DCBOOKS
Malayalam News Literature Website

അപൂര്‍ണ്ണ ബന്ധങ്ങളുടെ ചിലന്തിവലക്കണ്ണികള്‍

ഡെഫ്‌നെ സുമന്റെ ‘വേനല്‍ച്ചൂട്’ എന്ന പുസ്തകത്തിന്  തെല്‍ഹത്ത് എഴുതിയ വിവര്‍ത്തനക്കുറിപ്പില്‍ നിന്നും

സ്‌നേഹത്തിന്റെയും തീവ്രബന്ധങ്ങളുടെയും വിരഹത്തിന്റെയും യാത്രയുടെയും പലായനത്തിന്റെയും ആഖ്യായികയാണ് ടര്‍ക്കിഷ് എഴുത്തുകാരിയായ ഡെഫ്‌നെ സുമന്റെ നോവല്‍ വേനല്‍ചൂട്. കലാചരിത്രകാരിയായ മെലിക്ക ഇകിന്റെ ജീവിതത്തിലേക്ക്
ഡോക്കുമെന്ററി സംവിധായകന്റെ വേഷത്തിലെത്തുന്ന പെട്രോ എന്ന യുവാവ് അവള്‍ക്കു
മുന്നില്‍ അനാവരണം ചെയ്യുന്നത് അവളുടെ നഷ്ടപ്പെട്ട കുട്ടിക്കാലവും കൈവിട്ടുപോയ
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളും നടുക്കുന്ന ഒരുപിടി യാഥാര്‍ത്ഥ്യങ്ങളാണ്. 1971-ല്‍ തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറിക്കു തൊട്ടുപിന്നാലെ അന്റാലിയക്കടുത്തുള്ള കലേക്കിയെന്ന മുക്കുവഗ്രാമത്തിലേക്ക് താമസം മാറിയതാണ് മെലിക്കയുടെ കുടുംബം. പോലീസ് അറസ്റ്റുചെയ്യുമെന്നു ഭയന്ന് ഇടതുപക്ഷ സഹയാത്രികനായ മെലിക്കയുടെ പിതാവ് ഓര്‍ഹാന്‍ കുടുംബത്തോടൊപ്പം കടല്‍വഴി മാത്രം പ്രവേശനമാര്‍ഗ്ഗമുള്ള വിദൂരമായ മെഡിറ്ററേനിയന്‍ ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.

മൂന്നുവര്‍ഷത്തോളം അവരവിടെ ചെലവഴിച്ചു. മെലിക്കയുടെ മുത്തശ്ശി സഫിനാസ്
പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും ബോസ് ഫറസ് കടലിലേക്കു ചാടി ആത്മഹത്യ ചെയ്ത വിവരം ലഭിക്കുന്നതോടെ അവരുടെ ജീവിതത്തിന്റെ ഗതി മാറിയൊഴുകുകയാണ്. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്കുപോയ ഓര്‍ഹാന്‍ പിന്നീട് ഒരിക്കലും മടങ്ങി വന്നില്ല. ഗ്രാമത്തിലെ പാഷയെന്ന വ്യക്തിയുമായി തീവ്രപ്രണയം സൂക്ഷിച്ചിരുന്നു സഫിനാസ്. കലാദ്ധ്യാപികയായി ജോലി ചെയ്യുകയും നന്നായി ഗ്രീക്ക് സംസാരിക്കുകയും ചെയ്യുന്ന
അവര്‍ ക്രീറ്റില്‍നിന്നുള്ള അഭയാര്‍ത്ഥിയാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. പെട്രോയുമായുള്ള പരിചയപ്പെടലിനു ശേഷം ഇക്കാര്യങ്ങളൊന്നും ശരിയല്ലെന്ന് മനസ്സിലാക്കിയ
മെലിക്ക ഭര്‍ത്താവ് സിനാനുമായി സന്തുഷ്ടകുടുംബജീവിതം നയിക്കുന്നതിനിടയില്‍
പെട്രോയുമായി പ്രണയത്തിലാവുന്നു. പെട്രോയൊടൊപ്പം ഇസ്താംബുളില്‍ എത്തുന്ന അവള്‍ക്ക്
അയാളില്‍നിന്നും കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മെലിക്കയെ കണ്ടെത്താനും
Textമരണത്തോടടുക്കുന്ന അവസ്ഥയില്‍ മകളെ ഒന്നുകാണാനും വേണ്ടി പിതാവ് ഓര്‍ഹാന്‍ അയച്ചതാണ് പെട്രോയെ എന്ന വിവരം താങ്ങാവുന്നതിനപ്പുറമായിരുന്നു അവള്‍ക്ക്.

മെലിക്കയുടെ അമ്മ ഗുല്‍ബഹാര്‍ അവളോട് വ്യക്തിപരമായ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. സൈപ്രസിലേക്കുള്ള യാത്രയില്‍ മുത്തശ്ശിയുടെ കൂട്ടുകാരിയില്‍നിന്നാണ് മെലിക്ക മുത്തശ്ശി സഫിനാസിനെക്കുറിച്ചുള്ള കൂടുതല്‍
കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയ ശേഷം അവര്‍ വിഷാദരോഗത്തിന് അടിമപ്പെടുകയാണ്. അക്കാലത്താണ് പാഷയുമായി പ്രണയത്തിലാവുന്നതും. അവിചാരിതമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍
ഒരു കുഞ്ഞിനെ കൈവെടിഞ്ഞ് അവര്‍ക്ക് പാഷയ്‌ക്കൊപ്പം പോവേണ്ടി വരുന്നു. വര്‍ഷങ്ങള്‍ക്കൊടുവില്‍ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മകന്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞ അതേ ദിവസം സഫിനാസ് ആത്മഹത്യ ചെയ്യുന്നു.

