DCBOOKS
Malayalam News Literature Website

ആനന്ദം മാത്രമല്ല, ആനന്ദ്

mind master

വിശ്വനാഥന് ആനന്ദിന്റെ മൈന്‍ഡ് മാസ്റ്റര്‍ എന്ന ആത്മകഥയ്ക്ക്  കെവി മധു എഴുതിയ വായനാനുഭവം

1987ല്‍ ലോക ജൂനിയര്‍ കിരീടം നേടിയതിന് ശേഷം കോഴിക്കോട്ട് ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തീവണ്ടിയില്‍ വരികയായിരുന്നു വിശ്വനാഥന്‍ ആനന്ദ്. യാത്രയ്ക്കിടെ അടുത്തിരുന്ന ഒരാള്‍ പരിചയപ്പെട്ടുകൊണ്ട് ചോദിച്ചു.
”എന്തുചെയ്യുന്നു?”
ആനന്ദ് പറഞ്ഞു
”ചെസ് കളിക്കുന്നു.”
അതുകേട്ട് അയാള്‍ ആനന്ദിന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു
”അതൊരു സുരക്ഷിതമായ ഉപജീവനമാര്‍ഗ്ഗമല്ല.”
ആനന്ദ് പുഞ്ചിരിച്ചു. അയാള്‍ തുടര്‍ന്നു
” മറിച്ചാകണമെങ്കില്‍ നിങ്ങളൊരു വിശ്വനാഥന്‍ ആനന്ദാകണം.”
അയാള്‍ പരാമര്‍ശിക്കുന്ന വ്യക്തി ഞാനാണ് എന്ന് ആനന്ദ് അപ്പോള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ പിന്നീടുള്ള ജീവിതത്തില്‍ ആനന്ദ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയായി അത് കൊണ്ടുനടന്നു. ഇന്ത്യയെ ഏഷ്യയെ ലോകത്തെയാകെ വിസ്മയിപ്പിക്കുകയും ചെസ് ലോകത്ത് അല്‍ഭുതപ്രതിഭയായി നിലകൊള്ളുകയും ചെയ്യുന്ന പ്രതിഭാസമാണ് വിശ്വനാഥന്‍ ആനന്ദ്. കറുപ്പും വെളുപ്പും കളങ്ങളിലൂടെ കയറിയിറങ്ങിയ തന്റെ ജീവിതം അദ്ദേഹം എഴുതുകയാണ് മൈന്‍ഡ് മാസ്റ്റര്‍ എന്ന ആത്മകഥയിലൂടെ.
ലോകചാമ്പ്യനായിട്ടും
ലോകചെസ്സ് ഒരു കൂട്ടരുടെ അവിതര്‍ക്കിത സാമ്രാജ്യമായിരുന്നു. അതിന്റെ  മതിലുകള്‍ തകര്‍ത്ത് ആ ലോകത്തേക്ക് കടന്നുചെല്ലുക എന്നത് ഒരു മൂന്നാം ലോകരാജ്യക്കാരന് ആലോചിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല. എന്നാല്‍ ചെറുപ്പത്തിലേ ചെസ്സില്‍ പ്രതിഭ തെളിയിച്ചുമുന്നേറിയ വിശ്വനാഥന്‍ ആനന്ദിന്റെ മുന്നേറ്റം തടയാന്‍ ഒരു യുഎസ്എസ് ആറിനും കഴിയുമായിരുന്നില്ല. നിരന്തര പരിശ്രമങ്ങളുടെയും വിജയങ്ങളുടെയും അവസാനം 2000 ത്തില്‍ ലോകകിരീടം നേടിയിട്ടും ചെസ് ലോകം ആനന്ദിന്റെ വിജയം അംഗീകരിക്കാന്‍ തയാറായില്ല. ഈ പ്രതിസന്ധിയെ മറികടന്ന കഥയുമായാണ് ആനന്ദിന്റെ ആത്മകഥ ആരംഭിക്കുന്നത്. ടെഹ്‌റാനിലെ ആ വിജയത്തെ പൊതുവേ ചെസ് ലോകം നിരാകരിച്ചു. ആനന്ദ് പറയുന്നതിങ്ങനെയാണ്
” അതെ നിങ്ങള്‍ ലോകചാമ്പ്യന്‍ തന്നെ പക്ഷേ…”
