DCBOOKS
Malayalam News Literature Website

പുകയില എന്ന മഹാവിപത്തിനെ ലോകത്തുനിന്ന് തന്നെ തുടച്ചു നീക്കേണ്ടതാണ്!

സഞ്ജയ് ദേവരാജൻ

മെയ് 31, 1987 മുതൽ ഈ ദിവസം പുകയില വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. 1987 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഈ പോരാട്ടം 34 വർഷം കഴിഞ്ഞപ്പോൾ ഒരുപാട് മുന്നോട്ടു പോയി. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ പുലർത്തിയ ജാഗ്രത എടുത്തുപറയേണ്ടതാണ്.

ഇന്ത്യയിലെ പുകയില വിരുദ്ധ പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് 1999 ഇൽ കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. രണ്ടായിരത്തി ഒന്നിൽ മുരളി ദേവറ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ത്യൻ സുപ്രീംകോടതി രാജ്യത്താകമാനം പൊതുവിടങ്ങളിൽ പുകവലി നിരോധിച്ചു.

ബോധവൽക്കരണം കൊണ്ട് ഒരിക്കലും ലഹരി ഉപയോഗം കുറയ്ക്കാൻ കഴിയില്ല എന്ന പൊതു ചിന്ത മാറ്റിമറിക്കാൻ ഒരു പരിധിവരെ പുകയില വിരുദ്ധ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, ക്യാൻസർ, പക്ഷാഘാതം, തുടങ്ങിയ അസുഖങ്ങൾക്ക് പുകവലി കാരണമാകും എന്ന ബോധ്യം ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഉണ്ടായി. സ്കൂൾ തലം മുതൽ കുട്ടികൾക്ക് ഇത്തരം അറിവുകൾ പകർന്നു നൽകിയതുകൊണ്ടാണ് , ബോധവൽക്കരണ ശ്രമങ്ങൾ വിജയിച്ചത്. അതിനാൽ തന്നെ ഇത്തരം പരിശ്രമങ്ങൾ കൂടുതൽ ശക്തിയോടെ എല്ലാകാലവും മുന്നോട്ടു കൊണ്ടു പോകേണ്ടതാണ്. ചൊട്ടയിലെ ( ചെറു പ്രായം )തുടങ്ങുന്ന പുകവലി ശീലം ചുടല വരെ(മരണം വരെ ) എന്ന അവസ്ഥ മാറ്റാൻ നമ്മൾ സ്കൂൾതലം മുതൽ നൽകിയ പുകയില വിരുദ്ധ ബോധവൽക്കരണം കൊണ്ട് ഒരുപരിധിവരെ സാധിച്ചു.

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം, പ്രചരണം എന്നിവയിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ പുകയില വിരുദ്ധ സമരങ്ങൾക്ക് കഴിഞ്ഞു. ഈ ശ്രമങ്ങൾക്ക് ഗവൺമെന്റും കോടതിയും ശക്തമായ പിന്തുണ നല്കി. പക്ഷേ ഇപ്പോഴും ഒരു വർഷം ലോകത്തിൽ 50 ലക്ഷം എന്ന നിരക്കിൽ ജനങ്ങൾ പുകവലിയുടെ ദോഷഫലങ്ങൾ കൊണ്ട് മരണപ്പെടുന്നുണ്ട്.

ഇന്ത്യയും, കേരളവും പുകയില വിരുദ്ധ നയം സ്വീകരിച്ചു മുന്നോട്ടു പോവുകയാണ്. പക്ഷേ അപ്പോഴും പുകയില ഉൽപ്പന്നങ്ങളുടെ കൃഷി, വിൽപ്പന തുടങ്ങിയവ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ പൂർണമായും നിരോധിച്ചിട്ടില്ല എന്നുള്ളത് എടുത്തു കാണേണ്ട ഒരു കാര്യമാണ്. ബഡ്ജറ്റ്കളിൽ പുകയില ഉൽപന്നങ്ങൾക്ക് നികുതി കൂട്ടുന്നത് ഒരു പരിധിവരെ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ജനങ്ങളെ സ്വാഭാവികമായി പിറകോട്ട് നടത്തും. എന്നാൽ പുകയില ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നത് കൊണ്ട് പുകയില കൃഷി കൂടുതൽ ആദായകരമായി മാറുന്നുണ്ട്. പുകയില കൃഷി നടത്തുന്നവർക്കും, രാസവസ്തുക്കൾ അടങ്ങിയ പുകയില കൈകാര്യം ചെയ്യുന്നതിന്റെ ഫലമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആരോഗ്യവിദഗ്ധർ പരാതിപ്പെടുന്നുണ്ട്. കേരളത്തിൽ തന്നെ കാസർഗോഡ് ജില്ലയിൽ പല ഭാഗങ്ങളിലും പുകയില കൃഷി നടത്തുന്നുണ്ട്. ഇത് സംസ്ഥാന ഗവൺമെന്റ് നിരുത്സാഹപ്പെടുത്തേണ്ടത്‌ ഉണ്ട്. ആ മേഖലയിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.

പുകയില കർഷകരെ മറ്റ് ആദായകരമായ കൃഷി മേഖലകളിലേക്ക് മാറ്റുകയും, അത്തരം കൃഷിക്കുവേണ്ട സബ്സിഡിയും സഹായവും ചെയ്തു കൊടുക്കുകയും വേണം. ഇനിയുള്ള പുകയില വിരുദ്ധ നീക്കങ്ങൾക്ക് ഇത്തരം നടപടികൾ അനിവാര്യമാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം പുകയിലയിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. ഈ അനുകൂല സാഹചര്യത്തിൽ സമ്പൂർണ പുകയില നിരോധനം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊണ്ടുവരേണ്ടതാണ്.

പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന അപകടകരമായ ലഹരി പദാർത്ഥം ആണ് ഒരേസമയം ജനങ്ങൾക്ക് ലഹരിയും അതോടൊപ്പം തന്നെ മാരകരോഗങ്ങളും നൽകുന്നത്. നാലായിരത്തോളം രാസവസ്തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, ഞരമ്പ് രോഗങ്ങൾ ഇവയ്ക്കൊക്കെ കാരണമാകുന്ന പുകയില എന്ന മഹാവിപത്തിനെ ലോകത്തുനിന്ന് തന്നെ തുടച്ചു നീക്കേണ്ടതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.