DCBOOKS
Malayalam News Literature Website

വിശ്വോത്തര പ്രണയ ഗീതങ്ങള്‍

 

വിശ്വോത്തര ചൊല്‍ക്കഥകളുംലോക ക്ലാസിക് കഥകളുമൊക്കെ മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ ഡി സി ബുക്‌സ് ഇതാ വിശ്വസാഹിത്യത്തിലെ ചില പ്രണയകവിതകള്‍ക്കൂടി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്. വിശ്വോത്തര പ്രണയ ഗീതങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തില്‍ വിശ്വസാഹിത്യകാരന്മാരുടെ തിരഞ്ഞെടുത്ത പ്രണയ കവിതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെല്ലി, നെരുദ, ടാഗോര്‍, ദാന്തെ, ഓസ്‌കാര്‍ വൈല്‍ഡ് തുടങ്ങി പ്രശസ്തരായ കവികളുടെ കവിതകളാണ് വിശ്വോത്തര പ്രണയ ഗീതങ്ങളിലുള്ളത്. എഴുത്തുകാരനും ടി വി ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായ നാലപ്പാടം പത്മനാഭനാണ് പുസ്തകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എ. പി. ജ്യോതിര്‍മയിയാണ്.

എ. പി. ജ്യോതിര്‍മയി എഴുതിയ അവതാരിക; പ്രണയനിലാവ്

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും മനസ്സിലാവുന്ന ഒരു ഭാഷയേയുള്ളൂ അത് പ്രണയമാണ്. മനുഷ്യനും പ്രിയപ്പെട്ടതുതന്നെ, ഈ ജീവിതചോദന. സംസ്‌കാരങ്ങളും ഭൂമികയും മാറുമ്പോഴും മാറ്റമില്ലാത്ത ഒരു ലോകമാണ് പ്രണയം നമുക്കു തരുന്നത്. കലയിലും സാഹിത്യത്തിലും പ്രണയം എന്ന അസംസ്‌കൃതധാന്യം നമുക്കു തരുന്ന വിഭവ ങ്ങള്‍ ചെറുതല്ല. അതുകൊണ്ടുതന്നെ വിശിഷ്ടങ്ങളായ എന്തിലും ഏതിലും പ്രണയം കുടിയിരിക്കുന്നു.

ഈ പുസ്തകം നമുക്കു തരുന്നത് ലോകത്തിലെ പ്രതിഭാശാലികളായ കവികളുടെ പ്രണയകവിതകളുടെ വിവര്‍ത്തനങ്ങളാണ്. പ്രണയത്തിന്റെ ദേശാന്തരഗമനങ്ങളും ചാരുതകളും എന്തെന്ന് തിരിച്ചറിയാന്‍ ഈ കവിതകള്‍ അവസരം തരുന്നു.

പ്രണയകവിതകള്‍ കാലത്തിന്റെയും ചരിത്രത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും കാവല്‍ക്കാരായി മുദ്രചാര്‍ത്തപ്പെട്ടവയാണ്. ആത്മാവിലേക്കാഴ്ന്നുപോകുന്ന നനുത്ത പ്രണയത്തിന്റെ ഈരടികള്‍ എക്കാലത്തും മനുഷ്യഹൃദയങ്ങളെ കോള്‍മയിര്‍കൊള്ളിച്ചിട്ടുണ്ട്. വിവര്‍ത്തനങ്ങളില്‍ യഥാര്‍ത്ഥ കാവ്യത്തിന്റെ അന്തഃസത്ത ചോര്‍ന്നുപോകുന്നു എന്ന ആരോപണങ്ങളില്‍നിന്നും വിഭിന്നമായി പ്രശസ്ത കവികളുടെ കവിതകള്‍ ഏറ്റവും ലാളിത്യവും തനിമയും ചേര്‍ത്ത് നാലപ്പാടം പത്മനാഭന്‍ എന്ന യുവകവി ഇവിടെ അവതരിപ്പിക്കുന്നു.

