DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ കാലത്ത് വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ നിർദ്ദേശിച്ച് വി.ജെ. ജെയിംസ്

അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ലോക്‌ഡൗൺ കാലത്ത് പ്രിയ വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ നിർദ്ദേശിച്ച് സാഹിത്യകാരൻ വി.ജെ. ജെയിംസ്.

ഓർമ നിരോധനം, രവിവർമ്മ തമ്പുരാൻ

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്ന ഓർമകളുടെ അധിനിവേശത്തിന്റെയും ചെറുത്തുനിൽപിന്റെയും ആധിപത്യത്തിന്റെയും കീഴടങ്ങലിന്റെയും കഥയാണ് ഓർമനിരോധനം. രവിവർമ്മ തമ്പുരാന്റെ നോവൽ. പേരും സമർപ്പണ വാചകവും ഒരു ആശയ സംവാദത്തിന്റെ സൂചനകളാണു നൽകുന്നതെങ്കിലും ഓർമനിരോധനം അത്യന്തം ലളിതമായ ഒരു കഥയുടെ ചുരുളഴിക്കാനാണ് ശ്രമിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ അസാധാരണമല്ലാത്ത സാഹചര്യങ്ങളിലൂടെ ഓർമകളുടെ മല കയറിയിറങ്ങാൻ. ഒരു പൈങ്കിളിക്കഥയുടെ കെട്ടിലും മട്ടിലുമാണ് ഓർമ്മനിരോധനത്തിന്റെ തുടക്കം. പൈങ്കിളിക്കഥയിൽനിന്ന് ഗൗരവമുള്ള, ആകാംക്ഷയും ഉത്കണ്ഠയും ജനിപ്പിക്കുന്ന ദേശീയ പ്രശ്നങ്ങളിലേക്ക്.

ഹോമോ ദിയൂസ്, യുവാൽ നോഹ ഹരാരി

ഇസ്രായേലുകാരനായ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയുടെ പ്രധാനവിഷയം മനുഷ്യവംശത്തിന്റെ ഉല്‍പത്തിയും വികാസപരിണാമങ്ങളുമാണ്. മനുഷ്യകുലത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്’,’ഹോമോ ദിയൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ’ പോലുള്ള ഗ്രന്ഥങ്ങള്‍ ലോകമെങ്ങും പല വിധത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ഹോമോ ദിയൂസ്’ എന്ന പുസ്തകത്തില്‍ മനുഷ്യകുലത്തിന്റെ ഭാവി സാധ്യതകളെപ്പറ്റിയാണ് പറയുന്നത്.

ക്രിയാശേഷം , ടി പി രാജീവൻ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ടി.പി രാജീവന്റെ നോവല്‍ ക്രിയാശേഷം. 1979-ല്‍ പ്രസിദ്ധീകരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട  എം.സുകുമാരന്റെ  ശേഷക്രിയ  എന്ന നോവലിന്റെ തുടര്‍ച്ചയാണ് ക്രിയാശേഷം. പാര്‍ട്ടിക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച്, ഒടുവില്‍ പാര്‍ട്ടിനയങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട കുഞ്ഞയ്യപ്പന്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണ്. ജീവിതത്തില്‍ നിന്നും വിടുതല്‍വാങ്ങിയ കുഞ്ഞയ്യപ്പനെ പാര്‍ട്ടി പിന്നീട് രക്തസാക്ഷിയാക്കി. കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിന്റെ കഥയാണ് ക്രിയാശേഷത്തില്‍ പറയുന്നത്. രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കു നേരെയുള്ള ഒരു ചൂണ്ടുവിരലാണ് ഈ നോവല്‍. ഡി.സി ബുക്‌സാണ് ക്രിയാശേഷം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദന്ത സിംഹാസനം , മനു എസ് പിള്ള

ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ Manu S Pillai-Danthasimhasanamകേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും വിവരിക്കുന്ന ഐതിഹാസികഗ്രന്ഥമാണ് മനു എസ്. പിള്ളയുടെ ദന്തസിംഹാസനം.ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് മനു ഈ കൃതിയെഴുതുന്നത്. അതിനാല്‍ത്തന്നെ കൃത്യതയോടെയുള്ള വിവരണശേഖരണവും ഒപ്പം മൂലകൃതികളുടെ റഫറന്‍സും ഈ കൃതിയെ ഒരു ആധികാരിക ചരിത്രരേഖയാക്കുന്നു. പ്രതിഭാധനനായ ചിത്രകാരന്‍ രാജാ രവിവര്‍മ്മയില്‍നിന്നാണ് മനു എസ്.പിള്ള കഥ പറഞ്ഞുതുടങ്ങുന്നത്. കേന്ദ്രകഥാപാത്രമായ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയുടെ പിതാമഹനാണ് രാജാരവിവര്‍മ്മ. നിറപ്പകിട്ടാര്‍ന്ന ഈ അദ്ധ്യായം മുതല്‍ തന്നെ കൊട്ടാരക്കെട്ടിനുള്ളിലെ ജീവിതങ്ങളുടെ ഇരുളിച്ചകളിലേയ്ക്കും മനു വായനക്കാരെ നയിക്കുന്നുണ്ട്.

 

 

Comments are closed.