DCBOOKS
Malayalam News Literature Website

വീണ്ടും മണികൾ മുഴങ്ങുമ്പോൾ!

സ്മിത അരുൺ

അധ്യാപിക, ഗവ നന്നാട്ട് കാവ് എൽ പി എസ് സ്കൂൾ

ഒരു നീണ്ട മണിയൊച്ചകേട്ടിട്ട് രണ്ടുകൊല്ലം പിന്നിട്ടിരിക്കുന്നു. കറുത്ത ബോർഡിൽ അവസാന ദിനത്തെ ക്ലാസിലെ തീയതി കുറിച്ചിട്ടതൊക്കെയും അതുപോലെ തന്നെ കിടക്കുന്നുണ്ടാകും. ഒരുപക്ഷേ ബെഞ്ചുകളും ഡസ്കുകളും കുരുന്നുകളെ കാണാതെ പരസ്പരം സങ്കടങ്ങൾ പറയുന്നുണ്ടാകും. ആരെങ്കിലും സ്വപ്നത്തിൽപോലും കരുതിയതാണോ ഇങ്ങനെയൊരു മഹാമാരി ലോകത്തെ മുഴുവൻ സ്തംഭിപ്പിക്കും എന്ന്.

ഈ രണ്ടു വർഷം കൊണ്ട് പുതിയ പല ആശയങ്ങളും ചിന്തിക്കാൻ നാം നിർബന്ധിതരാകുകയും പല തരത്തിലുള്ള ശീലങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കുവാൻ നിർബന്ധിതരായി എന്നതുമാണ് സത്യം. ക്ലാസ് മുറിയിലെ വിശാലമായ ആശയവിനിമയ വേദിയിൽ നിന്നും കൈകാലുകൾ നിവർത്തി കൂകിവിളിച്ച് യൂണിഫോമിന്റെതൂവെള്ള നിറം ചാര നിറമാക്കി മാറ്റുന്ന മൈതാനങ്ങളിൽ നിന്നും ഊട്ടുപുരയിലെ ഉച്ചയൂണ് നിരയിൽ നിന്നും എല്ലാം അകന്നുമാറി ഒരു തൂവൽ സ്പർശത്തിലൂടെ ലോകത്തെ മുഴുവൻ കാണാൻ സാധിക്കുന്ന നീല വെളിച്ചം നൽകുന്ന ചതുരപ്പെട്ടിയിൽ ഒതുങ്ങിക്കൂടിയ കാലം, സെമിനാറുകൾക്ക് പകരം വെബിനാർ എന്ന പുതിയ പദം പരിചയപ്പെട്ട കാലം, സാമൂഹിക അകലം മാനസിക അടുപ്പം എന്ന് പഠിപ്പിച്ചകാലം, മുഖംമൂടികൾക്ക് പുറമേ ഒരു മുഖം മൂടി അണിയാൻ നിർബന്ധിതമായ കാലം, കൈകൾ കഴുകി വൃത്തിയാക്കാൻ പ്രേരിപ്പിച്ചകാലം, ഈ കാലയളവിൽ കുറെയേറെ നൻമകൾ വിദ്യാർഥികൾക്ക് ലഭിക്കുമ്പോഴും കുറെയേറെ ദോഷകരമായ കാര്യങ്ങളും കുട്ടികൾക്ക് ഉണ്ടായി എന്നതാണ് ഖേദകരം. ഊർജ്ജസ്വലരായി പലതും ചെയ്യേണ്ട പ്രായത്തിൽ അല്ലെങ്കിൽ കാലഘട്ടത്തിൽ കുട്ടികൾ അപ്രതീക്ഷിതമായി വീടിന്റെ നാല് ചുവരിൽ അകപ്പെട്ടുപോവുകയും ആ ചുവരുനുള്ളിൽ വെറ്റിലയിൽ ചുണ്ണാമ്പു തേക്കുന്നത് പോലെ മൊബൈൽ ഫോണിൽ കൂടെ മാത്രം ലോകത്തെ കാണുകയും മൗനം പാലിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ശരിക്കും സങ്കടത്തേക്കാൾ ഉൾഭയവും ആദിയുമാണ് ഓരോ രക്ഷകർത്താക്കളുടേയും അധ്യാപകരുടെയും മനസ്സിൽ വളരുന്നത്. കോവിഡ് മഹാമാരി വന്നതിനുശേഷമാണ് മൊബൈൽ ഫോണിലൂടെ കുട്ടികളുടെ ഭാവി നശിച്ചത് എന്ന് പറഞ്ഞു കൊറോണയെമാത്രം പഴി ചാരുന്നില്ല.