പ്രകൃതിയിലീശന്‍ പ്രണയിക്കുവാന്‍ മാത്ര-
മിണകളെ നല്‍കുന്നിതെല്ലാര്‍ക്കും
അനുരാഗികള്‍ തമ്മിലറിയുന്നു, പുണരുന്നു
അതിലൊരാള്‍ ഞാനില്ല,തെന്താവാം.

പ്രണയം നിഷേധിക്കപ്പെട്ട ഷെല്ലിയുടെ നോവുകള്‍ പത്മനാഭന്‍ തന്റെ ‘പ്രണയതത്ത്വം’ എന്ന വിവര്‍ത്തനത്തിലൂടെ ഏറ്റവും ഹൃദ്യമായി വായന ക്കാരുടെ മനസ്സിലേക്കു പകര്‍ത്തുന്നു.ഒരു കാമുകന്റെ കരുതലും വാത്സല്യവും ഒട്ടും ചോര്‍ന്നുപോകാതെ ‘പ്രേമിച്ചിരുന്നു ഞാന്‍’ എന്ന അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതയിലെ വരികള്‍ ആരെയും പ്രണയനിര്‍ഭരരാക്കുന്നു.

എന്‍ ഹൃദയത്തിലാ സ്‌നേഹം പുകയുന്നു
നിന്‍ സങ്കടം കാണാന്‍ വയ്യിനിമേല്‍
എത്ര സ്‌നേഹാര്‍ദ്ര മൃദുവാണ് നിന്‍ മനം
ഒട്ടുമേ പോറലേല്‍പ്പിക്കയില്ല ഞാന്‍.

ഒടുവില്‍ വേദനയോടെ മംഗളാശംസകള്‍ നേരുമ്പോള്‍ നമ്മുടെയും കണ്ണു നിറയുന്നു:

എങ്കിലും നിന്‍ നവ ദാമ്പത്യസ്വര്‍ഗ്ഗത്തില്‍
എന്നും സുഖിക്ക നീ മംഗളാശംസകള്‍.

ഷേക്‌സ്പിയറുടെ ‘ഗീതകം’ എന്ന പരിഭാഷയില്‍

മരണത്തിന്‍ നിഴലില്‍ നീയുഴലില്ലയൊരിക്കലും
മരിക്കാത്ത കവിതയില്‍ കുടിയിരിക്കെ
അവസാന ശ്വാസംവരെ, യൊടുക്കത്ത കാഴ്ചയോളം
കവിതയും വാഴും നീയുമനശ്വരയാം

ഇവിടെ കവിതയും കാമുകിയും ഒന്നായി മാറി അനശ്വരമാവുകയാണ്. കവി മരിച്ചീടുകിലും തന്റെ കാമുകി കവിതയിലൂടെ ജീവിച്ചിരിക്കും എന്ന് വിശ്വകവി ആഗ്രഹിക്കുകയും വിശ്വസിക്കുകയുംചെയ്യുന്നു.

‘കലണ്ടര്‍’, ‘കവിയച്ഛന്റെ മകന്‍’, ‘വിഷക്കെണി’ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ നാലപ്പാടം പത്മനാഭന്‍ ‘ടാഗോറിന്റെ പ്രണയകവിതകള്‍’ മധുരമായി പരിഭാഷപ്പെടുത്തി മലയാളത്തെ സമ്പന്നമാക്കിയിട്ടുണ്ട്. മനസ്സില്‍ പ്രണയം കാത്തുസൂക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഉദാത്ത പ്രണയത്തിന്റെ ഉന്മാദം ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. പത്മനാഭന് അത് സാധിക്കുന്നുണ്ട് എന്നത് ഈ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രിയപ്പെട്ട ഈ കവിസുഹൃത്തിന്റെ ഹൃദയത്തിലൂടെ പുനര്‍ജ്ജനി നേടിയ വിശ്വോത്തര പ്രണയകവിതകള്‍ മലയാളത്തിന് അനശ്വരമായ ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം. ഈ പ്രണയകവിതകള്‍ മധുരമുള്ളതും കണ്ണീരിന്റെ ഉപ്പു കലര്‍ന്നതുമാകയാല്‍ വായനക്കാര്‍ക്ക് ജീവിതകാമനകളുടെ നിലാവ് ഒപ്പിയെടുക്കാം.

 

Comments are closed.