DCBOOKS
Malayalam News Literature Website

എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വിടരേണ്ട പൂമൊട്ടുകള്‍

ഈദാത്തചിന്തകളാല്‍ പ്രവൃത്തികളെയും മനസ്സിനേയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥമാണ് എ.പി.ജെ. അബ്ദുല്‍ കലാം എഴുതിയ വിടരേണ്ട പൂമൊട്ടുകള്‍. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്‍ നിന്ന് ഇത് വേറിട്ടുനില്‍ക്കുന്നു. പുസ്തകത്തിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി.

പുസ്തകത്തിന് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എഴുതിയ ആമുഖക്കുറിപ്പ്…

2006 ജൂലൈ 5-നു ഞാന്‍ തെക്കന്‍ ഒറീസ്സയിലെ ബര്‍ഹാംപൂര്‍ സന്ദര്‍ ശിച്ചു. സിറ്റി ഹൈസ്‌കൂളിന്റെ ജൂബിലിയാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പോയത്. കാറ്റു വീശുന്ന കാലാവസ്ഥ അവഗണിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വന്നെത്തിയത് എന്റെ ഹൃദയകോശങ്ങളെ ചൂടുപിടിപ്പിച്ചു.  ഇന്ത്യയിലെ, ചെറിയതരം യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മുന്‍ തലവനായ കോട്ട ഹരിനാരായണ എന്റെ കൂടെയുണ്ടായിരുന്നു. പ്രസ്തുത വിദ്യാലയത്തിലെ പ്രശസ്തനായ പൂര്‍വവിദ്യാര്‍ത്ഥിയാണ് കോട്ട. ഞാനദ്ദേഹത്തോട് ചോദിച്ചു: ‘ഇവിടെ പഠിച്ചിരുന്ന കാലത്ത് ഒരിക്കല്‍ ഒരു യുദ്ധവിമാനം വികസിപ്പിച്ചെടുക്കുമെന്ന് എപ്പോഴെങ്കിലും താങ്കള്‍ വിചാരിച്ചിരുന്നുവോ?’ തന്റേതായ സവിശേഷരീതിയില്‍ ചിരിച്ചുകൊണ്ട് കോട്ട പ്രതിവചിച്ചു: ‘യുദ്ധവിമാനത്തെപ്പറ്റിയൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല; എന്നാല്‍ സുപ്രധാനമായ ചില നേട്ടങ്ങള്‍ കൈവരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.’

പില്‍ക്കാല ജീവിതത്തില്‍ വെളിപ്പെടുന്ന ചില കാര്യങ്ങളുടെ സൂചനകള്‍ കുട്ടികളില്‍ ഒളിഞ്ഞുകിടപ്പുണ്ടോ? അതേ എന്നായിരിക്കും ഒരുപക്ഷേ, ഉത്തരം. പക്ഷികള്‍ പറക്കുന്നതെങ്ങനെയാണെന്ന് 1941-ല്‍ രാമേശ്വരം പഞ്ചായത്ത് ബോര്‍ഡ് സ്‌കൂളിലെ എന്റെ ശാസ്ത്രാദ്ധ്യാപകനായ ശിവസുബ്രഹ്മണ്യയ്യര്‍ പറഞ്ഞപ്പോള്‍ (അന്ന് ഞാന്‍ പത്തു വയസ്സുള്ള കുട്ടിയാണ്) അദ്ദേഹം എന്റെ മുന്‍പില്‍ തുറന്നിട്ടത് ഉള്‍ക്കാഴ്ചയുടെ ഒരു ദൈവികവാതിലാണ്. അക്ഷരാര്‍ത്ഥത്തിലും ആലങ്കാരികമായും ജീവിതത്തില്‍ ഉയര്‍ന്നു പറക്കാനുള്ള പ്രചോദനം എനിക്കു സിദ്ധിച്ചതിന്റെ ന്യായമായിരുന്നു അത്. ഒരു പ്രാഥമികാദ്ധ്യാപകന് സുപ്രധാനമായ ചില ഉത്തരവാദിത്വമുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിന്റെ സാരാംശത്തിലേക്കുള്ള യാത്രയില്‍ സമ്പൂര്‍ണ്ണ സങ്കല്പങ്ങളും പരിശീലനങ്ങളും പ്രദാനംചെയ്യേണ്ട ഉത്തരവാദിത്വമാണിത്.

