DCBOOKS
Malayalam News Literature Website

ചരിത്രമെഴുതി വനിതാമതില്‍; തോളോടു തോള്‍ ചേര്‍ന്ന് പടുത്തുയര്‍ത്തി വനിതകളുടെ വന്മതില്‍

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതി സംസ്ഥാന സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും വിവിധ സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളമെമ്പാടും വനിതാമതിലുയര്‍ന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് സ്ത്രീകളാണ് വനിതാ മതിലിനായി അണിനിരന്നത്. രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക-ചലച്ചിത്രമേഖലകളിലെ നിരവധി പേര്‍ വനിതാ മതിലില്‍ പങ്കുചേര്‍ന്നു.

വൈകിട്ട് നാലുമണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. കാസര്‍ഗോഡു നിന്ന് മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്ത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാനകണ്ണിയുമായി. കാസര്‍ഗോഡ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതിലിന് അഭിമുഖമായി പുരുഷന്മാരും അണിനിരന്നു. വൈകിട്ട് 3.30ന് വനിതകള്‍ ചേര്‍ന്നുള്ള റിഹേഴ്‌സലും നടന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍, ബൃന്ദാ കാരാട്ട്, ആനി രാജ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു. നടി റിമ കല്ലിങ്കല്‍,  കെ.പി. എ. സി ലളിത, ഗായിക സയനോര, അജിത, നിലമ്പൂര്‍ ആയിഷ എന്നിവരും വിവിധയിടങ്ങളില്‍ വനിതാമതിലിനൊപ്പം ചേര്‍ന്നു.

Comments are closed.