DCBOOKS
Malayalam News Literature Website

ജീവിക്കാന്‍ ആയിരം വഴികള്‍ മുന്നിലുള്ളപ്പോള്‍ എന്തിന് ആത്മഹത്യ ചെയ്യണം?

ഓർക്കുക, നമ്മൾ ചെയ്യുന്ന ഓരോ കുഞ്ഞു പ്രവൃത്തി കൊണ്ടും, മറ്റൊരാളുടെ ജീവിതത്തിൽ പ്രതീക്ഷകൾ നൽകാനും, അതുവഴി അയാളുടെ ജീവൻ രക്ഷിക്കാനും കഴിയും

എഴുതിയത് : ഡോ. ജിതിൻ ടി ജോസഫ്
ഇൻഫോ ക്ലിനിക്
സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധദിനമായി ആചരിക്കുകയാണ്. ഓരോ വർഷവും 8 ലക്ഷത്തിൽ കൂടുതലാളുകളുടെ, ഓരോ 40 സെക്കൻഡിലും ഒരാളുടെ മരണത്തിന് കാരണമാകുന്ന, ചെറുപ്പക്കാരിലെ മരണ കാരണങ്ങളിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന, ഒരു നിശബ്ദ പാൻഡെമിക്കിന് പ്രതിരോധം തീർക്കുക, അതിന് വ്യക്തികളെയും സമൂഹത്തെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ആത്മഹത്യ പ്രതിരോധദിനം ആചരിക്കപ്പെടുന്നത്.
ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനാണ് (IASP) വർഷം തോറും ഈ ദിനാചരണത്തിന് മുൻകൈ എടുക്കുകയും, ഓരോ വർഷവും ഓരോ വിഷയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത്.
“Creating Hope Through Action – പ്രവർത്തിയിലൂടെ പ്രതീക്ഷ നൽകുക” എന്നതാണ് ഈ വർഷത്തെ തീം. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളാൽ കഷ്ടത അനുഭവിക്കുന്ന വ്യക്തികൾക്ക്, പ്രതീക്ഷയുടെ പ്രകാശം നൽകാൻ നമ്മുടെ ചെറിയ ഇടപെടലുകൾക്ക് സാധിക്കും. ഇത്തരത്തിൽ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന വ്യക്തികൾക്ക് സഹായ ഹസ്തം നീട്ടാൻ, അവർക്ക് വെളിച്ചമാകാൻ ഓരോരുത്തരെയും പ്രാപ്തരാക്കുക, അതുവഴി ആത്മഹത്യകളുടെ എണ്ണം കുറിച്ചുകൊണ്ട് വരിക എന്നതാണ് ലക്ഷ്യംവെക്കുന്നത്. മറ്റൊരാളെ സഹായിക്കാൻ ‘സമയം കണ്ടെത്തുക’ എന്നതാണ് നമ്മുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം. അങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, എന്തിന് അപരിചിതരായ വ്യക്തികളുടെ ജീവിതം വരെ മാറ്റിമറിക്കാൻ നമുക്ക് സാധിക്കും.
എന്തൊക്കെയാണ് നമുക്ക് ചെയ്യാൻ സാധിക്കുക?
നമ്മുടെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തുക. അങ്ങനെ ചെയ്യുന്നത് വഴി വിഷമാവസ്ഥകളിലൂടെ കടന്നുപോകുന്നവരെ നമ്മൾക്ക് തിരിച്ചറിയാൻ സാധിക്കും. ഒപ്പം നമ്മൾ ഓക്കേയാണോ എന്ന് ഇടയ്ക്കു സ്വയം വിലയിരുത്താനും സമയം കണ്ടെത്തണം.
(എപ്പോഴും അസ്വസ്ഥരായി ഇരിക്കുക, ദുഖിച്ചിരിക്കുക, കടുത്ത ദേഷ്യം പ്രകടിപ്പിക്കുക, പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാവുക, ലഹരി ഉപയോഗമൊക്കെ പെട്ടെന്ന് കൂടുക, എപ്പോഴും തനിച്ചരിക്കാൻ ആഗ്രഹിക്കുക ഇവയൊക്കെ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നതിൻ്റെ ലക്ഷണങ്ങളാണ്.)

