DCBOOKS
Malayalam News Literature Website

തേൻതുള്ളി ; സൂര്യാ കൃഷ്ണമൂർത്തി എഴുതുന്നു

ഞാൻ പഠിച്ചതും വളർന്നതും പൈതൃകനഗരമായ തിരുവനന്തപുരത്താണ്. ദശാബ്ദങ്ങളായി ഇവിടെ വസിക്കുന്ന ഞാന്‍ ദശാബ്ദങ്ങളായി കൊണ്ടുനടക്കുന്ന ഒരു സ്വപ്നമുണ്ട്.

ആ സ്വപ്നം ഇനി വരാനിരിക്കുന്ന സർക്കാരിന്റെ പരിഗണനക്കായി സമർപ്പിക്കുന്നു.

ഈ പൈതൃകനഗരിയുടെ ഹൃദയഭാഗം പത്മനാഭസ്വാമിക്ഷേത്രവും പഴവങ്ങാടി മഹാഗണപതിക്ഷേത്രവും പത്മതീര്‍ത്ഥവും പുത്തരികണ്ടം മൈതാനവും ചാലകമ്പോളവും കിഴക്കേകോട്ടയും വെട്ടിമുറിച്ച കോട്ടയും പടിഞ്ഞാറെകോട്ടയും ഒക്കെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്.

ഡൽഹിയിലെ രാഷ്ട്രപതിഭവനും ഇന്ത്യാഗേറ്റും പാർലമെന്റ്ഹൗസുമൊക്കെയുള്ള ആ പ്രദേശം പോലെ ഹെറിറ്റേജ് സോണായി ഈ പ്രദേശത്തെയും പ്രഖ്യാപിച്ച് സംരക്ഷിക്കപ്പെടേണ്ടതാണ്.

ഭഗവാന്റെ നൈവേദ്യത്തിന് കുത്തരി വിളയിക്കുന്ന മണ്ണായിരുന്നു പുത്തരിക്കണ്ടം എന്ന ഇന്നത്തെ പുത്തരിക്കണ്ടം മൈതാനം. അതിന്ന് കെഎസ്ആർടിസിയുടെ ബസ്സുകൾ പാർക്ക് ചെയ്യാനുള്ള ഇടമാണ്.
ഈ ബസ്സുകളുടെ ഗ്രീസും, ഡീസലും, ഓയിലും വീണു മാലിന്യപ്പെട്ടു പോകേണ്ട സ്ഥലമല്ല ഇത്.

ചരിത്രമുറങ്ങുന്ന മണ്ണാണ്.
അവിടെ കേരളത്തിലെ ഏറ്റവും വലിയ കുളമുണ്ടാകണം.
സമചതുരമോ ദീര്‍ഘചതുരമോ ആകാം.
പടവുകളും അരമതിലുമായി ഒരു വലിയ കുളം.
കുളത്തിന്റെ ഒത്ത നടുവിൽ ഒരു കൽമണ്ഡപം.
കുളത്തിൽ നിറയെ അരയന്നങ്ങൾ.

ബക്കിംഹാം പാലസിന്റെ മുന്നിലെ തെംസ് നദിയിലെ അരയന്നങ്ങളെ കാണാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആൾക്കാർ എത്തുന്നതുപോലെ, ഇവിടെയും ടൂറിസ്റ്റുകൾ എത്തും.

കയ്യേറ്റം തടയാന്‍ കമ്പിവല കൊണ്ട് തീർത്ത ചുറ്റുവേലി.
നടപ്പാതയില്‍ മയിലുകളെ യഥേഷ്ടം വിഹരിക്കാന്‍ വിടണം.
വേലിയോടു ചേര്‍ന്ന ഭാഗത്ത് ആളുകള്‍ക്ക് ധാന്യമണികൾ വിതറാൻ സൗകര്യം ഏർപ്പെടുത്തിയാൽ പ്രാവുകൾ ഉൾപ്പെടെ നിരവധി പക്ഷികൾ എപ്പോഴും ഈ പ്രദേശത്ത് നിറഞ്ഞു നിൽക്കും.

കുളത്തിലെ നാലു മൂലകളിലും നടുക്കുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന ആല്‍മരങ്ങള്‍.
ഓരോ ആൽമരത്തിന്റെയും ചുവട്ടിൽ തിട്ടകള്‍. അവിടെയൊക്കെ എന്നും പുള്ളുവൻപാട്ടും നന്തുണി പാട്ടും ശാസ്താംപാട്ടും തുടങ്ങി അനുഷ്ഠാനകലകൾ.

എവിടെയും കോൺക്രീറ്റ് കെട്ടിടങ്ങൾ പാടില്ല. ചെറിയ ഒരു കൂത്തമ്പലം. അതിനോട് ചേർന്ന് ഒരു ലൈബ്രറി.
അവിടെനിന്ന് പുസ്തകമെടുത്ത്, കുളത്തിൽ പടവുകളിലിരുന്ന് വായിക്കാം. സൗഹൃദം പങ്കിടാം. സായംകാലങ്ങളില്‍ വൃദ്ധജനങ്ങൾക്ക് ഈ പടവുകളിൽ ഇരുന്ന് ഭൂതകാലം അയവിറക്കാം. കാമുകീകാമുകര്‍ക്ക് പരസ്പരം ഹൃദയം തുറക്കാം.