പക്ഷേ കോവിഡ് 19 വന്നതിനുശേഷമാണ് ഓൺലൈൻ ക്ലാസ്സുകളുടെ ആവശ്യത്തിനായി മറ്റും കുട്ടികൾ കൂടുതൽ മൊബൈൽ ഫോണുകളെ ആശ്രയിക്കാൻ തുടങ്ങിയത് എന്ന് പറയുന്നതാണ് ശരി. ഒരുതവണയെങ്കിലും സ്കൂൾ കണ്ടിട്ടുള്ള കുട്ടികളുടെ കാര്യം പിന്നെയും നമുക്ക് പരിഹരിക്കാം, മനസ്സിലാക്കാം എന്നാൽ പുത്തനുടുപ്പ് തച്ച് പെൻസിലും, സ്ളേറ്റും, ചെരിപ്പും, കുടയും, ചോറ്റുപാത്രവും, വെള്ളക്കുപ്പിയും ഒക്കെ വാങ്ങി ആദ്യമായി അധ്യയനവർഷത്തിൽ പോകാൻ കാത്തിരുന്ന കുട്ടികളെ ഓർക്കുമ്പോൾ സ്കൂൾ എന്നത് ഒരു ചിത്രം മാത്രമായി ഈ രണ്ടു വർഷവും അവരുടെ ഇളം മനസ്സുകളിൽ ഓളം വെട്ടുന്നു എന്നതാണ് ഒരു വിഷമം. നമ്മുടെ കുട്ടികളെ എന്തിനാണ് പഠിക്കുന്നത് എന്ന് ചിന്തിച്ചാൽ നല്ല ഭാവിക്കുവേണ്ടി എന്ന് മാത്രമാണ് നമ്മുടെ ഉത്തരം. എന്നാൽ മെച്ചമുള്ള അന്തസ്സുള്ള ഒരു ഭാവി പ്രത്യേകിച്ചും ഇന്നത്തെ സമൂഹത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനസ്സാക്ഷിയും, കാരുണ്യവും, സഹതാപവും ഒക്കെയുള്ള ഒരു മനുഷ്യനായി മാറാൻ എങ്ങനെ നമുക്ക് പഠിപ്പിക്കാൻ സാധിക്കും.
പലപ്പോഴും മാതാപിതാക്കളേക്കാൾ ഒരു കുഞ്ഞു ഏറ്റവും കൂടുതൽ ഒരു ദിവസം ചിലവഴിക്കുന്നത് സ്കൂളിൽ അധ്യാപകരുടെ കൂടെയാണ് അതുകൊണ്ടുതന്നെ ഈ രണ്ടു വർഷക്കാലം കുട്ടികളുടെ പ്രയാസങ്ങളും വിഷമങ്ങളും ആകുലതകളും നേരിൽ കണ്ട് മനസ്സിലാക്കാനും ചോദിച്ചറിയാനും അധ്യാപകർക്ക് സാധിച്ചില്ല. അതിന്റെ പലതരത്തിലുള്ള ദോഷവശങ്ങൾ രക്ഷകർത്താക്കൾ പറയുമ്പോഴാണ് ഒരു ഞെട്ടലോടെ ഓരോ അധ്യാപകരും കേൾക്കുന്നത്. ഓരോ വിദ്യാർത്ഥികളെപറ്റിയും അധ്യാപകർക്ക് ഒരു പ്രതീക്ഷയും കാഴ്ചപ്പാടും ഒക്കെ ഉണ്ടാകും. അതൊക്കെ തച്ചുടയ്ക്കും തരത്തിലാണ് പല കുഞ്ഞുങ്ങളുടെയും പുതിയ രീതികൾ. ഓൺലൈൻ ഗെയിമുകൾ കുഞ്ഞുങ്ങളുടെ ബോധമനസ്സിനെ പോലും കീഴടക്കിയ ഒരു ഭയാനകമായ ഒരു സാഹചര്യം ഇപ്പോൾ ഏറിവരുന്നു. ക്ലാസിൽ വളരെ ശാന്ത സ്വഭാവക്കാരനായ അച്ചടക്കത്തോടെ ഇരുന്ന് പഠിച്ച പല കുട്ടികളും പ്രത്യേകിച്ച് ആൺകുട്ടികൾ വീട്ടിൽ വഴക്കുണ്ടാക്കുകയും സാധനങ്ങൾ എടുത്ത് എറിഞ്ഞ് പൊട്ടിക്കുകയും രാത്രി മുതൽ രാവിലെ വരെ ചിലപ്പോൾ അലാറം വരെ വച്ച് ഉറക്കം എഴുന്നേറ്റു വരെ ഗെയിം കളിക്കുന്നത് കുട്ടികളുടെ ചിന്തകളെ ഒത്തിരി സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.