സുദീര്‍ഘമായ ജനിതകശൃംഖലകളിലൂടെ വിദ്യാര്‍ത്ഥി ഇവ കൊണ്ടുനടക്കുകയാണ്.ഒരു നൂറ്റാണ്ടിന്റെ മുക്കാല്‍ഭാഗം ഈ ഭൂമുഖത്ത് സഞ്ചരിക്കുകയും ചെറുപ്പക്കാരായ പത്തുലക്ഷം വിദ്യാര്‍ത്ഥികളോട് ആശയസംവാദം നടത്തുകയും ചെയ്ത വ്യക്തി എന്ന നിലയില്‍, ഞാന്‍ വിശ്വസിക്കുന്നത് വിദ്യാഭ്യാസമെന്നത് നിരവധി സമ്പ്രദായങ്ങളെ ചൂഴ്ന്നുനില്ക്കുന്ന സമ്പൂര്‍ണ്ണമായ ഒരു സംയുക്ത പ്രവര്‍ത്തനമാണെന്നാണ്. ഈ പ്രവര്‍ത്തനത്തിന് നാലു ഘടകങ്ങളുണ്ട്. ഇവയെ പരസ്പരം ബന്ധിപ്പിച്ച്, സംയോജിതമായ ഒരു മുഴുരൂപമായി വികസിപ്പിച്ചെടുക്കുവാന്‍ നമുക്ക് സാധിക്കും. ഈ മുഴുരൂപം ഈ ഘടകങ്ങളെല്ലാം കൂട്ടിയോജിപ്പിക്കുമ്പോഴുണ്ടാവുന്ന ആകത്തുകയേക്കാള്‍ വലുതായിരിക്കും.

പരസ്പരബന്ധിതമായ ഈ നാല് ഘടകങ്ങളുമില്ലാതെ, മുന്നോട്ടുള്ള ജീവിതത്തില്‍ സ്പഷ്ടമാവാന്‍ കാത്തുനില്ക്കുന്ന സാരാംശത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുവാന്‍ ഒരു വിദ്യാഭ്യാസസമ്പ്രദായത്തിനും സാധിക്കുകയില്ല. സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായ ഈ നാലു ഘടകങ്ങള്‍ ഏതൊക്കെയാണ്?ആദ്യഘട്ടം പ്രായോഗികവും പഠനത്തിന്റെ സമൂര്‍ത്തവും സുനിര്‍ണ്ണതവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തെ ഘട്ടം പഠനരീതികളും മാര്‍ഗ്ഗങ്ങളുമാണ്. മിക്ക ആളുകളും ഇത് ഒപ്പിച്ചുകൊണ്ടുപോവും എന്നു പറയാം. മൂന്നാമത്തെ ഘട്ടത്തിലാണ് ഒരാള്‍ അനുഭവങ്ങളുടെ സാധാരണ തലങ്ങളെ മറികടന്ന് അറിവിന്റെ കുറേക്കൂടി ഉദാത്തമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. ഈ ഘട്ടത്തിന്റെ സാരാംശം ആത്മാവിന്റെ സ്വാഭാവികപരിണാമത്തെ സൂചിപ്പിക്കുന്നു. നാലാമത്തേതും അവസാനത്തേതുമായ ഘട്ടം മനുഷ്യാസ്തിത്വത്തിന്റെ തത്ത്വചിന്താപരവും അമൂര്‍ത്തവുമായ തലത്തിന്റെ ആവിഷ്‌കാരമാണ്.