(പലപ്പോഴും മോശം മാനസികാവസ്ഥകളിലൂടെ കടന്ന് പോകുന്നവർ അവരുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയണമെന്നില്ല. പക്ഷെ തൻ്റെ അവസ്ഥയെകുറിച്ചു മറ്റൊരാൾ കരുതുന്നുണ്ട് എന്ന് അറിയുമ്പോൾ അവർ ചിലപ്പോൾ തുറന്നു സംസാരിച്ചേക്കാം.)

 പലപ്പോഴും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് നമ്മൾ സംസാരിക്കാൻ മടിക്കുന്നത് അവരോട് എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ടായിരിക്കും. അങ്ങനെ ഒരാളോട് സംസാരിക്കാൻ നമ്മൾക്ക് എല്ലാ അറിവും വേണമെന്നില്ല. സഹാനുഭൂതിയോടെ അവരെ കേൾക്കാൻ തയ്യാറായാൽ അത് അവർക്ക് വളരെ ആശ്വാസം നൽകും. മുൻവിധികൾ ഇല്ലാതെ നമ്മൾ നൽകുന്ന കരുതലും പിന്തുണയും സഹായം തേടാൻ അവരെ പ്രേരിപ്പിക്കും.

 കോവിഡും ആത്മഹത്യകളും

ഏകദേശം രണ്ടു വർഷമായി ലോകം മുഴുവനുമുള്ള മനുഷ്യരെ നേരിട്ടും അല്ലാതെയും ബാധിച്ച കോവിഡ് പാൻഡെമിക്കിനിടയിലാണ് ഈ ആത്മത്യ പ്രതിരോധ ദിനം വരുന്നത് എന്നതും വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ കോവിഡ് കാലത്തെ ആത്മഹത്യകളെകുറിച്ച് കൂടെ പറയാം എന്ന് കരുതുന്നു. ആത്മഹത്യകളെ കുറിച്ച് മുൻപ് ഇൻഫോ ക്ലിനിക് വേറെയും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവയുടെ ലിങ്ക് കമൻറ് ആയി ചേർക്കാം.
ഏകദേശം 22 കോടി ആളുകൾക്ക് കോവിഡ് വന്നു കഴിഞ്ഞു, 45 ലക്ഷത്തിൽ കൂടുതലാളുകളുടെ മരണത്തിനു നേരിട്ട് കാരണമായി. നമ്മുടെ വ്യക്തി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്തെയാകെ ബാധിച്ച് മുൻപോട്ടു പോകുന്ന ഈ പാൻഡെമിക് ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. അതിനെ കുറിച്ചും മുൻപ് ഇൻഫോക്ലിനിക്‌ എഴുതിയിട്ടുണ്ട്.
കോവിഡ് തുടങ്ങി, ലോകമെങ്ങും ലോക്ക്ഡോൺ ആരംഭിച്ച സമയം മുതൽ പത്രങ്ങളിലും മറ്റും നമ്മൾ കണ്ടു തുടങ്ങിയതാണ് വർദ്ധിച്ചു വരുന്ന ആത്മഹത്യകളുടെ കണക്കുകൾ. കോവിഡിന് ഒപ്പം ആത്മത്യകളും ഒരു പാൻഡെമിക് പോലെ ഉയരുമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തെ വർധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ കുടി കണ്ടപ്പോൾ ഈ അഭിപ്രായം സത്യമാകുമെന്ന് പലരും കരുതി.

 

കോവിഡ് തുടങ്ങി ആദ്യ മാസങ്ങളിൽ വന്ന പല പത്രവാർത്തകളും, കേസ് റിപ്പോർട്ടുകളും ആത്മഹത്യയും ആത്മഹത്യ പ്രവണതയും കൂടുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ പല രാജ്യങ്ങളിലും ആത്മഹത്യകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തത് മൂലം ഈ വാർത്തകൾ സത്യമാണോ എന്ന് അറിയുക സാധ്യമായിരുന്നില്ല. ചില യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന പഠനങ്ങളിൽ ആത്മഹത്യ കണക്കുകളിൽ കാര്യമായ മാറ്റമില്ല എന്ന് കണ്ടെത്തുകയും ഉണ്ടായി. അതെ സമയം CDC, WHO തുടങ്ങിയവയുടെ റിപ്പോർട്ടുകളിൽ ആത്മഹത്യ ശ്രമങ്ങളും, ആത്മഹത്യകളും മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്, പ്രത്യേകിച്ചും കൗമാരക്കാർ, യുവജനങ്ങൾ എന്നിവരിൽ. ഈ കണക്കുകൾ ശരിവെക്കുന്ന രീതിയിലുള്ള 54 പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസ് 2021 മെയ് മാസം പുറത്തു വന്നിരുന്നു. ഈ പഠനം പ്രകാരം കോവിഡിന് മുൻപുള്ള വർഷങ്ങളുമായി തുലനം ചെയ്തു പോരുമ്പോൾ ആത്മഹത്യാ ചിന്തകൾ, ശ്രമങ്ങൾ, ആത്മഹത്യകൾ ഒക്കെ കോവിഡ് കാലത്തു കൂടിയിട്ടുണ്ട്. സ്ത്രീകൾ, യുവജനങ്ങൾ എന്നിവരിലാണ് ഈ വ്യത്യാസം കൂടുതലായി കണ്ടത്.