ടെഹ്‌റാന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വിചിത്രമായ രീതിയില്‍ അളക്കപ്പെടുകയും മുദ്രണം ചെയ്യപ്പെടുകയും ചെയ്തു. ചെസ് ലോകത്ത് അക്കാലത്തുണ്ടായ ചേരിതിരിവിന്റെ കൂടി അന്തരദുരന്തമായിരുന്നു അത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ചെസ് ലോകം രണ്ടായി തിരിഞ്ഞ ഒരു ദുരന്തകഥ അതിന് പിന്നിലുണ്ടായിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ ഗാരി കാസ്പറോവും അദ്ദേഹത്തിന്റെ കിരീടത്തിന് വെല്ലുവിളി ഉയര്‍ത്തിയ നൈജല്‍ ഷര്‍ട്ടും കലഹിച്ച് അകന്ന ശേഷമാണ് ചെസ് ലോകത്തിന്റെ പിളര്‍പ്പുണ്ടായത്. പിന്നീടൊരിക്കലും പഴയ നിലയിലേക്ക് ചെസ് ലോകം തിരിച്ചുപോയില്ല. വിശ്വനാഥന്‍ ആനന്ദിന്റെ ലോകകിരീടത്തിന് വെല്ലുവിളിയായതും ഈ സാഹചര്യമാണ്. ഓട്ടമല്‍സരത്തില്‍ ഒന്നാമതെത്തിയിട്ടും ഇനിയും ഓടണം എന്ന് പറയുന്നതുപോലെയായിരുന്നു ടെഹ്‌റാന്‍ വിജയത്തിന്റെ ഗതി. ഒടുവില്‍ 2007 സെപ്തംബര്‍  30ന് ലോകകിരീടത്തിനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രമാണ് വിശ്വനാഥന്‍ ആനന്ദ് അവിതര്‍ക്കിത ലോകചാമ്പ്യനായത്.  അപ്പോഴും ചെസ് ലോകത്തെ ചേരിതിരിവുകളില്‍ കക്ഷി ചേരാന്‍ കൂട്ടാക്കാത്ത ആനന്ദിന്റെ നിശ്ചയ ദാര്‍ഢ്യം നമ്മെ അല്‍ഭുതപ്പെടുത്തും.
ചെസ്സിലേക്കുളള പടവുകള്‍
ആനന്ദിന്റെ സ്വകാര്യ ജീവിതം കുറച്ച് വിപുലമായി അറിയാമെന്ന് കരുതിയാണ് മൈന്‍ഡ് മാസ്റ്റര്‍ വായിക്കാന്‍ തുടങ്ങുന്നതെങ്കില്‍ പണി പാളും. ആനന്ദ് ചെസ്സില്‍ ആമഗ്നമായ ജീവിതം നയിച്ചയാളാണ്. അയാളുടെ തോല്‍വിയും വിജയവും ചലനവും നിശ്ചലതയുമെല്ലാം ചെസ്സിലെ കളങ്ങളാണ്. അതേ സമയം ആ കളങ്ങളില്‍ ജീവിതത്തിലെ സകല വികാരങ്ങളുടെയും വേലിയേറ്റങ്ങളുണ്ട് എന്ന വ്യത്യാസം മാത്രം. ഇന്റര്‍നെറ്റിന് മുമ്പുളള കാലത്താണ് ആനന്ദ് കളി തുടങ്ങുന്നതും പേരെടുക്കുന്നതും. പുസ്തകങ്ങള്‍ മാത്രമായിരുന്നു അറിവിന്റെ ലോകത്തേക്കുള്ള  പ്രവേശന കവാടങ്ങള്‍. വായനയുടെ ലോകത്തിന് വ്യത്യസ്തതകളുണ്ടായിരുന്നെങ്കിലും ചെസ്സിന് തന്നെയായിരുന്നു പ്രധാന്യം. സഹോദരി വാങ്ങിനല്‍കിയ പുസ്തകങ്ങളുടെ പേരുകള്‍ ആനന്ദ് ആവേശത്തോടെ പറയുന്നുണ്ട്.  ഇസ്രായേല്‍ ആല്‍ബര്‍ട്ട് ഹെറോവിറ്റ്‌സ് രചിച്ച ചെസ് ഓപ്പണിംഗ്‌സ് തിയറി ആന്റ് പ്രാക്ടീസ് ഒരു മതവിശ്വാസി മതഗ്രന്ഥം വായിക്കുന്നതുപോലെ പഠിച്ച് ഉള്ളിലേക്കാവാഹിച്ച കാലത്തെ കുറിച്ച് ആനന്ദ് വാചാലനാകുന്നുണ്ട്.  ചെസ് ആരംഭകാലത്തെ ചതിക്കുഴികള്‍ അറിയാന്‍ സഹായിക്കുന്ന ഹോസെ റൗള്‍ കാപ്പബ്ലാങ്കെയുടെ ചെസ്സ് ഫണ്ടമെന്റല്‍സ്, 1000 മിനിയേച്ചര്‍ ഓപ്പണിംഗ് തുടങ്ങിയ പുസ്തകങ്ങളും ആനന്ദിന്റെ ജീവിതത്തില്‍ അവഗണിക്കാനാകാത്ത സ്വാധീനം ചെലുത്തി.