ഈ നാലു ഘട്ടങ്ങളുടെയും പേരുകള്‍ സമൂഹത്തിനും സംസ്‌കാരത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും.ഹിന്ദു സമൂഹത്തില്‍ ജീവിതത്തിന് നാലു ഘട്ടങ്ങളുണ്ട്. ബ്രഹ്മചാരി (വിദ്യാര്‍ത്ഥി), ഗൃഹസ്ഥം (വീട്ടുഭരണം), വാനപ്രസ്ഥം (ജീവിതത്തില്‍നിന്നുള്ള അര്‍ദ്ധവിമുക്തി), സന്ന്യാസി (പൂര്‍ണമായ ജീവിതവിരക്തി) എന്നിവയാണ് ഈ നാലു ഘട്ടങ്ങള്‍. ഓരോരുത്തരുടെയും ധര്‍മ്മം (ശരിയായ ജീവിതം) വ്യത്യസ്തമാണ്. ഈ നാലു ഘട്ടങ്ങള്‍ തയ്യാറെടുപ്പ്, ഉത്പാദനം, സേവനം, വിടപറയല്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന അവസ്ഥകളാണെന്നു പറയാം. അനുശാസനയുടെ രൂപത്തിലുള്ള സിദ്ധാന്തങ്ങളില്‍ ഹിന്ദുമതം വിശ്വസിക്കുന്നില്ല. എങ്ങനെ സന്തോഷിക്കണം, എങ്ങനെ സുരക്ഷിതത്വം കൈവരിക്കണം, എങ്ങനെ സുഹൃത്തുക്കളുടെയും സഹജീവികളുടെയും ആദരവും പ്രശംസയും നേടിയെടുക്കണം എന്നൊന്നും ഹിന്ദുമതം ആളുകളെ പഠിപ്പിക്കുന്നില്ല. ഈ മൂല്യങ്ങള്‍ക്ക് സ്വാഭാവികപരിണാമം കൈവരുമെന്നും ഓരോ വ്യക്തിയിലും സവിശേഷമായി കുടികൊള്ളുന്ന മൗലികതാത്പര്യങ്ങളിലേക്ക് ഓരോരുത്തരും വളരുമെന്നും ഹിന്ദുമതതത്ത്വങ്ങള്‍ അനുശാസിക്കുന്നു.

പ്രകൃത്യാ രൂപപ്പെടുന്ന ഈ മൂല്യങ്ങളിലൂടെയുള്ള പരിണാമമാണ് ആശ്രമം എന്നറിയപ്പെടുന്ന ഈ നാലു ഘട്ടങ്ങളെയും തിരിച്ചറിയുന്നതിലൂടെ സ്ഥാപനവത്കരിക്കപ്പെടുന്നത്.ബുദ്ധമതത്തില്‍ ഉദ്ബുദ്ധതപ്രക്രിയയെ തുടര്‍ച്ചയായ നാലു പടവുകളായാണ് വിവരിക്കുന്നത്. ഗോതപാണ (ഭാഗികമായി ഉദ്ബുദ്ധത ലഭിച്ച വ്യക്തിയാണിത്, മനസ്സിന്റെ മൂന്നു ദോഷങ്ങളായ സ്വയം കാഴ്ച, സംശയം, ആചാരാനുഷ്ഠാനങ്ങളോടുള്ള കെട്ടുപാടുകള്‍ എന്നിവ അയാള്‍ ഒഴിവാക്കിയിട്ടുണ്ട്); സകദഗാമി (താരതമ്യേന ശക്തമായ ശാരീരികേച്ഛകളും ദോഷചിന്തയും പുലര്‍ത്തുന്ന ആളാണിത്); അനഗാമി (ശാരീരികേച്ഛകളില്‍നിന്നും ദോഷചിന്തയില്‍നിന്നും പൂര്‍ണ്ണമായി വിമുക്തിപ്രാപിച്ച ആള്‍); അരഹന്ദ് (ഭാവിജീവിതത്തിന്റെ എല്ലാ കാരണങ്ങളില്‍നിന്നും വിമുക്തി പ്രാപിച്ച ആള്‍, ശാരീരികമായ മൃത്യുവിനുശേഷം അയാള്‍ യാതൊരു ലോകാവസ്ഥയിലും പുനര്‍ജ്ജനിക്കുന്നില്ല) എന്നിവയാണ് ഈ അവസ്ഥകള്‍.