എന്താണ് കോവിഡ് കാലത്ത് ആത്മഹത്യകൾ കൂടാനുള്ള കാരണം?
ആത്മഹത്യകൾ ഉണ്ടാകുന്നത് ഏതേലും ഒരു കാരണം മാത്രം കൊണ്ടാണ് എന്ന് പറയുക സാധ്യമല്ല, മറിച്ചു നിരവധി ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നതിൻ്റെ പരിണിതഫലമാണ് ഓരോ ആത്മഹത്യകളും. ജനിത പ്രത്യേകതകളും, പാരമ്പര്യവും, ജൈവപരമായി തലച്ചോറിലെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട് . ഒപ്പം ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗാവസ്ഥകൾ ഉണ്ടാവുക എന്നത് (പ്രത്യേകിച്ച് വിഷാദം, ബൈപോളാർ രോഗം, ലഹരി ഉപയോഗ രോഗാവസ്ഥകൾ ) ആത്മഹത്യ സാദ്ധ്യത പല മടങ്ങ് വർദ്ധിപ്പിക്കും. ആത്മഹത്യ ചെയ്തവർ/ ശ്രമം നടത്തിയവർ ഇവരിൽ നടന്ന പഠനങ്ങളിൽ സൂചിപ്പിക്കുന്നത് ഇവരിൽ ഏകദേശം 80-90 % ആളുകൾക്കും എന്തെങ്കിലും തരത്തിലുള്ള മാനസിക രോഗാവസ്ഥകൾ ഉണ്ടായിരുന്നു എന്നാണ്. ഇതോടൊപ്പം ജീവിതാനുഭവങ്ങൾ, മോശം ജീവിത സാഹചര്യങ്ങൾ, ശാരീരിക രോഗാവസ്ഥകൾ, ഒറ്റപ്പെടൽ, സാമൂഹികമായ വേർതിരിവുകൾ അനുഭവിക്കുന്നത്, സാമ്പത്തിക ക്ലേശം തുടങ്ങി പല ഘടകങ്ങളും ആത്മഹത്യ സാദ്ധ്യത കൂട്ടും. ഓരോ വ്യക്തികളിലും ഈ ഘടകങ്ങൾ വ്യത്യസ്തമായിരിക്കും..
കോവിഡ് നേരിട്ടും അല്ലാതെയും ആത്മഹത്യ സാദ്ധ്യത കൂട്ടാം. രോഗം വരുന്നത്, ഗുരുതരാവസ്ഥയിൽ ആകുന്നത്, അടുത്ത് പരിചയമുള്ളവർ മരണപ്പെടുന്നത്, നീണ്ടകാലം ഐസൊലേഷനിൽ ഇരിക്കേണ്ടി വരുന്നത് ഒക്കെ നേരിട്ട് നമ്മളെ മാനസികമായി ബാധിക്കുന്ന ഘടകങ്ങളാണ്.
രോഗ നിയന്ത്രണത്തിനായി നമ്മൾ സ്വീകരിക്കുന്ന, ലോക്ക്ഡൗൺ പോലെയുള്ള നടപടികളും, സാമൂഹിക അകലം, ജോലി സ്ഥലത്തും മറ്റുമുള്ള നിയന്ത്രണങ്ങൾ, സ്‌കൂളുകൾ അടക്കുന്നത്, സാമ്പത്തികമായ പ്രശ്നങ്ങൾ, സാമൂഹികമായ വേർതിരിവുകൾ കൂടുന്നത് എന്നിവയും വ്യക്തികളുടെ മാനസികാരോഗ്യത്തെ പരോക്ഷമായി ബാധിക്കാം.
ആരിലാണ് ആത്മഹത്യ സാധ്യത കൂടുതൽ?
കോവിഡ് കാലത്തെ പഠനങ്ങളിൽ നിന്നും കാണാൻ സാധിച്ചത് ആത്മഹത്യ പ്രവണതയും, ആത്മഹത്യകളും എല്ലാവരിലും ഒരുപോലെ അല്ല എന്നാണ്. ആരൊക്കെയാണ് ഈ സാദ്ധ്യത കൂടുതലെന്ന് നമുക്കൊന്നു നോക്കാം.
  • മുൻപ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നവർ.
