്പായിട്ട് വിഷയത്തെ സമീപിക്കുന്ന ആളാണ് അദ്ദേഹമെന്നാണ്. മൈന്യൂട്ട് ഡീറ്റൈലിംഗ് പോലും ആ എഴുത്തുകാരന്‍ മലയാളിയുടെ മുന്നിലേക്ക് വച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോ ആക്ടേഴ്സിനും ഇത്രത്തോളം ഷാര്‍പ്പ് ആയിട്ട് തന്റെ കഥാപാത്രത്തിന്റെ ഭാവം ചലനം അതെല്ലാം വ്യക്തമാക്കിക്കൊണ്ടിരിക്കാന്‍ സാധിക്കുന്നത്. മനു അങ്കിള്‍ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ്. അതില്‍ സുരേഷ്ഗോപിയെ ഹ്യൂമറസ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാറിന് വെച്ചിരുന്ന ഒരു വേഷം സുരേഷ്‌ഗോപിയെക്കൊണ്ടു ചെയ്യിക്കുകയും അതിനെ ക്ലൗണ്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നത് ഒരു അത്ഭുതം തന്നെയാണ്. ആ സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. അഥര്‍വ്വം എന്ന സിനിമയാണ് എനിക്കേറ്റവും പ്രിയം. ബ്ലാക്മാജിക് സ്വഭാവത്തിലേക്ക് ഒരു ക്യാരക്ടറും അതിന്റെ പശ്ചാത്തലവും കൊണ്ടുവന്ന് അന്നുവരെ കണ്ടിട്ടില്ലാത്ത സിനിമകളില്‍ നിന്നു വ്യത്യസ്തമായി മമ്മൂട്ടി എന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതേസമയത്തുതന്നെ ഡെന്നീസ് ജോസഫ് എന്ന സംവിധായകന്‍ മോഹന്‍ലാലിനെ വച്ചു ചെയ്തതാണ് അപ്പു എന്ന സിനിമ. അതും ഇതേപോലെ നെഗറ്റീവ് സ്വഭാവം എലമന്റാക്കിയിട്ടുള്ള കഥയാണ്. ആ കഥ എത്രത്തോളം പ്രേക്ഷകന്റെ മനസ്സിലേക്ക് കൊണ്ടുവരാന്‍ പറ്റുമോ എന്ന രീതിയിലേക്ക് വര്‍ക്ക് ഔട്ട് ചെയ്തിട്ടുള്ള സിനിമയാണത്. കാരണം ഈ രണ്ട് നടന്‍മാരുടേയും വളരെ സാധാരണമായ തരത്തിലുള്ള ചെറിയ നീക്കം പോലും മനസ്സില്‍ അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുതിരക്കഥാകൃത്താണ് ഡെനീസ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ നമ്മുടെ മനസ്സിലേക്ക് ക്ൃത്യമായി കടന്നുവരുന്ന കഥാപാത്രങ്ങള്‍ ഉള്ളത്. തിരക്കഥയാണ് സിനിമയുടെ ശക്തി എന്നതിന് ഏറ്റവും ശുഭമുള്ള തെളിവാണ് ഡെന്നീസ് ജോസഫ്. മെയിന്‍സ്ട്രീം കൊമേഴ്സ്യല്‍ സിനിമകളിലെ ഏറ്റവും തിരക്കുള്ള ഒരു എഴുത്തുകാരനാകുന്നതും അങ്ങനെതന്നെയാണ്. അത്രമാത്രം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട.് പൊളിഞ്ഞുപോകുന്ന സിനിമ ഉണ്ടായാല്‍പോലും അടുത്ത സിനിമയില്‍ എന്തെങ്കിലും ഒരു അത്ഭുതം ഈ മനുഷ്യന്‍ കൊണ്ടുവരും എന്ന് വിശ്വസിക്കാന്‍ പാകത്തിലുള്ള പ്രേക്ഷകരെ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു കഴിവും മാജിക്കും ഡെന്നീസ് ജോസഫിനുണ്ട്. ഓരോ പ്രാവശ്യവും പുതിയ കാഴ്ചകളിലേക്ക് കൊണ്ടുപോകാന്‍ പറ്റുന്ന ഇമേജുകള്‍ അദ്ദേഹത്തിന്റെ തിരക്കഥകളിലുണ്ട്. അതുകൊണ്ട് അവ സിനിമയായി മാറിയപ്പോള്‍ നിലനില്‍്ക്കുന്ന സിനിമകളായി മാറി ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്ന സിനിമകളായി മാറി. ഡെന്നീസ് ജോസഫ് എന്ന വ്യക്തിക്ക് മരണമില്ലാത്തത് അദ്ദേഹം പറഞ്ഞ വാക്കുകളും ചെയ്തുവച്ച കാഴ്ചകളുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Comments are closed.