മനുഷ്യന്റെ ആത്മീയവളര്‍ച്ചയ്ക്ക് നാലു ഘട്ടങ്ങളുണ്ടെന്ന് പ്രാചീന പടിഞ്ഞാറന്‍ചിന്തയും പറയുന്നു. ആദ്യഘട്ടം അച്ചടക്കമില്ലാത്തതും  തന്നിഷ്ടം കാണിക്കുന്നതുമായ അനിയന്ത്രിതകാലമാണ്. ഈ സമയത്ത് മനുഷ്യര്‍ ധിക്കരിക്കാനും എതിര്‍ക്കാനുമുള്ള വാസന പ്രകടിപ്പിക്കുന്നു. തന്നെക്കാള്‍ വലിയ ഒരാളെയും അംഗീകരിക്കാന്‍ ആണിനും പെണ്ണിനും മനസ്സില്ല. കുറ്റവാളികള്‍ ഈ അവസ്ഥയില്‍നിന്ന് വളരുന്നില്ല. രണ്ടാമത്തെ ഘട്ടം അന്ധമായി വിശ്വസിക്കുന്ന കാലമാണ്. കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കാന്‍ പഠിക്കുന്നതോടെ ഈയവസ്ഥയിലെത്തുന്നു. മതനിഷ്ഠയനുസരിച്ച് ജീവിക്കുന്നവര്‍ ഈ ഘട്ടത്തില്‍ കഴിയുന്നവരാണ്. ദൈവത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ട്; ദൈവത്തിന്റെ അസ്തിത്വത്തെ അവര്‍ ചോദ്യം ചെയ്യുന്നുമില്ല—ഈ അര്‍ത്ഥത്തിലാണ് ഇങ്ങനെ പറയുന്നത്.

അന്ധമായ വിശ്വാസം കൈവരുന്നതോടെ താഴ്മയും, അനുസരിക്കാനും സേവിക്കാനുമുള്ള മനോനിലയും രൂപപ്പെടുന്നു. നിയമത്തെ അനുസരിച്ച് ജീവിക്കുന്ന നല്ലവരായ പൗരന്മാരില്‍ ഭൂരിപക്ഷം പേരും ഈ രണ്ടാം ഘട്ടത്തില്‍നിന്നു പുറത്തുകടക്കാത്തവരാണ്. മൂന്നാമത്തെ ഘട്ടം ശാസ്ത്രീയമായ സംശയങ്ങളുടെയും അന്വേഷണമനോഭാവത്തിന്റേതുമാണ്. ഈ ഘട്ടത്തില്‍ ഒരാള്‍ക്ക് ദൈവവിശ്വാസമുണ്ടാവും; പക്ഷേ, പഠിച്ചറിഞ്ഞതിനുശേഷം മാത്രമേ അതുണ്ടാവുകയുള്ളൂ. ശാസ്ത്രഗവേഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. നാലാമത്തെ ഘട്ടത്തില്‍ വ്യക്തി പ്രകൃതിയുടെ സൗന്ദര്യവും നിഗൂഢതയും ആസ്വദിക്കാന്‍ തുടങ്ങുന്നു. ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അയാള്‍ പ്രകൃതിയില്‍ മഹാമാതൃകകള്‍ കാണുന്നു. ഈ മതബോധവും ആത്മീയതയും രണ്ടാം ഘട്ടത്തെക്കുറിച്ച് സൂചിപ്പിച്ച അവസ്ഥയില്‍നിന്ന് വ്യത്യസ്തമാണ്. അവര്‍ അന്ധമായി യാതൊന്നും വിശ്വസിക്കുന്നില്ല എന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ പറയുന്നത്; മറിച്ച് യഥാര്‍ത്ഥ വിശ്വാസമായിരിക്കും അവരുടേത്.

