DCBOOKS
Malayalam News Literature Website

മതങ്ങളെല്ലാം എങ്ങോട്ടാണ്?

മെയ് ലക്കം പച്ചക്കുതിരയില്‍

സച്ചിദാനന്ദന്‍

ഭൗതിക ഭരണാധികാരികളുമായി അവസരവാദപരമായ സന്ധികളില്‍ ഏര്‍പ്പെടുന്ന പൗരോഹിത്യവും ഏതെങ്കിലും പുസ്തകത്തില്‍ എഴുതി വെച്ചത് അന്തിമസത്യം ആണെന്ന് കരുതുന്ന വിശ്വാസികളും യുക്തിയെ ദൈവമാക്കുന്ന യുക്തിവാദികളും ആണ് അന്വേഷണോന്മുഖമായ ആത്മീയതയുടെ മുഖ്യശത്രുക്കള്‍. കുരിശുയുദ്ധം മുതല്‍ പല രൂപങ്ങളിലുള്ള ഫാസിസംവരെ സൃഷ്ടിച്ച രക്തപങ്കിലമായ മതരൂപങ്ങള്‍ക്ക് മനുഷ്യലോകത്തില്‍ നിലനില്‍ക്കാന്‍ അര്‍ഹതയില്ല. പരാപരദ്വന്ദ്വം അവസാനിക്കുന്നിടത്തു നിന്നേകരുണ ഉറവെടുക്കൂ.

സങ്കടം, സന്തോഷം, സങ്കോചം- ഈ വ്യത്യസ്ത വികാരങ്ങളോടെയാണ് ഞാന്‍ ഈ സ്മാരകപ്രഭാഷണം നിര്‍വ്വഹിക്കുന്നത്. ഇന്ന് കൂടുതല്‍ അനിവാര്യമായിക്കൊണ്ടിരിക്കുന്ന മതത്തിന്റെ ആഭ്യന്തരവിമര്‍ശകരുടെ അഗ്രഗാമികളില്‍ ഒരാള്‍ ആയിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഇന്ന് നമുക്കിടയില്‍ ഇല്ലല്ലോ എന്ന സങ്കടം; ഇങ്ങനെ ചില വിചാരങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ ഇന്നും കേരളത്തില്‍ ഇടം ബാക്കിയുണ്ടല്ലോ എന്ന സന്തോഷം; ഇതിനു മുന്‍പ് ഈ പ്രഭാഷണം നിര്‍വഹിച്ചവരെ ഓര്‍ക്കുമ്പോള്‍ ഉള്ള സങ്കോചം. ഭക്തി-സൂഫി പ്രസ്ഥാനകാലം മുതല്‍ ഇന്ത്യയിലും ലൂതറാന്‍ നവീകരണത്തിന്റെ കാലം മുതല്‍ യൂറോപ്പിലും ആരംഭിച്ച ആത്മീയ നവോത്ഥാനത്തിന്റെയും മതങ്ങളുടെ ആഭ്യന്തരവിമര്‍ശത്തിന്റെയും ദീര്‍ഘപാരമ്പര്യത്തില്‍ നിന്നാണ് Pachakuthiraപുലിക്കുന്നേലിനെപ്പോലൊരു സഭാവിമര്‍ശകന്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ഉയര്‍ന്നു വരുന്നത്. മതനിരാസമല്ലാ, മൂല്യാധിഷ്ഠിതമായി പിറവികൊണ്ട മതങ്ങള്‍ അവയുടെ ധാര്‍മ്മിക സ്രോതസ്സില്‍നിന്ന് അകന്നു പോകുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന വിശ്വാസികളുടെ വേദനയുടെയും നൈതികരോഷത്തിന്റെയും ആവിഷ്‌കാരമാണ് നാം ഈ വ്യക്തികളിലും പ്രസ്ഥാനങ്ങളിലും കാണുക.