ചെസ്സിലേക്കുള്ള വാതിലുകള്‍
എട്ടുവയസ്സുളളപ്പോള്‍ റെയില്‍വേയിലായിരുന്ന  അച്ഛന്റെ ജോലിയാവശ്യത്തിന് ഫിലിപ്പൈന്‍സിലെ മനിലയിലേക്ക് താമസം മാറ്റി. ഒന്നരവര്‍ഷത്തെ ആ കാലം ആനന്ദിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അനത്തോളികാര്‍പ്പോവും വിക്തര്‍ കൊര്‍ച്ച്‌നേയിയും തമ്മില്‍ നടന്ന ഒരു കയ്‌പ്പേറിയ ലോകചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിന് പിന്നാലെയാണ് ആനന്ദ് അവിടെ ചെന്നിറങ്ങിയത്.  ചെസ് വിസ്‌ഫോടനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ ചെന്നിറങ്ങിയതിന്റെ ആവേശത്തിലായിരുന്നു ആനന്ദ്. ആനന്ദിലെ ചെസ്‌ കളിക്കാരന്റെ വളര്‍ച്ച അമ്മയുടെ സ്വപ്‌നമായിരുന്നു. അങ്ങനെ മനിലയിലെത്തിയ ഉടനെ ചെസ് പരിശീലനത്തിനുളള ഏര്‍പ്പാടുകളും ചെയ്തു. വീട്ടിനുള്ളിലിരുന്നുകൊണ്ട്് എന്തൊക്കെ ചെയ്യാമെന്നതായിരുന്നു ആദ്യം. സ്‌കൂള്‍ വിട്ടുള്ള ഉച്ചകഴിഞ്ഞ സമയത്ത് ചെസ് ടുഡേ എന്ന ടെലിവിഷന്‍ ഷോയായിരുന്നു മുഖ്യവിനോദം. ആ ടെലിവിഷന്‍ ഷോയുടെ എപ്പിസോഡുകളുടെ അവസാനം ഒരു ചെസ് പസില്‍ മല്‍സരം ഉണ്ടായിരുന്നു. എല്ലാ എപ്പിസോഡിനും ആനന്ദ് ഉത്തരങ്ങളയച്ചു തുടങ്ങി. എല്ലാതവണയും സമ്മാനവും ലഭിച്ചു. ഒടുവില്‍ ബുദ്ധിമുട്ടിലായ ടെലിവിഷന്‍ പരിപാടിക്കാര്‍ അവരുടെ ലൈബ്രറി സന്ദര്‍ശിക്കാനും ആവശ്യമായ പുസ്തകങ്ങള്‍ എടുക്കാനും ക്ഷണിച്ചു. പക്ഷേ ഒരു നിബന്ധന മാത്രം ഇനി പരിപാടിയിലേക്ക് ഉത്തരങ്ങള്‍ അയക്കരുത്.
1980-ല്‍ 11-ാമത്തെ വയസ്സില്‍ മദിരാശിയിലേക്ക് മടങ്ങിയെത്തി. ചെസ്സ് പരിശീലനത്തിന്റെ അടുത്ത ഘട്ടം. ആ വര്‍ഷം ആദ്യമായി ഒരു ഗ്രാന്‍ഡ് മാസ്റ്ററുമായി നേരിട്ട് കളിക്കാനവസരം ലഭിച്ചതോടെ ആനന്ദിന്റെ ചെസ് ലോകത്തിന് പുതിയ വാതില്‍ തുറന്നു. ലാത്വിയന്‍-സോവിയറ്റ് ഗ്രാന്‍ഡ് മാസ്റ്ററായിരുന്ന വ്‌ലാദിമിര്‍ ബാഗിറോവുമായുള്ള കളിയോടെ ആനന്ദ് മികച്ച കളിക്കാരനെന്ന് തിരിച്ചറിയപ്പെട്ടു.