നാലാം ഘട്ടത്തില്‍ കഴിയുന്ന ആളുകളാണ് മിസ്റ്റിക്കുകള്‍.ഇസ്ലാമികപാരമ്പര്യത്തിന്റെ ഭാഗമായ സൂഫിമിസ്റ്റിസിസത്തില്‍ അഥവാ തസവ്വുഫില്‍ ഈ നാലു ഘട്ടങ്ങളും ശരീഅത്ത്, തരീഖത്ത്, മഅ്‌രിഫത്ത്, ഹഖീഖത്ത് എന്നിങ്ങനെയുള്ള ഉയര്‍ച്ചാക്രമത്തിലാണ് അറിയപ്പെടുന്നത്. ശരീഅത്തെന്നാല്‍ നിസ്സന്ദേഹം ഗ്രന്ഥത്തെയും നിയമസംഹിതകളെയും അനുസരിച്ചു ജീവിക്കലാണ്. തരീഖത്തെന്നാല്‍ പരിശീലനം, മഅ്‌രിഫത്ത് അതിന്റെ ഉപകരണം, ഇങ്ങനെ പറഞ്ഞുപോകുമ്പോള്‍ ഹഖീഖത്ത് അവസ്ഥകളുടെ കൊടുമുടി.പൗരസമൂഹത്തിന്റെ ജീവിതപദ്ധതി ഉദ്ബുദ്ധരായ പൗരന്മാരും ഉത്തരവാദിത്വബോധവും ചിന്താശക്തിയും പരിശ്രമശീലവുമുള്ള വ്യക്തികളുമായിത്തീരാന്‍വേണ്ടി ചെറുപ്പക്കാര്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനെ ആശ്രയിച്ചുനില്ക്കുന്നു. ഇത് ഏതെങ്കിലും സേവനവ്യവസായത്തിന്റെ ഭാഗമോ സര്‍ക്കാര്‍ പണിയോ അല്ല. അത് നൈതികതത്ത്വങ്ങള്‍, ധാര്‍മ്മികമൂല്യങ്ങള്‍, രാഷ്ട്രീയസിദ്ധാന്തങ്ങള്‍, സൗന്ദര്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെക്കുറിച്ച് അഗാധജ്ഞാനം ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ദൗത്യമാണ്. സര്‍വ്വോപരി അത് കുട്ടികളെ മനസ്സിലാക്കുകയാണ്. അവര്‍ സ്വയം എപ്രകാരമാണെന്നും സമൂഹത്തില്‍ എങ്ങനെയാണെന്നും മനസ്സിലാക്കണം.