ഇതേ കാഴ്ചപ്പാടില്‍നിന്ന് നടത്തുന്ന ഈ പ്രഭാഷണത്തില്‍ നാലു കാര്യങ്ങളാണ് ഞാന്‍ തികച്ചും സംക്ഷിപ്തമായി അവതരിപ്പിക്കുന്നത്: ഒന്ന്: ആത്മീയത മനുഷ്യാസ്തിത്വത്തിന്റെ ഒരു അവശ്യമാനം ആണ്. രണ്ട്: മതങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുമ്പോള്‍ അവയുടെ നൈതികമായ ഉറവകളില്‍നിന്ന് അകന്ന് അധികാരോപാധികളായി മാറുകയും സ്‌നേഹത്തിനു പകരം വിദ്വേഷത്തിന്റെ പ്രഭവങ്ങള്‍ ആവുകയും ചെയ്യുന്നു. ക്രിസ്തു-ഇസ്ലാം- ‘ഹിന്ദു’ മതങ്ങളുടെ ഇന്നത്തെ അവസ്ഥ ഉദാഹരണമാക്കി ഞാന്‍ ഇത് സമര്‍ത്ഥിക്കുന്നു. മൂന്ന്: മതങ്ങളുടെ നഷ്ടസത്ത വീണ്ടെടുക്കാനും അവയെ ആഭ്യന്തര വിമര്‍ശനത്തിലൂടെ ജനവിമോചന മാര്‍ഗ്ഗമാക്കാനും എല്ലാ മതങ്ങളിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, അഥവാ നടക്കുന്നുണ്ട് എന്ന് സോദാഹരണം വിശദമാക്കുന്നു. നാല്: ഇന്ത്യയ്ക്ക് സര്‍വ്വമതസാഹോദര്യത്തിന്റെയും  നിരന്തരസംവാദത്തിന്റെയും ഒരു പാരമ്പര്യം ഉണ്ട്, എന്നാല്‍ അത് ഇന്ന് വലിയ വെല്ലുവിളി നേരിടുന്നു. ഭൂരിപക്ഷമായി അവകാശപ്പെടുന്ന ഒരു ന്യൂനപക്ഷത്തില്‍ നിന്നുള്ള ഈ വെല്ലുവിളി ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യങ്ങള്‍ക്കു മുകളില്‍ ഒരു ഏകശിലാരൂപമായ ഇന്ത്യയെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. ഇത് നമ്മുടെ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയും ഫാസിസത്തിലേക്ക് നാടിനെ നയിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷവര്‍ഗ്ഗീയത ഇതിനു മറുപടിയല്ല. ഈ സന്ദര്‍ഭത്തില്‍ നാം നമുക്കു ചേര്‍ന്ന ഒരു മതേതരത്വസങ്കല്പം വികസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ആരംഭം ഗാന്ധിയില്‍ ഉണ്ട്.

ഒന്ന്‌

ആത്മീയതയെ മനുഷ്യജീവിതത്തിന്നു സഹജമായ ഒരു മാനമായാണ് ഞാന്‍ കരുതുന്നത്. നമ്മെ ഭൗതികജീവിതത്തിന്റെ അഭിലാഷങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും അപ്പുറത്തേയ്ക്ക് നയിക്കുന്ന, അസ്തിത്വത്തിന്റെയും പ്രപഞ്ചത്തിന്റെയും അര്‍ത്ഥവും രഹസ്യവും അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന, മതവും കലയും മുതല്‍ ശാസ്ത്രം വരെ എല്ലാറ്റിനും പ്രേരണയായി വര്‍ത്തിക്കുന്ന, ഒരു മാനുഷികവൈശിഷ്ട്യം ആണ് അത്. ഗാന്ധിയും അംബേദ്കറും ഒരേ സ്വരത്തില്‍ ജനങ്ങള്‍ക്ക് മതം ആവശ്യമാണ് എന്ന് പറയുമ്പോള്‍ ഭൗതികാഭിലാഷങ്ങളുടെ തടവില്‍നിന്ന് രക്ഷപ്പെടാനുള്ള ഈ ത്വരയെ ആണ് സംബോധന ചെയ്യുന്നത്. എല്ലാ മതങ്ങളുടെയും ഉദ്ഭവസ്ഥാനം പ്രപഞ്ചരഹസ്യത്തിലേക്ക് ഊളിയിടുന്ന മനുഷ്യമനസ്സ് തന്നെയാകണം.

സച്ചിദാനന്ദന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്‌

 

Comments are closed.