വൈകുന്നേരങ്ങളിൽ ചിത്രകാരന്മാർക്ക് മരച്ചുവട്ടിലിൽ രചനകൾ സൃഷ്ടിക്കാം ..ശിൽപികൾക്ക് ഒത്തുചേരാം …
എന്നും കുളത്തിൻ്റെ പടവുകളിലും ആൽത്തറയിലുമൊക്കെ കവിയരങ്ങുകൾ , കഥയരങ്ങുകൾ , അക്ഷരശ്ലോക സദസ്സുകൾ ….

കുളത്തിൽ ചുറ്റുമുള്ള പ്രദേശം ഒരു സാംസ്കാരിക കേന്ദ്രമായി മാറണം.

തിരുവനന്തപുരത്തെ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഈ കുളം ശാശ്വത പരിഹാരമാകും. നഗരവാസികളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.

ചരിത്ര പ്രാധാന്യമുള്ള നിരവധി കുളങ്ങൾ മൂടപ്പെട്ടിട്ടുണ്ട് – പാത്രക്കുളം, ആറാട്ടുകുളം തുടങ്ങി നിരവധി…

ഈയിടെ ഞാൻ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര – അമരവിളക്കു സമീപമുള്ള ചെങ്കൽകുളത്തിൽ പോയി.
തിരുവനന്തപുരത്തെ ഏറ്റവും വലിയ കുളമാണിത്.

അടിയന്തരശ്രദ്ധയും സംരക്ഷണവും വേണ്ടുന്ന ഒരു കുളമാണിത്. നാട്ടുകാരോട് സംസാരിച്ച് മനസ്സിലാക്കിയത് 27 ഏക്കറിലായിരുന്നു കുളം. ഇന്നു് പലരുടെയും കയ്യേറ്റങ്ങള്‍ക്കുശേഷം 17 ഏക്കറായി ചുരുങ്ങിയിരിക്കുന്നു.

മിക്ക കുളങ്ങളും ദീര്‍ഘചതുരമോ, അല്ലെങ്കില്‍, സമചതുരമോ ആയിരിക്കും. ആകൃതി തന്നെ നഷ്ടപ്പെട്ടുപോയ ഈ കുളം എത്രമേല്‍ കൈയ്യേറ്റം നടന്നിരിക്കുന്നു എന്നു പറഞ്ഞുതരും.

ചുറ്റിനും അരയാലുകള്‍ നിറഞ്ഞ,
നടപ്പാതയില്‍ മയിലുകള്‍ നിറഞ്ഞ,
ആല്‍തറകളില്‍ അനുഷ്ഠാനകലകള്‍ നിറഞ്ഞ,
കുളത്തിൽ അരയന്നങ്ങൾ നിറഞ്ഞ ,
മറ്റൊരു സാംസ്കാരിക കേന്ദ്രമാകണം ചെങ്കല്‍കുളവും.

കൃസ്ത്യന്‍, മുസ്ലീം ദേവാലയങ്ങള്‍ക്കു സമീപവും പുരാതനങ്ങളായ, മൂടപ്പെട്ട നിരവധി കുളങ്ങളുണ്ട്. എല്ലാം പഴയപടി ആവണം.

ഓരോ കുളവും കുളക്കരയും സാംസ്കാരിക കേന്ദ്രമാകണം. ജാതിമത വ്യത്യാസമില്ലാതെl ആര്‍ക്കും കയറാവുന്ന സാംസ്കാരിക കേന്ദ്രങ്ങള്‍. ഒരു പരീക്ഷണം എന്ന രീതിയില്‍ തിരുവനന്തപുരത്ത് ഈ പദ്ധതി ആദ്യം നടപ്പാക്കണം. തുടര്‍ന്ന്, എല്ലാ ജില്ലകളിലും, താലൂക്കുകളിലും പ‍ഞ്ചായത്തുകളിലും, ജലനിധിയെന്നോ ജലസമൃദ്ധിയെന്നോ മഴതുള്ളിയെന്നോ തേന്‍തുള്ളിയെന്നോ പേരിട്ടു വിളിക്കാവുന്ന പദ്ധതി.

നിരവധി കുളങ്ങള്‍, കുളങ്ങള്‍ക്കു ചുറ്റും ആല്‍മരങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍…..

ഒന്നു സങ്കല്പിച്ചുനോക്കൂ!

കാസര്‍ഗോഡു മുതല്‍ പാറശ്ശാലവരെ ആയിരക്കണക്കിന് കുളങ്ങളും സാംസ്കാരികകേന്ദ്രങ്ങളും ചേര്‍ന്ന് കേരളം ഒരു വലിയ കലാഗ്രാമമായി മാറ്റുന്നു. ആല്‍മരങ്ങളില്‍ തഴുകിവരുന്ന കാറ്റും ജലാശയങ്ങളിലെ ഓളങ്ങള്‍ സൃഷ്ടിക്കുന്ന താളവുമായി സംഗീതാത്മകമായ ഒരന്തരീക്ഷം കേരളത്തില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്നു.

ഭരണാധികാരികളുടെ ശ്രദ്ധയ്ക്കായി ഈ പദ്ധതി ഞാന്‍ സമര്‍പ്പിക്കുന്നു.

 

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.