പിന്നെ പ്രാദേശിക ടൂര്‍ണമെന്റുകളുടെ ബഹളമായിരുന്നു. അമ്മയുടെ പിന്തുണയോടെ ആനന്ദ് ജയിച്ച് മുന്നേറുകയായിരുന്നു. 1983ല്‍ സബ് ജൂനിയര്‍ ചാമ്പ്യനായതോടെ ദേശീയ തലത്തില്‍ അറിയപ്പെട്ടു. 16 വര്‍ഷം തികയും മുമ്പേ ദേശീയ ചാമ്പ്യനുമായി.
വിജയം തന്നെ പരാജയവുമാകുന്ന നിമിഷം
ആനന്ദിന്റെ ആത്മകഥ കേവലമൊരാത്മ കഥയല്ലാതായി മാറുന്നത് ഓരോ സംഭവങ്ങളെയും അദ്ദേഹം നേരിട്ട രീതി അവതരിപ്പിക്കുന്നതിലൂടെയാണ്. ലക്ഷ്യബോധത്തോടെ നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരാള്‍ ലക്ഷ്യം നേടിയെടുത്തതിന് ശേഷം അഭിമുഖീകരിക്കുന്ന ശൂന്യതാബോധത്തെ കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരു തപസ്യപോലെ പിന്തുടര്‍ന്ന ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചതിന്‌ശേഷമുള്ള മാനസികാവസ്ഥ അനുഭവിച്ചതിനെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
” പെട്ടെന്ന് ജീവിതത്തില്‍ ലക്ഷ്യം ഇല്ലാതായതുപോലെ. വല്ലാത്ത ശൂന്യതയും വിരസതയും ഉദാസീനതയും അനുഭവപ്പെട്ടു. അതുവരെ ഒരേയൊരു ലക്ഷ്യത്തെയാണ് ഞാന്‍ പിന്തുടര്‍ന്നത്. സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് ശേഷം പുത്തന്‍ കൊടുമുടികളെ ലക്ഷ്യമിടാതെ പിന്നിട്ട പാതകളെ തിരിഞ്ഞുനോക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. പിന്നീട് ടൂര്‍ണമെന്റ് വിജയങ്ങളോ പോയിന്റുകളോ എന്നെ ആവേശഭരിതനാക്കിയില്ല. ആറുമാസക്കാലം നിരാശയുടെ ഒരു കണ്‍വെയര്‍ ബെല്‍റ്റില്‍ ഞാന്‍ കുടുങ്ങിക്കിടുന്നു. ചിലപ്പോള്‍ ലക്ഷ്യങ്ങള്‍ നമ്മുടെ ജീവിതത്തെ തന്നെ പാടേ ഗ്രസിക്കുന്ന ഒരു വന്‍ ഭൂതമായി മാറിയേക്കും. ”
പിന്നീട് സമചിത്തത വീണ്ടെടുക്കുംവരെയുള്ള കാലത്ത് അനുഭവിച്ച വല്ലാത്തൊരു അസ്വസ്ഥതയോടെയാണ് ആനന്ദ് വിശദീകരിക്കുന്നത്.
കമ്പ്യൂട്ടറുമായി ചെന്ന് പെട്ട കുരുക്കുകള്‍
ഇന്നാലോചിക്കുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങുക എന്നതൊന്നും ഒരു പ്രശ്‌നമേയല്ല. എന്നാല്‍ പണ്ടങ്ങനെയായിരുന്നില്ല. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരെ കാലങ്ങളായി കളിയാക്കിവരുന്നവരാണ് നമ്മള്‍. എന്നാല്‍ 1988ല്‍ ഒരു കമ്പ്യൂട്ടര്‍ ഇന്ത്യാരാജ്യത്തെത്തിക്കാന്‍ ആനന്ദ് പെട്ട പാട് അറിഞ്ഞാല്‍ അതൊന്നും ഒരു തമാശയേ അല്ലാതാകും.
