DCBOOKS
Malayalam News Literature Website

നടിയും സംവിധായകയുമായ വിജയനിര്‍മ്മല അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത നടിയും സംവിധായികയുമായ വിജയനിര്‍മ്മല(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞുനിന്ന താരസാന്നിധ്യമായിരുന്നു വിജയനിര്‍മ്മല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങള്‍ അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയനിര്‍മ്മല ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ലോക റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട് സ്വദേശിയായ വിജയനിര്‍മ്മല 1957-ല്‍ തെലുങ്ക് സിനിമയില്‍ ബാലതാരമായാണ് അഭിനയരംഗത്തെത്തുന്നത്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിജയനിര്‍മ്മല എ.വിന്‍സെന്റിന്റെ ഭാര്‍ഗവീനിലയം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഭാര്‍ഗവി എന്ന യക്ഷിയുടെ കഥാപാത്രം വിജയനിര്‍മ്മലയെ മലയാളത്തില്‍ പ്രിയങ്കരിയാക്കി. മധു, പ്രംനസീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായകന്മാര്‍.

പൊന്നാപുരം കോട്ട, റോസി, കല്യാണരാത്രി, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25-ഓളം ചിത്രങ്ങളില്‍ വിജയനിര്‍മ്മല അഭിനയിച്ചിട്ടുണ്ട്. 1971-ല്‍ മീന എന്ന ചിത്രത്തിലൂടെയാണ് വിജയനിര്‍മ്മല സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. മലയാളത്തില്‍ ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറക്കി

Comments are closed.