ഈ ദൗത്യത്തിന്റെ ഉത്തരവാദിത്വം ഗവണ്മെന്റിന്റെ ചുമലില്‍ കെട്ടിയേല്പിക്കാവുന്ന ഒന്നല്ല, പണം കൊടുത്ത് വാങ്ങാവുന്നതുമല്ല.ഏതു പ്രായോഗികരംഗത്തും പാഠശാലകളില്‍നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ കരഗതമാവുന്ന കഴിവുകളെ ആശ്രയിച്ചാണ് പുരോഗതി നിലകൊള്ളുന്നത്. അതിനാല്‍ വിദ്യാഭ്യാസം ഭാവിവികാസവും ഐശ്വര്യവും വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. ഒരാളുടെ വ്യക്തിവികാസം, സ്വന്തം ലക്ഷ്യം നിറവേറ്റുവാനുള്ള ശേഷിയെയും ചെറുപ്പകാലത്ത് നടത്തിയ മതിയായ തയ്യാറെടുപ്പിനെയും ആശ്രയിച്ചുനില്ക്കും. പണിത അടിത്തറ എത്രത്തോളം നന്നോ, അത്രകണ്ട് കുട്ടി വിജയിക്കും. വിദ്യാഭ്യാസരംഗത്തെ സാധാരണമായ അടിത്തറകള്‍, കുട്ടിയെ ഔന്നത്യങ്ങളിലേക്ക് കൊണ്ടുപോകും.വിദ്യാഭ്യാസത്തിലെ മര്‍മ്മപ്രധാനമായ ഒരു തത്ത്വം ‘അറിവ് പകര്‍ന്നുകൊടുക്കുക’ എന്നതാണ്. അടിസ്ഥാനതലത്തില്‍ ഈ ലക്ഷ്യം അന്തിമമായി പ്രകൃതിയെയും അറിവിന്റെ ഉത്ഭവത്തെയും വ്യാപ്തിയെയുമാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അത്രതന്നെ പ്രധാനമാണ് പ്രകൃതിയെയും വിജ്ഞാനത്തിന്റെ വൈവിധ്യത്തെയും സത്യം, വിശ്വാസം തുടങ്ങിയ ആശയങ്ങളോട് അത് എങ്ങനെ ബന്ധപ്പെട്ടുനില്ക്കുന്നു എന്നതിനെയും വിശകലനവിധേയമാക്കുന്നത്.

മറ്റു രാഷ്ട്രങ്ങളുടെ ചിന്തകളനുസരിച്ച് നമുക്കു നമ്മുടെ കുട്ടികളെ പഠിപ്പിക്കാനാവുകയില്ല, പ്രസ്തുത വിദ്യാഭ്യാസത്തിന്റെ സാരാംശങ്ങള്‍, രാഷ്ട്രം എന്ന നിലയിലുള്ള നമ്മുടെ അവസ്ഥയെ ബലി കൊടുക്കുന്നതിലാണ് എത്തിച്ചേരുക.പരമ്പരാഗതമായി ഇന്ത്യ ജ്ഞാനത്തിന്റെ സമൂഹമാണ്. മഹാപണ്ഡിതരും തത്ത്വചിന്തകരും ഈ മണ്ണിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പാരമ്പര്യം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും വ്യാപകമായ അറിവുകള്‍ കരഗതമാക്കിയിട്ടുണ്ട്.  രവീന്ദ്രനാഥടാഗോറിന്റെയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയും രചനകള്‍ രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. പൂന്തോട്ടം പൂക്കള്‍ക്ക് വിരിയാനുള്ളതാണെന്നപോലെ സംസ്‌കാരം സര്‍ഗ്ഗാത്മകതയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നാണ് ടാഗോര്‍ പറഞ്ഞത്. മറുവശത്ത്, ജിദ്ദു കൃഷ്ണമൂര്‍ത്തി സംസ്‌കാരം സര്‍ഗ്ഗാത്മകതയെ നശിപ്പിക്കുമെന്ന് പറഞ്ഞു. പ്രതിഭയെ അടിസ്ഥാനപരമായി ഒരു കലാപമായി അദ്ദേഹം കാണുന്നു. ഈ പുസ്തകം രണ്ടിനുമിടയ്ക്കാണ് നിലകൊള്ളുന്നത്. പരമ്പരാഗതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തകര്‍ക്കരുത്. ശരീഅത്തും തരീഖത്തും അതില്‍ ഉള്‍ക്കൊള്ളുന്നു.