  • മുൻപ് ആത്മഹത്യ ശ്രമം നടത്തിയവർ
  • ലഹരി ഉപയോഗ രോഗാവസ്ഥയാൽ ബുദ്ധിമുട്ടുന്നവർ
  • കൗമാരക്കാരും, യുവജനങ്ങളും
  • ഗുരുതര കോവിഡ് രോഗാവസ്ഥയിലൂടെ കടന്നു പോകേണ്ടിവന്നവർ, നീണ്ടകാലം
  • ശുപത്രിവാസം (ഐസിയു വാസം ഉൾപ്പടെ) ആവശ്യമായി വന്നവർ.
  • അടുത്ത ബന്ധുക്കൾ കോവിഡ് മൂലം മരണപ്പെട്ടവർ
  • പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ അംഗങ്ങൾ, LGBIQIA+ കമ്മ്യൂണിറ്റിയിൽ പെട്ട വ്യക്തികൾ, സാമൂഹിക വേർതിരിവുകൾ നേരിടുന്ന മറ്റു വ്യക്തികൾ
  • കടുത്ത സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്നവർ
നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?
  • വ്യക്തികൾ എന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും, ഭരണസംവിധാനങ്ങൾക്കും നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
  • സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകൾ കുറച്ചുകൊണ്ട് വരികയും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പ്രത്യേകം കരുതൽ നൽകി സമൂഹത്തിൻ്റെ മുൻ നിരയിലേക്ക് കൊണ്ടുവരികയും ചെയ്യണം.
  • അതുപോലെ കോവിഡ് രോഗം കൊണ്ടോ, അതുമൂലമുള്ള നിയന്ത്രണം കൊണ്ടോ ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പിന്തുണ നൽകാൻ ചുറ്റുമുള്ള സമൂഹത്തിന് കഴിയും. രോഗം വന്നു എന്നത് കൊണ്ട് അവരെ ഒറ്റപ്പെടുത്തുന്നതിനു പകരം, അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും, സാമ്പത്തിക ക്ലേശങ്ങൾ അനുവഭിക്കുന്നവരെ പിന്തുണക്കുന്നതിനും സമൂഹത്തിന് കഴിയും. അത്തരം നിരവധി ഉദാഹരണങ്ങൾ കേരളത്തിലും ഇന്ത്യയിലും നമ്മൾ കണ്ടിട്ടുണ്ട്. വാർഡ് കമ്മറ്റികൾ, സന്നദ്ധ സംഘടനകൾ, ഇവരൊക്കെ രോഗബാധിതർക്കും, ഐസോലേഷനിൽ ഇരിക്കുന്നവർക്കും വേണ്ട സേവനങ്ങൾ നൽകുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. ഇത് സമൂഹത്തിൻ്റെ പൊതുവായുള്ള മാനസിക ആരോഗ്യം കാത്ത് സൂക്ഷിക്കാൻ സഹായിക്കും.
നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് നിരവധി കാര്യങ്ങൾ ഈ അവസരത്തിൽ ചെയ്യാൻ സാധിക്കും.