നടുക്കമുണ്ടാക്കുന്ന അറിവുകളായിരുന്നു ഇതെല്ലാം മെലിക്കയ്ക്ക്. ഓര്‍ഹാന്‍ പിന്നീട്
വിവാഹം ചെയ്ത എലിനിയുടെ ആദ്യ വിവാഹത്തിലെ മകനാണ് പെട്രോ എന്ന വിവരം
പിന്നീടവളറിയുന്നു. ഒടുവിലവര്‍ പെട്രോയുടെ അമ്മ എലീനിക്കൊപ്പം ഓര്‍ഹാന്‍ താമസിക്കുന്ന
ഗ്രാമത്തില്‍ എത്തിച്ചേരുന്നു. വാര്‍ദ്ധക്യവും മാരകരോഗവും കാരണം ഓര്‍ഹാനെ തിരിച്ചറിയാനാവുന്നില്ല അവള്‍ക്ക്. അവള്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന മനുഷ്യന്റെ നിഴല്‍ മാത്രമാണ് ഇന്നയാള്‍. ഇരട്ടസഹോദരന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഗ്രാമത്തിലെത്തുന്നത്. ദൈവം അനസ്താഷിയയുടെ ഒരു മകനെ തിരിച്ചെടുക്കുമ്പോള്‍ മറ്റൊരുവനെ കൊണ്ടുവരുന്നത് തികച്ചും അത്ഭുമായാണ് ഗ്രാമവാസികള്‍ കരുതുന്നത്. പ്രത്യേകിച്ചും സഫിനാസിന്റെ ഉപേക്ഷിക്കപ്പെട്ട മകനെ സ്വന്തം മകനായി വളര്‍ത്തിയ സഫിനാസിന്റെ കൂട്ടുകാരി നിക്കി നെന വളരെ സന്തോഷവതിയാണ്. അവര്‍ ഓര്‍ഹാനെ വീട്ടിലേക്കു കൊണ്ടുപോയി സര്‍വ്വകലാശാലാ പഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോവാന്‍ തയ്യാറെടുക്കുന്ന ചെറുമകള്‍ എലീനിയെ പരിചയപ്പെടുത്തുന്നു. വേനല്‍ക്കാലം മുത്തശ്ശിക്കൊപ്പം ഗ്രാമത്തില്‍ ചെലവഴിക്കാന്‍ വന്നതാണവള്‍.

തുര്‍ക്കി സൈന്യം ദ്വീപില്‍ വന്നിറങ്ങിയതായി താമസിയാതെ വാര്‍ത്ത പരക്കുകയും പരിഭ്രാ
ന്തി ഉച്ചസ്ഥായിയിലാവുകയും ചെയ്യുന്നു. പുരുഷന്‍മാരെല്ലാം രാത്രിയില്‍ ഗ്രാമത്തില്‍നിന്നും
അപ്രത്യക്ഷരായി. തുര്‍ക്കികള്‍ക്കെതിരെ പോരാടാനാണ് അവര്‍ പോവുന്നത്. സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കൊപ്പം ഓര്‍ഹാന്‍മാത്രമാണ് ഗ്രാമത്തില്‍ അവശേഷിക്കുന്നത്. തന്നെ ആരും ശ്രദ്ധിക്കില്ലെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട്  അവനവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ആരുമവനെ ശ്രദ്ധിക്കുന്നില്ല. ആ രാത്രിയില്‍ തുര്‍ക്കി സംഘം ഗ്രാമം വളയുകയും വീടുകള്‍ അരിച്ചുപെറുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുകയാണ്.

തുര്‍ക്കിയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താന്‍ ഓര്‍ഹാന്‍ ശ്രമിക്കുന്നുെങ്കിലും ദ്വീപ് അടിയന്തിരാവസ്ഥയിലാണ്. തുര്‍ക്കിയിലേക്കുള്ള എല്ലാ കപ്പലുകളും നിരോധിച്ചിരിക്കുന്നു.

എലീനിയുടെ വീട്ടിലേക്കു മടങ്ങിയ അയാള്‍ക്ക് അവളുടെ കരച്ചിലാണ് കാണാനാവുന്നത്.
ഓര്‍ഹാന്‍ വളരെ പെട്ടെന്ന് ഒരു തീരുമാനമെടുത്തു. ഭാര്യ വിട്ടുപോയ തനിക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് അയാള്‍ തീരുമാനിച്ചു. മകളോട് തന്റെ കഥ പറഞ്ഞുതീര്‍ത്ത് ഓര്‍ഹാന്‍ മരിക്കുകയാണ്. പിതാവിനോട് വിടപറയാനും ക്ഷമിക്കാനും തയ്യാറാവുകയാണ് അവള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.