DCBOOKS
Malayalam News Literature Website

അനാഥാലയത്തില്‍ നിന്നും സിവില്‍ സര്‍വ്വീസിലെ ഉയരങ്ങളിലെത്തിയ യാത്ര

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ ചെറുപ്പക്കാരന്റെ കഥ. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി ആയിരങ്ങള്‍ക്ക് പ്രചോദനമായി മാറിയ മുഹമ്മദലി ശിഹാബിന്റെ ആത്മകഥ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആത്മകഥയ്ക്ക് മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ്. എഴുതിയ ആമുഖം

” പതിനൊന്നാം വയസ്സിലാണ് ഞാന്‍ യതീംഖാനയിലെത്തുന്നത്. ഒപ്പവും എനിക്ക് മുമ്പും ശേഷവുമെത്തിയ അനാഥരായ കുട്ടികളുടെ കൂടെയായിരുന്നു പിന്നീടുള്ള പത്തുവര്‍ഷക്കാലം ചെലവഴിച്ചത്. വായിച്ചി, ഉമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ തുടങ്ങിയവരെ മാത്രം പരിചിതമായിരുന്ന ബാല്യം അതിരുവിട്ട വികൃതിനിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ അനാഥാലയത്തില്‍ എത്തുന്നതുവരെയുള്ള കാലം സംഭവബഹുലമായിരുന്നു.

വായിച്ചിയുടെ വിയോഗം ഞങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവു സൃഷ്ടിച്ചു. ആഹാരത്തിന് ഞെരുക്കമില്ലായിരുന്നെങ്കിലും ശുഷ്‌കമായ ജീവിതസാഹചര്യമാണ് അന്ന് വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ് അങ്ങാടിയിലെ പെട്ടിപ്പീടികയായിരുന്നു. വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന ഉമ്മയെയും കൊച്ചുമക്കളെയും പോറ്റാനുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായും വായിച്ചിയുടെ ചുമലിലായിരുന്നു. ജീവിതയാത്രയിലെ ഗതിവിഗതികള്‍ അനിശ്ചിതമായിരുന്നു. നാട്ടിന്‍പുറ അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്നാണ് ശിശുത്വവും ബാല്യത്തിന്‍ അര്‍ദ്ധഭാഗവും പിന്നിട്ടത്. തടായിയും നാട്ടുവഴികളും ചോലയും കുളവും വെള്ളക്കെട്ടുകളും മാത്രമല്ല, തൊടിയിലെ വലിയ പ്ലാവും കൊടപ്പനയും പുളിയും പറങ്കിമാവും ശൈശവത്തോടു ചേര്‍ന്നുനിന്നു. പൂര്‍ണ്ണമായും താല്‍പര്യരഹിതനായി സഹോദരിമാരോടൊപ്പം അനാഥാലയത്തിലെത്തിയ ഞാന്‍ പഠനത്തോടുള്ള വൈമുഖ്യം അവിടെയും തുടര്‍ന്നു. ഇഷ്ടത്തോടെയല്ലെങ്കിലും ചെന്നുചേര്‍ന്നിടങ്ങളില്‍ ഇഴുകിച്ചേരാനുള്ള ചതുരത എന്നിലുണ്ട്. അനാഥശാലയുടെ മതില്‍ക്കെട്ടിനുള്ളില്‍ സ്വന്തമായൊരിടം അടയാളപ്പെടുത്താന്‍ വൈകിയെങ്കിലും ഒടുവിലതില്‍ ജയം കണ്ടു. കൗമാരത്തുടിപ്പുകള്‍ ശുദ്ധീകരിച്ച ഇരുവഞ്ഞിപ്പുഴയും ആമോദം വിയര്‍ത്തൊഴുകിയ പുല്‍ മൈതാനവും നെല്ലിമരക്കുന്നും മടുപ്പുകളില്‍ നിന്നു മോചിപ്പിച്ചു.