 

  • കോവിഡ് അനുബന്ധ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാൻ പ്രത്യേക സംവിധാനം ആവശ്യമുണ്ട്.
  • പൊതുവായുള്ള സേവനങ്ങൾക്ക് ഒപ്പം മുകളിൽ സൂചിപ്പിച്ചിട്ടുള്ള അപകടസാധ്യത കൂടിയ വ്യക്തികൾക്ക് പ്രത്യേക സേവനങ്ങളും നമ്മൾ നൽകേണ്ടതുണ്ട്.
  • മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ വ്യക്തികളിലേക്ക് എത്തിക്കാൻ പ്രാഥമികആരോഗ്യ കേന്ദ്രങ്ങളിൽ അടക്കം ഈ സേവനം നൽകാൻ സാധിക്കണം.
  • ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചും, ഫോൺ മുഖാന്തരവും കൂടുതൽ മാനസികാരോഗ്യ സേവനങ്ങൾ നൽകാൻ സാധിക്കണം.
  • 24 മണിക്കൂറും പ്രവർത്തിക്കുന്ന ആത്മഹത്യാ പ്രതിരോധ ഹെൽപ് ലൈൻ വഴി ഏറ്റവും ആവശ്യമുള്ളവർക്ക് ഉടനടി സേവനങ്ങൾ നൽകണം.
  • ഇതിനായി മാനസികാരോഗ്യ വിദഗ്ധരെ കൂടുതലായി ഉൾപ്പെടുത്തുകയും, നിലവിലുള്ളവർക്ക് കൂടുതൽ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്.
  • ആശുപത്രി സംവിധാനം ഉപയോഗിക്കാതെ വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർക്കും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • ചികിത്സയിൽ ഇരിക്കുന്ന വ്യക്തികളുടെ പ്രാഥമിക ആരോഗ്യ പരിശോധന ചെയ്യുന്നതിനൊപ്പം, അവരുടെ മാനസിക ആരോഗ്യത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതും അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് വിലയിരുത്തുന്നതും നല്ലതാണ്. ഇത് അപകട സാധ്യത കൂടുതലുള്ള വ്യക്തികളെ കണ്ടെത്താനും, അവർക്ക് സേവനങ്ങൾ നൽകുന്നതിനു സഹായിക്കും.
  • കൂടുതൽ മാനസികാരോഗ്യ സേവനങ്ങൾ ആവശ്യമുള്ളവർക്കും, തുടർ സേവനങ്ങൾ ആവശ്യമുള്ളവർക്കും വേണ്ട സംവിധാനങ്ങൾ ഉണ്ടാകണം.
  • ഇതിനൊപ്പം, ലഹരി ഉപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പ്രത്യേക പരിഗണനയും സേവനങ്ങളും നൽകേണ്ടതുണ്ട്.
  • സാമൂഹികമായ വേർതിരിവുകൾ കുറച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും സർക്കാർ ചെയ്യേണ്ടതുണ്ട്.
  • പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുകയും, അവർക്ക് ആവശ്യമായ സാമൂഹിക, സാമ്പത്തിക, ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം.
  • സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സഹായം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്.
  • പ്രത്യേകിച്ചും ജോലി നഷ്ടപ്പെടുകയും, മറ്റ് സാമ്പത്തിക സ്രോതസ്സുകൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾക്കും, പ്രായമായവർക്കും സ്ത്രീകൾക്കും കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്.
  • ഏറ്റവും പ്രധാനമായി മാനസികാരോഗ്യത്തെ കുറിച്ചും, മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, ആത്മഹത്യാ പ്രതിരോധത്തെ കുറിച്ചും, സമൂഹത്തിൻ്റെ അറിവ് വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും നമ്മൾ ഒരുക്കണം.
ഇത്തരത്തിൽ കൂട്ടായ ശ്രമം വഴി മാനസികാരോഗ്യ പ്രശ്നങ്ങളും, ആത്മഹത്യകളും നമ്മൾക്ക് കുറച്ചു കൊണ്ടുവരാൻ സാധിക്കും.
ഓർക്കുക, നമ്മൾ ചെയ്യുന്ന ഓരോ കുഞ്ഞു പ്രവൃത്തി കൊണ്ടും, മറ്റൊരാളുടെ ജീവിതത്തിൽ പ്രതീക്ഷകൾ നൽകാനും, അതുവഴി അയാളുടെ ജീവൻ രക്ഷിക്കാനും കഴിയും. അതുകൊണ്ട് നമ്മൾക്ക് ഈ ആത്മഹത്യാ പ്രതിരോധ ദിനത്തിൽ നമ്മുടെ ചുറ്റുമുള്ളവർക്ക് ഒരു കൈത്താങ്ങ് ആകുവാനും, അവരുടെ ജീവിതത്തിൽ വെളിച്ചമേകുവാനും, അവരുടെ വേദനകൾ കേൾക്കാനും, അവർക്ക് പിന്തുണ നൽകാനും ശ്രമിക്കാം.
Let’s create hope in others life through our small small actions.

Comments are closed.