ഗ്രാന്‍ഡ് മാസ്റ്ററായ അതേ വര്‍ഷമാണ് ചെസ്സ് തയാറെടുപ്പുകള്‍ക്ക് വേണ്ടി ആനന്ദ് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. 1987ല്‍ ആനന്ദിന് സമ്മാനമായി ആംസ്റ്റര്‍ ഡാമില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ ലഭിച്ചു. എന്നാല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള അനുവാദം കേന്ദ്രസര്‍ക്കാരില്‍ നിന്ന പെട്ടെന്ന് ലഭിച്ചില്ല. ഒടുവില്‍ അതവിടെ മറ്റൊരാളെ ഏല്‍പ്പിച്ച് മടങ്ങേണ്ടി വന്നു. രാജ്യസുരക്ഷയടക്കമുള്ള കാരണങ്ങള്‍ കൊണ്ട് അതിര്‍ത്തിക്കിപ്പുറത്തേക്ക് കടത്താന്‍  പ്രയാസമായി. ഒടുവില്‍ എട്ടുമാസത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ആ കമ്പ്യൂട്ടര്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞത്. അതുകഴിഞ്ഞ് ചെസ് സോഫ്റ്റ് വെയര്‍ വിജ്ഞാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ലാപ് ടോപ് വാങ്ങി. ലാപ് ടോപ്പിനകത്തെ വിവരങ്ങളെ കുറിച്ചുള്ള നിഗൂഢതകള്‍ മൂലം ഇന്ത്യയ്ക്കകത്തുള്ള യാത്രകളില്‍ വിമാനത്താവളങ്ങളില്‍ അത് പിടിച്ചുവയ്ക്കുന്ന സ്ഥിതിയുണ്ടായി. അതിനും നൂലാമാലകളൊരുപാടുണ്ടായി. കമ്പ്യൂട്ടര്‍ ചെസ്സില്‍ മാത്രമല്ല സമൂഹത്തിലാകെയും ഉണ്ടാക്കിയ രസകരമായ മാറ്റത്തിന്റെ തുടര്‍ച്ചകളെ കുറിച്ച് ആനന്ദ് ആത്മകഥയില്‍ പറയുന്നമ്പോള്‍ അതൊരുകാലഘട്ടത്തിന്റെ ഐടി ചിത്രമായി മാറുന്നു.
വിവാഹജീവിതം
അരുണയുമായുള്ള വിവാഹ ജീവിതവും ആനന്ദിന്റെ ചെസ് ജീവിതവും ഏത് വിധം ലയിച്ചുചേര്‍ന്നിരിക്കുന്നു എന്നറിയുമ്പോള്‍ നമ്മള്‍ വിസ്മയിക്കും. ചെസ്സിനെ കുറിച്ചൊന്നുമറിയാത്ത ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കെത്തുമ്പോള്‍ സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. തുടക്കത്തിലെ തടസ്സങ്ങള്‍ അതിജീവിച്ച് മുന്നേറിയപ്പോള്‍ അരുണയില്ലാതെ ആനന്ദിന്റെ ചെസ് ജീവിതവും വായിക്കാന്‍ കഴിയാത്ത രീതിയില്‍ ഇഴചേര്‍ന്നുവരുന്നത് കാണാം. ഒരു ലോകചാമ്പ്യന്റെ ജീവിതം ചിട്ടപ്പെടുത്തുകയും ചെസ്സില്‍ പിന്നീടാര്‍ജ്ജിച്ച അറിവുകളെ അതിവിദഗ്ദമായി പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രതിഭാധനയായ ഒരു സ്ത്രീയായി മാറുന്നുണ്ട് അരുണ. 1998ല്‍ കാര്‍ഡപോവുമായുള്ള ലോകചാമ്പ്യന്‍ഷിപ്പ് മല്‍സരം ലോസാനില്‍ നടക്കുന്ന ഒരു ദിനം വിവാഹവാര്‍ഷികം മറന്നുപോയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് ആ കഥയാരംഭിക്കുമ്പോള്‍ വായനക്കാരന്‍ രസകരമായി ആ ജീവിതത്തെ പിന്തുടരാനാരംഭിക്കുകയും ചെയ്യും.
