DCBOOKS
Malayalam News Literature Website

സ്വന്തം വ്യക്തിത്വമറിയാത്ത സ്ത്രീ എങ്ങനെയാണ് പ്രണയത്തിന്റെ രാഷ്ടീയമറിയുക: സഹീറ തങ്ങള്‍

ഇസ്ലാമില്‍ മാത്രം പെണ്ണിടങ്ങള്‍ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന ചോദ്യമാണ് കേരള സഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം വാക്ക് വേദിയില്‍ നടന്ന വിശുദ്ധ സഖിമാരും ഇസ്ലാമിലെ പെണ്ണുലകങ്ങളും എന്ന ചര്‍ച്ചയില്‍ സഹീറാ തങ്ങള്‍ ഉന്നയിച്ചത്. ഈയിടെയായി വര്‍ധിച്ചു വരുന്ന മേല്‍ക്കോയ്മയാണിതിനു കാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സമുദായത്തിലെ അപചയങ്ങള്‍ തുറന്നു കാട്ടാന്‍ സമുദായത്തിനുള്ളിലുള്ളവര്‍ക്കേ കഴിയൂ എന്നും സഹീറാ തങ്ങള്‍ അഭിപ്രായപ്പെട്ടു. ഡോ.ഖദീജാ മുംതാസും സഹീറാ തങ്ങളുമാണ് ഈ സെഷനില്‍ സംസാരിച്ചത്.

പ്രണയവും സ്ത്രീശരീരവും വിഷയമായി വരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പ്രണയവും സ്ത്രീശരീരവും പറയാനുള്ളത് തന്നെയാണല്ലോ എന്നാണ് സഹീറ മറുപടി നല്‍കിയത്. പ്രണയം മനോഹരമാണെന്നും മനോഹരമായത് എഴുതുമ്പോള്‍ എഴുത്തും മനോഹരമാകുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രണയമെന്ന രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്വന്തം വ്യക്തിത്വമറിയാത്ത സ്ത്രീ എങ്ങനെയാണ് പ്രണയത്തിന്റെ രാഷ്ടീയമറിയുക എന്നാണ് അവര്‍ പ്രതികരിച്ചത്.

ഫെമിനിസം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണെന്നും സ്ത്രീയെയും പുരുഷനെയും മാറ്റി നിര്‍ത്തി സ്ത്രീപുരുഷ ബന്ധം ചര്‍ച്ച ചെയ്യപ്പെടുന്നതിലെ ആശങ്കയാണ് സഹീറ പങ്കുവച്ചത്. കുട്ടികള്‍ പോലും വിവാഹത്തെ വെറുക്കുന്നു. വിവാഹം ഒരു സാമൂഹിക വ്യവസ്ഥിതിയേക്കാളുപരി രണ്ടു പേര്‍ തമ്മിലുള്ള തീവ്ര പ്രണയമായിട്ടാണ് സഹീറ നിര്‍വ്വചിച്ചത്. വിവാഹം കഴിഞ്ഞാല്‍ സ്‌നേഹം എവിടെ പോകുന്നു എന്നറിയില്ല. വിവാഹ ബന്ധങ്ങളിലെ അധികാര സ്വഭാവമാണ് ലിവിങ് ടുഗെദറിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്.-സഹീറ പറയുന്നു.

Comments are closed.