മഅ്‌രിഫത്തിന്റെ ചൈതന്യത്തിലാണ് ഈ കൃതിയുടെ ഊന്നല്‍.എനിക്ക് ആദ്യ നോട്ടത്തില്‍ കാണാനിടയായതും അനുഭവിക്കാനിടയായതുമായ കാര്യങ്ങള്‍ മാത്രമേ ഈ കൃതിയില്‍ എഴുതിയിട്ടുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെക്കാലം വലിയ പദ്ധതികളില്‍ ഞാന്‍ പണിയെടുത്തു; എന്നെന്നും പ്രചോദനമായി വര്‍ത്തിക്കുന്ന നായകന്മാരുടെ കീഴിലും മിടുക്കന്മാരായ സഹപ്രവര്‍ത്തകരോടും അര്‍പ്പണബോധമുള്ള ഇളംതലമുറയോടുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടായി. ഇതെന്നെ പഠിപ്പിച്ചത് വരുംതലമുറയുമായി ചില കാര്യങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് ആവശ്യമാണെന്നാണ്. മഅ്‌രിഫത്തിനെ ഞാന്‍ വ്യാഖ്യാനിക്കുന്നത്, ഒരാള്‍ക്ക് ജനിതകമായി ലഭിച്ച മേന്മകള്‍ വെളിപ്പെടുന്ന പ്രക്രിയയ്ക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ പ്രാപഞ്ചികോര്‍ജ്ജത്തെ ഉപയോഗിക്കുക എന്നാണ്. എന്റെ ജോലിക്കിടയിലെ നിര്‍ണ്ണായകസന്ധികളില്‍ പല തവണ ഞാനിത് അനുഭവിച്ചറിഞ്ഞു.

അടിസ്ഥാനങ്ങള്‍ക്കപ്പുറത്തേക്കുള്ള പുരോഗതിയിലെ ഒരു ചുവടുവയ്പായി ഞാനതിനെ കാണുന്നു.ഇന്ത്യയുടെ പാരമ്പര്യത്തില്‍ ഇത്തരം ഉദാഹരണങ്ങള്‍ ധാരാളമാണ്. തിരുവള്ളുവര്‍, കബീര്‍, വിവേകാനന്ദന്‍ എന്നിവരുടെ പ്രതിഭ പ്രപഞ്ചത്തോളം വ്യാപിച്ചുനില്ക്കുകയും പാരമ്പര്യങ്ങളെ ഉല്ലംഘിക്കുകയും ചെയ്യുന്നു. ഇവരോരോരുത്തരും സ്വന്തമായി തിരഞ്ഞെടുത്ത വഴികളിലൂടെ, തന്റേതായ കാലഘട്ടത്തില്‍, ചിന്തയുടെയും മനനത്തിന്റെയും പുതിയ മണ്ഡലങ്ങള്‍ തുറന്നു. ഇപ്പോള്‍ നമുക്ക് ശാസ്ത്രത്തിന്റെ മഹത്തായ ഒരു പാരമ്പര്യമുണ്ട്, വിശേഷിച്ചും ഊര്‍ജ്ജതന്ത്രത്തിലും ഗണിതശാസ്ത്രത്തിലും. ഈ രണ്ടു മേഖലകളിലുമാണ് നമുക്ക് നോബല്‍ സമ്മാനം ലഭിച്ചത്. ഇപ്പോള്‍ കാണുന്ന പ്രവണത ഗവേഷണത്തെക്കാളധികം സേവനരംഗത്തു മിടുക്കു കാണിക്കുവാനാണ്. നൂതനമായ എന്തെങ്കിലും കണ്ടുപിടിക്കുക എന്നതിലേറെ ഒരുക്കിവച്ചിട്ടുള്ള കാര്യങ്ങളെ പിന്തുടരുക എന്നതാണ് പൊതുവായ പ്രവണത.