ഓര്‍മശക്തി
ചെസ്സുകളിക്കാരുടെ മനഃശാസ്ത്രത്തെയും സാധാരണ മനുഷ്യരുടെ മനസ്സിനെയും ആനന്ദ് മനോഹരമായി വിശകലനം ചെയ്യുന്നുണ്ട്. സ്വന്തം ഓര്‍മശക്തിയെ കുറിച്ച് അദ്ദേഹം ചില കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. കഴിഞ്ഞുപോയ ഒരു കളി ഉടന്‍ തന്നെ എഴുതിവയ്ക്കുന്ന ശീലത്തെകുറിച്ച് വിശദീകരിക്കുമ്പോള്‍ ചില നോട്ടുകളും ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളിച്ച 40 നീക്കങ്ങളൊക്കെ ഒരു തടസ്സവുമില്ലാതെ പുനസൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഈ കളിക്കാരന്റെ ഓര്‍മശക്തി എത്ര ആഴത്തിലുള്ളതായിരിക്കും.
എതിരാളികള്‍ രഹസ്യമായി കളിക്കിടെ കരുക്കള്‍ എടുത്തുമാറ്റിയാല്‍ പിന്നീട് കണ്ണെത്തുമ്പോള്‍ കൃത്യമായി കണ്ടുപിടിക്കുകയും എന്റെ കരുവെടുത്ത് തിരിച്ചുവയ്ക്കൂ എന്ന് പറയുകയും ചെയ്ത സംഭവം അദ്ദേഹം പറയുന്നുണ്ട്.
അതിജീവനപാഠം
വിജയത്തിലതിരു കടന്നാഹ്ലാദിക്കുകയും പരാജയത്തില്‍ തകര്‍ന്ന് തരിപ്പണമായി വീണുകിടക്കുകയും ചെയ്യുന്ന തലമുറയ്ക്ക് ജീവിതത്തെയും അനുഭവങ്ങളെയും നേരിടേണ്ടതെങ്ങനെയന്ന പാഠപുസ്തകം കൂടിയാണ് മൈന്‍ഡ് മാസ്റ്റര്‍ എന്ന പുസ്തകം. ലോകപ്രശസ്തിയുടെ അത്യുന്നതത്തില്‍ നില്‍ക്കുമ്പോള്‍തന്നെ ഒരു ചീട്ടുകൊട്ടാരം പോലെ പരാജയപ്പെട്ട് തകര്‍ന്ന് വീണുപോയ നിമിഷങ്ങള്‍ വരെ അദ്ദേഹം എഴുതുന്നു.
1969 ഡിസംബര്‍ 11ന് കൃഷ്ണമൂര്‍ത്തി വിശ്വനാഥന്റെയും സുശീലയുടെയും മകനായി ചെന്നൈയില്‍ ജനിച്ച വിശ്വനാഥന്‍ ആനന്ദ് സമകാലിക ചെസ്സിലെ വിഖ്യാതപേരുകാരനായി ഉയര്‍ന്ന കഥയാണ് ഈ പുസ്തകം. ഡിസി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച മൈന്‍ഡ് മാസ്റ്റര്‍ വിവര്‍ത്തനം ചെയ്തത് പ്രൊഫസര്‍ എന്‍ ആര്‍ അനില്‍കുമാറാണ്.
ധൃതി മൂലം കളിച്ച് കളി തോറ്റത്, അപ്പോള്‍ തെറ്റെന്ന് തോന്നുന്ന പിന്നീട് അര്‍ത്ഥവത്താകുന്ന തീരുമാനങ്ങള്‍, ജീവിതത്തില്‍ സംഘര്‍ഷങ്ങളെ ഒഴിവാക്കി സമചിത്തത കൈവരിക്കുന്ന നിമിഷങ്ങള്‍ തുടങ്ങി അമ്മയുടെ മരണവും ഭാര്യയുടെ വയറ്റില്‍ തന്നെ പിറന്നിട്ടില്ലാത്ത കുഞ്ഞിന്റെ മരണവും തിരിച്ചടികളെ അതിജീവിച്ച വിധവുമെല്ലാം ആനന്ദ് എഴുതുമ്പോള്‍ വായനക്കാരനും പ്രചോദനാത്മകമായ ചില പാഠങ്ങളാണ് ലഭിക്കുന്നത്. അതുകൊണ്ട്തന്നെ വെറുമൊരു ആത്മകഥയ്ക്കപ്പുറത്ത് മൈന്‍ഡ് മാസ്റ്റര്‍ ഒരു അതിജീവനപാഠപുസ്തകം കൂടിയാണ്.

 

Comments are closed.