DCBOOKS
Malayalam News Literature Website

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് യന്ത്രങ്ങള്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് (വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് കണ്ടുബോധ്യപ്പെടാനുള്ള സംവിധാനം ഒരുക്കുന്നത്.

ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് സംസ്ഥാനത്ത് 34,000 വി.വി പാറ്റ് യന്ത്രങ്ങളെത്തിക്കും. നേരത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഇതുപയോഗിക്കുന്നത് ആദ്യമായിട്ടാണ്. നിശ്ചിത മാനദണ്ഡങ്ങളോടെയാണ് വി.വി പാറ്റ് മെഷീനുകള്‍ അവതരിപ്പിക്കുന്നത്. എല്ലാ ബൂത്തുകളിലും യന്ത്രങ്ങള്‍ ഉപയോഗിക്കുമെങ്കിലും മുഴുവന്‍ സ്ഥലത്തെയും രസീതുകള്‍ എണ്ണി തിട്ടപ്പെടുത്തില്ല. പകരം ഓരോ നിയോജക മണ്ഡലത്തിലെയും ഒരു ബൂത്തിലെ വീതം വി.വി പാറ്റ് രസീതും ഇ.വി എമ്മിലെ വോട്ടിങ് നിലയും പരിശോധിക്കും. ഏതെങ്കിലും ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് തകരാറ് സംഭവിച്ചാലും വോട്ടിങ് സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ ആക്ഷേപം ഉന്നയിച്ചാലും പോളിങ് ഓഫീസര്‍ക്ക് വി.വി പാറ്റ് രസീത് എണ്ണിത്തിട്ടപ്പെടുത്താം.

വി.വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ബോധവത്കരണവും പരിശീലനവും നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ പരിശീലനം ആരംഭിക്കും.

Comments are closed.