അനാഥാലയത്തോട് വിടപറഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ എന്നില്‍, ഇക്കാലയളവിലുണ്ടായ സാമൂഹിക മാറ്റം ഞെട്ടലുണ്ടാക്കി. ഈ നടുക്കം ജീവിതത്തിന് പുതുവഴി തുറക്കാനാണ് എന്നെ പ്രേരിപ്പിച്ചത്. ജീവിതായോധനത്തിന് മറ്റൊരു അനാഥമന്ദിരത്തില്‍ ശരണം പ്രാപിക്കേണ്ടിവന്ന എനിക്ക് അവിടെ ഭൂതകാലം പുനരവതരിപ്പിക്കപ്പെടുന്നതായാണ് അനുഭവപ്പെട്ടത്. അവിദഗ്ധതൊഴിലാളിയായും അധോതലഗുമസ്തനായും പ്രാഥമികാധ്യാപകനായും ജോലി ചെയ്യുമ്പോഴും അതുവരെ സ്വാംശീകരിച്ച ജൈവാംശം കൈവിട്ടുപോയില്ല. പരപ്രേരണയും സ്വാനുഭവങ്ങളുമാണ് സിവില്‍ സര്‍വീസെന്ന ലക്ഷ്യത്തിലേക്ക് മനസ്സിനെ നയിച്ചത്. പരിശീലനകാലം ജീവിതവീഥിയിലെ സങ്കീര്‍ണ്ണഘട്ടംകൂടി ആയിരുന്നു. അവിദിതമായ ലോകമാണ് അവിടെ എനിക്കു മുന്നില്‍ വിവസ്ത്രമാക്കപ്പെട്ടത്.

ഒരസാധാരണ സൗഭാഗ്യമായി സിവില്‍ സര്‍വീസ് പ്രവേശനത്തെ വിലയിരുത്തിയവര്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അനാഥത്വത്തെ പരാഭവിപ്പിക്കുന്നതിനുള്ള യത്‌നത്തിനിടെ കൈവന്ന ജീവിതാഭിമുഖ്യമായിരുന്നു എന്റെ മുതല്‍ക്കൂട്ട്. സിവില്‍ സര്‍വീസില്‍ ശുഭഫലം കൈവരിച്ചതോടെ പിന്നിട്ടവഴികളിലൂടെ ഓര്‍മ്മകള്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. വീടും അങ്ങാടിയും അനാഥാലയവും തൊഴിലിടങ്ങളും ഇഴചേര്‍ന്ന യാഥാര്‍ത്ഥ്യം സമജീവിതം വിധിക്കപ്പെട്ടവര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകുമോ എന്ന ചിന്തകള്‍ക്കിടയിലാണ് അനുമോദനച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നത്. അനാഥമന്ദിരത്തിലെ സ്വീകരണയോഗത്തില്‍ മുന്‍ബെഞ്ചില്‍ ഇരിപ്പിടം കിട്ടിയ നവാഗതരായ ഹാജറയും ഫാത്തിമയും ഐ എ എസാണ് ലക്ഷ്യമെന്ന് അവ്യക്തമായി ഉരുവിട്ടത് എന്റെ അന്തരംഗത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. സര്‍ക്കാര്‍ സാമൂഹികനീതി സമുച്ചയത്തിലെ ഭവനുകളില്‍ കഴിയുന്ന കുട്ടികളില്‍, പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണ വേദിയില്‍ പങ്കുവെക്കപ്പെട്ട ആത്മവിശ്വാസം ഓര്‍മ്മക്കുറിപ്പുകളുടെ പിറവിക്കു കാരണമാണ്. അപരിചിതവഴികളില്‍ കാലിടറി തിരസ്‌കരണത്തിന് വിധേയരായവരുടെ ഹൃദയത്തില്‍ പ്രത്യാശയുടെ നാളം തെളിയിക്കാന്‍ എന്റെ അനുഭവങ്ങള്‍ ഉപകരിക്കുമെന്ന് തിരിച്ചറിഞ്ഞത് പുസ്തകനിര്‍മ്മിതിക്ക് ഹേതുവായി. സര്‍ക്കാര്‍ സേവനത്തില്‍നിന്ന് വിരമിച്ചതിനു ശേഷമോ ജീവിതസായാഹ്നത്തിലോ തയ്യാറാക്കേണ്ട കഥാകഥനത്തിന് പകരമല്ല നേരത്തെയുള്ള എന്റെ ഈ ഉദ്യമം. ഇതൊരു ആത്മകഥയല്ല; ഹൃദയത്തോട് ചേര്‍ത്തുവെച്ച അനുഭവങ്ങളെ തത്ഭാവം ചോര്‍ന്നുപോവാതെ മുദ്രണം ചെയ്യാനുള്ള ശ്രമമാണ്.

ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ സാക്ഷ്യമാണ് അതിജീവനം. സമാനസാഹചര്യത്തില്‍ ജീവിച്ചവരുടെ ഒരു പ്രതിനിധിയായി ഞാനെന്നെ സങ്കല്പിച്ചു. അനാഥത്വം അനുഭവിക്കുന്നവര്‍ക്കും ഇനിയുമിവിടെ എത്താന്‍ വിധിക്കപ്പെടുന്നവര്‍ക്കും ഒരുത്തേജനം സാധ്യമാണോയെന്ന അന്വേഷണവും രചയ്ക്കു നിദാനമാണ്. ജീവിച്ച പ്രദേശം, സമൂ ഹം, വീട് എന്നിവയോ ടൊപ്പം ഇവിടെ ഞാനൊരു കഥാപാത്രം മാത്രമാണ്. ചേരുവകളുടെ അഭാവത്തിലും മുന്നോട്ടു നീങ്ങുന്ന കഥ എക്കാലത്തേതുമാണ്. അപഹരിക്കപ്പെട്ട ബാല്യവും സഹനവും അപൂര്‍വ്വവും ഒറ്റപ്പെട്ടതുമാണെന്ന അവകാശവാദം എനിക്കില്ല. അനുകരണീയ മാതൃകയാണ് ഇതെന്ന അഭിപ്രായവും മുന്നോട്ടുവെക്കുന്നില്ല. അകപ്പെട്ട സാഹചര്യങ്ങളില്‍ എന്തു ചെയ്യാനാവുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. പ്രക്ഷുബ്ധമായ പാരാവാരം വിദഗ്ധനായ കപ്പിത്താനെ സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ ഞാന്‍ ജീവിതസമുദ്രത്തിലെ വെല്ലുവിളികള്‍ മറികടക്കുന്നതിലൂടെ ലക്ഷ്യത്തിലെത്തുമെന്ന് അനുഭവങ്ങളില്‍ നിന്നാണ് മനസ്സിലാക്കിയത്. ബാല്യദശയിലെ ദുരിതപൂര്‍ണ്ണമായ അനുഭവങ്ങള്‍ പിന്നിടുന്നതിലൂടെ നേടിയ മനസ്സുറപ്പ് മുന്നോട്ടുള്ള യാത്രയില്‍ എനിക്ക് ധൈര്യം പകര്‍ന്നു.

മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ്

വായിച്ചി അവസാനമായി എന്റെ കൈവെള്ളയ്ക്കുള്ളില്‍ വെച്ചുതന്ന മധുരനാരങ്ങയും അനാഥാലയത്തിലെ താമസസ്ഥലത്തിനു പുറത്തെ വള്ളിക്കുടിലുകളില്‍ ദര്‍ശിച്ച തിളക്കവും വഴികള്‍ താണ്ടാന്‍ സഹായിച്ചിട്ടുണ്ട്. രാത്രിനിസ്‌കാരത്തിനുള്ള നടത്തത്തില്‍ കൂരിരുട്ടത്ത് നേരിയ വെളിച്ചം പകര്‍ന്ന റാന്തല്‍വിളക്കിലെ നാളങ്ങളും രോഗബാധിതനായി ചുരുണ്ടുകിടന്ന അനാഥാലയത്തിലെ ചികിത്സാമുറിയും എന്റെ സ്മരണയെ ബലപ്പെടുത്തിയിട്ടുണ്ട്.

അറിവാണ് ധനമെന്നു കരുതിയ വായിച്ചിയും എന്റെ ഉയര്‍ച്ചയ്ക്കായി തപസ്സിരുന്ന ഉമ്മയും എഴുത്തിനുള്ള പ്രചോദനങ്ങളാണ്. പുല്‍ച്ചാടിയും പുല്‍നാമ്പും മുതല്‍ ബന്ധുക്കളും ഗുരുകാരണവന്മാരും ഇളംപ്രായത്തില്‍ തണലൊരുക്കിയ സഹോദരങ്ങളും അനാഥാലയവും കൂട്ടുകാരും നല്‍കിയ തുണയാണ് പ്രവര്‍ത്തനം നിലയ്ക്കാത്ത ഘടികാരം കണക്കെ എന്നെ കര്‍മ്മനിരതനാക്കിയത്. അസാധ്യമായതൊന്നും ജീവിതത്തിലില്ലെന്നാണ് എന്റെ പക്ഷം. വിജയത്തിനാധാരം കഠിനമായ പരിശ്രമമല്ലാതെ മറ്റൊന്നുമല്ല.

രചനാവേളയില്‍ എന്റെ മുന്നില്‍ നിറഞ്ഞുനിന്നത് അനാഥബാല്യങ്ങളാണ്. ദിശാബോധം കൈമോശംവന്ന കേവലമനുഷ്യരെ മുന്നില്‍ക്കണ്ടാണ് വാക്കുകളും വാചകവും നിര്‍മ്മിക്കാന്‍ ശ്രമിച്ചത്. ശബ്ദം നേര്‍ത്തുപോയവരോട് ഭാഷണത്തിനുള്ള ഒരെളിയ ശ്രമം.”

 

Comments are closed.