DCBOOKS
Malayalam News Literature Website

ദലിത് ക്രൈസ്തവര്‍ എന്തു ചെയ്യണം?

ഡി. മോഹന്‍ദാസ്‌

വേണ്ട രീതിയില്‍ പരിപാലിക്കപ്പെട്ടിട്ടില്ലാത്തവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ദലിത് ക്രിസ്ത്യാനികളുടെ കാതലായ വിഷയത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ അവരുടെ ജനസംഖ്യയും സാമൂഹികാവസ്ഥയും സത്യസന്ധമായി പഠിക്കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് അക്ഷന്തവ്യമായ കൃത്യവിലോപമാണ്. പ്രബല ക്രൈസ്തവസമുദായങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതു വഴി ആ വിഭാഗങ്ങളെപ്പറ്റി നിലനില്‍ക്കുന്ന ധാരണകള്‍ക്ക് ഒരു കോട്ടവും തട്ടാതെ അധികാരശ്രേണിയെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.

മതനിരപേക്ഷതയും സാമൂഹികനീതിയും സാമ്പത്തിക സമത്വവും ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. ഭരണഘടനയുടെ 14-ാം വകുപ്പ് എല്ലാ പൗരന്‍മാര്‍ക്കും തുല്യത ഉറപ്പാക്കുകയും 15-ാം വകുപ്പ് ജാതി, മത, വര്‍ഗ്ഗ, ലിംഗ വിവേചനങ്ങളെ നിരോധിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍പൗരന് ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനുമുളള അവകാശം ഉറപ്പാക്കുന്ന 25-ാം വകുപ്പ് മതനിരപേക്ഷതയുടെ അടിസ്ഥാനശിലയാണ്. അത് മതന്യൂനപക്ഷങ്ങള്‍ക്കുളള പരിരക്ഷ ഉറപ്പു വരുത്തുകയും മതത്തിന്റെ പേരിലുള്ള വിവേചനങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം പരിരക്ഷകള്‍ കേവലം ദുര്‍ബലവും പൂര്‍ണ്ണമായും പരിരക്ഷിക്കപ്പെടാത്തവയുമാണെന്നതിന് അനേകം തെളിവുകളുണ്ട്. അവയിലൊന്നാണ് ഇന്ത്യയിലെ ദലിത് ക്രൈസ്തവര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനം. സ്വാതന്ത്യാനന്തര ഇന്ത്യയില്‍ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവുമധികം പിന്നോക്കം നില്ക്കുന്നത് താരതമ്യേന ദലിത് ക്രൈസ്തവരാണെന്ന് പറയാന്‍ സാധിക്കുക.

Pachakuthiraചരിത്ര പശ്ചാത്തലം1935-ലെ ഇന്ത്യാഗവണ്‍മെന്റ് ആക്ടില്‍ മര്‍ദ്ദിതജനവിഭാഗങ്ങളായ അസ്പൃശ്യരെ മുഴുവന്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മതപരിഗണന കൂടാതെ രാഷ്ട്രീയാവശ്യങ്ങളടക്കം എല്ലാ മണ്ഡലങ്ങളിലും ദലിത് ക്രൈസ്തവര്‍ക്ക് സംവരണം ലഭിച്ചിരുന്നു. മതപരിവര്‍ത്തിതരായ ദലിതര്‍ അവരുട ഹിന്ദു സഹോദരങ്ങളെപ്പോലെ അയിത്തം ഉള്‍പ്പെടെ സമസ്ത സാമൂഹിക പരാധീനതകള്‍ക്കും വിധേയമായതുകൊണ്ടാണത്. 1947-49 ലെ കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലും ന്യൂനപക്ഷം എന്ന ഒരൊറ്റ സമുദായമായിട്ടാണ് പട്ടികജാതികളെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ 1950 ആഗസ്റ്റ് 10 ലെ ഭരണഘടന (പട്ടികജാതികള്‍) ഉത്തരവിലെ (പ്രസിഡന്‍ഷ്യല്‍ ഉത്തരവ്) മൂന്നാം ഖണ്ഡിക പ്രകാരം ഒരു നീതികരണവും ഇല്ലാതെ അഹിന്ദുക്കളായ അയിത്തജാതിക്കാരെ പട്ടികജാതിയില്‍നിന്നും പുറത്താക്കുകയുണ്ടായി. ഈ ഉത്തരവ് ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യമായ മതേതരത്വത്തിനും തുല്യനീതിക്കും എതിരാണ്.

പസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെയുള്ള ഭരണഘടനാ ഭേദഗതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും പിന്നീടൊരിക്കലും ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്തതുമാണ്. പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിന് അനുബന്ധമായി 1959 -ല്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാങ്ങള്‍ക്ക് അയച്ച കത്തില്‍ മറ്റ് മത വിശ്വാസികളായ പട്ടികജാതിക്കാര്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു വന്നാല്‍ ഹിന്ദു പട്ടികജാതിക്കാരുടെ എല്ലാഅവകാശങ്ങള്‍ക്കും അര്‍ഹരാകും എന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്യസമാജം പോലുളള ഹിന്ദുസംഘടനകള്‍ ഗവണ്‍മെന്റിന്റെ ഒത്താശയോടെ ശുദ്ധികര്‍മ്മത്തിലൂടെ ഹിന്ദുമത പരിവര്‍ത്തനപ്രവര്‍ത്തനം വ്യാപകമായി സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രവൃത്തി ഇന്നും തുടരുന്നു.1950 ലെ ഭരണഘടന (പട്ടികജാതി) ഉത്തരവു ഭേദഗതിചെയ്ത് 1956-ല്‍ സിഖ്മതക്കാരായ പട്ടിജാതിക്കാരെയും 1990 ല്‍ നിയോബുദ്ധിസ്റ്റുകാരായ പട്ടികജാതിക്കാരെയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഹിന്ദുപട്ടികജാതിക്കാരുടെ എല്ലാ സംവരണാനുകൂല്യങ്ങള്‍ക്കും അര്‍ഹരാക്കി. പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക വിവേചനം തെളിയിക്കണമെന്ന് അന്ന് ഇവരോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ക്രിസ്ത്യാനികളായ പട്ടികജാതിക്കാര്‍ അത് തെളിയിക്കേണ്ടതാണെന്ന് കോടതി നിഷ്‌കര്‍ഷിക്കുന്നു. മദ്രാസ്സിലെ സൂസ എന്ന ചെരുപ്പുകുത്തി 1983-ല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി അതിന് തെളിവാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍  സെപ്തംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.