എന്തുകൊണ്ടാണ് കുട്ടികൾ ഇങ്ങനെ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു സ്കൂളിന്റെ സ്വാധീനം നാം തിരിച്ചറിയുന്നത്. സ്കൂളിൽ വന്നാൽ കളിയും ചിരിയും തല്ലു കൂടലും പരാതികളോ എന്തുതന്നെയായാലും അതിനൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ഇത്തരം കൊലയാളി ​ഗെയിമുകൾ കുട്ടികളുടെ തലച്ചോറിനെ പോലും ബാധിച്ചേക്കും. ഓർമശക്തി പല കുട്ടികളിലും കുറയുന്നതും ഒന്നിനോടും പ്രത്യേകിച്ച് പഠിക്കാൻ പോലും താല്പര്യം കാണിക്കാതെ, ഉറക്കത്തിന്റെ അഭാവമെല്ലാം ഇത്തരം സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം മൂലമാണ്. എത്രയും പെട്ടെന്ന് സ്കൂളുകൾ തുറക്കാനാണ് അധ്യാപകരും രക്ഷാകർത്താക്കളും പ്രാർത്ഥിക്കുന്നത്. സർക്കാർ പല തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ട ശ്രദ്ധ ചെലുത്തുകയും പുതിയ പദ്ധതികൾ കൊണ്ടുവരികയും ഒക്കെ ചെയ്യുന്നുണ്ട് ഉദാഹരണത്തിന് അടുത്തിടെ കൊണ്ടുവന്ന പദ്ധതിയാണ് വാട്ടർ ബെൽ സ്കീം (Water Bell Scheme) സ്കൂളിൽ കുട്ടികൾ എത്തുമ്പോൾ മതിയായ വെള്ളം കുടിക്കാനായി രണ്ടു മണിക്കൂർ സമയം ഇടവിട്ട് ബെൽ അടിക്കുകയും കുട്ടികൾ വെള്ളം കുടിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. അധ്യാപകർ കുട്ടികൾ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും രക്ഷാകർത്താക്കൾക്ക് വാട്സ്ആപ്പിൽ വെള്ളം കുടിക്കുന്ന ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്യുന്ന നല്ലൊരു ആശയമാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വളർച്ചയ്ക്കും പലതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. അതിൽ ഒക്കെ ഊർജസ്വലരായി കുട്ടികൾ പങ്കെടുക്കണമെന്നാണ് അധ്യാപകരുടെ ആഗ്രഹം. ഈ രണ്ടു വർഷത്തെ നാല് ചുവരുകളിൽ നിന്നും വിദ്യാലയ മുറ്റത്ത് എത്തുന്ന കുട്ടികൾക്ക് സാമൂഹിക അകലം എന്നതിനേക്കാൾ ശാരീരിക അകലം എന്ന ആശയത്തിലും മാനസിക ഐക്യവും മാനസിക ആരോഗ്യവും എന്ന പുതിയ ആശയങ്ങളിലും ഊന്നിയ ഉണർവ്വ് അധ്യാപകർക്ക് കൊടുക്കാൻ സാധിക്കണം. വീണ്ടും മണികൾ മുഴങ്ങുമ്പോൾ സുരക്ഷിതമായ ഭാവിയെ വിളിച്ചുണർത്തുന്ന രോഗ മുക്തമായ അറിവും തിരിച്ചറിവും സാധ്യമാക്കി പുതിയ തലമുറ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും തരത്തിലുള്ളതാവണമെന്ന് അധ്യാപകരും രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കാൻ സജ്ജരാക്കുക. എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേരുന്നു.

Comments are closed.