ആധുനികലോകത്ത് സമ്പത്ത് വരുന്നത് നൂതനമായ കണ്ടെത്തലുകളിലൂടെയാണ്. നാനോ സാങ്കേതികവിദ്യയുടെ മണ്ഡലം നൂതനമായ കണ്ടെത്തലുകള്‍ക്ക് അവസരമൊരുക്കുന്നു. ഈ രംഗത്ത് ഇന്ത്യയ്ക്ക്  തീര്‍ച്ചയായും ലോകനായകനാവാന്‍ കഴിയും. വിവരസാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ അംഗീകാരവും ആദരവും നേടിക്കൊടുത്തിട്ടുണ്ട്. എങ്കിലും അതിന്റെ ഫലങ്ങള്‍ ഏതാനും ലക്ഷം പേര്‍ക്ക് ജോലി എന്നതിലും വിദേശ വരുമാനത്തില്‍ ഒരു പങ്ക് എന്നതിലും പരിമിതപ്പെട്ടുകിടക്കുന്നു. സേവനസൗകര്യങ്ങള്‍ പ്രദാനം ചെയ്യുക എന്നതിനപ്പുറത്തേക്ക് കടന്നുചെന്നു പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് ഈ രംഗം നീങ്ങണം.വിദ്യാഭ്യാസരംഗത്ത്, അതിഗംഭീരമായ  തോതില്‍ വിഭവങ്ങളും പിന്‍ബലവും നിലനില്ക്കുന്നു എന്ന ചിന്ത യുവമനസ്സുകളിലുദ്ദീപിപ്പിക്കാനുള്ള ശ്രമമാണ് ഈ കൃതി.

ശ്രമിക്കുന്നില്ലെങ്കില്‍ ഈ പിന്‍ബലം കാണാനാവുകയില്ല.കഴിഞ്ഞ അഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഏതാണ്ട് ഒരു ലക്ഷം സ്‌കൂള്‍കുട്ടികളുമായി ഇടപഴകുകയുണ്ടായി. അത് ഒഴിച്ചുകൂടാന്‍ പറ്റാത്തവയായിരുന്നുവെങ്കിലും പരമ്പരാഗത അക്കാദമികരീതികളിലുള്ള ഇടപഴകലായിരുന്നില്ല. ഇങ്ങനെ ഇടപഴകുന്നതിനിടയില്‍ ആവേശകരമായ നിരവധി ആശയങ്ങള്‍ എന്നിലങ്കുരിച്ചു. പ്രസ്തുത ആശയങ്ങളാണ് ഈ കൃതിയിലുള്ളത്. കൗതുകകരമായ ചോദ്യങ്ങള്‍ വെബ്‌സൈറ്റിലൂടെ എനിക്ക് കിട്ടുന്നു. എന്തിനാണ് വൃത്തത്തെ 360 ഡിഗ്രികളാക്കി വിഭജിക്കുന്നത്? എപ്പോഴാണ് ഗണിതശാസ്ത്രത്തില്‍ അധികചിഹ്നവും (പ്ലസ്) ന്യൂനചിഹ്നവും(മൈനസ്) ആവിര്‍ഭവിച്ചത്? ആര്യഭടന്‍ 499-ാം വര്‍ഷം രേഖപ്പെടുത്തിയ കാര്യങ്ങള്‍ കോപ്പര്‍നിക്കസ് ആയിരം കൊല്ലങ്ങള്‍ക്കുശേഷം കണ്ടുപിടിച്ചപ്പോള്‍ എന്താണ് അതില്‍ ഇത്ര വലിയ പുകില്‍?

ഭീതിയുണര്‍ത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം സ്വപ്നത്തിനുവേണ്ടി ജീവിതം ബലിയര്‍പ്പിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ ആദരണീയമായ സ്ഥാനം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ആളുകളുണ്ട്. എവിടെനിന്നാണ് സ്വര്‍ഗം എന്ന ഈ വിചിത്രമായ ആശയം വരുന്നത്? ഈ ഭൂമിതന്നെയും മനുഷ്യര്‍ക്ക് വരദാനമായി ലഭിച്ച ആവാസസ്ഥാനമല്ലേ? ജീവിതത്തില്‍ വിടരാന്‍ വിധിക്കപ്പെട്ട പൂമൊട്ടുകളല്ലേ ഓരോ മനുഷ്യജീവിയും? ഈ കൃതി അതിന്റെ ഉത്തരം നല്കുന്നില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനു പകരം അതൊരു ചോദ്യമുന്നയിക്കുന്നു—എന്തുകൊണ്ട് അങ്ങനെയല്ല? എല്ലാ മൊട്ടുകളും വിരിയാനുള്ളവയല്ലേ?

Comments are closed.